റമദാന്‍ ചിന്തകള്‍ 14
റമദാന്‍ ചിന്തകള്‍ 14
റമദാന്‍ മാസ്സം പതിനാലാം ദിവസ്സത്തിലേക്ക് കടന്നപ്പോള്‍ ഇന്നത്തെ ചിന്തകള്‍ എങ്ങനെ തുടങ്ങാം എന്ന് ആലോചിച്ചപ്പോള്‍ പ്രശസ്തമായ ഒരു പാട്ടാണ് ഓര്മ വന്നത്. പതിന്നാലാം രാവുദിച്ചത് മാനത്തോ കല്ലായി കടവത്തോ എന്ന ഗാനം. ആ പാട്ടിന്റെ ഒരു രംഗങ്ങളും അല്ല ഇവിടെ വിവരിക്കാന്‍ പോകുന്നത്. നമ്മുടെ സംസ്കാരവും രീതികളും എങ്ങിനെ മരിച്ചു പോകാതെ നില നിര്‍ത്താം എന്ന ചിന്ത. കുട്ടികള്‍ തന്നെ അതിലേക്കുള്ള ഏക മാര്‍ഗം.
ഇന്നലെ ഇവിടത്തെ അതി പ്രശസ്തമായ ഒരു സര്‍വകലാശാലയില്‍ പോകാന്‍ ഇടയായി. ഇന്ത്യയില്‍ പേരു കേട്ട ആ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അവസ്സരം കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. അവര്‍ ഇവിടെ തുറന്നപ്പോള്‍ അതിന്റെ എല്ലാ വിധ ഗുണമേന്മകളും നില നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഫീസ് കുറച്ചു കൂടുതലായിട്ടുള്ള ആ സ്ഥാപനത്തില്‍ പഠിക്കുന്നവര്‍ എല്ലാം സാമ്പത്തികമായി ഉയര്ന്ന തരക്കാര്‍. വരുന്നതു വില കൂടിയ കാറുകളില്‍.
ഈ റമദാന്‍ മാസ്സക്കാലത്ത് പുകവലി നോയമ്പ് സമയത്തു നിരോധിച്ചിട്ടുള്ള വസ്തുതയാണ് എന്നറിഞ്ഞിട്ടും പലരും പുറത്തു നിന്നു പുകവലിക്കുന്നത് കാണാമായിരുന്നു. കുട്ടികളില്‍ പുകവലിയും മദ്യപാനവും ഇന്നു സുഹൃത്തുക്കളുടെ ഇടയില്‍ സ്ഥാനമാനത്തിനു വേണ്ട ഒരു ഘടകം ആയോ എന്ന തോന്നല്‍ ആണ് അപ്പോള്‍ എനിക്ക് ഉണ്ടായത്. അതോ ആ സര്‍വകലാശാലയിലെ പഠിത്തവും ജീവിതവും അവരെ അത്രയ്ക്ക് വലക്കുന്നുണ്ടോ?
സസ്നേഹം,
രമേഷ് മേനോന്‍
14092008
റമദാന്‍ ചിന്തകള്‍ 13
റമദാന്‍ ചിന്തകള്‍ 13
ഇത്ര പെട്ടെന്ന് വിശുദ്ധ റമദാന്‍ മാസ്സത്തിലെ പതിമൂന്നു ദിവസ്സങ്ങള്‍ കടന്നു പോയി എന്നത് ആരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഒരു നിലക്ക് നോക്കിയാല്‍ കാലം ഇപ്പോള്‍ അതിന്റെ ഗതി വേഗം കൂട്ടിയ മട്ടാണ്. എല്ലാത്തിനും ആര്ക്കും ഒരു ക്ഷമ ഇല്ല. എല്ലാ കാര്യങ്ങളും ഇന്നലെ നടക്കണം എന്ന മട്ടിലാണ് ഇവിടത്തെ പോക്ക്. ഈ പോക്ക് പല സമയങ്ങളിലും പലരെയും പല അപകടത്തിലും ചെന്നു ചാടിക്കുന്നുണ്ട്. ഓര്മ്മ വരുന്നതു എന്റെ ഒരു പഴയ മാനേജര്‍ ഫാക്സ് മഷീനില്‍ പ്രധാന കാര്യങ്ങള്‍ ഒപ്പിട്ടു അയക്കുന്നതിനെ പറ്റിയാണ്. ഒരിക്കല്‍ ഏത് കടലാസ്സും അതിന്റെ ഉള്ളിലൂടെ കയറി ഇറങ്ങിയാല്‍ പിന്നെ അതില്‍ എഴുതിയിട്ടുള്ള തെറ്റുകളെ പറ്റി ഓര്‍ത്തു വിഷമിച്ചിട്ട് ഒരു കാര്യവും ഇല്ല. കാരണം, അത് നിങ്ങളുടെ കൈ വിട്ടു പോയി കഴിഞ്ഞു . മനുഷ്യന്റെ ദൈന്യംദിന ജീവിതത്തിലെ ക്രയവിക്രയങ്ങളും ഇതു തന്നെ.
