Vijayalakshmy Menon

ജനാലകള്‍ക്കപ്പുറത്തു ഒരു ലോകം

Posted on Updated on

ജനാലകള്‍ക്കപ്പുറത്തു ഒരു ലോകം

ജനാലകള്‍ക്കപ്പുറത്തു ഒരു ലോകം

സമയം വൈകിട്ട് നാല് മണി ആയി കാണും. ബംഗ്ലൂരിലെ ഒരു പ്രധാന കാന്‍സര്‍ ആശുപത്രിയിലെ ഐ സി യു വിനോട് ചേര്‍ന്നുള്ള മുറിയിലെ സോഫയില്‍ ഇരുന്നു മയങ്ങുകയായിരുന്നു ഞാന്‍. അടുത്ത് കട്ടിലില്‍ അമ്മ കിടക്കുന്നുണ്ട്. ബ്ലഡ്‌ പ്രഷര്‍  വളരെ കുറഞ്ഞിരിക്കുന്നു. ബ്ലഡ്‌ വേണ്ട അളവിലും വളരെ കുറവായിരിക്കുന്നു.

ഈ രണ്ടു കാരണം കൊണ്ടും വായിലെയും തൊണ്ടയിലെയും തൊലിയെല്ലാം പോയി, ഭക്ഷണം  കഴിക്കാനും സംസാരിക്കാനും പറ്റാത് അവസ്ഥ.

അവര്‍ മാജിക്‌ മൌത്ത് വാഷ്‌ എന്ന് പറഞ്ഞു ഒരു മിക്സ്ചര്‍ കൊണ്ട് തന്നു. ഇത് നന്നായി കുലുക്കുഴിയാന്‍ ഉള്ളതാണ്. അത് കഴിഞ്ഞാല്‍ അകത്തേക്ക് സേവിക്കാം. എന്തോ ദിവ്യ ഔഷധം കിട്ടിയ പോലെ ഞാന്‍ അത് അമ്മയുടെ വായിലേക്ക് പതുക്കെ ഒഴിച്ച് കൊടുത്തു. വേദന കടിച്ചു പിടിച്ചു, പാവം എന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് അത് വായില്‍ ഒഴിച്ച് എല്ലാ ഭാഗത്തും നല്ലവണ്ണം കൌക്കൊള്ളി (ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ഗാര്‍ഗിള്‍ ചെയ്തു), എന്നിട്ട് നേഴ്സ് പറഞ്ഞ പ്രകാരം അത് ഉള്ളിലേക്ക് വേദന സഹിച്ചു അകത്താക്കി.

കുറച്ചു കഴിഞ്ഞു മുറിയുടെ വാതില്‍ തുറന്നു കൊണ്ട് ഒരു കൊച്ചു സുന്ദരി കടന്നു വന്നു. അമ്മയും ഞാനും പാതി മയക്കത്തില്‍ ആയിരുന്നു. ശബ്ദം കേട്ട് കണ്ണ് തുറന്നു നോക്കി. ചിരിച്ചു കൊണ്ട് അവള്‍ അപ്പുറത്തുള്ള കട്ടിലിലെ രോഗിയുടെ അടുത്തേക്ക്  പോയി.
ആ മുറിയില്‍ രണ്ടു രോഗികള്‍ ഉണ്ടായിരുന്നു. അമ്മ വാതിലിനോടു ചേര്‍ന്നുള്ള കട്ടിലിലും  മറ്റേ രോഗി, ജനലിനോട്‌ ചേര്‍ന്നുള്ള കട്ടിലിലും. രണ്ടിനും ഇടയില്‍ ഒരു മറ ഉണ്ടായിരുന്നത് കൊണ്ട് രണ്ടു പേര്‍ക്കും തമ്മില്‍ കാണാന്‍ പറ്റുമായിരുന്നില്ല.

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടി സംസാരിക്കുന്നതു കേള്‍ക്കാന്‍ തുടങ്ങി. അവര്‍ ഈ അവസ്ഥയില്‍ ഉള്ള കാന്‍സര്‍ രോഗികള്‍ക്ക് ധ്യാനവും മറ്റു ചില ചെറിയ രീതിയില്‍ ഉള്ള ശ്വാസം വലിച്ചു വിടല്‍ അഭ്യാസ്സവും കൂടാതെ അധ്യാത്മിക കാര്യങ്ങള്‍ പകര്‍ന്നു കൊടുത്തു രോഗികള്‍ക്ക് ആശ്വാസ്വവും ധൈര്യവും കൊടുക്കാന്‍ വേണ്ടി ആശുപത്രി നിശ്ചയിച്ചിട്ടുള്ള ഒരു ജോലിക്കാരി ആയിരുന്നു അവര്‍.

