Mind Speaks: What is there in a Soap? The Story of Chandrika Soap
ചന്ദ്രിക സോപ്പ്
ശരിയാണ്. ഒരു കഷ്ണം സോപ്പ് നമ്മുടെ ജീവിതത്തിൽ ഇത്രയ്ക്കു പ്രാധാന്യം ഉള്ള വസ്തുവാണോ?
കാലാകാലങ്ങളായി നമ്മൾ ഉപയോഗിക്കുന്നതാണെങ്കിൽ കൂടി ഈ ഒരു കൊറോണ കാലം വരേണ്ടി വന്നു, നമ്മുടെ ഈ കൊച്ചു സോപ്പ് കട്ടക്ക് ഒരു രാജകീയ പദവി കിട്ടാൻ. ഇപ്പോൾ എല്ലാവരും വിചാരിക്കുന്നുണ്ടാവും, ഒരു സോപ്പ് കമ്പനി ഉണ്ടായിരുന്നെങ്കിൽ!
ആ ചിന്തകളാണ്, എന്നെ നമ്മുടെ ഇരിങ്ങാലക്കുടക്കാരുടെ സ്വകാര്യ അഹങ്കാരാമായ ചന്ദ്രിക സോപ്പ് ഇന്റെ ചരിത്രം ഇവിടെ ഓര്മപ്പെടുത്താം എന്ന് തോന്നിച്ചത്.
1940 കളിൽ സി ആർ കേശവൻ വൈദ്യർ ആദ്യമായി ഉണ്ടാക്കിയ ഈ ആയുർവേദ സോപ്പ്, ചെറിയ ഒരു തുടക്കത്തിലൂടെ വലിയ ഒരു പ്രസ്ഥാനമായതു, ഒരു കോലാഹലവും ബഹളവും ഒക്കെ കൂടാതെയായിരുന്നു. ഒരു തവണ ഉപയോഗിച്ചവർ, വീണ്ടും വാങ്ങും.
അന്നും ഇന്നും, എന്റെ സന്തത സഹചാരി. എന്ത് കൊണ്ടോ, മറ്റുള്ള സോപ്പുകളുടെ പരസ്യങ്ങൾ ശ്രദ്ധിക്കാത്തതു കൊണ്ടോ – അവയൊന്നും ഉപയോഗിക്കാതെ പ്രചരിപ്പിക്കുന്ന വരുടെ ചര്മകാന്തി എന്തായാലും എനിക്ക് വരില്ല എന്ന വിശ്വാസം കൊണ്ടോ, അതോ, ഇനി ചന്ദ്രികയിൽ ഇല്ലാത്ത, പ്രത്യേകവും എനിക്കാവശ്യമുള്ളതൊന്നും ആ പുതിയ സോപ്പ് ഉത്പന്നങ്ങൾക്ക് നൽകാൻ കഴിയില്ല എന്ന ഉറച്ച വിശ്വാസ്സം കൊണ്ടോ ഞാൻ ഇന്നും ചന്ദ്രിക സോപ്പ് തന്നെ ഉപയോഗിക്കുന്നു.
അതോടൊപ്പം തന്നെ, ഓരോ തവണയും ആ കൂടു തുറക്കുമ്പോൾ, എന്റെ മനസ്സ് നമ്മുടേ ചെട്ടിപ്പറമ്പിലെ ചന്ദ്രിക ഭവനത്തിനെയും നമ്മുടെ ഇരിങ്ങാലക്കുടയെയും ഓർമയിൽ കൊണ്ട് വരുന്നു.
അവിടെയും നിൽക്കുന്നില്ല, ശ്രീ കേശവൻ വൈദ്യരും പത്നിയും അവരുടെ ആ ബെൻസുകാറും, അതിൽ അവരുടെ വരവും ഓർക്കുമ്പോൾ, ലൂസിഫർ ഇൽ മോഹൻലാലിൻറെ കാറിൽ ഉള്ള വരവ് വെറും നിസ്സാരം.
ഇരിങ്ങാലക്കുടയുടെ ചരിത്രത്തിന്റെ ഏടുകളിൽ മറയാതെ കിടക്കുന്ന ഒരു വ്യക്തി… രാമപുരക്കാരൻ ശ്രീ കേശവൻ വൈദ്യർ, ഇരിങ്ങാലക്കുടയുടെ സ്വന്തം. ചന്ദ്രികയും.
ബാംഗ്ലൂർ ആസ്ഥാനമായുള്ള വിപ്രോ കമ്പനി ആണ് ഇപ്പോൾ ചന്ദ്രികയുടെ ഉടമസ്ഥരെങ്കിലും ഇന്നും എസ വി പ്രോഡക്ട് ഇരിങ്ങാലക്കുട എന്ന് അതിൽ കാണുന്ന ഒരു വികാരം പ്രത്യേകം തന്നെ.
ഇവിടെ, എത്ര പേര് നമ്മുടെ ചന്ദ്രിക സോപ്പും, അത് പോലെ ഇരിങ്ങാലക്കുടയിൽ നിന്ന് നിർമിച്ചു കേരളത്തിലും ഇന്ത്യയിലും വിൽക്കപ്പെടുന്ന മറ്റുൽപ്പന്നങ്ങൾ തിരഞ്ഞെടുത്തു ഉപയോഗിക്കുന്നവരുണ്ട്? അവയുടെ പേരും ചിത്രവും കൂടി പങ്കു വച്ചാൽ വളരെ നന്നായിരിക്കും.