#Irinjalakuda

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പരിസരം ഒരു വലിയ ആരോഗ്യ വിപത്തിൽ!

Posted on

IRINJALAKUDA RAILWAY STATION.jpg

ദേശാടന പക്ഷികളുടെ സാന്നിധ്യകൂടുതൽ കാരണം ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനും പരിസരവും ആരോഗ്യത്തിനു ഹാനികരമായ അവസ്ഥ സൃഷ്ടിക്കുന്നു. അനേകം പക്ഷികൾ തമ്പടിച്ചിരിക്കുന്നതു സ്റ്റേഷനോട് ചേർന്ന് ഉള്ള വന്മരങ്ങളിലാണ്. അവയുടെ വിസർജ്യം വന്നു വീഴുന്നത് റെയിൽ യാത്രക്കായി വരുന്നവരുടെ വാഹനങ്ങളിലോ അവരുടെ ശരീരത്തിലോ ഒക്കെ. കൂടാതെ ഈ വിസർജ്യം അവിടെ കിടന്നു, മഴവെള്ളത്തിലൂടെ ഒലിച്ചു സമീപ പ്രദേശങ്ങളിലേക്കും എത്തി പെടുന്നു. സഹിക്കാൻ പറ്റാത്ത മണത്തോടെ യാത്രക്കാർ മൂക്ക് പൊത്തി പിടിച്ചു നിൽക്കുന്നത് സ്ഥിരം കാഴ്ച. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ ഈയിടെയായി ഈ സ്റ്റേഷനിൽ നിന്ന് യാത്ര ഒഴിവാക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.

സ്റ്റേഷൻ അധികൃതരുമായി കുറച്ചു നേരം സംസാരിച്ചതിൽ നിന്ന് മനസ്സിലാക്കിയത്, ഇതിനകം തന്നെ പല ഓട്ടോ ടാക്സി തൊഴിലാളികളും, സ്റ്റേഷൻ ജീവനക്കാർക്കും ശ്വാസകോശ രോഗങ്ങൾ വന്നു കഴിഞ്ഞു എന്നാണ്.

രാത്രിയിലെ വെളിച്ചവും, എല്ലാ സമയത്തും ഉള്ള യാത്രക്കാരുടെ സാമീപ്യവും ഈ പക്ഷികളെ ഇവിടേക്ക് ആകർഷിക്കുന്നു. ഓരോ പക്ഷിയും ദിവസ്സേന ഏകദേശം 3.5 കിലോയോളം മൽസ്യത്തെയോ മറ്റു ചെറു ജന്തുക്കളെയോ ഭക്ഷിക്കുന്നു എന്നാണു കണക്കാക്കപ്പെടുന്നത്. ഇത് വൻ രീതിയിൽ ഈ പ്രദേശത്തെ ജന്തു ജല ജീവി സന്തുലിതക്കു ദോഷം വരുത്തുന്നു എന്ന വസ്തുതയും നമ്മൾ മുന്നിൽ കാണേണ്ടതുണ്ട്.

വല്ല വിധേനയും ഇവയെ ഇവിടെ നിന്ന് തുരത്തിയില്ലെങ്കിൽ ഇനിയും നിരവധി യാത്രക്കാരും അവരുടെ വാഹനങ്ങളും സ്റ്റേഷൻ തൊഴിലാളികളും ഈ ദുരവസ്ഥ അനുഭവിക്കേണ്ടി വരും.

സമീപ പ്രദേശത്തെ എഞ്ചിനീയറിംഗ് കോളേജ് / ടെക്നിക്കൽ കോളേജ് വിദ്യാർത്ഥികൾ ഇത് ഒരു പ്രൊജക്റ്റ് ആയി എടുത്തു, റെയിൽവേ അധികൃതരുമായി ഒത്തു ചേർന്ന് ഏതെങ്കിലും തരത്തിലുള്ള ഹൈ ഫ്രീക്യുൻസി തരംഗങ്ങൾ ഉപയോഗിച്ച് ഇവയെ ഓടിക്കാൻ ഒരു ശ്രമം നടത്തിയാൽ, ആ മരങ്ങൾ മുറിക്കാതെ ഈ ആരോഗ്യ പ്രശ്നത്തിന് ഒരു പരിഹാരം ആവും.

ഒരു വിഷുക്കാലം കൂടി !