പുണ്യ പുരാണങ്ങളിലെ കഥകളും, മറ്റു ധൈന്യംധിന ജീവിതത്തിലെ അനുഭവങ്ങളും കോര്‍ത്തിണക്കി കൊണ്ട് ആ കൊച്ചു പെണ്‍കുട്ടി,  വളരെ  വ്യക്തമായ  ഇംഗ്ലീഷ്  ഭാഷയില്‍  അപ്പുറത്തെ  കട്ടിലില്‍  കിടക്കുന്ന രോഗിയോട്  കഥയായും കാര്യമായും, അവര്‍ അനുഭവിക്കുന്ന ഈ രോഗവസ്ത്തെ  പറ്റിയും അതിനെ അതി ജീവിക്കാന്‍ എന്തൊക്കെ ആത്മീയമായി ചെയ്യണം എന്നും പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു. പകുതി മയക്കത്തിലായിരുന്ന ഞങ്ങള്‍ രണ്ടു പേരും അവരുടെ ശൈലി കേട്ട് ജാഗ്രധയോടെ അവര്‍ പറയുന്നത് ശ്രദ്ധിക്കാന്‍ തുടങ്ങി. ഒന്നര മണിക്കൂറോളം അവര്‍ അവിടെ ആ രോഗിയുമായി ചിലവഴിച്ചു. അതിനു ശേഷം അവര്‍ തിരിച്ചു പോയി. പോകുന്ന പോക്കില്‍ അവര്‍ ഞങ്ങളെ രണ്ടു പേരെയും നോക്കി ചിരിച്ചു. വേദനയുന്ടെങ്കിലും അമ്മയും ചിരിക്കാന്‍ ശ്രമിച്ചു. ഞാനും തിരിച്ചു അഭിവാദനം ചെയ്തു.

അവര്‍ പോയതിനു ശേഷം കുറച്ചു നേരം ഞങ്ങള്‍ രണ്ടാളും ഒന്നും സംസാരിച്ചില്ല. അതിനു ശേഷം അമ്മ വളരെ പണിപെട്ട് പറഞ്ഞു. മോനെ എനിക്ക് വേണ്ടിയും അവരോടു ഒന്ന് നാളെ മുതല്‍ വരാന്‍ പറയുമോ. അവര്‍ പറയുന്ന പോലെ ഒക്കെ ചെയ്‌താല്‍ എനിക്കും ആശ്വാസം കിട്ടിയാലോ.
കുറച്ചു കാലമായി കാന്‍സര്‍ രോഗവുമായി പടപൊരുതി നടക്കുന്ന അമ്മക്ക് ഇങ്ങനെ ഉള്ള കാര്യങ്ങള്‍ ഒന്നും ചെയ്യാന്‍ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. അമ്മയുടെ ആഗ്രഹം കേട്ട ഞാന്‍ മനസ്സാ സന്തോഷിച്ചു. ഈശ്വരാ, നല്ലത് മാത്രം വരുത്തണേ.

ഉടനെ തന്നെ അവരുടെ ഓഫീസില്‍ ഞാന്‍ പോയി പിറ്റേ ദിവസ്സം തൊട്ടു അമ്മയ്ക്കും അവരുടെ ക്ലാസ്സ്‌ ഏര്‍പാടാക്കി. മനസ്സ് കൊണ്ട് ഞാന്‍ സന്തോഷിച്ചു. ഈശ്വരാ, ഇന്ന് അമ്മയുടെ പിറന്നാള്‍ ആണല്ലോ, അമ്മ കുറച്ചു ഊണ് കഴിച്ചു, സാമ്പാറും തൈരും കൂട്ടി, ഇപ്പോള്‍ ഇതാ, ഇങ്ങനെ ഉള്ള കാര്യങ്ങള്‍ ചെയ്യാന്‍ മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നു.. ഏതു രോഗിക്കും വേണ്ടത് ജീവിക്കണം എന്നാ ആഗ്രഹമാണ്. അമ്മയുടെ മനസ്സില്‍ അതുണ്ടല്ലോ, ഞാന്‍ സന്തോഷിച്ചു.

