നേരം സന്ധ്യയായി.. മോനെ കയ്യും കാലും കഴുകി വന്നു നാമം ചൊല്ലൂ… നാളെ സ്കൂള്‍ തുറക്കുന്ന ദിവസ്സം ആണ്. നേരത്തെ തന്നെ വിളക്ക് തൊഴുതു നാമം ചൊല്ലി കിടന്നുറങ്ങി കൊള്ളൂ. അമ്മൂമയുടെ അനുശാസ്സനം കേട്ട് കുട്ടി വേഗം പുറകു വശത്തെ അടുക്കള കിണറിനു അരികില്‍ ഉള്ള വരാന്തയിലേക്ക് ഓടി. മുറ്റത്ത് നിന്ന് കുറച്ചു ഉയരത്തില്‍ ആണ് വരാന്ത.. ഒരു മൂലയില്‍ വച്ചിരുന്ന കിണ്ടിയും എടുത്തു കുട്ടി വേഗം അടുക്കള കിണറില്‍ നിന്ന് ചെറിയ ബക്കറ്റില്‍ വെള്ളം കോരാന്‍ വേണ്ടി കയറും ബക്കറ്റും കിണറ്റിലേക്ക് തുടിയിലൂടെ ഇറക്കി…
കടകടകട….കടകടകട….ബ്ലും…വെള്ളത്തില്‍ മുട്ടി ശബ്ദം മുകളിലേക്ക് തിരിച്ചു എത്തിയപ്പോള്‍ കുട്ടിക്ക് ഹരമായി. രണ്ടു മൂന്ന് തവണ കയറു ഇറക്കിയും താഴ്ത്തിയും ശബ്ദ വ്യത്യാസ്സങ്ങള്‍ കേട്ട് രസിച്ചു.. സമയം കുറച്ചു പോയി..
ശബ്ദം കേട്ട് അടുക്കളയില്‍ നിന്ന് ചെറിയമ്മ വിളിച്ചു…കുട്ടാ, നീ ഇനിയും കാല്‍ കഴുകി നാമം ചൊല്ലാന്‍ പോയില്ലേ… അത് കേട്ടതും ബക്കറ്റ് മുകളിലേക്ക് വലിച്ചു കയറ്റി വെള്ളം കിണ്ടിയിലേക്ക് ഒഴിച്ച് കുട്ടി വരാന്തയിലേക്ക് നടന്നു… ആ വരാന്തയില്‍ നിന്ന് കൊണ്ട് താഴേക്ക് കാലും കയ്യും നീട്ടി കഴുകി മുഖത്തും വെള്ളം ഒഴിച്ച് വൃത്തിയാക്കി ആകാശത്തേക്ക് നോക്കിയപ്പോള്‍ ആകെ ഇരുണ്ടു കൂടിയിരിക്കുന്നു. ഇന്നും രാത്രി നല്ല മഴ ഉണ്ടാവും. ഇത്തവണ മഴ നേരത്തെ ആണ്. നല്ല ഇടിമിന്നലും ഇടി വെട്ടും ഉണ്ട്… അത് രണ്ടും കുട്ടിക്ക് പേടിയാണ്.. അത് കൊണ്ട് വേഗം അകത്തേക്ക് പോകാം എന്ന് വച്ച് തിരിഞ്ഞപ്പോള്‍ ഡും എന്നൊരു ശബ്ദം…തിരിഞ്ഞു നോക്കിയപ്പോള്‍ മുറ്റത്തെ മാവില്‍ നിന്ന് പഴുത്ത മൂവാണ്ടന്‍ മാങ്ങാ വീണതാണ്. എങ്ങനെ എടുക്കതിരിക്കും.. വേഗം ഇറങ്ങി ഓടി. തിരിച്ചു കയറിപ്പോള്‍ ആണ് ഓര്‍ത്തത്.. അയ്യട എന്റെ കാലില്‍ ഒക്കെ വീണ്ടും മണ്ണും ചെളിയും ആയല്ലോ? വേഗം കിണ്ടിയില്‍ ബാക്കിയുള്ള വെള്ളം കൊണ്ട് കാല്‍ കഴുകി എന്ന് വരുത്തി ഉള്ളിലേക്ക് ചെന്നു.
അപ്പോഴേക്കും ചെറിയമ്മമാരും ചേച്ചിമാരും ഒപ്പം പ്രായമുള്ള മറ്റു കുട്ടികളും വിളക്കിനു ചുറ്റും നിരന്നു നാമം ജപിക്കാന്‍ തുടങ്ങിയിരുന്നു…
വിളക്ക് തൊഴുതു ഭസ്മം തൊട്ടു കുട്ടിയും അവരുടെ കൂടെ കൂടി വൈകുന്നേരത്തെ നാമജപം പൂര്‍ത്തിയാക്കി.
ഇനി എന്താ എന്ന് ആലോചിക്കുമ്പോള്‍ ആണ് അമ്മയുടെ വിളി..
കുട്ടാ. സ്ലയ്ട്ടും പെന്‍സിലും ഒക്കെ ബാഗില്‍ എടുത്തു വച്ചുവോ?
വേഗം വരാന്തയില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ടി നിശ്ചയിച്ചു വച്ചിട്ടുള്ള ആ വലിയ വീടിന്റെ ഒരു മുലയിലേക്ക് കുട്ടി ഓടി. ബാഗും സ്ലയ്ട്ടും പെന്‍സിലും ഒക്കെ തയാര്‍…
അപ്പോള്‍ മനസ്സിനുള്ളില്‍ ഒരു ഇടയിളക്കം. തന്റെ പുതിയ ഷര്‍ട്ടും ട്രൌസ്സരും ഒന്ന് കാണാന്‍…
അമ്മെ നാളെ എനിക്ക് സ്കൂളിലേക്ക് ഇടാന്‍ ഉള്ള കുപ്പായം എവിടെ… അതൊക്കെ അവിടെ ഉണ്ട്.. നീ ഇനി വേഗം ഊണ് കഴിച്ചു കിടക്കാന്‍ നോക്ക്.. കാലത്ത് നേരത്തെ കുളിച്ചു അമ്പലത്തില്‍ പോയി തൊഴുതു വന്നിട്ട് വേണം സ്കൂളില്‍ പോകാന്‍… അമ്മ പറഞ്ഞു.
കുട്ടിക്ക് സങ്കടം തോന്നി.. ഈ അമ്മക്കെന്താ ആ കുപ്പായം ഇപ്പോള്‍ കാണിച്ചു തന്നാല്‍… കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന ഒരു അസുലഭ അവസ്സരം ആണ് അത്. പുതിയ കുപ്പായം സ്കൂളില്‍ പോകാന്‍. അമ്മേ, ഒന്ന് കാണിച്ചു തരൂ.. ഞാന്‍ ഇപ്പോള്‍ ഇട്ടു നോക്കില്ല… വെറുതെ കാണാന്‍ വേണ്ടിയാ … നീ ഇനി ചിണുങ്ങി കൊണ്ട് നിന്നാല്‍ നല്ല അടി കിട്ടും എന്റെ കയ്യില്‍ നിന്ന്.. അമ്മ, അടുക്കളയില്‍ രാത്രിയില്‍ എല്ലാവര്ക്കും കഴിക്കേണ്ട ഭക്ഷണം തയ്യാറാക്കി പാത്രങ്ങളിലേക്ക് മാറ്റുന്നതിനിടയില്‍ പറഞ്ഞു..
അത് ഒരു വലിയ കൂട്ട് കുടുംബം ആയിരുന്നു. മുത്ത് മുത്തച്ചനും മുത്തശിയും അവരുടെ മക്കളും മക്കളുടെ മക്കളും ഒക്കെ അടക്കം ഒരു മുപത്തഞ്ചു പേരോളം അന്ന് ആ വലിയ വീട്ടില്‍ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ മൂന്നു നേരത്തെ ഭക്ഷണ രീതികള്‍ക്ക് ഒരു ചിട്ടയും അടുക്കും നിര്‍ബന്ധമായിരുന്നു.
ഇനി ചിണുങ്ങി നിന്നിട്ട് കാര്യം ഇല്ല എന്ന് കണ്ട കുട്ടി വേഗം അടുക്കളയോട് ചേര്‍ന്നുള്ള ആ വലിയ തലത്തില്‍ പോയിരുന്നു.. അപ്പോഴേക്കും അതെ പ്രായത്തില്‍ ആ വീട്ടില്‍ ഉള്ള മാറ്റ് കുട്ടികളും സ്ഥാനം പിടിച്ചിരുന്നു..
അമ്മയും ചെറിയമ്മമാരും വേഗം ഓരോരുത്തര്‍ക്കും കഞ്ഞിയും പയറും ഉള്ളി ചെറുതായി മൂപ്പിച്ചു കട്ടിയായി ഉണ്ടാക്കിയ ഉപ്പേരിയും വിളമ്പി… കൂടെ അന്ന് വീണ മാമ്പഴം തൊലി കളഞ്ഞു അതിന്റെ കഴമ്പും ഉണക്ക മുളക് അടുപ്പിന്റെ തീയില്‍ വാട്ടി അതില്‍ കുറച്ചു വെളിച്ചെണ്ണയും കുറച്ചു ഉപ്പും ചേര്‍ത്തു ചാലിച്ച് ഉണ്ടാക്കിയാ ആ ഒരു തനി നാടന്‍ മാമ്പഴ ചമ്മന്തിയും. കുട്ടികള്‍ക്കൊക്കെ കുശാല്‍… നല്ല കുത്തരി കൊണ്ടുള്ള കഞ്ഞിയും പയറും കൂടെ മാമ്പഴ ചമ്മന്തിയും.. ഉപ്പും വെളിച്ചെണ്ണയും മാമ്പഴത്തിന്റെ കൂടെ ചേര്‍ന്ന് ഉണക്ക മുളക് വാട്ടിയതിന്റെ പയറിന്റെയും കഞ്ഞിയുടെയും നിറങ്ങളും കുത്തരി വെന്തുലഞ്ഞ കഞ്ഞി വെള്ളത്തിന്റെ സ്വാദും കൂടി ചേര്‍ന്നപ്പോള്‍.. എല്ലാവരുടെയും… കയ്യും വായും പ്ലാവില കൊണ്ട് കുത്തിയ ചെറു കുംബിളുകള്‍ നിറഞ്ഞു അതിവേഗം അവരുടെ പാത്രങ്ങള്‍ കാലിയാക്കാന്‍ ഉള്ള തിടുക്കത്തിലായി..
വെറുതെയല്ല.. വൈകുന്നേരം വരെ പറമ്പിലും പാടത്തും ഉള്ള പന്ത് കളിയും കുട്ടിയും കോലും കളിയും സൈക്കിള്‍ ചവിട്ടലും ഒക്കെ കഴിഞ്ഞു ആകെ ക്ഷീണിച്ചു അവശരാണ് എല്ലാവരും… ഊണ് കഴിഞ്ഞു പാത്രം കഴുകി അടുക്കള വാതുക്കല്‍ വച്ച് ഓരോരുത്തര്‍ ആയി ഉമ്മറത്തെ വരാന്തയിലേക്ക് പോയി…
അവിടെ അമ്മാവന്മാരും കാരണവന്മാരും തമാശ പറഞ്ഞു ഇരിക്കുന്നു. റേഡിയോയിലൂടെ ഏതോ ഭാഗവതര്‍ പാടിയ ഒരു സംഗീത കച്ചേരി കേള്‍ക്കാന്‍ കൂടി ഉള്ള ഇരുപ്പാണ് അത്..
അപ്പോഴേക്കും… മുത്ത് മുത്തശ്ശി വിളിച്ചു.. കുട്ടാ… വാ, ഉറങ്ങാന്‍ സമയം ആയി… ആ അമ്മൂമ്മ, അതായതു അമ്മയുടെ അമ്മയുടെ അമ്മ.. അവര്‍ക്ക് അന്ന് വല്ലാതെ പ്രായം ചെന്നിരിക്കുന്നു. എന്നാലും നല്ല ആരോഗ്യം തന്റെ കാലും നീട്ടി തളത്തില്‍ പായും വിരിച്ചു മുറുക്കാന്‍ ചെല്ലവും അടുത്ത് വച്ച് കുട്ടികളെ കാത്തിരിക്കുകയാണ്…
കുട്ടി ഓടി ചെന്നു മുത്തശ്ശിയുടെ മടിയില്‍ തല വച്ച് കൊണ്ട് അവരുടെ കാതില്‍ തൂങ്ങി കിടക്കുന്ന കടുക്കാനില്‍ തിരിപ്പ് പിടിച്ചു കൊണ്ട് കിടന്നു… അത് എന്നും ഉള്ള ശീലം ആണ്… ആ തൂങ്ങി കിടക്കുന്ന കാതും ആ സ്വര്‍ണം കൊണ്ട് ഉണ്ടാക്കിയ കടുക്കനും കുട്ടിയുടെ ഉറങ്ങാന്‍ തയ്യാറെടുക്കാന്‍ ഉള്ള കളിപ്പാട്ടം ആണ്..
