Malayalam – Miscellaneous

ജിമെയില്‍ നിറയുമ്പോള്‍ സഹായിക്കാന്‍

Posted on Updated on

ജിമെയില്‍ നിറയുമ്പോള്‍ സഹായിക്കാന്‍

ഇമെയില്‍ സേവനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായിട്ടാണ് ഗൂഗിളിന്റെ ജിമെയില്‍ രംഗത്തെത്തിയത്. അതുവരെ ഇമെയിലുകള്‍ക്ക് നാല് മുതല്‍ 10 വരെ എം.ബി സ്ഥലമായിരുന്നു ഇമെയില്‍ സേവന ദാതാക്കളായ ഹോട്ട്‌മെയില്‍, യാഹൂ, റീഡിഫ് തുടങ്ങിയവര്‍ സൗജ്യമായി അനുവദിച്ചിരുന്നത്. കൂടുതല്‍ സ്ഥലം ആവശ്യമുള്ളവര്‍ പണം നല്‍കണമായിരുന്നു.
മേല്‍പ്പറഞ്ഞ കമ്പനികളെല്ലാം അധിക സംഭരണശേഷിക്ക് പണം ആവശ്യപ്പെട്ടിരുന്ന സമയത്താണ് ഒരു ജി.ബി. സംഭരണശേഷി സൗജന്യമായി നല്‍കിക്കൊണ്ട് ജിമെയില്‍ എത്തുന്നത്. ഇമെയില്‍ രംഗത്തെ അടിമുടി മാറ്റിമറിച്ച ഒന്നായിരുന്നു ജിമെയിലിന്റെ അവതാരം.
2004 ഏപ്രില്‍ ഒന്നിനാണ് ജിമെയിലിന്റെ ബീറ്റാവകഭേദം പൊതുജനങ്ങള്‍ക്ക് ലഭ്യമായത്. ഉയര്‍ന്ന സംഭരണശേഷിയും, ഉപഭോക്തൃസൗഹൃദ സങ്കേതങ്ങളും ജിമെയിലിനെ വേഗം ജനപ്രിയമാക്കി. ജിമെയിലിനോട് പിടിച്ചു നില്‍ക്കാന്‍ സൗജന്യസ്ഥലം കൂടുതല്‍ അനുവദിച്ചേ തീരൂ എന്ന നിലയ്‌ക്കെത്തി മറ്റ് ഇമെയില്‍ സേവനദാതാക്കള്‍. അങ്ങനെ മറ്റ് ഇമെയില്‍ സര്‍വീസുകളും സ്റ്റോറേജ് പരിധി ഉയര്‍ത്തി.
ജിമെയില്‍ ഇപ്പോള്‍ 7514 എം.ബി (ഏഴ് ജിബിക്കു മുകളില്‍) സംഭരണസ്ഥലം സൗജന്യമായി നല്‍കുന്നു. സാധാരണ ഗതിയില്‍ ഈ സ്ഥലം ധാരാളമാണ്. ഫോട്ടോകളും വീഡിയോ ക്ലിപ്പിങുകളുമടങ്ങിയ മള്‍ട്ടിമീഡിയ സന്ദേശങ്ങള്‍ ഏറിയതോടെ, ജിമെയിലിന്റെ സ്ഥലം പോലും തികയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ പലരും. ഒരു മെയിലും കളയാതെ അഥവാ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കുന്നവര്‍ പ്രത്യേകിച്ചും.
ജിമെയിലിലെ സ്ഥലം നിറഞ്ഞു കഴിഞ്ഞാല്‍ ‘You have run out of space for your Gmail account’ എന്നൊരു സന്ദേശം ലഭിക്കും. അതു കഴിഞ്ഞാല്‍ തുടര്‍ന്ന് ആ ജിമെയില്‍ അക്കൗണ്ടില്‍ നിന്ന് മെയിലുകള്‍ അയക്കുകയോ സ്വീകരിക്കുകയോ ചെയ്യുക സാധ്യമാകില്ല. അനാവശ്യമായ മെയിലുകള്‍ കളയുകയുകയാണ് ഇതിനുള്ള പരിഹാരം. അല്ലെങ്കില്‍ കൂടുതല്‍ സ്ഥലം പണം കൊടുത്തുവാങ്ങുക.
ജിമെയില്‍ ഇന്‍ബോക്‌സിലെ വലിയ മെയിലുകള്‍ തിരഞ്ഞുപിടിച്ചു കളയുക എന്നത് ഏറെ സമയം പിടിക്കുന്ന കാര്യമാണ്. findbigmail.com എന്ന വെബ്‌സൈറ്റ് നിങ്ങളുടെ ജിമെയില്‍ ഇന്‍ബോക്‌സില്‍ മുഴുവന്‍ തിരഞ്ഞ് വലിയ മെയിലുകള്‍, കുറച്ചുകൂടി വലിയവ, ഏറ്റവും വലിയവ എന്നിങ്ങനെ മെയിലുകളെ തരംതിരിച്ച് അനാവശ്യമായ ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കും. ഇങ്ങനെ മെയിലുകളെ വലിപ്പത്തിനനുസരിച്ച തരംതിരിച്ച ശേഷം വെവ്വേറെ ഫോള്‍ഡറുകളിലാക്കി സൂക്ഷിക്കാം. അതിനാല്‍ വലിപ്പംകൂടിയ മെയിലുകള്‍ പ്രത്യേകം തുറന്നുനോക്കി അനാവശ്യമായവയെ ഒഴിവാക്കാന്‍ എളുപ്പമാണ്.