ആ പെണ്‍കുട്ടി പോയതും, മഴ തുരു തുരെ പെയ്യാന്‍ തുടങ്ങി.. ജനലരികില്‍ അല്ലാത്തത്  കൊണ്ട്, ഞങ്ങള്‍ക്ക് മഴയുടെ ശബ്ദം മാത്രമേ കേള്‍ക്കാന്‍ പറ്റുന്നുള്ളൂ. അമ്മ ആ റൂമില്‍ വന്നിട്ട് നാല് ദിവസ്സമായി. മൂന്ന് രോഗികള്‍ അതിനകം അവിടെ അടുത്ത കട്ടിലില്‍ വന്നു പോയി. ഇതിനകം ഞങ്ങളോട് പരിചയപ്പെട്ട ആ കട്ടിലിലെ രോഗി രണ്ടു കട്ടിലിനിടയില്‍ ഒരു മറയുന്ടെങ്കിലും അമ്മയോട് വിളിച്ചു പറഞ്ഞു. ” മാ ജി, ഭാരിഷ് ഭാഹാര്‍ ജ്യാധ ഹേ’ ഓഫ്‌ എ സി കമത്തി കരൂം ?” മഴ പുറമേ നന്നായി പെയ്യുന്നുണ്ട്, എ സി ഓഫ്‌ ചെയ്യണോ എന്ന് അവര്‍ അമ്മയോട് ചോദിച്ചു. കാരണം, അവര്‍ക്ക് കീമോ തെറാപ്പി നടക്കുന്ന സമയം ആണ്. അപ്പോള്‍ ചൂട് കൂടുതല്‍ തോന്നിക്കുന്ന അവസ്ഥ. അമ്മക്കാണ് എങ്കില്‍ ബ്ലഡ്‌ കുറഞ്ഞു ആകെ ക്ഷീണിതയായ അവസ്ഥയും. ആ കട്ടിലിലെ രോഗി ഒരു ഡോക്ടര്‍ ആയിരുന്നു. അവര്‍ക്കറിയാമായിരുന്നു അമ്മയുടെ അവസ്ഥ, അത് കൊണ്ട് സ്നേഹപൂര്‍വ്വം ചോദിച്ചു. അമ്മയും തിരിച്ചു അവരുടെ അവസ്ഥ, ആ സമയത്ത് ചൂട് കൂടുതല്‍ തോന്നിക്കും എന്ന് അറിയാവുന്നത് കൊണ്ട്, അമ്മ കൈ കൊണ്ട് ആണ്ഗ്യം കാട്ടി, എ സി കുറക്കേണ്ട എന്ന്. ഞാന്‍ അവരോടു പറയുകയും ചെയ്തു.

ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും, അവരുടെ മരുന്ന് കയറ്റല്‍ കഴിഞ്ഞു, അവരുടെ വിശ്രമവും കഴിഞ്ഞു അവര്‍ പോയി. ഞാനും അമ്മയും മാത്രമായി ആവിടെ ആ മുറിയില്‍. ഒരു തരം മൂകമായ അവസ്ഥ. അങ്ങനെ പറ്റില്ലല്ലോ എന്ന് വിചാരിച്ചു ഞാന്‍ ടീവി ഓണ്‍ ചെയ്തു. പല ചാനലുകളും മാറി മാറി അവസാനം, ശ്രീ ശങ്കര ചാനല്‍ എത്തി. അതില്‍ ആ സമയത്ത്, ഒരു അധ്യാപകന്‍ കുട്ടികള്‍ക്ക് ഹനുമാന്‍ ചാലിസ്സ പഠിപ്പിച്ചു കൊടുക്കുകയായിരുന്നു.