കുട്ടന് നാളെ സ്കൂള്‍ തുടങ്ങുകയല്ലേ… മുത്തശ്ശി ചോദിച്ചു.. അപ്പോഴേക്കും മഴ പെയ്യാന്‍ തുടങ്ങിയിരുന്നു. നല്ല ഇടിയും മിന്നലും ഉണ്ട്… ജനല്‍ ഒരെണ്ണം മാത്രമേ ആ തളത്തില്‍ ഉണ്ടായിരുന്നുള്ളൂ അത് കൊട്ടി അടച്ചിരുന്നു. എന്നാലും ശബ്ദം അകത്തേക്ക് കേള്‍ക്കാം… ഓടിനിടയില്‍ അങ്ങിങ്ങായി വച്ചിരിക്കുന്ന ഗ്ലാസ്സ് പാളികള്‍ക്ക് ഇടയിലൂടെ മിന്നലും ശബ്ദവും അകത്തേക്ക് വന്നു കൊണ്ടിരിന്നു.. ഭയം കൊണ്ട് കാതിലും കടുക്കനിലും മുറുകെ പിടിച്ചു കൊണ്ട് കുട്ടി കണ്ണടച്ച് കിടന്നു.
കുട്ടന്‍ വേഗം ഉറങ്ങിക്കൊള്ളൂ … നാളെ സ്കൂള്‍ തുടങ്ങുകയല്ലേ.. പഠിച്ചു വലിയ ആളാവണം.. മോന്‍ വലിയ ആളാവുമ്പോള്‍… ഈ മുത്തശി ഉണ്ടാവുമോ എന്നറിയില്ല… എന്നാലും.. .. മുത്തശ്ശിയുടെ തൊണ്ട ഇടറി.. വയസ്സ് തൊണ്ണൂറു കഴിഞ്ഞിരിക്കുന്നു.. ഇനി എത്ര കാലം ഉണ്ടാവും എന്നറിയില്ല അവര്‍ സ്വയം നിശ്വസിച്ചു… വെറ്റിലയും അടക്കയും ചുണ്ണാമ്പും കൂടി വായില്‍ ഇട്ടു…
എന്നിട്ട് ആ കൊച്ചു കുടിയുടെ പുറത്തു തലോടി കൊണ്ട് അവര്‍ പാടി..
ചെഞ്ചീര ചെറു ചീര
എങ്ങിനെ നടെണം ചെഞ്ചീര…
വട്ടത്തില്‍ കുഴി കുത്തി…
നീളത്തില്‍ തടമിട്ടു…
ഇങ്ങനെ നടെണം ചെഞ്ചീര…
ആ നാലു വരി പാടി കഴിയുന്നതിനു മുന്‍പേ തന്നെ ആ കുട്ടന്‍ ഉറങ്ങിയിരുന്നു… നാളെ തനിക്കു വേണ്ടി കാത്തിരിക്കുന്ന പുത്തന്‍ ഉടുപ്പും, സ്ലയിട്ടും പെന്‍സിലും അടങ്ങിയ അവന്റെ ആ കൊച്ചു ലോകത്തെ ഒരു നല്ല വിദ്യായന വര്‍ഷത്തിന്റെ കാലഘട്ടത്തിന്റെ മധുര സ്വപ്‌നങ്ങള്‍ ആയിരിന്നിരുക്കാം ഒരു പക്ഷെ അവന്റെ ആ പിഞ്ചു മനസ്സില്‍….
ആ ഒരു കുട്ടിക്കാലം ഓര്‍ത്തു കൊണ്ട് ഈ അധ്യായന വര്‍ഷത്തില്‍ സ്കൂള്‍ വിദ്യാഭ്യാസം തുടങ്ങുന്ന എല്ലാ കൊച്ചു കുട്ടികള്‍ക്കും ഒരു നല്ല പൌരനായി പഠിച്ചു വളരാന്‍ ഭാവുകങ്ങള്‍ നേര്‍ന്നു കൊള്ളുന്നു..
എന്നത്തേയും പോലെ അന്നും ഓഫീസില്‍ നിന്ന് വൈകി ആണ് ഇറങ്ങിയത്. മൊബൈല്‍ ഫോണില്‍ ഒരു പാട് ഫോണ്‍ വന്നതിന്റെ ലക്ഷണം അറിയിപ്പുകളായി കിടക്കുന്നു. സഹധര്‍മിണി ഫോണ്‍ ചെയ്തതാണ്. വാരാന്ത്യം ആണ്. സിനിമക്ക് മകനെയും കൂട്ടി പോകാം ഇന്ന് വൈകുന്നേരം എന്ന് വാക്ക് കൊടുത്തിട്ടാണ് കാലത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയത്… പക്ഷെ എന്ത് ചെയ്യാം. ഓഫീസില്‍ മാസം അവസ്സനിക്കുന്നതിനാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു കൂട്ടാനുണ്ട്. മാനേജര്‍ ആണെങ്കില്‍ ഈ മാസ്സത്തിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ എത്തിപ്പിടിച്ചുവോ എന്ന് ഉള്ള അന്വേഷണത്തിലാണ് . ആരാണ് കുറവ് നില്‍ക്കുന്നത്, എവിടെയാണ് പോരായ്മകള്‍ അങ്ങനെ പല ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ സംവാദങ്ങള്‍. നേരം പോയത് അറിഞ്ഞില്ല. ഫോണ്‍ സൌണ്ട് ഓഫ് ചെയ്തു ഇട്ടിരുന്നതിനാല്‍ ആ വിളികള്‍ ഒന്നും അറിഞ്ഞില്ല. മീറ്റിംഗ് റൂമില്‍ നിന്ന് സീറ്റില്‍ വന്നപ്പോള്‍ കണ്ടു ഫോണില്‍ പത്തു തവണ വിളിച്ചിരിക്കുന്നു.
ഇന്നത്തെ വൈകുന്നേരം എന്തായാലും കുളം ആയി. സാരമില്ല ഇറങ്ങുന്നതിനു മുന്‍പ് ഒന്ന് വിളിക്കാം. ഫോണ്‍ വിളിച്ചതും അപ്പുറത്ത് മറുപടി. നിങ്ങള്ക്ക് ഒരിക്കലും എന്നെയും മോനെയും ഒരു വിലയും ഇല്ല… ഇപ്പോഴും ഓഫീസ് ഓഫീസ് എന്ന മന്ത്രം മാത്രം… ഇന്ന് പുറത്തു പോകാം എന്ന് പറഞ്ഞതല്ലേ. ഞാന്‍ എത്ര നേരമായി തയ്യാറായി ഇരിക്കുന്നു. മോനും പുറപ്പെട്ടു ഒരുങ്ങി ഇരിക്കുന്നു. അവനെയെങ്കിലും ഓര്‍ക്കണ്ടേ…. ആ പരിദേവനങ്ങള്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു…
അപ്പോള്‍ ഞാന്‍ പറഞ്ഞു…. കുട്ടാ, ഞാന്‍ ഇതാ എത്തി… നമുക്ക് ഉടനെ ഇന്ന് ഷോപ്പിങ്ങിനു പോയി പിന്നെ സിനിമ കാണാന്‍ പോകാം. മോഹന്‍ലാലിന്റെ പടം വന്നിട്ടുണ്ട്. ആള്‍ അല്‍പ്പം തണുത്തു എന്ന് തോന്നുന്നു. വേഗം ഫോണ്‍ വച്ച്. ശുഭ വാരാന്ത്യം സഹപ്രവര്‍ത്തകരോട് പറഞ്ഞു ഇറങ്ങി. നോക്കിയപ്പോള്‍, ശ്രദ്ധിച്ചപ്പോള്‍ അവരും എന്റെ വഞ്ചിയില്‍ തന്നെ… അവരുടെ ഭാഷയില്‍ വീടുകളിലേക്ക് വിളിച്ചു വരാന്‍ വൈകിയതില്‍ ഉള്ള ക്ഷമാപണം നടക്കുന്നു. ഒന്ന് ചിരിച്ചു കൊണ്ട് ഓഫീസില്‍ നിന്നിറങ്ങി. ഈശ്വര അവരുടെ പോലെ ചീത്ത വിളി കേള്‍ക്കേണ്ടി വരുന്നില്ല. എത്രയായാലും തന്റെ സഹധര്‍മിണി ഒരിക്കലും തന്നെ ശപിക്കുകയില്ല ചീത്ത പറയുകയില്ല…
കാര്‍ സ്റ്റാര്‍ട്ട് ചെയ്തു പ്രധാന വഴിയിലേക്ക് കടന്നു… മനസ്സില്‍ അപ്പോഴും അന്ന് ഓഫീസില്‍ നടന്ന കാര്യങ്ങള്‍ ഓടി കൊണ്ടിരിക്കുന്നു. ആദ്യത്തെ പ്രധാന സിഗ്നല്‍ എത്തി. യാന്ത്രികമായി കാര്‍ നിറുത്തി. ഓര്‍മ്മകള്‍ അപ്പോഴേക്കും തന്നെ എവിടെയോ കൊണ്ട് ചെന്നിരിക്കുന്നു. എങ്ങനെ മാനേജര്‍ പറഞ്ഞ ബിസിനസ് ലക്‌ഷ്യം അടുത്ത മാസം എത്തിക്കും. ഒരു പിടിയും ഇല്ല. എത്തിച്ചില്ലെങ്കില്‍ കമ്മീഷന്‍ ഒന്നും കിട്ടില്ല. ജൂണില്‍ നാട്ടില്‍ പോകേണ്ടതാണ്. അവര്‍ എല്ലാവരും നോക്കിയിരിക്കുന്നു.
സിഗ്നല്‍ ചുവപ്പ് ആയതിനാല്‍ വണ്ടി നിറുത്തി ..ചക്രത്തില്‍ കൈ താളം പിടിച്ചു കൊണ്ട് ഒന്ന് വിശ്രമിച്ചു. റേഡിയോവില്‍ നല്ല പാട്ട് കേള്‍ക്കുന്നു. തന്റെ ഇഷ്ട റേഡിയോയും ഇഷ്ട ഗായകനും ആണല്ലോ. രതീഷ് കുമാര്‍ – വളരെ ഭാവിയുള്ള ഒരു ഭാവ ഗായകന്‍… നല്ല പാട്ട്. അറിയാതെ ഒന്ന് ഉറങ്ങി പോയ്യോ എന്ന് സംശയം. പുറകില്‍ നിന്നുള്ള വണ്ടികളുടെ ഹോണ് അടിക്കുന്ന ശബ്ദം കേട്ട് കണ്ണ് തുറന്നു. ഈശ്വര പച്ച സിഗ്നല്‍ ആയി കുറച്ചു സെക്കന്റ് ആയിരിക്കുന്നു. മുന്നോട്ടു കുതിക്കുന്ന സമീപത്തുള്ള വരിയിലെ ടാക്സിയും അതിലെ ഡ്രൈവറും തന്നെ നോക്കി ചിരിക്കുന്നു. ഹേ എന്താ ഉറക്കമാണോ എന്ന വിധത്തില്‍. അയാള്‍ കുതിച്ചു… തന്റെ വാഹനം സിഗ്നല്‍ ആയി ഒരു മുപതു സെക്കന്റ് വൈകിയിട്ടുണ്ടാവം. അത്രയേ ഉള്ളു. കണ്ണ് ഒക്കെ ശരിയാക്കി വാഹനം മുന്നോട്റെടുക്കാന്‍ തുനിച്ചു. മുന്നേ കുതിക്കുന്ന ടാക്സി വ്യക്തമായി കാണാമായിരുന്നു…. കണ്പോളകള്‍ അടച്ചു തുറക്കുന്നതിനു മുന്‍പ് ഒരു ഭയങ്കര ശബ്ദം കേട്ടു നോക്കിയപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലാ… ഈശ്വരാ താന്‍ കാണുന്നത് യാഥാര്‍ത്ഥ്യം ആണോ..?
അര മിനിട്ട് മുന്‍പ് തന്നെ കളിയാകി ചിരിച്ച മുന്നോട്ടു പോയ ടാക്സി കാറും ഡ്രൈവറും പപ്പടം പൊടിഞ്ഞ പോലെ തന്റെ മുന്നില്‍… അതിലെ യാത്രക്കാരനും തദൈവ …. ഏതോ ഒരു ജീപ്പ് സിഗ്നല്‍ നോക്കാതെ അതി വേഗത്തില്‍ വന്നു ആ വാഹനത്തെ ഇടിച്ചു തകര്‍ത്തിരിക്കുന്നു….അതിലെ ഡ്രൈവറും ആ വാഹനത്തിന്റെ സ്ഥിതിയും എല്ലാം കഴിഞ്ഞു കൊഴിഞ്ഞ അവസ്ഥ..
ഞാന്‍ തരിച്ചിരുന്നു പോയി.. ഈശ്വരാ…. എന്തായിരിന്നിരിക്കും സ്ഥിതി… ഞാന്‍ ആ സിഗ്നല്‍ തുറന്നതും വണ്ടി എടുത്തിരുന്നെങ്കില്‍…ഞാന്‍ ആ മാന്ത്രിക സ്വരമാധുരി കേട്ടു ഒരു നിമിഷം മയങ്ങിയില്ലായിരുന്നെങ്കില്‍ എന്റെ സ്ഥിതി എന്തായിരിക്കും…. ഈശ്വരാ.