ഇതിനായി findbigmail.com തുറന്ന ശേഷം നിങ്ങളുടെ ജിമെയില്‍ ഐ.ഡി. നല്‍കണം. തുടര്‍ന്ന് ജിമെയിലില്‍ ലോഗിന്‍ ചെയ്യാനും സേവനം തുടരാനുള്ള അനുവാദവും ചോദിക്കും. അതിന് ശേഷമാണ് തിരച്ചില്‍ തുടങ്ങുക. ഇന്‍ബോക്‌സിലുള്ള മെയിലുകളുടെ വലിപ്പവും എണ്ണത്തിനും അനുസരിച്ച് തിരയലിന്റെ സമയം കൂടും ചെയ്യും. ഇങ്ങനെ സെര്‍ച്ചിങ് കഴിഞ്ഞാല്‍ വലിയ മെയിലുകളുടെ എണ്ണത്തെപ്പറ്റിയുള്ള വിവരം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് മെയില്‍ അയച്ചതായുള്ള വിവരം നല്‍കും.
കടപ്പാട് : മാതൃഭൂമി

വിദ്യാരംഭം – 17.10.2010

Posted on Updated on

വിദ്യാരംഭം – 17.10.2010

മഹാനവമി കാലത്ത് ഏറ്റവും പ്രധാനമായ ഒരു കാര്യമാണല്ലോ വിജയദശമി ദിവസ്സം നടത്തുന്ന വിദ്യാരംഭം. കൊച്ചു കുട്ടികളെ എഴുത്തിനിരുത്തുക എന്ന ചടങ്ങ് അന്നേ ദിവസം കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വളരെ വിപുലമായ രീതിയില്‍ നടത്തി വരുന്നു. സാധാരണയായി അടുത്തുള്ള സരസ്വതി ക്ഷേത്രത്തില്‍ വച്ചാണ് ഈ ചടങ്ങ് കേമമായി നടത്തി വരുന്നതു. തൃശൂര്‍ ജില്ലയിലെ തിരുവള്ളക്കാവ്, തുഞ്ചന്‍ പറമ്പ്, പിന്നെ ശ്രീ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളില്‍ അന്നേ ദിവസ്സം ഈ ചടങ്ങിനു വലിയ തിരക്ക് കാണാറുണ്ട്. അമ്പലങ്ങളിലെ മേല്‍ശാന്തിമാരോ, ഗുരുനാഥന്‍മാരോ, തറവാട്ടിലെ കാരണവന്മാരോ മുന്‍കൈ എടുത്തു, അന്നേ ദിവസ്സം അക്ഷരമാലയിലെ ആദ്യാക്ഷരങ്ങള്‍ കുട്ടികളുടെ നാവില്‍ മോതിരം കൊണ്ടു എഴുതി അവരുടെ കൈ പിടിച്ചു മണലിലോ അരിമണിയിലോ എഴുതിക്കുന്നു.