അത് കേള്‍ക്കാന്‍ തുടങ്ങിയ അമ്മ എന്നോട് പറഞ്ഞു, “മോനെ എന്നെ ഇവിടെ നിന്ന് ഒന്ന് വേറെ ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റമോ”. അല്ലെങ്കില്‍ നമ്മള്‍ക്ക് വീട്ടിലേക്കു  പോയാലോ?. ഇങ്ങനെ കിടക്കാന്‍ എനിക്ക് വയ്യ”. ഞാന്‍ നിശബ്ദനായി കുറച്ചു നേരം ഇരുന്നു. അമ്മയുടെ ആ അവസ്ഥയില്‍ എന്ത് മറുപടി പറയണം എന്നറിയാതെ മനസ്സ് വിങ്ങുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ തന്നെ വീണ്ടും പറഞ്ഞു.. “അല്ലെങ്കില്‍ നാളെ നമുക്ക് ജനലിനരികില്‍ ഉള്ള ആ കട്ടിലിലേക്ക് മാറ്റാന്‍ പറയാം. അവിടെ വരുന്നവര്‍ എല്ലാം തന്നെ അസുഖം കുറഞ്ഞു വീട്ടിലേക്കു പെട്ടെന്ന് പോകുന്നു. പുറത്തെ കാറ്റും മഴയും കാണുകയും ചെയ്യാം”. ഞാന്‍ പതുക്കെ നെറ്റിയില്‍ തടവി കൊണ്ട് പറഞ്ഞു.. അമ്മാ, നമ്മുക്ക് നാളെ ഡോക്ടര്‍ വരുമ്പോള്‍ പറയാം. ഇവിടെ നിന്ന് പോകണം എന്ന്. ഞാന്‍ വീട്ടില്‍ കൊണ്ട് പോകാം അമ്മയെ. അത് പറയുമ്പോഴേക്കും അമ്മയുടെ ശ്വാസം വലിക്കുന്ന രീതിയില്‍ വ്യത്യാസം കണ്ടു തുടങ്ങിയിരുന്നു. ഇല്ല ഒന്നും സംഭവിക്കില്ല, ഞാന്‍ എനിക്ക് തന്നെ ധൈര്യം കൊടുത്ത് കൊണ്ട്, അമ്മയെ ആശ്വസിപ്പിച്ചു, നെറ്റിയിലും കാലിന്മേലും തടവിക്കൊണ്ടിരുന്നു.

അപ്പോഴേക്കും അവരുടെ ഉള്ളില്‍ മാജിക്‌ മൌത്ത് വാഷ്‌ ഫലം ചെയ്യാന്‍ തുടങ്ങിയിരുന്നു. അമ്മ പതുക്കെ മയങ്ങാന്‍ തുടങ്ങി. പിന്നെയാണ് ഞാന്‍ അറിഞ്ഞത്, അതില്‍ മയങ്ങാന്‍ ഉള്ള മരുന്നും ഉണ്ടായിരുന്നു എന്ന്. മയങ്ങുന്നതിനു മുന്‍പ് എന്തൊക്കെയോ പറയണം എന്നാഗ്രഹിച്ചു തുടങ്ങി, പക്ഷെ കണ്ണുകള്‍ താനേ അടഞ്ഞു പോയി. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും, അമ്മയുടെ ശ്വാസ്സഗതിയില്‍ മാറ്റം കണ്ട ഞാന്‍ ഉടനെ ഡോക്ടറെ വിളിച്ചു വരുത്തി..അവര്‍ക്ക് കാര്യം മനസ്സിലായി. അമ്മയെ ഐ സി യു വിനകത്തെക്ക് മാറ്റണം. ഇനി ഈ മുറിയില്‍ പറ്റില്ല, ഒരു ഡോക്ടറുടെ സാന്നിധ്യം ഇപ്പോഴും അമ്മക്ക് വേണം. അദ്ദേഹം കല്പിച്ചു. ശരി, ഞാനും, സമ്മതിച്ചു. അങ്ങനെ അമ്മയെ ആ മുറിയില്‍ നിന്ന് ഐ സി യുവിലേക്കു കൊണ്ട് പോകാന്‍ വേണ്ടി ആശുപത്രി ജീവനക്കാര്‍ വന്നു. അപ്പോഴേക്കും, ടീവിയില്‍ ആ അധ്യാപകന്‍ അന്നത്തെ പാഠം ചൊല്ലി കൊടുക്കല്‍ കഴിഞ്ഞു, ആ കുട്ടികളെ കൊണ്ട് ഹനുമാന്‍ ചാലിസ്സ ചൊല്ലിക്കുകയായിരുന്നു. എന്തോ, ആ അബോധാവസ്ഥയിലും അമ്മയ്ക്ക് കേള്‍ക്കാന്‍ പറ്റിയിരുന്നോ അത് എന്നറിയില്ല, അതോ ബോധം പോകുന്നതിനു മുന്‍പ് കേട്ട ഭാഗം, മനസ്സില്‍ ഉണര്‍ന്നു വന്നിട്ടോ എന്നറിയില്ല, അമ്മ കൈ കൊണ്ട് പതുക്കെ തുടയില്‍ താളം പിടിക്കുന്നതു കണ്ടു. ഈശ്വരാ കൈ വിടരുതേ, ഞാന്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു.