ഒന്നും ചെയ്യാന്‍ ഇല്ലാത്ത അവസ്ഥ ആയതു കൊണ്ട്… വാഹനം പതുക്കെ മുന്നോട്ടെടുത്തു ഞാന്‍ വീട്ടിലേക്കു നീങ്ങാന്‍ തുടങ്ങി. അപ്പോള്‍ മൊബൈല്‍ ഫോണ്‍ വീണ്ടും അടിക്കാന്‍ തുടങ്ങി… സ്പീക്കര്‍ ഓണ്‍ ചെയ്തു സംസാരിച്ചപ്പോള്‍ സഹധര്‍മിണി പിന്നെയും സങ്കടം പറഞ്ഞു കൊണ്ടേ ഇരിന്നു… ഞാന്‍ പതുക്കെ മറുപടി പറഞ്ഞു. ഒരു തരത്തില്‍ ഞാന്‍ ഭാഗ്യവാനാണ്…. ഇന്ന് ഒരു വിധത്തില്‍ സുരക്ഷിതമായി വീട്ടില്‍ എത്താന്‍ ദൈവം എന്നെ സഹായിച്ചു… ഇനിയും കുറച്ചു ദൂരം കൂടി ഉണ്ട് നമ്മുടെ വീട്ടിലേക്കു… വന്നിട്ട് കാര്യം പറയാം. എന്റെ ശബ്ദമാറ്റം കണ്ട എന്റെ പത്നിക്ക് എന്തോ അപകടം മനസ്സിലായി…. അവര്‍ ഫോണ്‍ വയ്ക്കുന്നതിനു മുന്‍പ് പറഞ്ഞു…. സാരമില്ല…. ഞാന്‍ എപ്ഫോഴും നമ്മുടെ കുടുംബത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നു…നമ്മള്‍ എന്നും ഒന്നായി ഇരിക്കും… ദൈവം നമ്മളെ വേര്പിരിക്കുകയില്ലാ.
ഈശ്വരന് നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ വാഹനം മുന്നോട്ടു പതുക്കെ എടുത്തു…. ഇന്ന് നമ്മള്‍ ശ്രദ്ധിച്ചാലും നമ്മുടെ അതെ സമയം റോഡില്‍ ഉള്ളവര്‍ ശ്രദ്ധിച്ചാല്‍ മാത്രമേ നമ്മുടെ ലക്ഷ്യത് നമുക്ക് എത്തി ചേരാന്‍ കഴിയുകയുള്ളൂ എന്ന വസ്തുത എന്നെ വീണ്ടും വീണ്ടും ആ അപകടം ഓര്‍മിപ്പിച്ചു…
സമയം വൈകിട്ട് നാല് മണി ആയി കാണും. ബംഗ്ലൂരിലെ ഒരു പ്രധാന കാന്‍സര്‍ ആശുപത്രിയിലെ ഐ സി യു വിനോട് ചേര്‍ന്നുള്ള മുറിയിലെ സോഫയില്‍ ഇരുന്നു മയങ്ങുകയായിരുന്നു ഞാന്‍. അടുത്ത് കട്ടിലില്‍ അമ്മ കിടക്കുന്നുണ്ട്. ബ്ലഡ് പ്രഷര്‍ വളരെ കുറഞ്ഞിരിക്കുന്നു. ബ്ലഡ് വേണ്ട അളവിലും വളരെ കുറവായിരിക്കുന്നു.
ഈ രണ്ടു കാരണം കൊണ്ടും വായിലെയും തൊണ്ടയിലെയും തൊലിയെല്ലാം പോയി, ഭക്ഷണം കഴിക്കാനും സംസാരിക്കാനും പറ്റാത് അവസ്ഥ.
അവര്‍ മാജിക് മൌത്ത് വാഷ് എന്ന് പറഞ്ഞു ഒരു മിക്സ്ചര്‍ കൊണ്ട് തന്നു. ഇത് നന്നായി കുലുക്കുഴിയാന്‍ ഉള്ളതാണ്. അത് കഴിഞ്ഞാല്‍ അകത്തേക്ക് സേവിക്കാം. എന്തോ ദിവ്യ ഔഷധം കിട്ടിയ പോലെ ഞാന്‍ അത് അമ്മയുടെ വായിലേക്ക് പതുക്കെ ഒഴിച്ച് കൊടുത്തു. വേദന കടിച്ചു പിടിച്ചു, പാവം എന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് അത് വായില്‍ ഒഴിച്ച് എല്ലാ ഭാഗത്തും നല്ലവണ്ണം കൌക്കൊള്ളി (ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ഗാര്‍ഗിള്‍ ചെയ്തു), എന്നിട്ട് നേഴ്സ് പറഞ്ഞ പ്രകാരം അത് ഉള്ളിലേക്ക് വേദന സഹിച്ചു അകത്താക്കി.
കുറച്ചു കഴിഞ്ഞു മുറിയുടെ വാതില്‍ തുറന്നു കൊണ്ട് ഒരു കൊച്ചു സുന്ദരി കടന്നു വന്നു. അമ്മയും ഞാനും പാതി മയക്കത്തില്‍ ആയിരുന്നു. ശബ്ദം കേട്ട് കണ്ണ് തുറന്നു നോക്കി. ചിരിച്ചു കൊണ്ട് അവള്‍ അപ്പുറത്തുള്ള കട്ടിലിലെ രോഗിയുടെ അടുത്തേക്ക് പോയി. ആ മുറിയില്‍ രണ്ടു രോഗികള്‍ ഉണ്ടായിരുന്നു. അമ്മ വാതിലിനോടു ചേര്‍ന്നുള്ള കട്ടിലിലും മറ്റേ രോഗി, ജനലിനോട് ചേര്‍ന്നുള്ള കട്ടിലിലും. രണ്ടിനും ഇടയില്‍ ഒരു മറ ഉണ്ടായിരുന്നത് കൊണ്ട് രണ്ടു പേര്‍ക്കും തമ്മില്‍ കാണാന്‍ പറ്റുമായിരുന്നില്ല.
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടി സംസാരിക്കുന്നതു കേള്‍ക്കാന്‍ തുടങ്ങി. അവര്‍ ഈ അവസ്ഥയില്‍ ഉള്ള കാന്‍സര്‍ രോഗികള്‍ക്ക് ധ്യാനവും മറ്റു ചില ചെറിയ രീതിയില്‍ ഉള്ള ശ്വാസം വലിച്ചു വിടല്‍ അഭ്യാസ്സവും കൂടാതെ അധ്യാത്മിക കാര്യങ്ങള്‍ പകര്‍ന്നു കൊടുത്തു രോഗികള്‍ക്ക് ആശ്വാസ്വവും ധൈര്യവും കൊടുക്കാന്‍ വേണ്ടി ആശുപത്രി നിശ്ചയിച്ചിട്ടുള്ള ഒരു ജോലിക്കാരി ആയിരുന്നു അവര്‍.
പുണ്യ പുരാണങ്ങളിലെ കഥകളും, മറ്റു ധൈന്യംധിന ജീവിതത്തിലെ അനുഭവങ്ങളും കോര്‍ത്തിണക്കി കൊണ്ട് ആ കൊച്ചു പെണ്‍കുട്ടി, വളരെ വ്യക്തമായ ഇംഗ്ലീഷ് ഭാഷയില്‍ അപ്പുറത്തെ കട്ടിലില്‍ കിടക്കുന്ന രോഗിയോട് കഥയായും കാര്യമായും, അവര്‍ അനുഭവിക്കുന്ന ഈ രോഗവസ്ത്തെ പറ്റിയും അതിനെ അതി ജീവിക്കാന്‍ എന്തൊക്കെ ആത്മീയമായി ചെയ്യണം എന്നും പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു. പകുതി മയക്കത്തിലായിരുന്ന ഞങ്ങള്‍ രണ്ടു പേരും അവരുടെ ശൈലി കേട്ട് ജാഗ്രധയോടെ അവര്‍ പറയുന്നത് ശ്രദ്ധിക്കാന്‍ തുടങ്ങി. ഒന്നര മണിക്കൂറോളം അവര്‍ അവിടെ ആ രോഗിയുമായി ചിലവഴിച്ചു. അതിനു ശേഷം അവര്‍ തിരിച്ചു പോയി. പോകുന്ന പോക്കില്‍ അവര്‍ ഞങ്ങളെ രണ്ടു പേരെയും നോക്കി ചിരിച്ചു. വേദനയുന്ടെങ്കിലും അമ്മയും ചിരിക്കാന്‍ ശ്രമിച്ചു. ഞാനും തിരിച്ചു അഭിവാദനം ചെയ്തു.
അവര്‍ പോയതിനു ശേഷം കുറച്ചു നേരം ഞങ്ങള്‍ രണ്ടാളും ഒന്നും സംസാരിച്ചില്ല. അതിനു ശേഷം അമ്മ വളരെ പണിപെട്ട് പറഞ്ഞു. മോനെ എനിക്ക് വേണ്ടിയും അവരോടു ഒന്ന് നാളെ മുതല്‍ വരാന്‍ പറയുമോ. അവര്‍ പറയുന്ന പോലെ ഒക്കെ ചെയ്‌താല്‍ എനിക്കും ആശ്വാസം കിട്ടിയാലോ. കുറച്ചു കാലമായി കാന്‍സര്‍ രോഗവുമായി പടപൊരുതി നടക്കുന്ന അമ്മക്ക് ഇങ്ങനെ ഉള്ള കാര്യങ്ങള്‍ ഒന്നും ചെയ്യാന്‍ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. അമ്മയുടെ ആഗ്രഹം കേട്ട ഞാന്‍ മനസ്സാ സന്തോഷിച്ചു. ഈശ്വരാ, നല്ലത് മാത്രം വരുത്തണേ.
ഉടനെ തന്നെ അവരുടെ ഓഫീസില്‍ ഞാന്‍ പോയി പിറ്റേ ദിവസ്സം തൊട്ടു അമ്മയ്ക്കും അവരുടെ ക്ലാസ്സ് ഏര്‍പാടാക്കി. മനസ്സ് കൊണ്ട് ഞാന്‍ സന്തോഷിച്ചു. ഈശ്വരാ, ഇന്ന് അമ്മയുടെ പിറന്നാള്‍ ആണല്ലോ, അമ്മ കുറച്ചു ഊണ് കഴിച്ചു, സാമ്പാറും തൈരും കൂട്ടി, ഇപ്പോള്‍ ഇതാ, ഇങ്ങനെ ഉള്ള കാര്യങ്ങള്‍ ചെയ്യാന്‍ മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നു.. ഏതു രോഗിക്കും വേണ്ടത് ജീവിക്കണം എന്നാ ആഗ്രഹമാണ്. അമ്മയുടെ മനസ്സില്‍ അതുണ്ടല്ലോ, ഞാന്‍ സന്തോഷിച്ചു.
ആ പെണ്‍കുട്ടി പോയതും, മഴ തുരു തുരെ പെയ്യാന്‍ തുടങ്ങി.. ജനലരികില്‍ അല്ലാത്തത് കൊണ്ട്, ഞങ്ങള്‍ക്ക് മഴയുടെ ശബ്ദം മാത്രമേ കേള്‍ക്കാന്‍ പറ്റുന്നുള്ളൂ. അമ്മ ആ റൂമില്‍ വന്നിട്ട് നാല് ദിവസ്സമായി. മൂന്ന് രോഗികള്‍ അതിനകം അവിടെ അടുത്ത കട്ടിലില്‍ വന്നു പോയി. ഇതിനകം ഞങ്ങളോട് പരിചയപ്പെട്ട ആ കട്ടിലിലെ രോഗി രണ്ടു കട്ടിലിനിടയില്‍ ഒരു മറയുന്ടെങ്കിലും അമ്മയോട് വിളിച്ചു പറഞ്ഞു. ” മാ ജി, ഭാരിഷ് ഭാഹാര്‍ ജ്യാധ ഹേ’ ഓഫ് എ സി കമത്തി കരൂം ?” മഴ പുറമേ നന്നായി പെയ്യുന്നുണ്ട്, എ സി ഓഫ് ചെയ്യണോ എന്ന് അവര്‍ അമ്മയോട് ചോദിച്ചു. കാരണം, അവര്‍ക്ക് കീമോ തെറാപ്പി നടക്കുന്ന സമയം ആണ്. അപ്പോള്‍ ചൂട് കൂടുതല്‍ തോന്നിക്കുന്ന അവസ്ഥ. അമ്മക്കാണ് എങ്കില്‍ ബ്ലഡ് കുറഞ്ഞു ആകെ ക്ഷീണിതയായ അവസ്ഥയും. ആ കട്ടിലിലെ രോഗി ഒരു ഡോക്ടര്‍ ആയിരുന്നു. അവര്‍ക്കറിയാമായിരുന്നു അമ്മയുടെ അവസ്ഥ, അത് കൊണ്ട് സ്നേഹപൂര്‍വ്വം ചോദിച്ചു. അമ്മയും തിരിച്ചു അവരുടെ അവസ്ഥ, ആ സമയത്ത് ചൂട് കൂടുതല്‍ തോന്നിക്കും എന്ന് അറിയാവുന്നത് കൊണ്ട്, അമ്മ കൈ കൊണ്ട് ആണ്ഗ്യം കാട്ടി, എ സി കുറക്കേണ്ട എന്ന്. ഞാന്‍ അവരോടു പറയുകയും ചെയ്തു.
ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും, അവരുടെ മരുന്ന് കയറ്റല്‍ കഴിഞ്ഞു, അവരുടെ വിശ്രമവും കഴിഞ്ഞു അവര്‍ പോയി. ഞാനും അമ്മയും മാത്രമായി ആവിടെ ആ മുറിയില്‍. ഒരു തരം മൂകമായ അവസ്ഥ. അങ്ങനെ പറ്റില്ലല്ലോ എന്ന് വിചാരിച്ചു ഞാന്‍ ടീവി ഓണ്‍ ചെയ്തു. പല ചാനലുകളും മാറി മാറി അവസാനം, ശ്രീ ശങ്കര ചാനല്‍ എത്തി. അതില്‍ ആ സമയത്ത്, ഒരു അധ്യാപകന്‍ കുട്ടികള്‍ക്ക് ഹനുമാന്‍ ചാലിസ്സ പഠിപ്പിച്ചു കൊടുക്കുകയായിരുന്നു.