സാധാരണയായി താഴെ കാണുന്ന വിധത്തില്‍ എഴുതി കൊണ്ടാണ് ഈ എഴുത്ത് അല്ലെങ്കില്‍ വിദ്യയുടെ അദ്ധ്യാക്ഷരം ചൊല്ലി കൊടുക്കല്‍ നടത്തുന്നത് :

ഓം
ഹരി ശ്രീ ഗണപതയേ നമ: അവിഘ്നമസ്തു

ഇതു ഏറ്റവും ചെറിയ കുട്ടികളുടെ നാവില്‍ എഴുതി തുടങ്ങുന്ന സമയത്തു. കുറച്ചു മുതിര്‍ന്നവര്‍ മേലെ എഴുതിയവ കൂടാതെ:

ഓം ശ്രീ ഗുരുഭ്യോ നമ:
ഓം ശ്രീ സരസ്വത്യൈ നമ:

എന്നിവയും, കൂടെ, മലയാളത്തിലെ അക്ഷരങ്ങളും (ഉദാഹരണത്തിന്)

പുറമെ, ഇംഗ്ലീഷ് അക്ഷരമാല ക്രമങ്ങളും കൂടാതെ, പൂജ്യം മുതല്‍ ഒന്‍പതു വരെയും, പിന്നെ മറ്റു ഭാഷകള്‍ അറിയുന്നു എങ്കില്‍ അവയിലെ അധ്യക്ഷരങ്ങളും അന്നേ ദിവസ്സം അരി മണിയിലോ മണലിലോ എഴുതാം. കൂടാതെ സന്ഗീതോപകരണങ്ങളും, വായ്പ്പാട്ട്, ചിത്രരചന, കഥയെഴുത്ത്‌ എന്നിങ്ങനെയുള്ള എല്ലാ കലാ വിരുതുകള്‍ക്കും അന്നേ ദിവസ്സം ഗുരുക്കന്മാരില്‍ നിന്നു ആരംഭം കുറിക്കുന്നത് ശുഭകരം ആണ്.

മലയാളം പഠിക്കണം എന്ന് താത്പര്യം ഉള്ളവര്‍ക്ക് താഴെ എഴുതിയ വെബ് സൈറ്റ് നല്ല ഒരു മാര്‍ഗ ദര്‍ശി ആണ്.

http://www.geocities.com/malatutor/

ജാതി മത ഭേദമെന്യേ എല്ലാവരിലും സരസ്വതി പ്രസാദം വളരട്ടെ.