കുട്ടികളെ പറ്റി ഇന്നലെ എഴുതിയ ചിന്തയില്‍ ഒരു കാര്യം സൂചിപ്പിച്ചിരുന്നു. ഉപവാസ്സം, കണ്ണിനും കാതിനും വായക്കും കൂടി വേണം എന്ന കാര്യം. അത് പലരും സൗകര്യം പോലെ മറക്കും അല്ലെങ്കില്‍ മറന്നു എന്ന് നടിക്കും. എനിക്ക് ദിവസേന കാണുന്ന ഒരു സുഹൃത്ത് ഉണ്ട്. ആരെ കണ്ടാലും അങ്ങേര്‍ക്കു എന്തെങ്കിലും ഒന്നു കളിയാക്കിയില്ലെന്കില്‍ ഒരു സുഖവും ഇല്ല. കേള്ക്കുന്ന ആളുടെ മാനസ്സിക നില, ജോലി സ്ഥലത്തെ അപ്പോഴത്തെ സ്ഥിതി ഒന്നു അദ്ധേഹത്തിനു ഒരു പ്രശ്നമേ അല്ല. ചില സമയങ്ങളില്‍ ഈ കളിയാക്കലുകള്‍ സുഹൃത്തുക്കളെ എത്ര വേദനിപ്പിക്കുന്നു എന്ന് അദ്ദേഹം മനസ്സിലാക്കുന്നില്ല. എല്ലാവരും ഓരോരോ പ്രശ്നങ്ങളാല്‍ ഉഴാലുന്നതാണ് സാധാരണ ജീവിതാവസ്ഥ. ആയതിനാല്‍ എന്തെങ്കിലും കാരണത്താല്‍ ഒരു സുഹൃത്തില്‍ നിന്നു അപ്രതീക്ഷിതമായ രീതിയില്‍ ഒരു പ്രതികരണം ലഭിച്ചാല്‍ നൈമിഷികമായി അതിന് മറുപ്രതികരണത്തിലൂടെ ഒരു യുദ്ധം ആരംഭിക്കാതെ ആ സുഹൃത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ നമ്മുടെ ഇടയില്‍ ഉള്ള വാശിയും വൈരാഗ്യവും ഒരു പരുധി വരെ ഇല്ലാതാക്കാം എന്നാണ് എന്റെ വിശ്വാസം.