ആ പോയ അമ്മ, പിന്നെ ഓരോ നിമിഷവും മരണത്തിലേക്ക് അത്യധികം വേഗതയോടെ നീങ്ങി കൊണ്ടിരുന്നു. കഷ്ടം, എന്ത് കൊണ്ടോ ആ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഞങ്ങള്‍ക്ക് പാഴ് മോഹം തന്നു കൊണ്ട്, അത് ചെയ്‌താല്‍, ശരിയാവും ഇത് ചെയ്‌താല്‍ ശരിയാവും, ഇന്ന് ഇത്ര ബ്ലഡ്‌ കൊടുക്കണം, ഇന്ന് ഡയാലിസിസ് ചെയ്യ്താല്‍ കുറയും എന്നൊക്കെ പറഞ്ഞു, അതൊക്കെ തുടര്‍ന്നുള്ള രണ്ടു ദിവസ്സം ഞങ്ങളെ കൊണ്ട് ചെയ്യിപ്പിച്ചു കൊണ്ടിരുന്നു. രണ്ടാം ദിവസ്സം ഐ സി യു വില്‍ കടന്നു കണ്ട അമ്മയുടെ അവസ്ഥ കണ്ട ഉടനെ ഞാന്‍ മനസ്സിലാക്കി അമ്മ ഞങ്ങളെ വിട്ടു ഇതിനകം തന്നെ പോയ അവസ്ഥയില്‍ ആയിരുന്നു എന്ന്. ഇനി അവിടെ അങ്ങനെ വെന്റിലെട്ടര്‍ മുഖേന അവരുടെ ജീവന്‍ നില നിറുത്തുന്നത് അവരോടു തന്നെ ഉള്ള ക്രൂരതയാവും എന്നെനിക്കു തോന്നി…

ഈശ്വരാ എങ്ങനെ പറയും ഇനി ഒന്നും ചെയ്യേണ്ടാ എന്ന്. ഭാഗ്യം, അമ്മയുടെ, ഒരു ശിഷ്യ, ആ സമയം അമ്മ ഹോസ്പിറ്റലില്‍ ആണെന്ന് അറിഞ്ഞു കൊണ്ട് അവരെ കാണാന്‍ വന്നു. മറ്റൊരു ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം കൈകാര്യം ചെയ്യുന്ന ഒരു ഡോക്ടര്‍ ആയിരുന്നു അവര്‍. അമ്മയെ കണ്ടതും  അവര്‍ പറഞ്ഞു. ഇനി ഒന്ന് ചെയ്യാന്‍ സമ്മതിക്കരുത് , അവരെ ക്രൂശിക്കലയിരിക്കും  അങ്ങനെ ചെയ്‌താല്‍. അത് കൂടി കേട്ടപ്പോള്‍, ധൈര്യം സംഘടിപ്പിച്ചു ആ ആശുപത്രിയിലെ ഡോക്ടര്‍മാരോട് പറഞ്ഞു വേണ്ട, അമ്മ മരിച്ചോട്ടെ, ദയവായി ഇങ്ങനെ ക്രൂശിക്കരുതെ അവരെ, പൈസക്ക് വേണ്ടി… നിവൃത്തിയില്ലാതെ അവര്‍ അമ്മയെ വെന്റിലടരില്‍ നിന്ന് പിറ്റേ ദിവസ്സം കാലത്ത് മാറ്റി. അതി വേഗതയില്‍ ചലിച്ചു കൊണ്ടിരിക്കുന്ന വാഹനം, ഒരു കുന്നു ഇറങ്ങുമ്പോള്‍, സ്വിച്ച് ഓഫ്‌ ചെയ്തു വിടുമ്പോള്‍ സ്പീഡ് കുറയുന്നത് പോലെ, അമ്മയുടെ ബ്ലഡ്‌ പ്രഷര്‍, ആ വെന്റിലെട്ടര്‍ ഓഫ്‌ ചെയ്തത് മുതല്‍, കുറഞ്ഞു കൊണ്ടിരുന്നു. നൂറു, എന്പതു…എഴുപതു… അറുപതു ……..