രമേഷ് മേനോന്‍
17.10.2010

തീര്‍ത്ഥക്കരയിലെ ചെമ്പടമേളം കൂടല്‍മാണിക്യത്തിന്റെ മാത്രം

Posted on Updated on

തീര്‍ത്ഥക്കരയിലെ ചെമ്പടമേളം കൂടല്‍മാണിക്യത്തിന്റെ മാത്രം

Author : – സ്വന്തം ലേഖകന്‍ www.irinjalakuda.com

ഇരിങ്ങാലക്കുട : പഞ്ചാരിമേളത്തിന്റെ പാല്‍ക്കടലില്‍ കുളിച്ചശേഷം തീര്‍ത്ഥക്കരയിലെ ചെമ്പടമേളവും ആളുകളില്‍ ആസ്വാദനത്തിന്റെ വര്‍ഷം ചൊരിയുന്ന കാഴ്‌ചയാണ്‌ കൂടല്‍മാണിക്യത്തില്‍. പതിനൊന്ന്‌ ദിവസത്തെ ഉത്സവത്തോടനുബന്ധിച്ച്‌ ഇരുപത്തിയൊന്ന്‌ ചെമ്പടമേളങ്ങളാണ്‌ ഇവിടെ കൊട്ടുന്നത്‌. ശീവേലിക്കും വിളക്കിനും ശേഷം അഞ്ചാം കാലം പടിഞ്ഞാറെ നടയില്‍ കൊട്ടിക്കലാശിക്കുന്നതോടെ മേളക്കാര്‍ രൂപകം കൊട്ടി നേരെ ചെമ്പടമേളത്തിലേക്ക്‌ കടക്കും. കുലീപനി തീര്‍ത്ഥക്കരയിലൂടെയാണ്‌ ചെമ്പടമേളം കടന്നുപോകുന്നത്‌. എന്നതിനാല്‍ തീര്‍ത്ഥക്കരമേളം എന്നപേരിലാണ്‌ ഇവിടത്തെ ചെമ്പടമേളം അറിയപ്പെടുന്നത്‌. ചുറ്റമ്പലത്തിന്റെ വടക്കേ വാതിലിനടുത്ത്‌ പ്രദക്ഷിണവഴിയില്‍ നടക്കുന്ന ചെമ്പടമേളം തട്ടകത്തിന്റെ വൈകാരിക മേളം കൂടിയാണ്‌. തൃശൂര്‍പൂരത്തിന്റെ ശില്‍പിയായ ശക്തന്‍തമ്പുരാന്‍ കൂടല്‍മാണിക്യം ഉത്സവവും രൂപകല്‍പ്പന ചെയ്‌തുവെന്നാണ്‌ വിശ്വാസം. ചെമ്പടമേളം കേള്‍ക്കാന്‍ അദ്ദേഹവും വടക്കേ തമ്പുരാന്‍ കോവിലകത്തിന്റെ പടിഞ്ഞാറേ ഇറയത്ത്‌ നില്‍ക്കാറുണ്ടായിരുന്നുവെന്ന്‌ പറയപ്പെടുന്നു. വിശാലമായ തീര്‍ത്ഥകുളത്തിന്റെ സമീപത്ത്‌ നടക്കുന്നതിനാല്‍ മേളത്തിന്റെ പ്രതിധ്വനി ദേശത്തെവിടെയും അലയടിച്ചുയരുന്നത്‌ പ്രത്യേക അനുഭവമാണ്‌. തീര്‍ത്ഥക്കര ചെമ്പടമേളകലാകാരന്മാര്‍ക്ക്‌ വൈദഗ്‌ധ്യം പ്രകടിപ്പിക്കാനുള്ള മത്സരവേദികൂടിയാണ്‌. ഇതിനാല്‍ പലപ്പോഴും ഇത്‌ തായമ്പകയുടെ സ്വാഭാവം കൈവരിക്കുന്നുവെന്നും പറയുന്നു. ഉരുട്ടുചെണ്ടയിലും വീക്കനിലും കേമന്‍മാരായ ചെണ്ടക്കാരുടെ പ്രാഗത്‌്‌ഭ്യം ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റുന്നതും തീര്‍ത്ഥക്കര മേളത്തിനിടയിലാണ്‌. പടിഞ്ഞാറേനടയില്‍ പഞ്ചാരി അവസാനിച്ചാല്‍ മേളകലാകാരന്മാരുടെ എണ്ണം കുറയുന്നതുകൊണ്ട്‌ ഒരു വൃത്തത്തിന്റെ ആകൃതിയില്‍ തീര്‍ത്ഥക്കരയില്‍ നിരക്കുന്നതും കാഴ്‌ചയാണ്‌.