ഓണ നാളില്‍ നാട്ടില്‍ നിന്നു തമാശ രൂപേണ ലഭിച്ച ഇമെയില്‍ പലതിലും കള്ള് കുടിയന്മാരുടെ പടങ്ങളായിരുന്നു. നമ്മുടെ നാട്ടിലെ ചെറുപ്പക്കാരുടെ അവസ്ഥ ഇത്രക്ക് ശോച്ചനീയമായി പോകുന്നതില്‍ വലിയ വിഷമം തോന്നി ആ ചിത്രങ്ങള്‍ കണ്ടിട്ട്. നാട്ടില്‍ മാത്രമായാല്‍ തരക്കേടില്ല. ഓണം ആഘോഷിച്ചു കൊണ്ടു ഇവിടെ കിട്ടിയ ഒന്നു രണ്ടു ഫോണ്‍ വിളികളിലും വിരുതന്മാര്‍ നല്ല ആഘോഷത്തിലായിരുന്നു. ഒന്നും രണ്ടും ലക്ഷം രൂപ കൊടുത്തു ഇവിടെ വന്നു ചില്ലറ ജോലി ചെയ്യുന്ന ചെറുപ്പക്കാരുടെ ആഘോഷത്തിന്റെ മറ്റൊരു രൂപം. ഇന്നലെ ലഭിച്ച ഓണാശംസകള്‍ വായിച്ച പലര്ക്കും അറിയാവുന്ന നഗ്ന സത്യങ്ങളില്‍ ഒന്ന്. ഇവരില്‍ ഇതിന് സൗകര്യം ഒരുക്കി കൊടുക്കുന്ന ഇടനിലക്കാരെ കുറിച്ചു എന്ത് പറയാം?
ഇത്രയ്ക്കു നീതിയും നിയമവും കര്‍ശനമായി ഉള്ള ഇവിടെ ഇങ്ങനെ ഒക്കെ കാണിച്ചു കൂട്ടമെന്നുന്ടെങ്കില്‍ പിന്നെ നാട്ടില്‍ എന്തിന് കുറയ്ക്കണം.
നമ്മളുടെ ചിന്തകളും കാലത്തിനു അനുസരിച്ച് അപ്ഗ്രേഡ് ചെയ്യേണ്ട സമയം ആയെന്നു തോന്നുന്നു.
സസ്നേഹം
രമേഷ് മേനോന്‍
13092008
റമദാന്‍ ചിന്തകള്‍ 12
റമദാന്‍ ചിന്തകള്‍ 12
ഇന്നു മലയാളികള്‍ക്ക് തിരുവോണം ആണല്ലോ. മാവേലി മന്നനെ വരവേല്‍ക്കാന്‍ ഏവരും അതിയായ ഉത്സാഹത്തോടെ കാത്തിരുക്കുന്ന ദിവസം. റമദാന്‍ മാസ്സമായതിനാല്‍ മറുനാട്ടിലെ മലയാളികള്‍ പലരും ഇതേ കാരണത്താല്‍ ഓണ സദ്യ വൈകീട്ടത്തേക്ക് മാറ്റി വച്ചിരുന്നു.പല സ്ഥലങ്ങളിലും തകൃതിയായി ഓണക്കച്ചവടം ഇന്നലെ വൈക്കീട്ടു നടന്നിരുന്നു. വാഴയിലക്കും നാളികേരത്തിനും ആയിരുന്നു ഏറ്റവും കൂടുതല്‍ ആവശ്യക്കാരും വിലയും.
ഇന്നത്തെ ചിന്തകളും കുട്ടികളെ തുടരട്ടെ. ഇന്നത്തെ ഇവിടത്തെ പത്രത്തില്‍ കുറച്ചു കുട്ടികള്‍ അവരുടെ റമദാന്‍ അനുഭവങ്ങള്‍ എഴുതിയിരുന്നു. എല്ലാം നല്ല ആവേശം പകരുന്നതായിരുന്നു. അതില്‍ ഒരെണ്ണം എനിക്ക് വളരെ ഇഷ്ടമായി. അതല്‍ ആ കൊച്ചു കുട്ടികള്‍ എഴുതിയിരുന്നത് ഉപവാസം ഭക്ഷണത്തിലും വെള്ളത്തിലും മാത്രം ഒതുക്കരുതെന്നായിരുന്നു. ഉപവാസം കണ്ണുകളിലേക്കും ചുണ്ടുകളിലേക്കും കാതുകളിലേക്കും നീളാന്‍ വിശ്വാസികളെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് ആയിരുന്നു അവരുടെ പ്രാര്‍ത്ഥന.