അത് കേള്‍ക്കാന്‍ തുടങ്ങിയ അമ്മ എന്നോട് പറഞ്ഞു, “മോനെ എന്നെ ഇവിടെ നിന്ന് ഒന്ന് വേറെ ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റമോ”. അല്ലെങ്കില്‍ നമ്മള്‍ക്ക് വീട്ടിലേക്കു പോയാലോ?. ഇങ്ങനെ കിടക്കാന്‍ എനിക്ക് വയ്യ”. ഞാന്‍ നിശബ്ദനായി കുറച്ചു നേരം ഇരുന്നു. അമ്മയുടെ ആ അവസ്ഥയില്‍ എന്ത് മറുപടി പറയണം എന്നറിയാതെ മനസ്സ് വിങ്ങുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ തന്നെ വീണ്ടും പറഞ്ഞു.. “അല്ലെങ്കില്‍ നാളെ നമുക്ക് ജനലിനരികില്‍ ഉള്ള ആ കട്ടിലിലേക്ക് മാറ്റാന്‍ പറയാം. അവിടെ വരുന്നവര്‍ എല്ലാം തന്നെ അസുഖം കുറഞ്ഞു വീട്ടിലേക്കു പെട്ടെന്ന് പോകുന്നു. പുറത്തെ കാറ്റും മഴയും കാണുകയും ചെയ്യാം”. ഞാന്‍ പതുക്കെ നെറ്റിയില്‍ തടവി കൊണ്ട് പറഞ്ഞു.. അമ്മാ, നമ്മുക്ക് നാളെ ഡോക്ടര്‍ വരുമ്പോള്‍ പറയാം. ഇവിടെ നിന്ന് പോകണം എന്ന്. ഞാന്‍ വീട്ടില്‍ കൊണ്ട് പോകാം അമ്മയെ. അത് പറയുമ്പോഴേക്കും അമ്മയുടെ ശ്വാസം വലിക്കുന്ന രീതിയില്‍ വ്യത്യാസം കണ്ടു തുടങ്ങിയിരുന്നു. ഇല്ല ഒന്നും സംഭവിക്കില്ല, ഞാന്‍ എനിക്ക് തന്നെ ധൈര്യം കൊടുത്ത് കൊണ്ട്, അമ്മയെ ആശ്വസിപ്പിച്ചു, നെറ്റിയിലും കാലിന്മേലും തടവിക്കൊണ്ടിരുന്നു.
അപ്പോഴേക്കും അവരുടെ ഉള്ളില്‍ മാജിക് മൌത്ത് വാഷ് ഫലം ചെയ്യാന്‍ തുടങ്ങിയിരുന്നു. അമ്മ പതുക്കെ മയങ്ങാന്‍ തുടങ്ങി. പിന്നെയാണ് ഞാന്‍ അറിഞ്ഞത്, അതില്‍ മയങ്ങാന്‍ ഉള്ള മരുന്നും ഉണ്ടായിരുന്നു എന്ന്. മയങ്ങുന്നതിനു മുന്‍പ് എന്തൊക്കെയോ പറയണം എന്നാഗ്രഹിച്ചു തുടങ്ങി, പക്ഷെ കണ്ണുകള്‍ താനേ അടഞ്ഞു പോയി. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും, അമ്മയുടെ ശ്വാസ്സഗതിയില്‍ മാറ്റം കണ്ട ഞാന്‍ ഉടനെ ഡോക്ടറെ വിളിച്ചു വരുത്തി..അവര്‍ക്ക് കാര്യം മനസ്സിലായി. അമ്മയെ ഐ സി യു വിനകത്തെക്ക് മാറ്റണം. ഇനി ഈ മുറിയില്‍ പറ്റില്ല, ഒരു ഡോക്ടറുടെ സാന്നിധ്യം ഇപ്പോഴും അമ്മക്ക് വേണം. അദ്ദേഹം കല്പിച്ചു. ശരി, ഞാനും, സമ്മതിച്ചു. അങ്ങനെ അമ്മയെ ആ മുറിയില്‍ നിന്ന് ഐ സി യുവിലേക്കു കൊണ്ട് പോകാന്‍ വേണ്ടി ആശുപത്രി ജീവനക്കാര്‍ വന്നു. അപ്പോഴേക്കും, ടീവിയില്‍ ആ അധ്യാപകന്‍ അന്നത്തെ പാഠം ചൊല്ലി കൊടുക്കല്‍ കഴിഞ്ഞു, ആ കുട്ടികളെ കൊണ്ട് ഹനുമാന്‍ ചാലിസ്സ ചൊല്ലിക്കുകയായിരുന്നു. എന്തോ, ആ അബോധാവസ്ഥയിലും അമ്മയ്ക്ക് കേള്‍ക്കാന്‍ പറ്റിയിരുന്നോ അത് എന്നറിയില്ല, അതോ ബോധം പോകുന്നതിനു മുന്‍പ് കേട്ട ഭാഗം, മനസ്സില്‍ ഉണര്‍ന്നു വന്നിട്ടോ എന്നറിയില്ല, അമ്മ കൈ കൊണ്ട് പതുക്കെ തുടയില്‍ താളം പിടിക്കുന്നതു കണ്ടു. ഈശ്വരാ കൈ വിടരുതേ, ഞാന്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു.
ആ പോയ അമ്മ, പിന്നെ ഓരോ നിമിഷവും മരണത്തിലേക്ക് അത്യധികം വേഗതയോടെ നീങ്ങി കൊണ്ടിരുന്നു. കഷ്ടം, എന്ത് കൊണ്ടോ ആ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഞങ്ങള്‍ക്ക് പാഴ് മോഹം തന്നു കൊണ്ട്, അത് ചെയ്‌താല്‍, ശരിയാവും ഇത് ചെയ്‌താല്‍ ശരിയാവും, ഇന്ന് ഇത്ര ബ്ലഡ് കൊടുക്കണം, ഇന്ന് ഡയാലിസിസ് ചെയ്യ്താല്‍ കുറയും എന്നൊക്കെ പറഞ്ഞു, അതൊക്കെ തുടര്‍ന്നുള്ള രണ്ടു ദിവസ്സം ഞങ്ങളെ കൊണ്ട് ചെയ്യിപ്പിച്ചു കൊണ്ടിരുന്നു. രണ്ടാം ദിവസ്സം ഐ സി യു വില്‍ കടന്നു കണ്ട അമ്മയുടെ അവസ്ഥ കണ്ട ഉടനെ ഞാന്‍ മനസ്സിലാക്കി അമ്മ ഞങ്ങളെ വിട്ടു ഇതിനകം തന്നെ പോയ അവസ്ഥയില്‍ ആയിരുന്നു എന്ന്. ഇനി അവിടെ അങ്ങനെ വെന്റിലെട്ടര്‍ മുഖേന അവരുടെ ജീവന്‍ നില നിറുത്തുന്നത് അവരോടു തന്നെ ഉള്ള ക്രൂരതയാവും എന്നെനിക്കു തോന്നി…
ഈശ്വരാ എങ്ങനെ പറയും ഇനി ഒന്നും ചെയ്യേണ്ടാ എന്ന്. ഭാഗ്യം, അമ്മയുടെ, ഒരു ശിഷ്യ, ആ സമയം അമ്മ ഹോസ്പിറ്റലില്‍ ആണെന്ന് അറിഞ്ഞു കൊണ്ട് അവരെ കാണാന്‍ വന്നു. മറ്റൊരു ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം കൈകാര്യം ചെയ്യുന്ന ഒരു ഡോക്ടര്‍ ആയിരുന്നു അവര്‍. അമ്മയെ കണ്ടതും അവര്‍ പറഞ്ഞു. ഇനി ഒന്ന് ചെയ്യാന്‍ സമ്മതിക്കരുത് , അവരെ ക്രൂശിക്കലയിരിക്കും അങ്ങനെ ചെയ്‌താല്‍. അത് കൂടി കേട്ടപ്പോള്‍, ധൈര്യം സംഘടിപ്പിച്ചു ആ ആശുപത്രിയിലെ ഡോക്ടര്‍മാരോട് പറഞ്ഞു വേണ്ട, അമ്മ മരിച്ചോട്ടെ, ദയവായി ഇങ്ങനെ ക്രൂശിക്കരുതെ അവരെ, പൈസക്ക് വേണ്ടി… നിവൃത്തിയില്ലാതെ അവര്‍ അമ്മയെ വെന്റിലടരില്‍ നിന്ന് പിറ്റേ ദിവസ്സം കാലത്ത് മാറ്റി. അതി വേഗതയില്‍ ചലിച്ചു കൊണ്ടിരിക്കുന്ന വാഹനം, ഒരു കുന്നു ഇറങ്ങുമ്പോള്‍, സ്വിച്ച് ഓഫ് ചെയ്തു വിടുമ്പോള്‍ സ്പീഡ് കുറയുന്നത് പോലെ, അമ്മയുടെ ബ്ലഡ് പ്രഷര്‍, ആ വെന്റിലെട്ടര്‍ ഓഫ് ചെയ്തത് മുതല്‍, കുറഞ്ഞു കൊണ്ടിരുന്നു. നൂറു, എന്പതു…എഴുപതു… അറുപതു ……..
അമ്മയുടെ അടുത്ത് തന്നെ ഇരുന്നു കൊണ്ട്, എല്ലാ ഈശ്വരന്മാരെയും ഗുരുക്കന്മാരേയും മനസ്സില്‍ വിചാരിച്ചു ലളിതാ സഹസ്ര നാമം, പതുക്കെ പതുക്കെ കാതില്‍ ചൊല്ലി കൊടുത്തു കൊണ്ടിരിന്നു. അബോധാവസ്ഥയില്‍ ആയിരുന്നെങ്കിലും, ഇടയ്ക്കിടയ്ക്ക് എന്റെ കര സ്പര്‍ശം മനസ്സിലായിട്ടോ എന്തോ അമ്മ സൂചനകള്‍ തന്നു കൊണ്ടിരിന്നു.
എന്തൊക്കെയോ പറയാനും ചെയ്യാനും ഭാക്കി വച്ച് കൊണ്ട് ആ അമ്മ ഞങ്ങളെ ഈ ലോകത്തില്‍ നിന്ന് അന്ന് രാത്രിയോടെ വിട പറഞ്ഞു ഈ ലോകത്തിലെ അവരുടെ കര്‍മ യോഗങ്ങള്‍ മുഴുവനാക്കി അവരുടെ ശരീരം ഞങ്ങളെ വിട്ടു പോയി.
എങ്കിലും അവരുടെ ആത്മാവ് ഞങ്ങളോടടൊപ്പം ഇന്നും എന്നും ഉണ്ടാവും. ആ ജനലിലൂടെ, ഞങ്ങള്‍ ശബ്ദം മാത്രം കേട്ട് ആസ്വദിച്ച ആ മഴയും, മയക്കത്തിലെങ്കിലും കേട്ട് തലം പിടിച്ചു രസിച്ച ആ നാമ സന്കീര്തനവും എന്നെന്നും അവസാന ശ്വാസം വരെ നില നില്‍ക്കും.
പല ചോദ്യങ്ങള്‍ ഭാക്കിയായത് മാത്രം മിച്ചം. എന്ത് കൊണ്ട് ആ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അമ്മയുടെ രോഗാവസ്ഥയുടെ യാഥാര്‍ത്ഥ്യം മനസ്സിലായിട്ടു പോലും രണ്ടാമതും ഒരു കീമോ ചികില്സ്സക്ക് അവര്‍ക്ക് കൊടുത്തൂ? എന്ത് കൊണ്ട് അവരുടെ എല്ലാ പ്രധാന അവയങ്ങള്‍ പ്രവര്‍ത്തനം നിറുത്തി എന്നറിഞ്ഞിട്ടും അവരെ ആ ഐ സി യു വില്‍ വെന്റിലെട്ടരില്‍ കിടത്തി? അങ്ങനെ പോകുന്നു…
പ്രിയ സുഹൃത്തുക്കളെ, നിങ്ങളുടെ അച്ഛനോ അമ്മയോ, സഹോദരനോ സഹോദരിയോ സുഹൃത്തോ, ഇങ്ങനെ ഒരു അവസ്ഥ അനുഭവിക്കുകയാണ് എങ്കില്‍, രണ്ടു കാര്യം ശ്രദ്ധിക്കുക, കാന്‍സര്‍ രോഗം അവസാനത്തെ ഘടത്തില്‍ ഒരു മാജിക് കാണിച്ചും ഒരു ഡോക്ടര്‍ക്കും മാറ്റാന്‍ പറ്റുകയില്ല. അങ്ങനെ ഏതെങ്കിലും ഡോക്ടര്‍ നിര്‍ബന്ധിച്ചാല്‍, വേറെ ഒന്നോ രണ്ടോ ഡോക്ടര്‍മാരെ കൂടി കാണിച്ചു അഭിപ്രായം ആരായുക. എതൊരു കാരണത്താലും, രോഗിയുടെ, ചികിത്സയോ, ഡോക്ടോരെയോ അവസാന ഘട്ടത്തില്‍ മാറ്റാതിരിക്കുക, കാരണം, പുതിയ ഡോക്ടര്‍ക്ക്, അവരുടെ അസുഖത്തെ പറ്റിയും, അതിന്റെ ആ സമയത്തെ അവസ്ഥയെ പറ്റിയും കാര്യമായ വിവരം ഗ്രഹിച്ചു എടുക്കാന്‍ ഉള്ള സമയം ഉണ്ടാവുകയില്ല. ഇത് ഗുണത്തിന് പകരം ദോഷം മാത്രമേ ചെയുകകയുള്ളൂ.