ഉത്സവം- ക്ഷേത്രകലകള്‍ക്ക്‌ ആസ്വാദകരേറെ

Posted on Updated on

ഉത്സവം- ക്ഷേത്രകലകള്‍ക്ക്‌ ആസ്വാദകരേറെ

Author : – സ്വന്തം ലേഖകന്‍ www.irinjalakuda.com

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ അരങ്ങേറുന്ന ക്ഷേത്രകലകള്‍ക്ക്‌ ആസ്വാദകരേറെയാണ്‌. രാവിലത്തെ ശീവേലി കഴിഞ്ഞാല്‍ ഉടന്‍ കിഴക്കേ നടപ്പുരയില്‍ ഓട്ടന്‍തുള്ളലും ശീതങ്കന്‍ തുള്ളലും അരങ്ങേറും.ഇതില്‍ കല്ല്യാണ സൗഗന്ധികവും, സഭാപ്രവേശവും, ഗരുഡ ഗര്‍വഭംഗവും തന്മയത്വത്തോടെ അവതരിപ്പിക്കുന്നത്‌ നന്തിപുലം പി.കെ.നീലകണ്‌ഠനും സംഘവുമാണ്‌. കല്യാണ സൗഗന്ധികത്തിലെ ഹാസ്യപ്രധാനങ്ങളായ സന്ദര്‍ഭങ്ങളെ അവതരിപ്പിക്കുമ്പോള്‍ കൂടി നില്‍ക്കുന്നവരില്‍ ചിരിപടരും. കൂത്തമ്പലത്തോട്‌ ചേര്‍ന്ന സന്ധ്യാവേല പന്തലില്‍ മദ്ദളപറ്റ്‌, കൊമ്പുപറ്റ്‌, നാദസ്വരം എന്നിവയും ആസ്വദിക്കേണ്ട കാഴ്‌ചയാണ്‌. കിഴക്കേ ഗോപുരനടയില്‍ ചെണ്ടയുടെ താളലയമായ തായമ്പകയും മികച്ചതുതന്നെ. സന്ധ്യാസമയത്ത്‌ കൂത്തമ്പലത്തില്‍ അമ്മന്നൂര്‍ കൂടിയാട്ട പാരമ്പര്യത്തിന്റെ പൈതൃകം വിളിച്ചോതുന്ന ചാക്യാര്‍കൂത്തു കാണാന്‍ ആളുകള്‍ അഴികള്‍ക്കുള്ളിലൂടെ ആകാംക്ഷയോടെ എത്തിനോക്കും.പടിഞ്ഞാറേ പ്രദക്ഷിണ വഴിയില്‍ അരങ്ങേറുന്ന പാഠകവും ആളുകളെ ചുറ്റും കൂടി നിര്‍ത്തും. തലയില്‍ ചുവപ്പു പട്ടുമായി കൊടുങ്ങല്ലൂര്‍ കോവിലകത്തെ നന്ദകുമാര്‍ രാജയാണ്‌ പാഠകം അവതരിപ്പിക്കുന്നത്‌. ഇതേസമയം നടക്കുന്ന പടിഞ്ഞാറെ നടപ്പുരയിലെ കുറത്തിയാട്ടവും ക്ഷേത്രത്തിലെത്തുന്നവര്‍ക്ക്‌ പ്രിയമാണ്‌.

മേളപ്രമാണത്തില്‍ നാലാം തവണയും ചെറുശ്ശേരി കുട്ടന്‍മാരാര്‍

Posted on Updated on

മേളപ്രമാണത്തില്‍ നാലാം തവണയും ചെറുശ്ശേരി കുട്ടന്‍മാരാര്‍
Author : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com/

ചെറുശ്ശേരി കുട്ടന്‍മാരാരിന്റെ മേളപ്രമാണിത്വത്തില്‍ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ശീവേലിക്ക്‌ കൊഴുപ്പേറി. നാലാം തവണയാണ്‌ സംഗമേശന്റെ മുന്നില്‍ പഞ്ചാരിമേളത്തിന്റെ അമരത്തില്‍ ചെറുശ്ശേരി കുട്ടന്‍മാര്‍ എത്തുന്നത്‌. ആദ്യശീവേലിക്ക്‌ തൃപ്രയകുളം അച്ചുതമാരാരായിരുന്നു നേതൃത്വം.

കൂടല്‍മാണിക്യം ക്ഷേത്രോത്സവം – ആദ്യശീവേലി ഇന്ന്‌

Posted on Updated on

കൂടല്‍മാണിക്യം ക്ഷേത്രോത്സവം – ആദ്യശീവേലി ഇന്ന്‌
Author : – സ്വന്തം ലേഖകന്‍
www.irinjalakuda.com

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആദ്യശീവേലിക്ക്‌ തുടക്കമായി. രാവിലെ തിടമ്പ്‌ എഴുന്നള്ളിച്ച്‌ ആറ്‌ പ്രദക്ഷിണം പൂര്‍ത്തിയാക്കിയശേഷം 17 ഗജവീരന്‍മാര്‍ അണിനിരന്ന കാഴ്‌ചശീവേലി ആരംഭിച്ചു. കിഴക്കേ നടയില്‍ ആരംഭിച്ച പഞ്ചാരിമളത്തിന്‌ തൃപ്പേക്കുളം അച്യുതമാരാര്‍ പ്രാമാണിത്വം വഹിച്ചു. 130 ഓളം കലാകാരന്‍മാരാണ്‌ പഞ്ചാരിമേളത്തിന്‌ അണിനിരന്നത്‌. കുട്ടന്‍കുളങ്ങര അര്‍ജ്ജുനന്‍ ഭഗാന്റെ തിടമ്പേറ്റി. രാവിലെ എട്ടരയോടെ ആരംഭിച്ച ശീവേലി പതിനൊന്നരയോടെ അവസാനിച്ചു.