ഇന്നലെ എഴുതിയത് പോലെ അന്നാന്നു ഉള്ള ചിന്തകള്‍ എഴുതുന്നതിലുള്ള ആനന്ദം ഒന്നു വേറെ തന്നെ. ഇതു എന്നെ മറ്റൊരു കാര്യവും ഓര്‍മിപ്പിക്കുന്നു. എന്റെ പരിചയത്തിലുള്ള ഒരു സായ്പ്പ് എപ്പോഴും ചെയുന്ന കാര്യം. പുള്ളിക്കാരന്‍ അദ്ധേഹത്തിന്റെ ഫോണ്‍ എപ്പോഴും ബാറ്ററി കഴിയുന്നത് വരെ ഉപയോഗിക്കും. ബാറ്ററി മുഴുവനും കഴിഞ്ഞാല്‍ വീണ്ടും ചാര്‍ജ് ചെയ്തു ഉപയോഗിക്കും. അദ്ദേഹം പറയുന്നതു ബാറ്ററി മുഴുവനായിട്ട് ഉപയോഗിച്ചു വീണ്ടും ചാര്‍ജ് ചെയ്യുമ്പോള്‍, പ്രവര്ത്തനം കൂടുതല്‍ നന്നാവും എന്നത്രേ. അതെ പോലെ തന്നെ പോകുന്നു എന്റെ ചിന്തകളും. അന്നത്തെ ചിന്തകള്‍ ഇവിടെ എഴുതി തീര്‍ക്കുമ്പോള്‍, മറ്റൊരു നാളേക്ക് വേണ്ടി മറ്റൊരു നല്ല ചിന്തകളിലേക്ക് വേണ്ടി അന്വേക്ഷണം ആരംഭിക്കാന്‍ എന്റെ മനസ്സിന് ഒരു ഉണര്‍വ് കിട്ടുന്നു. ആ ശക്തി തുടര്‍ന്ന് കൊണ്ടു പോകാന്‍ ഈശ്വരന്‍ എന്നും കരുണ കാണിക്കണേ എന്ന പ്രാര്‍ത്ഥനയോടെ,
സസ്നേഹം
രമേഷ് മേനോന്‍
12092008
റമദാന്‍ ചിന്തകള്‍ 11
റമദാന്‍ ചിന്തകള്‍ 11
ഇന്നു വിശുദ്ധ റമദാന്‍ മാസ്സത്തിലെ പതിനൊന്നാം ദിവസ്സം. ഓരോ ദിവസ്സം ചെല്ലും തോറും എല്ലാവരിലും ഉത്സാഹവും ഭക്തിയും കൂടി വരുന്നു. ഇതോടൊപ്പം തന്നെ എല്ലാവരിലും ഓണത്തിന്റെ ഒരു ഉത്സവ ലഹരിയും കാണാന്‍ സാധിക്കുന്നുണ്ട്. റമദാന്‍ മാസ്സക്കാലമായത് കൊണ്ടു പല സ്ഥലങ്ങളിലും ഓണ സദ്യ വൈകിട്ട് ആണ് ഇത്തവണ പലരും അവരുടെ മുസ്ലിം സുഹൃത്തുക്കളെ കൂടി ഉള്‍പ്പെടുത്താനായി വച്ചിരിക്കുന്നത്. സൌഹൃദവും സാഹോദര്യവും എന്നെന്നും വളരട്ടെ.
ഇതിന് മുന്‍പത്തെ ലക്കത്തില്‍ ഞാന്‍ എഴുതിയല്ലോ, ഇതു ഒരു തപസ്സ്യയായിട്ടാണ് ഞാന്‍ എടുത്തിട്ടുള്ളത്. ഓടുന്ന പട്ടിക്കു ഒരു മുഴം മുന്പേ എന്ന രീതിയില്‍ എന്നാല്‍ ശരി നാളത്തെ ചിന്തകള്‍ ഇന്നു തന്നെ എഴുതി വക്കാം എന്ന് ശ്രമിച്ചാല്‍ ഒരിക്കലും അത് എനിക്ക് സാധ്യമാവാറില്ല. അതാത് ദിവസ്സത്തിന്റെ അവസാനത്തിലെ അന്നത്തെ ചിന്തകള്‍ ഏകദേശം ഒരു പൂര്‍ണതയോടെ മനസ്സില്‍ വരികയുള്ളു.