പ്രത്യേകിച്ചും, ഇന്നത്തെ അവസ്ഥയില്‍, ഒരു കോടി രൂപയും അധിലധികവും ചെലവ് ചെയ്തു, എം ഡി പഠനം പൂര്‍ത്തിയാക്കി വരുന്ന ഡോക്ടര്‍മാരും കൊല്ലം കൊല്ലം തോറും പുതിയ കെട്ടിടങ്ങള്‍ പണിതു ഉയര്‍ത്തുന്ന ആശുപത്രികളും ഉള്ളിടത്തോളം കാലം!.
കാന്‍സര്‍ മുതലായ രോഗങ്ങള്‍ക്ക്, വ്യക്തമായ ചികിത്സാ രീതിയും, സമ്പ്രദായവും, ചികിത്സ സംവിധാനങ്ങള്‍ ഗവര്‍മെന്റ് തലത്തിലോ, അല്ലെങ്കില്‍ പ്രിവട്ടില്‍ ആണെങ്കില്‍, വ്യക്തമായ ചട്ടകൂടുകളിലോ മാത്രം നടത്താന്‍ ഇടവരുത്തെണ്ട കാലം അധിക്രമിച്ചിരിക്കുന്നു. അമ്മ എന്ന് സ്നേഹപൂര്‍വ്വം മാത്രം ഞാന്‍ ബഹുമാനിച്ചു സംബോധന ചെയ്യുകയും സ്നേഹിക്കുകയും ചെയ്ത എന്റെ ഭാര്യയുടെ അമ്മയുടെ ആത്മാവിനു ശാന്തി നേര്‍ന്നു കൊണ്ട്, ഞാന്‍ കാന്‍സര്‍ രോഗികളുടെ സൌകര്യങ്ങള്‍ക്കായും, അവരുടെ കുടുംബാങ്ങങ്ങളുടെ ആശ്വസ്സത്തിനായും എന്നാലാവുന്ന വിധത്തില്‍ ഉള്ള കര്‍മങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കട്ടെ. നിങ്ങള്‍ ഏവരുടെയും അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിച്ചു കൊണ്ട്,
കാലത്ത് ഏഴു മണിയെ ആയിട്ടുണ്ടായിരുന്നുല്ല്. മൊബൈല്‍ തുരുതുരാ അടിക്കുന്നു. കാലത്ത്, കുളിയും തൊഴലും ഒക്കെ കഴിഞ്ഞു, തിരക്ക് പിടിച്ചുള്ള ഒരുക്കത്തിനിടയില്‍ ഫോണ്‍ ശബ്ദം ആദ്യം ശ്രദ്ധയില്‍ പെട്ടില്ല. ഓടി ചെന്ന് എടുത്തു നോക്കിയപ്പോള്‍ മൂന്നു തവണ മുന്‍പേ വിളിച്ചിരിക്കുന്നു. ഓഫീസിലെ ഉയര്‍ന്ന ഉധ്യോഗസ്ഥന്‍ ആണ് വിളിച്ചിരിക്കുന്നത്. തിരിച്ചു വിളിക്കാതെ രക്ഷയില്ല. ഒരു ശുഭ ദിനം ആശംസിച്ചു തുടങ്ങി. തിരിച്ചു ആശംസകള്‍ നേര്‍ന്നു കൊണ്ട് ചോദിച്ചു, എവിടെ ആയിരുന്നു, എന്ത് പറ്റി സാധാരണ പോലെ ഫോണ്‍ ഉടനെ എടുത്തില്ലല്ലോ. കുളിയും ജപവും ഒക്കെ ആയിരുന്നു. ഫോണ്‍ അടിക്കുന്നത് കേട്ടില്ല സര്‍. ശരി, അദ്ദേഹം തുടര്‍ന്നു, ഞാന്‍ ഒരു പ്രശ്നത്തില്‍ ആണ് , ഇന്നലെ രാത്രി മുതല്‍ മിരബെല്ലിനെ കാണാനില്ല. അവള്‍ ഒരു കൊച്ചു പെണ്‍കുട്ടിയാണ്. ഞങ്ങള്‍ എല്ലായിടത്തും തിരക്കി. ഒരു സൂചനയും ഇല്ല. രാത്രി ഭക്ഷണം കഴിഞ്ഞു പുറത്തു നടക്കാന്‍ ഇറങ്ങിയതാണ്.. ഇനി എന്താ ചെയ്യുക… പോലീസില്‍ പരാധി കൊടുക്കാന്‍ എന്താണ് വഴികള്‍. മറ്റു മാര്‍ഗം വല്ലതും ഉണ്ടോ കണ്ടു പിടിക്കാന്‍…
ഈശ്വരാ ഞാന്‍ ഉള്ളില്‍ വിളിച്ചു, ഇന്നത്തെ ദിവസ്സം ഓട്ടം തന്നെ. എവിടെ പോയി കണ്ടു പിടിക്കും ആ കൊച്ചു സുന്ദരിയെ, ആരെങ്കിലും പിടിച്ചു കൊണ്ട് പോയോ, അതോ ആരുടെയെങ്കിലും കൂടെ ഒളിച്ചു ഓടിയോ? ഞാന്‍ ഇതാ സാറിന്റെ വീട്ടില്‍ എത്തി, ബാക്കിയെല്ലാം അവിടെ വന്നിട്ട്.
വേഗം തന്നെ ഷര്‍ട്ടും പാന്റും ടയ്യും ഒക്കെ കുത്തിക്കേറ്റി, പ്രാതലും കഴിച്ചു എന്ന് വരുത്തി ഓടി. ഒരു വലിയ വില്ലയാണ് എന്റെ എമാന്റെത്. അതിനടുതുള്ളതും അതെ പോലെ തന്നെ ഉള്ളവ. ചില്ലറക്കാരല്ല അവിടെ താമസം. പുള്ളി ജോലി മാറി ഇവിടെ വന്നപ്പോള്‍ തന്നെ കൊച്ചു സുന്ദരിയും കൂടെ ഉണ്ടായിരുന്നു. മകനെക്കാള്‍ സ്നേഹം അവളോടായിരുന്നു അദേഹത്തിന്. മകനും അവള്‍ ഒഴിച്ച് കൂടാന്‍ വയ്യാത്ത കളിക്കൂട്ടുക്കാരി. ആ നടത്തവും ഭാവവും കണ്ടാല്‍, ആരും ഒന്ന് നോക്കി നിന്ന് പോകും. നോക്കി നോക്കിയില്ല എന്നുള്ള ആ നോട്ടം കണ്ടാല്‍ തന്നെ ആരും വീണു പോകും.
ഇനി എന്താ ചെയ്യാ, ഈശ്വരാ. കൊല്ലം അവസാനം സമയം ആണ്. എല്ലാ ഗവണ്മെന്റ് വകുപ്പില്‍ ഉള്ളവരും ലീവില്‍. ഇദ്ദേഹത്തിന്റെ കാര്യം വീഴ്ച വരുത്തിയാല്‍ ഈ കൊല്ലം ചെയ്ത പണിയെല്ലാം തഥൈവ. ശമ്പളവും ജോലി ഉയര്‍ച്ചയും ഒക്കെ സംസാരിപ്പിച്ചു ഉറപ്പിക്കുന്ന അപ്പ്രയ്സ്സല്‍ സമയം ആണ്. ഈശ്വരന്മാരെ കത്ത് രക്ഷിക്കണേ. കുഞ്ഞു കുട്ടി പരാധീനങ്ങള്‍ ഒരുപാട് ഉള്ളതാണ്. സകല ദൈവങ്ങളെയും വിളിച്ചു പ്രാര്‍ഥിച്ചു.
തലേന്ന് ക്രിസ്മസ് പ്രാര്‍ത്ഥന ഉള്ളതിനാല്‍ രാത്രി റോഡില്‍ ധാരാളം ആളുകള്‍ ഉണ്ടാവേണ്ടതാണ്. അപ്പോള്‍ ആരെങ്കിലും കണ്ടിരിക്കാം. ഏതെങ്കിലും കുരുത്തം കേട്ടവര്‍ എന്തെങ്കിലും ചെയ്തോ? അങ്ങനെ പോയി ഭയവും സംശയങ്ങളും.
ആ വലിയ വീടിനുള്ളില്‍ ഒന്ന് കറങ്ങി. അവ അവളുടെ മുറിയില്‍ കയറി നോക്കി. കിടക്കയെല്ലാം വിരിച്ച അതെ മാതിരി കിടക്കുന്നു. ഭക്ഷണം കഴിച്ചിട്ടുണ്ട്. രാത്രിയില്‍ പാല്‍ കുടിക്കാറുണ്ട്. അതും മുടക്കിയിട്ടില്ല. എന്ത് പറ്റി, ആരുടെ കൂടെ പോയി, ഇനി ആരെങ്കിലും പറഞ്ഞു പറ്റിച്ചു പുറത്തു കൊണ്ട് പോയോ ഈശ്വരാ..
വീടിനു വെളിയില്‍ കടന്നു. അവിടെ പരിസ്സരം എല്ലാം ശ്രദ്ധയോടെ നോക്കി. ചുമരില്‍ പാടുകള്‍ ഒന്നും ഇല്ല. പൂന്തോട്ടത്തിലെ ചെടികളും അതെ പോലെ, പിടിവലിയൊ മറ്റു ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല. പുറത്തു ഉള്ള വീടുകളിലും പരിസ്സരത്തും അന്വേഷിച്ചു. അവര്‍ക്കും ഒരു വിവരവും ഇല്ല. ഫോട്ടോ കാണിച്ചപ്പോള്‍ അവരും പറഞ്ഞു, ഈ സുന്ദരിയെ ഞങ്ങളും ശ്രദ്ധിച്ചിട്ടുണ്ട്. കഷ്ടം അപകടം ഒന്നും ഇല്ലാതിരിക്കട്ടെ. അപ്പോള്‍ ആ വഴികളും അടഞ്ഞു.
സമയം വൈകിച്ചിട്ടു കാര്യമില്ല. ഞങ്ങള്‍ അവളുടെ ഒരു ഫോട്ടോയും പാസ്സ്പോര്‍ട്ട് , വിസ എന്നിവയുടെ കോപ്പിയും കൊണ്ട് അടുത്ത പോലീസ്സ് സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങി. പോകുന്ന വഴിയില്‍ സിഗ്നലില്‍ വണ്ടി നിറുത്തുമ്പോള്‍ എല്ലാ ഭാഗത്തേക്കും രണ്ടു പേരും കണ്ണുകള്‍ ഓടിച്ചു. എവിടെയെങ്കിലും കാണാന്‍ സാധിച്ചാലോ.
അവിടെ ചെന്ന് കാര്യം പറഞ്ഞു. സാര്‍ ഇന്നലെ രാത്രി പത്തു മണി മുതല്‍ മിരബെല്ലിനെ കാണാന്‍ ഇല്ല. അവിടെ ഇരുന്ന ഓഫിസ്സര്‍ വാച്ച് നോക്കി ഞങ്ങളോട് ചോദിച്ചു. ഇപ്പോള്‍ സമയം എത്രയായി. ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. പതിനൊന്നു മണി. ഇതാണോ നിങ്ങളുടെ ഉത്തരവാദിത്ത്വം. അതെ സമയം തന്നെ ഞങ്ങളെ എന്ത് കൊണ്ട് വിളിച്ചു വിവരം പറഞ്ഞില്ല. എവിടെ ഫോട്ടോ? എവിടെ മറ്റു കടലാസ്സുകള്‍? ആരെയെങ്കിലും നിങ്ങള്ക്ക് സംശയം ഉണ്ടോ? എന്താണ് അവളുടെ രീതികള്‍? ഇതിനു മുന്‍പും ഇങ്ങനെ ഉണ്ടായിട്ടുണ്ടോ? ചോദ്യങ്ങള്‍ ശരം കണക്കു അയാള്‍ അറബി കലര്‍ന്ന ഇംഗ്ലീഷില്‍ തൊടുത്തു വിട്ടു കൊണ്ടിരുന്ന. തത്തമ്മ പറയുന്ന പോലെ ഞങ്ങള്‍ മറുപടിയും കൊടുത്ത്. കമ്പ്യൂട്ടറില്‍ അറബിയില്‍ എന്തൊക്കെയോ എഴുതി ചേര്‍ത്തു അയാള്‍ പറഞ്ഞു. ഞങ്ങള്‍ അന്വേഷ്വിക്കം, നിങ്ങളും നോക്കൂ. വിഷമിക്കേണ്ട. അവളെ തിരിച്ചു കിട്ടും. ഈ നാട്ടില്‍ കുറ്റം ചെയ്യാന്‍ ധൈര്യം ഉള്ളവര്‍ കുറവാണ്. ഇത് എന്തെങ്കിലും അബദ്ധം പറ്റി എവിടെയെങ്കിലും ഒറ്റപ്പെട്ടു പോയിട്ടുണ്ടാവാം. നിങ്ങള്‍ രണ്ടു പേരും ഫോണില്‍ എപ്പോള്‍ വിളിച്ചാലും കിട്ടാവുന്ന രീതിയില്‍ ഇരിക്കണം. എന്തെങ്കിലും വിവരം കിട്ടിയാല്‍ ഞങ്ങള്‍ ഉടനെ വിളിക്കാം. ഇപ്പോള്‍ പൊയ്ക്കോളൂ.