അമ്മയുടെ അടുത്ത് തന്നെ ഇരുന്നു കൊണ്ട്,   എല്ലാ ഈശ്വരന്മാരെയും  ഗുരുക്കന്മാരേയും  മനസ്സില്‍  വിചാരിച്ചു ലളിതാ സഹസ്ര നാമം, പതുക്കെ പതുക്കെ കാതില്‍ ചൊല്ലി കൊടുത്തു കൊണ്ടിരിന്നു. അബോധാവസ്ഥയില്‍ ആയിരുന്നെങ്കിലും, ഇടയ്ക്കിടയ്ക്ക് എന്റെ  കര സ്പര്‍ശം മനസ്സിലായിട്ടോ എന്തോ അമ്മ സൂചനകള്‍ തന്നു കൊണ്ടിരിന്നു.

എന്തൊക്കെയോ പറയാനും ചെയ്യാനും ഭാക്കി വച്ച് കൊണ്ട് ആ അമ്മ ഞങ്ങളെ ഈ ലോകത്തില്‍ നിന്ന് അന്ന് രാത്രിയോടെ വിട പറഞ്ഞു ഈ ലോകത്തിലെ അവരുടെ  കര്‍മ യോഗങ്ങള്‍ മുഴുവനാക്കി അവരുടെ ശരീരം ഞങ്ങളെ വിട്ടു പോയി.

എങ്കിലും അവരുടെ ആത്മാവ് ഞങ്ങളോടടൊപ്പം ഇന്നും എന്നും ഉണ്ടാവും. ആ ജനലിലൂടെ, ഞങ്ങള്‍ ശബ്ദം മാത്രം കേട്ട് ആസ്വദിച്ച ആ മഴയും, മയക്കത്തിലെങ്കിലും കേട്ട് തലം പിടിച്ചു രസിച്ച ആ നാമ സന്കീര്തനവും എന്നെന്നും അവസാന ശ്വാസം വരെ നില നില്‍ക്കും.

പല ചോദ്യങ്ങള്‍ ഭാക്കിയായത് മാത്രം മിച്ചം. എന്ത് കൊണ്ട് ആ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അമ്മയുടെ രോഗാവസ്ഥയുടെ യാഥാര്‍ത്ഥ്യം മനസ്സിലായിട്ടു പോലും രണ്ടാമതും ഒരു കീമോ ചികില്സ്സക്ക് അവര്‍ക്ക് കൊടുത്തൂ? എന്ത് കൊണ്ട് അവരുടെ എല്ലാ പ്രധാന അവയങ്ങള്‍ പ്രവര്‍ത്തനം നിറുത്തി എന്നറിഞ്ഞിട്ടും അവരെ ആ ഐ സി യു വില്‍ വെന്റിലെട്ടരില്‍ കിടത്തി? അങ്ങനെ പോകുന്നു…

പ്രിയ സുഹൃത്തുക്കളെ, നിങ്ങളുടെ അച്ഛനോ അമ്മയോ, സഹോദരനോ സഹോദരിയോ സുഹൃത്തോ, ഇങ്ങനെ ഒരു അവസ്ഥ അനുഭവിക്കുകയാണ് എങ്കില്‍, രണ്ടു കാര്യം ശ്രദ്ധിക്കുക, കാന്‍സര്‍ രോഗം അവസാനത്തെ ഘടത്തില്‍ ഒരു മാജിക്‌ കാണിച്ചും ഒരു ഡോക്ടര്‍ക്കും മാറ്റാന്‍ പറ്റുകയില്ല. അങ്ങനെ ഏതെങ്കിലും ഡോക്ടര്‍ നിര്‍ബന്ധിച്ചാല്‍, വേറെ ഒന്നോ രണ്ടോ ഡോക്ടര്‍മാരെ കൂടി കാണിച്ചു അഭിപ്രായം ആരായുക. എതൊരു കാരണത്താലും, രോഗിയുടെ, ചികിത്സയോ, ഡോക്ടോരെയോ അവസാന ഘട്ടത്തില്‍ മാറ്റാതിരിക്കുക, കാരണം, പുതിയ ഡോക്ടര്‍ക്ക്‌, അവരുടെ അസുഖത്തെ പറ്റിയും, അതിന്റെ ആ സമയത്തെ അവസ്ഥയെ പറ്റിയും കാര്യമായ വിവരം ഗ്രഹിച്ചു എടുക്കാന്‍ ഉള്ള സമയം ഉണ്ടാവുകയില്ല. ഇത് ഗുണത്തിന് പകരം ദോഷം മാത്രമേ ചെയുകകയുള്ളൂ.