ഇന്നു കുട്ടികള്‍ തന്നെ ആവട്ടെ നമ്മുടെ ചിന്താ വിഷയം.
ഈയിടെ ഒരു സഹൃദയ വേദിയില്‍ വച്ചു ഒരു മാതാപിതാക്കളുടെ അനുഭവം അറിയാന്‍ ഇടയായി. രണ്ടാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകനോടുള്ള സ്കൂള്‍ അധ്യാപകരുടെ സമീപനം ആയിരുന്നു ചര്‍ച്ചാ വിഷയം. പതിവിലും കവിഞ്ഞ വികൃതിയും ഉത്സാഹവും ഒക്കെ കൂടി കലര്ന്ന ഒരു കൊച്ചു വികൃതി ആയിരുന്നു അവന്‍. ഇയിടെയായി സ്കൂളില്‍ നിന്നു വരുമ്പോള്‍ മിക്ക ദിവസ്സവും ശരീരത്തില്‍ നല്ല അടി കിട്ടിയ പാടു ഉണ്ടാവും. ചോദിച്ചപ്പോള്‍ വിവരം കുറച്ചു ഗുരുതരം ആണ്. ക്ലാസ്സില്‍ അടിപിടിയാണ് വിഷയം. എന്ത് കൊണ്ടോ എന്നും നമ്മുടെ കക്ഷിയെ ക്ലാസ്സിലെ ടീച്ചര്‍ കുറ്റക്കാരനായി പ്രഖ്യാപിച്ചു നടത്തുന്ന ഭേദ്യങ്ങളുടെ ഫലം ആയിരുന്നു ആ പാടുകള്‍. സ്കൂള്‍ തുറന്നു കുറച്ചു ആഴ്ചകള്‍ക്കുള്ളില്‍ കുട്ടിയുടെ സംസാരവും കളിയും ചിരിയും ഒക്കെ കുറഞ്ഞു. ഏകദേശം ഒരു രണ്ടാഴ്ച കൂടി കഴിഞ്ഞപ്പോള്‍ കുറേശ്ശെ വിക്കല്‍ സംസാരത്തില്‍ കണ്ടു തുടങ്ങി. കാര്യമായി അന്വേഷിച്ചപ്പോള്‍ ടീച്ചറുടെ പുതിയ രീതി കുട്ടിയെ പേടിപ്പിക്കലാണ്. അത് എന്താണെന്നോ – കുട്ടിയെ തല കേഴാക്കി കെട്ടി തൂക്കും എന്ന് പറഞ്ഞു കൊണ്ടു!!! സ്കൂളില്‍ പോകാം എന്ന് പറഞ്ഞാല്‍ കുട്ടിക്ക് ഇപ്പോള്‍ കൊല്ലുന്നതിനു തുല്ല്യം.
എത്രയോ മാതാപിതാക്കള്‍ കുട്ടികള്‍ ഇല്ലാതെ വിഷമിക്കുന്നു. ഉള്ള കുട്ടികള്‍ തന്നെ എത്രയോ തരത്തില്‍ കഷ്ടപ്പെടുന്നു. അവരെ ഒരു തരത്തിലും മാനസ്സികമായി വിഷമിപ്പിക്കരുതെന്ന ബാല പാഠം അറിയാത്ത ആ അധ്യാപികക്ക് നല്ല ബുദ്ധി തോന്നിക്കണേ എന്ന് മാത്രമേ ഈ പുണ്യ മാസ്സകളത്തിലെ ഉത്രാട രാവില്‍ എനിക്ക് പ്രാര്‍ത്ഥന ഉള്ളൂ.
സസ്നേഹം
രമേഷ് മേനോന്‍
11092008






You must be logged in to post a comment.