ക്രിസ്മസ് ആയിരുന്നു അന്ന്. ഈ ഒളിച്ചോട്ടം കാരണം തലേ ദിവസ്സം തൊട്ടു ഉറക്കമില്ലാതെ സായ്പ്പും മകനും ഭാര്യയും വേവലാതി കൊണ്ട് കണ്ണ് ചീര്‍ത്തു വല്ലതായിട്ടുണ്ടായിരുന്നു. ഒന്ന് കൊണ്ടും പേടിക്കേണ്ട, എന്തായാലും അവളെ നമുക്ക് തിരിച്ചു കിട്ടും, വേറെയും മാര്‍ഗങ്ങള്‍ ഉണ്ടല്ലോ പോലിസ്സല്ലാതെ, അവയിലൂടെയും നമുക്ക് പരിശ്രമിക്കാം, എന്ന് പറഞ്ഞെ അവരെ ആശ്വസിപ്പിച്ചു. ഉടനെ തന്നെ ഫേസ്ബുക്കിലും മറ്റു മാധ്യമങ്ങളിലും അവളുടെ ഫോട്ടോ സഹിതം കാണാതായ വിവരം പരസ്യമായി കൊടുത്തു.
വൈകുന്നേരം വരെയും ഒരു വിവരവും ഇല്ല. രാത്രിയായി, ക്രിസ്മസ് രാവും കഴിഞ്ഞു ഒരു രാത്രി കൂടി അങ്ങനെ കടന്നു പോയി….ഉറക്കമില്ലാതെ. എല്ലാ ഭാഗങ്ങളിലും തിരച്ചിലും മറ്റു ശ്രമങ്ങളും വിഫ്ഫലമാക്കി കൊണ്ട്.
കാലത്ത് ഒരു എട്ടു മണി ആയി കാണും, അവളെ കാണാതായിട്ട് ഒരു ദിവസ്സം കഴിഞ്ഞിരിക്കുന്നു. അതാ ഗേറ്റില്‍ ഒരു അനക്കം. പകുതി തുറന്നിട്ട വാതിലിലൂടെ അതാ അവള്‍ മന്ദം മന്ദം നടന്നു വരുന്നു. വലത്ത് കാലിനു ഒരു വലിവുണ്ടോ എന്ന് ഒരു സംശയം… അവിടെ അവിടെ ചോര പോടിയുന്നുമുണ്ട്… സായ്പ്പിന്റെ മകന്‍ ഓടി ചെന്ന് അവളെ കോരി എടുത്തു ഉമ്മ വച്ച്…. കണ്ണ് നീര്‍ പൊഴിച്ച് കൊണ്ട് ചോദിച്ചു നീ എവിടെ ആയിരുന്നു. അപ്പോഴേക്കും സായിപ്പും മദാമയും ഓടി എത്തി. അവരും അവളെ മാറി മാറി എടുത്തു ഉമ്മ വച്ച്…. സാരമില്ല മോനെ നമുക്ക് അവളെ ജീവനോടെ തിരിച്ചു കിട്ടിയല്ലോ… സന്തോഷം കൊണ്ട് അവര്‍ക്ക് മൂന്ന് പേര്‍ക്കും കൂടുതല്‍ ഒന്നും സംസാരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.
ചോദ്യങ്ങള്‍ ഭാക്കി വച്ച് കൊണ്ട് അവളെ അവര്‍ അവളുടെ മുറിയിലെ കിടക്കയില്‍ കൊണ്ട് കിടത്തി പതുക്കെ തലോടി, പാല്‍ കൊടുത്തു..
മ്യാവു…മ്യാവു. അവളും എന്തോ ഒക്കെ പറയാന്‍ വേണ്ടി ശ്രമിക്കുന്നുണ്ടായിരുന്നു. ക്ഷീണം കൊണ്ടോ യാത്ര ചെയ്തതു കൊണ്ടോ എന്തെന്നറിയില്ല അവള്‍ വേഗം ഉറങ്ങി പോയി.
മിരബെല്‍, നാല് വയസ്സുള്ള ആ സുന്ദരി പേര്‍ഷ്യന്‍ പൂച്ച, ഏതൊരാളും കണ്ടാല്‍ ഒന്ന് നോക്കി നിന്ന് പോകും അവളെ. നിഗൂഡതകള്‍ ഭാക്കി വച്ച് കൊണ്ട്, അവള്‍ സുഖ നിദ്രയില്‍ അതാ കിടക്കുന്നു. എന്തൊരു ഭാഗ്യ ജന്മം. അവള്‍ ഈ നാല് വയസ്സിനിടയില്‍ ഏഴു കടലും കടന്നു കാണാത്ത രാജ്യങ്ങള്‍ വളരെ കുറവ്. സായ്പ്പ് എവിടെ ഒക്കെ പോകുന്നോ അവിടെ അവളും ഉണ്ടാവും.. ആരായിരിക്കാം അവളുടെ പുതിയ കാമുകന്‍, അതോ ആരാണ് അവളെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ചത്. ഈ രാജ്യത്തു പീഡന ശ്രമം വളരെ ഗൗരവമുള്ള കുറ്റമാണെന്ന് അറിഞ്ഞിട്ടു പോലും അത് ചെയ്ത അവന്‍ അല്ലെങ്കില്‍ അവര്‍ ഇനിയും അവളെ ഉപദ്രവിക്കാതെ നോക്കണം എന്ന് തമാശയോടെ എന്നോട് പറഞ്ഞു കൊണ്ട് സായ്പ്പ് നന്ദിയോടെ എന്റെ മുഖത്ത് നോക്കി ചിരിച്ചു. ഈശ്വരാ അങ്ങനെയും ഒരു ജന്മം അങ്ങനെയും ഒരു ദിവസ്സം. എന്തായാലും പുള്ളിക്കാരന് അവളെ കിട്ടിയല്ലോ എന്നാ ആശ്വാസ്സത്തോടെ ഞാന്‍ തിരിച്ചു വീട്ടിലേക്കു യാത്രയായി. ആശാന്‍ സന്തോഷിച്ചാല്‍ മാത്രമേ നമ്മുടെ കാര്യം കുശാല്‍ ആവുള്ളു.
ഈ കഴിഞ്ഞ വേനലവധിക്ക് നാട്ടില്‍ പോയപ്പോള്‍, എല്ലാ തവണയും മുടക്കാതെ ചെയ്തു വന്നിരുന്ന ഒരു സന്ദര്‍ശനം ഈശ്വര കടാക്ഷം കൊണ്ട് ഇത്തവണയും നടത്തുവാന്‍ സാധിച്ചു. വേറെ എവിടെയും ആയിരുന്നില്ല അത്. ഊരകം അമ്മതിരുവടി ക്ഷേത്രത്തില്‍.
ഗള്‍ഫിലെ മണലാരണ്യത്തില്‍ നിന്ന് നാട്ടില്‍ എത്തി ചാറ്റല്‍ മഴയത്ത് ചുറ്റമ്പലം പ്രദക്ഷിണം വച്ചപ്പോള്‍ ഓര്‍മ്മകള്‍ ഒരുപാട് കാലം പുറകിലേക്ക് പറന്നു ചെന്നു. എന്റെ കുട്ടിക്കാലവും, അന്ന് അവിടെ ഗംബീരമായി ആഘോഷിച്ചിരുന്ന മഹാനവമി മഹോത്സവവും ആയിരുന്നു അതിലൊന്ന്. പ്രത്യേകമായും അതിലേക്കു ശ്രദ്ധ ചെന്നെത്തിക്കാന്‍ ആ വലിയ മതില്ക്കെട്ടിലില്‍ ചിരാതുകള്‍ കൊണ്ട് പിടിപ്പിച്ചു വച്ചിരുന്ന മഹാനവമി മഹോത്സവം എന്നാ ആലേഘനം ആയിരുന്നു കാരണം. അന്നൊക്കെ, മഹാനവമിക്ക് മുന്‍പ്, പറമ്പിലെയും പാടത്തെയും കളിമണ്‍ എടുത്തു കുഴച്ചു പശ ചേര്‍ത്ത് ചിരാതുകള്‍ (കളിമണ്‍ വിളക്കുകള്‍) ഉണ്ടാക്കി വൃത്തി ആയി ആ ചുമരില്‍ മഹാനവമി കാലത്തിനു മുന്‍പ് ഒട്ടിക്കുന്നതു ഒരു കൂട്ടായ ആഘോഷമായി ചെറുപ്പക്കാരും വലിയവരും ഒരുപോലെ കരുതിയിരുന്നു. അതിനു ശേഷം നടപ്പുരയില്‍ ഇരുന്നു തിരി തെറുത്തു വിശാലമായ വിളക്ക് മാടത്തിലേക്ക് നവരാത്രിക്കാലത്ത് തെളിയിക്കാന്‍ ആവശ്യം വേണ്ടതായ തിരികള്‍ എല്ലാവരും കൂടി ചേര്‍ന്ന് ഇരുന്നു ആണ് ഉണ്ടാക്കിയിരുന്നത്. കൂടാതെ പടിഞ്ഞാറേ നടയില്‍ കാഴ്ച വക്കാന്‍ ഉള്ള വാഴക്കുലകള്‍ വന്നു തുടങ്ങിയാല്‍ അവയെല്ലാം തരം തിരിച്ചു – വലിപ്പം, ചെറുപ്പം, ഇനം, അനുസ്സരിച്ച് മുളകൊണ്ടു കെട്ടിയുണ്ടാക്കിയ പന്തലുകളില്‍ ഭംഗിയായി അലങ്കരിച്ചു വക്കും. കൂടാതെ പുസ്തകം പൂജക്ക് വച്ചാല്‍ ഓരോ നേരത്തെ പൂജക്കും വേണ്ടതായ നിവേദ്യ വസ്തുക്കള്‍ (പഴം, അവില്‍, ശര്‍ക്കര, മലര്‍ എന്നിവ ചേര്‍ത്ത് ഉണ്ടാക്കിയത്), അവരവരുടെ വീടുകളില്‍ നിനും കൊണ്ട് വന്നു കൊടുക്കാനും എല്ലാ കുട്ടികളും അന്നൊക്കെ താല്‍പ്പര്യം കാണിച്ചിരുന്നു. പൂജ വയ്പ്പ് ആയതിനാല്‍ പഠിക്കേണ്ട എന്നുള്ളത് കൊണ്ടും ഇതിനൊക്കെ ഇടയില്‍ കിട്ടിയിരുന്ന സമയം, ഓണക്കാലത്തു കുമ്മാട്ടി കളിച്ചു ദക്ഷിണയായി കിട്ടിയിരുന്ന പണം സ്വരൂപിച്ചു വാങ്ങിയിരുന്ന പന്തുകള്‍ പുറത്തെടുക്കാന്‍ ഉള്ള ഒരു സുവര്‍ണ അവസ്സരം ഞങ്ങള്‍ക്ക് തന്നിരുന്നു. ഇതൊക്കെ കഴിഞ്ഞു അടുത്തുള്ള മംപിള്ളി കുളത്തില്‍ ചാടി കുളിച്ചു കളിച്ചു അമ്പലത്തില്‍ തൊഴുതു, തുണി കൊണ്ട് ഉണ്ടാക്കിയ പന്തം എടുത്തു, നിരനിരയായി ദീപങ്ങള്‍ ഓരോന്നും തെളിയിക്കുകകയായി. കൂടെ വിക്രുതിക്കായി, കെട്ടി തൂക്കിയിരിക്കുന്ന പഴകുലകളില്‍ നിന്ന്, തന്റെ വീട്ടില്‍ നിന്ന് കൊണ്ട് വന്നതല്ലത്ത കുലകള്‍ തിരഞ്ഞെടുത്തു ഒന്നോ രണ്ടോ പഴം പൊട്ടിച്ചു എടുത്തു തിന്നു മണ്ഡപത്തില്‍ നടക്കുന്ന കച്ചേരി കാണുവാന്‍ ചെന്നിരുന്നാല്‍ ആ കുട്ടികാലത്തെ ഒരു നവരാത്രി ദിനം പൂര്‍ണമായി.
വര്‍ഷങ്ങള്‍ ഏറെ ചെന്നിട്ടും ഇന്നും ഓര്‍ത്തു നോക്കുമ്പോള്‍ അവിസ്മരണീയം ആ കുട്ടിക്കാലം. എന്താണ് ഈ ക്ഷേത്രത്തിനു ഇത്ര പ്രധാനം, നമുക്ക് ഒന്ന് അവിടേക്ക് ഒന്ന് എത്തി നോക്കാം.