പ്രത്യേകിച്ചും, ഇന്നത്തെ അവസ്ഥയില്‍, ഒരു കോടി രൂപയും അധിലധികവും ചെലവ് ചെയ്തു, എം ഡി പഠനം പൂര്‍ത്തിയാക്കി വരുന്ന ഡോക്ടര്‍മാരും കൊല്ലം കൊല്ലം തോറും പുതിയ കെട്ടിടങ്ങള്‍ പണിതു ഉയര്‍ത്തുന്ന ആശുപത്രികളും ഉള്ളിടത്തോളം കാലം!.

കാന്‍സര്‍ മുതലായ രോഗങ്ങള്‍ക്ക്, വ്യക്തമായ ചികിത്സാ രീതിയും, സമ്പ്രദായവും, ചികിത്സ സംവിധാനങ്ങള്‍ ഗവര്‍മെന്റ് തലത്തിലോ, അല്ലെങ്കില്‍ പ്രിവട്ടില്‍ ആണെങ്കില്‍, വ്യക്തമായ ചട്ടകൂടുകളിലോ മാത്രം നടത്താന്‍ ഇടവരുത്തെണ്ട കാലം അധിക്രമിച്ചിരിക്കുന്നു.
അമ്മ എന്ന് സ്നേഹപൂര്‍വ്വം മാത്രം  ഞാന്‍‍ ബഹുമാനിച്ചു സംബോധന ചെയ്യുകയും  സ്നേഹിക്കുകയും ചെയ്ത എന്റെ ഭാര്യയുടെ  അമ്മയുടെ ആത്മാവിനു ശാന്തി നേര്‍ന്നു കൊണ്ട്, ഞാന്‍  കാന്‍സര്‍ രോഗികളുടെ സൌകര്യങ്ങള്‍ക്കായും, അവരുടെ കുടുംബാങ്ങങ്ങളുടെ ആശ്വസ്സത്തിനായും എന്നാലാവുന്ന വിധത്തില്‍ ഉള്ള കര്‍മങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കട്ടെ.  നിങ്ങള്‍ ഏവരുടെയും അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിച്ചു കൊണ്ട്,

രമേശ്‌ മേനോന്‍, അബുദാബി
 02.01.2012

Vijaylekshmy Menon – 07.11.1945 – 03.11.2011

Posted on Updated on

With profound sadness, I write to you today (3rd November 2011) the demise of my mother in law Mrs Vijayalekshmy Menon, at HCG Hospital, Bangalore at 8:50 pm. A Kerala state Badminton player and as a person with definite objectives in life and will power to fight, she really fought her final battle with cancer, aggressively than anyone and left me and my family with lots of memories for the future without her.
She worked as a teacher of mathematics at St George School Delhi, St Thomas School Bangalore and later as Librarian at  Our Own English High School Abu Dhabi.
Mrs Vijayalekshmy Menon is survived by her only daughter Rajashree, grandson Suraj and brothers Joy, Santhan, Sethu and Venu.
Her husand Late MRK Menon and son Late Rajeev Menon passed away some years ago.
Cremation will be conducted as per Hindu rites at Kalpally electric crematorium, Bangalore on 4th November 2011 at 11:00 am.
Being with her during the entire period of her final week in this earth and especially the last 3 days, I really felt the campaigners for Breast Cancer should change it’s iconic color from Pink to Red Color and also doubt whether these campaigns on Breast Cancer Care and Awareness really reaching to the audience and purpose intended.

Ramesh
03.11.2011