കൊടിപ്പുറത്ത്‌ വിളക്കിന്‌ സംഗമേശനെഴുന്നളളി

Posted on Updated on

കൊടിപ്പുറത്ത്‌ വിളക്കിന്‌ സംഗമേശനെഴുന്നളളി
Author : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com

ഭക്തിയുടെ നിറവില്‍ ആഘോഷങ്ങളുടെ ദിനങ്ങളിലേക്ക്‌ സംഗമേശന്‍ പുറത്തെഴുന്നളളിയതോടെ പ്രസിദ്ധമായ കൂടല്‍മാണിക്യക്ഷേത്രോത്സവത്തിലെ ആദ്യവിളക്ക്‌ നടന്നു. കൊടിപ്പുറത്ത്‌ വിളക്കിന്‌ ദേവന്‍ ആദ്യപ്രദക്ഷിണത്തിന്‌ സ്വന്തം കുട്ടിക്കൊമ്പനായ മേഘാര്‍ജ്ജുനന്റെ പുറത്തുകയറിയതോടെ പ്രസിദ്ധമായ പഞ്ചാരിയുടെ അകമ്പടിയില്‍ ഉത്സവമാരംഭിച്ചു. രാവിലെ മുതല്‍ വിവിധ ക്ഷേത്രചടങ്ങുകള്‍ക്കുശേഷം ശ്രീകോവിലില്‍ നിന്ന്‌ ദേവചൈതന്യത്തെ തിടമ്പിലേക്കാവാഹിച്ച്‌ ഈ വര്‍ഷത്തെ ഉത്സവത്തിന്‌ പുറത്തെഴുന്നളളിയപ്പോള്‍ തിരുനടയില്‍ ഭക്ത സഹസ്രങ്ങള്‍ തൊഴുത്‌ നിര്‍വൃതിയടഞ്ഞു. ഉത്സവത്തോടനുബന്ധിച്ചുളള കലാപരിപാടികള്‍ വൈകീട്ട്‌ സ്‌പെഷല്‍ പന്തലില്‍ ആരംഭിച്ചു. കാവാലം വിനോദിന്റെ സോപാനസംഗീതം, ഇരിങ്ങാലക്കുട നടനകൈശികിയുടെ നേതൃത്വത്തില്‍ മോഹിനിയാട്ടം, ചലചിത്രതാരം ബേബി മാളവികയും സുനില്‍ നെല്ലായിയും ചേര്‍ന്നവതരിപ്പിച്ച നൃത്തനൃത്ത്യങ്ങള്‍.

സംഗമേശനഗരിയില്‍ ഉത്സവലഹരി പരന്നു-കൊടിപ്പുറത്ത്‌ വിളക്ക്‌ ഇന്ന്‌

Posted on Updated on

സംഗമേശനഗരിയില്‍ ഉത്സവലഹരി പരന്നു-കൊടിപ്പുറത്ത്‌ വിളക്ക്‌ ഇന്ന്‌
Author : – സ്വന്തം ലേഖകന്‍ www.irinjalakuda.com