ഊരകം അമ്മതിരുവടി ക്ഷേത്രം
ഊരകം, തൃശൂര്‍ ജില്ലയിലെ ഒരു ചെറിയ ഗ്രാമം. തൃശൂര്‍ നിന്ന് ഏകദേശം 12 km വഴി ഇരിങ്ങാലക്കുട റൂട്ടിലൂടെ വന്നാല്‍ ഈ സ്ഥലത്ത് എത്തി ചേരാം. ഏകദേശം അതെ ദൂരം മാത്രമേ ഇരിങ്ങാലക്കുടയില്‍ നിന്നും തൃശൂര്‍ ഭാഗത്തെ ലക്ഷ്യമാക്കി യാത്ര ചെയ്താല്‍ ഇവിടേയ്ക്ക് ഉള്ളു. ഈ ദേവി ക്ഷേത്രം കേരളത്തിലെ പ്രശസ്തവും പുരാതനവുമായ 108 ദുര്ഗാലയങ്ങളില്‍ ഒന്നാണ്.
ഊരകം അമ്മതിരുവടി ക്ഷേത്രം കേരളത്തിലെ പ്രാചീന പാരമ്പര്യ ശില്പ ചാതുര്യത്തെ എടുത്തു കാണിക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ്. പ്രൌഡ ഗംബീരമായ രാജഗോപുരവും, ഉയര്‍ന്നു കൊത്തുപണികളോട് കൂടിയ മതില്‍ക്കെട്ടും, വിശാലമായ ഊട്ടുപ്പുരയും, നാലമ്പലവും, രണ്ടു നിലകളോട് കൂടിയ ശ്രീകോവിലും, ഇതോടൊക്കെ ചേര്‍ന്ന്, ശാന്തഗംബീരവും ഭക്തി നിര്‍ഭരവും ആയ ഒരു അന്തരീക്ഷം. മറ്റു എവിടെയും കിട്ടാത്ത ഒരു ദേവി ചൈതന്യം ഈ ക്ഷേത്രത്തിനുള്ളില്‍ നിന്ന് ഭക്തര്‍ക്ക് കിട്ടുന്നു.
പഴയ തലമുറയില്‍ നിന്ന് പകര്‍ന്നു തന്ന വിവരങ്ങള്‍ പ്രകാരം പൂമുള്ളി നമ്പൂതിരി കുടുംബം ഏകദേശം 700 – 1000 വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രതിഷ്ടിച്ചതാണ് ഊരകം അമ്മതിരുവടി ക്ഷേത്രം. തിരുവലയന്നുര്‍ ഭട്ടതിരിമാര്‍ എന്നും ആ കുടുംബക്കാരെ വിളിച്ചു വന്നിരുന്നു. ഇന്ന് അമ്പലം ഇരിക്കുന്ന സ്ഥലം ആ കുടുംബത്തിലെ ഒരു അവകാശി താമസിക്കുന്ന ഇല്ലമായിരുന്നു. ഊരകം ദേശം പുരാതനവും പ്രസിദ്ധവും ആയ പെരുവനം ഗ്രാമത്തിന്റെ ഒരു ഭാഗമായിരുന്നു ഊരകം ആ കാലത്ത്. പെരുവനം അന്ന് കേരളത്തിലെ പേര് കേട്ട 64 ഗ്രാമങ്ങളില്‍ ഒന്നും.
കലിയുഗം കാരണം അധര്‍മവും അക്രമവും വര്‍ധിച്ചപ്പോള്‍, പെരുവനം ദേശത്തിലെ കാരണവന്മാര്‍ കൂടി ചേര്‍ന്ന്, വലയ ഭട്ടതിരി, കടലയില്‍ നമ്പൂതിരി, കൊമാരത്തു മേനോന്‍ എന്നീ പ്രമുഖരെ കണ്ചീപുരത്തു പോയി ഭജനം ഇരിക്കുവാനും, ദേവിയുടെ കടാക്ഷവും അനുഗ്രഹങ്ങളും നാടിന്റെ ക്ഷേമത്തിന് വേണ്ടി കൊണ്ടുവരാനും നിര്‍ദേശിച്ചു അങ്ങോട്ട് പറഞ്ഞയച്ചു.
ഇവരുടെ ഭക്തിയില്‍ സന്തോഷം തോണിയ ദേവി, പൂമുള്ളി (വലയന്നൂര്‍) നമ്പൂതിരിയുടെ കൂടെ നാട്ടിലേക്ക് വരാന്‍ സന്തോഷത്തോടെ സമ്മതിച്ചു. അത് പ്രകാരം, നമ്പൂതിരിയുടെ ഓലക്കുടയിലേക്ക് പ്രവേശിച്ച ദേവി, നമ്പൂതിരിയുടെ കൂടെ അദ്ധേഹത്തിന്റെ ഇല്ലത്ത് എത്തി. നമ്പൂതിരി കുട താഴെ വച്ച് വിശ്രമിക്കാന്‍ ഇരുന്നു. ഒരു മയക്കം കഴിഞ്ഞു കുട അവിടെ നിന്ന് എടുക്കാന്‍ നോക്കുമ്പോള്‍, അത് അവിടെ ഉറച്ചു ഇരിക്കുന്നതായി കണ്ടു. അന്ന് രാത്രി തന്നെ സ്വപ്നത്തില്‍ വന്നു ദേവി നമ്പൂതിരിയോട് ദേവിയുടെ ഒരംശം ഇനി എന്നും അവിടെ തന്നെ വസിക്കാന്‍ താല്പര്യം ഉള്ളതായും, ദേവിക്ക് വേണ്ടി അവിടെ ഒരമ്പലം പണി കഴിക്കുവാനും അരുള്‍ കൊണ്ടു. കൂടാതെ, അവിടെ അടുത്ത് ഒരു കിണറ്റിനുള്ളില്‍ ഒരു വിഗ്രഹം ഉണ്ടെന്നും അത് എടുത്തു കുടയില്‍ നിന്ന് ദേവിയെ ആ വിഗ്രഹത്തിലേക്ക് ആവാഹിച്ചു പ്രതിഷ്ഠ കര്‍മങ്ങള്‍ നടത്തുവാനും അതിനു ശേഷം ദേശം വിട്ടു വടക്കോട്ട് പോകണം എന്നും അദ്ദേഹത്തിന് നിര്‍ദേശം ലഭിച്ചു. ദേവിയുടെ നിര്‍ദേശം അനുസരിച്ച് ആ നമ്പൂതിരി എല്ലാ കാര്യങ്ങളും ഭംഗിയായി നടത്തി, പ്രതിഷ്ടാ കര്‍മങ്ങള്‍ ഒക്കെ നടത്തിയ ശേഷം അമ്പലത്തിന്റെ നടത്തിപ്പ് ചുമതലകള്‍ കുറച്ചു കാലങ്ങള്‍ക്ക് ശേഷം ആ നമ്പൂതിരി കുടുംബം കൊച്ചി മഹാരാജാവിനു കൈമാറി.
അന്നുമുതല്‍ അമ്മതിരുവടി ക്ഷേത്രം കൊച്ചി രാജകുടംബം നോക്കി വന്നു, പിന്നീട് കൊച്ചിന്‍ ദേവസ്വവും. 1400 ഇല്‍ പരം വര്ഷം പഴക്കമുള്ള ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായുള്ള ദേവിയുടെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതാണ്. പഴയക്കാല ഉടമ്പടി പ്രകാരം കേരള സര്‍ക്കാരിന്റെ “ഗാര്‍ഡ് ഓഫ് ഓണര്‍” സ്വീകരിച്ചു കൊച്ചിന്‍ ദേവസ്വത്തിന്റെ പൂര്‍ണ ചുമതലയില്‍ ഇവിടെ പൂരാഘോഷങ്ങള്‍ നടക്കുന്നു.
പുരാതന കഥകള്‍ പറയുന്നത്, അന്ന് അവിടെ പ്രതിഷ്ടിച്ച ബിംബം ശ്രീരാമ സ്വാമി രാവണനെ വധിക്കുന്നതിനു മുന്പായി പൂജ ചെയ്തിരുന്ന ദേവി വിഗ്രഹം ആണെന്നും പറയപ്പെടുന്നു. ചരിത്ര രേഖകളും, പുരതനകാലങ്ങളിലെ സംഭവങ്ങള്‍ അനുസ്മരിപ്പിക്കുന്ന പല സംഭവങ്ങളിലേക്കും ഊരകം ദേശവും പരിസ്സര പ്രദേശങ്ങളുടെ ഘടനയും സൂചനകള്‍ നല്‍കുന്നുണ്ട്. ആയതിനാല്‍ തന്നെ ഈ ദേശത്തിനോട് ചേര്‍ന്ന് കിടക്കുന്ന എല്ലാ ഗ്രാമങ്ങള്‍ക്കും ഒരു പ്രത്യേക ദൈവ ചൈതന്യം കാണപ്പെടുന്നു.
അമ്പലത്തിനു അടുത്തുള്ള ഒരു നായര്‍ കുടുംബം അമ്മതിരുവടിയുടെ അതീവ ഭക്തരായിരുന്നു. ആയതിനാല്‍ ആ കുടുംബത്തിലെ ഒരു അന്ഗത്തെ എന്നും അമ്മതിരുവടി സ്വന്തം അംഗ രക്ഷകനായി കരുതി, അമ്പലം വിട്ടു എന്ത് ചടങ്ങുകള്‍ക്ക് പുറത്തു പോവുകയാണെങ്കിലും ആ കുടുംബത്തിലെ ഒരംഗം കൂടെ ഉണ്ടാവും എന്നുള്ള പതിവ് ഇന്നും നില നില്‍ക്കുന്നു. അതെ പോലെ തന്നെ, ഓലക്കുടയില്‍ വന്നു വസിച്ചത് കാരണം, അമ്പലത്തിലെ ചടങ്ങുകള്‍ക്കും എഴുന്നെള്ളത്തിനും ഓലക്കുട ഇന്നും ഒരു പ്രത്യേകതയാണ്.
പൂജാ വിധികള്‍
കേരള ക്ഷേത്രാചാര സമ്പ്രദായം അനുഷ്ടിച്ചു കൃത്യമായും ദിവസ്സേന 5 നേരം പൂജയും 3 തവണ ശിവേലിയും നടക്കുന്നു. ലക്ഷ്മി ദേവിയായി കരുതപ്പെടുന്ന ഊരകത്തമ്മതിരുവടിയുടെ അമ്പലത്തിനു നാല് ഭാഗത്തും വിഷ്ണുവിനും ശിവനും ചുറ്റമ്പലങ്ങള്‍ ഉണ്ട്. ലക്ഷ്മി ദേവിയുടെ അംശം ഉള്ള അമ്മതിരുവടിയെ ദുര്‍ഗയായും സരസ്വതിയായും കരുതി ഭക്തര്‍ പ്രാര്‍ത്ഥിക്കുന്നു. ആയതിനാല്‍ തന്നെ, ഇവിടെ, പലവിധ കാര്യങ്ങള്‍ സാധ്യമാക്കുവാന്‍ വേണ്ടി ദേശത്തിന്റെ നന ഭാഗത്ത് നിന്നും ഭക്തര്‍ വന്നു നിത്യവും ഇവിടെ പ്രാര്‍ത്ഥിച്ചു സന്ത്രുപ്തി അടയുന്നു. ശാസ്താവിന്റെയും ഗണപതിയുടെയും പ്രതിഷ്ടയും അമ്പലത്തിനുള്ളില്‍ ഉണ്ട്. ആയതു കൊണ്ട് ശബരിമലകാലത്ത് ധാരാളം ഭക്തജനങ്ങള്‍ ഇവിടെ വന്നു തൊഴുതു മലക്ക് പോകുന്നു. സുബ്രമണ്യ ചൈതന്യവും അമ്പലത്തിനുള്ളില്‍ കാണപ്പെടുന്നു എന്നാണ് വിശ്വാസം. കൂടാതെ, അതി വിശിഷ്ടമായ ഒരു നാഗരാജ പ്രതിഷ്ടയും അമ്പലത്തില്‍ ഉണ്ട്. അമ്പലതിനോട് അടുത്തുള്ള പല വീടുകളിലും സര്‍പ്പക്കാവുകള്‍ പഴയകാലങ്ങളില്‍ ഉണ്ടായിരുന്നു.
കൊടുങ്ങല്ലൂര്‍ ഭവതിയുടെ സാന്നിധ്യം അമ്പലത്തിന്റെ കിഴക്കേ ഗോപുരത്തില്‍ ഉണ്ടെന്നു പറയപ്പെടുന്നു. ആയതിനാല്‍ പണ്ട് മുതലേ, ഭരണി വേല തൊഴാന്‍ നടന്നു പോകുന്ന കൊടുങ്ങല്ലൂര്‍ അമ്മയുടെ ഭക്തര്‍ ഇവിടെ വന്നു തൊഴുതു അനുഗ്രഹം വാങ്ങിച്ചതിന് ശേഷം മാത്രമേ അവരുടെ യാത്ര തുടരാര്‍ ഉള്ളു. ദേവി എന്നും നിത്യ കന്യകയാണ് എന്നാണ് സങ്കല്പം. കന്യകാ ഭാവത്തില്‍ പ്രതിഷ്ടയില്‍ ഇരിക്കുന്നതിനാല്‍ ദേവിക്ക് അര്‍ച്ചനക്കും പൂജക്കുമായി സുഗന്ധ പുഷ്പങ്ങള്‍ ഉപയോഗിക്കാറില്ല. കൂടാതെ വേദമന്ത്രങ്ങള്‍ മാത്രം ഇവിടെ പൂജക്കായി പാരായണം ചെയ്യാറുള്ളു. നിത്യവും കാലത്ത് 3 മണിക്ക് നടതുറക്കുന്ന ഇവിടെ രാത്രി 8 മണി വരെ വിവിധ പൂജാ വിധികള്‍ മുറ പ്രകാരം നടത്തപ്പെടുന്നു. പ്രധാന പൂജാ വിധികള്‍ക്ക് നട അടക്കുന്ന സമയത്ത് ഇവിടെ അഷ്ടപദി പാടുന്ന സമ്പ്രദായം നിലവില്‍ ഉണ്ട്. അത് തീര്‍ത്തും ഭക്തി നിര്‍ഭരമായ ഒരു സാന്നിധ്യം ഈ ക്ഷേത്രാങ്കണത്തിനുള്ളില്‍ ഉളവാക്കുന്നു.