Posted on Updated on

ഇരിങ്ങാലക്കുട വളരുന്നു!!! അതെ നമ്മുടെ ഇരിങ്ങാലക്കുട വളരുന്നു!!! ഇനിയും സംശയമോ?
പുതിയ ഹൈപ്പർമാർക്കറ്റുകൾ , സിനിമ തിയറ്ററുകൾ – ഓരോന്നായി അങ്ങനെ വരുന്നു!.
വളരെ സന്തോഷം. അടുത്തവരവിൽ – ചെറിയ ചെറിയ ഷോപ്പിംഗ് കാര്യങ്ങൾ എല്ലാം തിടുക്കത്തിൽ കഴിക്കാൻ ഉള്ള ഒരു ഇടം കൂടി നമുക്കായി തുറന്നു കിട്ടിയിരിക്കുന്നു!.
കുറച്ചു മാറി ചിന്തിച്ചാൽ – മനസ്സ് കൊണ്ടും, ദൂരം കൊണ്ടും – നമ്മുടെ ഇരിങ്ങാലക്കുടയിൽ വളരെ നല്ല നിലയിൽ നടന്നിരുന്ന ഒരു കച്ചവട പാരമ്പര്യവും, പ്രതിവാര ചടങ്ങും ഉണ്ടായിരുന്നു. – “ഇരിങ്ങാലക്കുടയിലെ  ചന്ത”.
എല്ലാ ആഴ്ചകളിലും കാലത്തു നാല് മണിക്ക് മുൻപേ അങ്ങോട്ട് നിര നിരയായി നീങ്ങി കൊണ്ടിരുന്ന കാള വണ്ടികളെയും കർഷകരെയും ഓർമ്മ വരുന്നു. ഇന്ന് അതെല്ലാം ഓര്മ മാത്രം. അതിരാവിലെ പോകുന്ന ആ വണ്ടിക്കാളകളുടെ മണികിലുക്കവും, അടിയിൽ തൂക്കിയിട്ടിരുന്ന റാന്തൽ വെളിച്ചത്തിന്റെയും ഓർമ്മകൾ കെട്ടടങ്ങിയിട്ടുണ്ടാവും ഒരു പക്ഷെ എല്ലാവരുടെയും മനസ്സിൽ നിന്ന്.
അവിടെ പോയി വില പേശി വാങ്ങിക്കുന്ന ആ സുഖവും, ആ കർഷകരും കച്ചവടക്കാരുടെ നടത്തിയിരുന്ന വ്യക്തിപരമായ ഇടപാടുകളും  എങ്ങോ പോയിരിക്കുന്നു. കയ്യിൽ കരുതിയിരിക്കുന്ന ക്രത്യമായി കണക്കുള്ള  പണത്തിനു താഴെ, ആവശ്യത്തിന് മാത്രം വാങ്ങി വന്നിരുന്ന ആ വാണിഭ പ്രക്രിയ ഇന്നത്തെ തലമുറ വീണ്ടും അനുഭവിക്കണം. അവിടെ കൊണ്ട് പോയി കാർഷിക വിളകൾ കച്ചവടക്കാരും ലേലക്കാരും ആയി വിലപേശി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ആ സുഖം അവർക്കു കാണിച്ചു കൊടുക്കുവാനും അനുഭവിക്കാനും പ്രാവർത്തികമാക്കാനും ഒരു അവസ്സരം നൽകേണ്ട കടമ നമുക്കില്ലേ!
ഇന്ന് ഇങ്ങനെ പുതുതായി വന്നു കൊണ്ടിരിക്കുന്ന വലിയ വ്യാപാര സ്ഥാപനങ്ങളിൽ പോയി ക്രെഡിറ്റ് കാർഡും കൊടുത്തു, ആവശ്യത്തിലും അധികം സാധനങ്ങൾ ട്രോളിയിൽ നിറച്ചു വീട്ടിലേക്ക് തിരിച്ചു വന്നു അവയിൽ ഒരു വലിയ പകുതിയും തുറന്നു പോലും നോക്കാതെ കളയുന്ന ഒരു ജനതയെ നമ്മൾ പ്രോത്സാഹിക്കുന്നു.
വൈകിയെത്തുന്ന ചില കാളവണ്ടികളും അതിന്റെ പിന്നിൽ സ്കൂൾ ബാഗുകൾ തൂക്കിയിട്ടു തൂക്കിയിട്ടു  സ്കൂളിലേക്ക് നടന്നു പോയിരുന്നു ആ പഴയ കാലവും പെട്ടെന്ന് ഓര്മയിൽ എത്തിയപ്പോൾ എഴുതി എന്ന് മാത്രം. അവരുടെ മൂളി പാട്ടുകളും കഥകളും കൂടെ മിന്നി മറഞ്ഞു.
നമ്മുടെ ഇരിങ്ങാലക്കുട നമ്മുടെ സ്വന്തം ഇരിങ്ങാലക്കുടയിലെ തനതായ പാരമ്പര്യങ്ങൾ കൂടി വളരാൻ ഉള്ള ശ്രമങ്ങൾ കൂടി ഇതോടോപ്പോം ചെയ്യും എന്ന് കരുതട്ടെ.
എല്ലാ സുഹൃത്തുക്കൾക്കും എന്റെ വിഷു ആശംസകൾ. ഇത്തവണത്തെ വിഷു ഷോപ്പിംഗ് ഇരിങ്ങാലക്കുട ചന്തയിൽ നിന്നാവട്ടെ.
രമേശ് മേനോൻ