മലയാള മാസ്സത്തിലെ കാര്‍ത്തിക നക്ഷത്രം ആണ് അമ്മതിരുവടിയുടെ ജന്മ നക്ഷത്രമായി കണക്കാക്കപ്പെടുന്നത്. ആയതിനാല്‍ എല്ലാ കാര്‍ത്തിക നാളിനും ക്ഷേത്രത്തില്‍ വിശേഷ പൂജകളും, നാമ ജപവും അന്നദാനവും നടക്കാറുണ്ട്.
അമ്മതിരുവടി ക്ഷേത്രത്തിലെ പ്രധാന വിശേഷ ദിവസ്സങ്ങള്‍:
നവരാത്രി (സെപ്റ്റംബര്‍ / ഒക്ടോബര്‍ മാസം)തുക്കാര്‍ത്തിക (നവംബര്‍ / ഡിസംബര്‍ മാസം )പൂരം (മാര്‍ച്ച് / ഏപ്രില്‍ മാസം )ഇല്ലം നിറ (ഓഗസ്റ്റ് / സെപ്റ്റംബര്‍ മാസം )വാവാരാട്ടു (ഒക്ടോബര്‍ / നവംബര്‍ മാസം)
നവരാത്രി ആഘോഷം 2010
കന്നി മാസ്സത്തിലാണ് (സെപ്റ്റംബര്‍ / ഒക്ടോബര്‍ മാസം) നവരാത്രി ആഘോഷം നടക്കാറുള്ളത്.
കന്നിമാസ്സത്തിലെ പ്രഥമ പക്ഷം തൊട്ടു നവമി വരെയുള്ള ഒന്‍പതു ദിവസ്സങ്ങളും പിന്നെ വിജയ ദശമിയും കേമമായി തന്നെ ഇവിടെ ആഘോഷിക്കപ്പെടുന്നു. ഈ ദിവസ്സങ്ങളില്‍ അമ്പലം കുരുത്തോലകള്‍ കൊണ്ടും ദീപാലങ്കാരം കൊണ്ടും അലങ്കരിച്ചു പ്രത്യേക മണ്ഡപവും സജ്ജമാക്കി കലകാരന്മാരാലും ഭക്ത ജനങ്ങളെ കൊണ്ടും നിറഞ്ഞു കവിഞ്ഞു ഇരിക്കും. ദുര്‍ഗഷ്ടമി നാളില്‍, അമ്പലത്തിന്റെ മുന്‍വശം, അതായതു പടിഞ്ഞാറെ നട, പഴുത്ത വാഴക്കുലകള്‍ കൊണ്ട് അലങ്കരിക്കുന്ന രീതി ഊരകം അമ്മതിരുവടി ക്ഷേത്രത്തിലെ മാത്രം പ്രത്യേകത ആണ്. പല തരത്തില്‍ ഉള്ള വാഴക്കുലകള്‍ ദേശക്കാര്‍ തങ്ങളുടെ കൃഷി സ്ഥലങ്ങളില്‍ നിന്ന് വിളവെടുത്തു ഈ അവസ്സരത്തില്‍ അമ്മതിരുവടിക്ക് കാഴ്ച വക്കും. ഇത് ഒരു വാര്‍ഷിക ചടങ്ങും സമര്‍പ്പണവും ആണ് ഊരകം ദേശത്തിലെ ഭക്തര്‍ക്ക്. അതോടു കൂടി തന്നെ ഈ ചടങ്ങിനു ഒരു മത്സര സ്വഭാവവും നല്‍കുന്നു.
ഈ വര്‍ഷത്തെ മഹാനവമി മഹോത്സവം ഈ വരുന്ന ഒക്ടോബര്‍ 8 ആം തിയതി മുതല്‍ ആരംഭിച്ചു 17 ആം തിയതി വിധ്യാരംബതോടെ അവസാനിക്കുന്നു. ഒക്ടോബര്‍ 8 ആം തിയതി രാവിലെ 4 മുതല്‍ സാരസ്വത യജ്ഞാതോടെ ആരംഭിക്കുന്ന ചടങ്ങുകള്‍, തുടര്‍ന്നുള്ള ഒന്‍പതു ദിവസ്സങ്ങളിലും നിറമാല, സംഗീതോത്സവം, പഞ്ഞരത്ന കീര്തനാലാപനം, വയലിന്‍ കച്ചേരി, നൃത്ത നൃത്യങ്ങള്‍, ഓട്ടന്തുള്ളല്‍, കുറത്തിയാട്ടം , ചാക്ക്യാര്കൂത്തു, ഭക്തിഗാനമേള എന്നീ ക്ഷേത്ര കലകള്‍ കാണാനും ആസ്വദിക്കാനും ഭക്ത ജനങ്ങള്‍ക്ക് ഒരു സുവര്‍ണ അവസ്സരം നല്‍കുന്നു. മഹാനവമി മഹോല്സവത്തോടനുബന്ദിച്ചു ഉള്ള പഴുത്ത വാഴക്കുലകള്‍ കൊണ്ട് ഉള്ള അലങ്കാരം ഇവിടിത്തെ മാത്രം പ്രത്യേകത ആണ്. ദേവിയുടെ അനുഗ്രഹത്തിനായി ദേശക്കാരും ഭക്ത ജനങ്ങളും പിണ്ടിയോടെ സമര്‍പ്പിക്കുന്ന വാഴക്കുലകള്‍ ക്ഷേത്ര ഗോപുരതിനുള്ളിലെ പ്രത്യേകം അറകളില്‍ വച്ച് പാകപ്പെടുത്തി പഴുപ്പിച്ചു ക്ഷേത്ര നടപ്പുരയില്‍ ഇരുഭാഗത്തും അലങ്കരിച്ചു വക്കും. ചുരുങ്ങിയത് ആയിരത്തില്‍ പരം വിവിധ ഇനം കുലകള്‍ കുറയാതെ ഉണ്ടാവും അവ. ഈ കാഴ്ച അത്യപൂര്‍വവും ഊരകം അമ്പലത്തിന്റെ മാത്രം പ്രത്യേകതയും ആണ്. പൂജാ വയ്പ്പ് ദിവസ്സം മുതല്‍ ഉള്ള ഈ ഒരു കുല വിതാനം കാണാന്‍ മാത്രമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്ത ജനങ്ങള്‍ എത്തി ചേരുന്നു.
പ്രധാന വഴിപാടുകളും ഫലങ്ങളും
സരസ്വതി, ലക്ഷ്മി, ദുര്ഗ, മഹേശ്വരി ചൈതന്യം എല്ലാം ഒന്നിച്ചു ഉള്‍ക്കൊള്ളുന്ന അമ്മതിരുവടി സന്നിധിയില്‍ പുസ്തകവും ആയുധവും പൂജക്ക് വക്കുന്നത് വളരെ വിശേഷം ആണ്. പൂജക്ക് വയ്ക്കുന്ന ദിവസ്സങ്ങളില്‍ ഭക്തര്‍ അവില്‍, മലര്‍, ശര്‍ക്കര, പഴം എന്നിവ നൈവേദ്യമായി പൂജിക്കാന്‍ സമര്‍പ്പിക്കുന്നു. ഇവിടത്തെ സാരസ്വത പുഷ്പാഞ്ജലി കുട്ടികളുടെ പേരില്‍ കഴിക്കുന്നത് വളരെ വിശേഷമാണ്.സ്പെഷ്യല്‍ നെയ്പ്പായസ്സം, വെള്ള നിവേദ്യം എന്നിവയും, നാഗരാജാവിന് പാല്പ്പായസ്സവും, മഞ്ഞള്‍ പൊടി നിവേദ്യവും ഭക്തര്‍ക്ക് ശാന്തിയും സമാധാനവും ഐശ്വര്യവും നല്‍കാന്‍ ഇടവരുത്തുന്നു. വിവാഹ പ്രായമായ യുവതീ യുവാക്കളുടെ നാളുകളില്‍ ഇവിടെ വന്നു ഭഗവതിക്ക് പട്ടും താലിയും നല്‍കി ചന്ദനവും ചാര്‍ത്തി, ആയിലല്യപൂജയും കഴിച്ചു തൊഴുന്നത് വളരെ വിശേഷം ആണ്. ലക്ഷ്മീ കടാക്ഷം നിറഞ്ഞു തുളുമ്പുന്ന ഊരകം അമ്മതിരുവടിയുടെ സമക്ഷം വിവിധ തരം പറകള്‍, പ്രത്യേകിച്ചും നാണയ പറ വക്കുകയും, ഉദയാസ്തമന പൂജാ ചെയ്യുകയും ചെയ്യുന്ന വ്യാപാരികള്‍ക്കും വ്യവസ്സയികള്‍ക്കും അനുഗ്രഹം പ്രത്യക്ഷത്തിലാണ്. ജന്മ നാളില്‍ ഇവിടെ വന്നു ഒരു ദിവസ്സം ഭജനം നടത്തുകയും അന്നേ ദിവസ്സത്തെ പൂജ നടത്തുകയും ചെയ്യുന്നതും ഭക്തര്‍ക്ക് ആയുര്‍ ആരോഗ്യ സൌഖ്യം നേരാന്‍ ഭഗവതി ഇടവരുത്തുന്നു. സരസതീ ചൈതന്യം വിളയാടുന്ന ഈ ക്ഷേത്രത്തില്‍ കലാകാരന്മാര്‍ അവരുടെ വിദ്യകള്‍ ഈ അവസ്സരത്തില്‍ ദേവിയുടെ മുന്‍പില്‍ അവതരിപ്പിച്ചു ദേവിയുടെ അനുഗ്രഹം നേടുന്നു. ആയതിനാല്‍ തന്നെ, മഹാനവമി കാലത്ത് ഇവിടെ പ്രശസ്തരും ഉയര്‍ന്നു വരുന്നവരുമായ കലാകാരന്മാര്‍ വഴിപാടായി അവരുടെ പരിപാടികള്‍ അവതരിക്കാന്‍ എത്താറുണ്ട്.
പ്രധാന പൂജകള്‍ക്കായി നട അടക്കുന്ന സമയത്ത് അഷ്ടപദി പാടുന്നത് ഇവിടെ പ്രധാനം ആണ്. ഊരകം പടിഞ്ഞാറേ മാരാത്ത് കൃഷ്ണമാരരുടെ അഷ്ടപദി ഈ വീഡിയോയിലൂടെ നിങ്ങള്ക്ക് കാണാം.
മേല്‍ പറഞ്ഞ പ്രകാരം ഉള്ള എല്ലാ വിധത്തിലും തികഞ്ഞ ദേവി ചൈതന്യം, ഈ ദേശത്തിലും, അതിനോടടുത്തുള്ള ദേശങ്ങളിലും ഉള്ള കുടുംബങ്ങളെ ദേവിയുടെ അനുഗ്രഹം കൊണ്ട് പഠിത്തത്തിലും, പ്രവൃത്തിയിലും സമ്പത്തിലും ഐശ്വര്യത്തിലും എന്നും മുന്നില്‍ നിര്ത്തുന്നു. അത് കൊണ്ട് തന്നെ ഇവിടെ ഉള്ള യുവതീ യുവാക്കള്‍ അതീവ സൌന്ദര്യവും ആരോഗ്യവും ഉള്ളവരായി കാണപ്പെടുന്നു. കലാസാംസ്കാരിക മേഖലയിലും വിധ്യാഭ്യാസ്സ രംഗത്തും ഇവിടെ നിന്ന് പല പ്രമുഖരും ലോകത്തിന്റെ നാനഭാഗത്ത് ഇന്ന് നല്ല നിലയില്‍ എത്തി ചേര്‍ന്നിട്ടുണ്ട്. ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഒത്തൊരുമയോടെ വസിക്കുന്ന ഈ കൊച്ചുഗ്രാമത്തില്‍ എന്നും സകല ഐശ്വര്യവും സന്തോഷവും നില നില്‍ക്കട്ടെ. ഈ മഹാനവമിക്കാലം നിങ്ങള്‍ നാട്ടില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഊരകം അമ്പലത്തില്‍ ദര്‍ശനം നടത്തി അമ്മതിരുവടിയുടെ അനുഗ്രഹാശിസ്സുകള്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ലഭിക്കുവാനും ഇട നല്‍കട്ടെ.
ഊരകം അമ്മതിരുവടി ക്ഷേത്രത്തിന്റെ വെബ്സൈറ്റ് അഡ്രസ്:
ഈ ഉത്സവക്കാലത്ത് ഈ ക്ഷേത്രം ദര്‍ശിച്ചു അവിടെ നിന്ന് ലഭിച്ച അനുഭവവും അവിടത്തെ അലങ്കാര രീതിയുടെ ഭംഗിയും പറ്റുമെങ്കില്‍ ഫോട്ടോയും നിങ്ങള്‍ താഴെ കാണുന്ന മേല്‍ വിലാസ്സത്തില്‍ എനിക്ക് അയച്ചു തരിക:
You must be logged in to post a comment.