ആചാരപ്രകാരം വിവിധ ചടങ്ങുകള്‍ക്ക്‌ശേഷം ക്ഷേത്രം തന്ത്രി നഗരമണ്ണ്‌ ത്രിവിക്രമന്‍ നമ്പൂതിരി കൊടിയുയര്‍ത്തിയതോടെ സംഗമേശനഗരിയില്‍ പത്തു ദിവസത്തേക്ക്‌ ഉത്സവലഹരി പരന്നു. ഉത്സവാഘോഷങ്ങള്‍ക്കായി കൂടല്‍മാണിക്യസ്വാമി പുറത്തേക്കെഴുന്നള്ളുന്ന കൊടിപ്പുറത്ത്‌ വിളക്ക്‌ ബുധനാഴ്‌ച വൈകീട്ട്‌ ക്ഷേത്രത്തില്‍ നടക്കും. ഉത്സവദിനങ്ങളിലെ ഏറ്റവും ആകര്‍ഷകമായ പഞ്ചാരിയുടെ ആദ്യമേളത്തിന്‌ തുടക്കം കുറിക്കുന്നത്‌ കൊടിപ്പുറത്ത്‌ വിളക്കിനാണ്‌. ഉത്സവത്തിനുമാത്രമേ സംഗമേശന്‍ ശ്രീകോവിലിനുപുറത്തേക്ക്‌ എഴുന്നള്ളാറുള്ളു. സ്വന്തം ഗജവീരനായ മേഘാര്‍ജ്ജുനന്റെ പുറത്തായിരിക്കും ദേവന്റെ ആദ്യപ്രദക്ഷിണം തുടര്‍ന്നുള്ള പ്രദക്ഷിണങ്ങളില്‍ തിരുവമ്പാടി ശിവസുന്ദറാണ്‌ കൂടല്‍മാണിക്യസ്വാമിയുടെ തിടമ്പേറ്റുന്നത്‌. ഉത്സവദിനങ്ങളില്‍ മൂന്ന്‌ ഗജവീരന്മാരുടെ അകമ്പടിയോടെ ആദ്യത്തെ നാല്‌ പ്രദക്ഷിണം പൂര്‍ത്തിയാക്കി അഞ്ചാമത്തെ വിളക്കാചാരപ്രദക്ഷിണവും കഴിഞ്ഞ്‌ ആറാമത്തെ പ്രദക്ഷിണത്തിനാണ്‌ പതിനേഴ്‌ ഗജവീരന്മാര്‍ നിരക്കുന്ന കൂട്ടിയെഴുന്നള്ളിപ്പ്‌ നടക്കുക.

വീണ്ടും ദേവനെഴുന്നളളുമ്പോള്‍ തിടമ്പേറ്റാന്‍ മേഘാര്‍ജ്ജുനന്‍

Posted on Updated on


വീണ്ടും ദേവനെഴുന്നളളുമ്പോള്‍ തിടമ്പേറ്റാന്‍ മേഘാര്‍ജ്ജുനന്‍

Author : – സ്വന്തം ലേഖകന്‍ www.irinjalakuda.com

കഴിഞ്ഞ ഉത്സവകാലത്തിനുശേഷം ദേവനെ വീണ്ടും പുറത്തേക്കെഴുന്നളളിക്കാന്‍ മേഘാര്‍ജ്ജുനന്‍ ഇന്ന്‌ തിരുനടയിലെത്തും. ഉത്സവത്തിന്‌ മാത്രം ശ്രീകോവിലില്‍ നിന്ന്‌ പുറത്തെഴുന്നളളുന്ന ദേവന്‍ സ്വന്തം ആനപ്പുറത്തേ ആദ്യമെഴുന്നളളൂ എന്നതാണ്‌ ശ്രീകൂടല്‍മാണിക്യസ്വാമിയുടെ പ്രത്യേകത. കഴിഞ്ഞവര്‍ഷവും സംഗമേശനെ പുറത്തെഴുന്നളളിച്ചത്‌ സ്വന്തം മേഘാര്‍ജ്ജുനന്‍ തന്നെയാണ്‌. പത്തുദിവസത്തെ ഉത്സവലഹരിക്ക്‌ തിരികൊളുത്തുന്ന കൊടിപ്പുറത്ത്‌ വിളക്കിനായി ദേവന്‍ എഴുന്നളളിയാല്‍ ആദ്യപ്രദക്ഷിണത്തിന്‌ തിടമ്പേറ്റുന്നതിനുളള അവകാശം കുട്ടിയാണെങ്കിലും അത്‌ മേഘാര്‍ജ്ജുന്‌ തന്നെയാണ്‌. തുടര്‍ന്നുളള എഴുന്നളളിപ്പുകളില്‍ തിടമ്പേറ്റുന്നത്‌ ഗജരാജന്‍ തിരുവമ്പാടി ശിവസുന്ദറും. തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍, തിരുവമ്പാടി രാമഭദ്രന്‍, കുട്ടന്‍കുളങ്ങര അര്‍ജ്ജുനന്‍, ഈരാറ്റുപേട്ട അയ്യപ്പന്‍, തായംകാവ്‌ മണികണ്‌ഠന്‍, ചെമ്പൂത്ര ദേവീദാസന്‍, ചിറയ്‌ക്കല്‍ മഹാദേവന്‍, ചിറയ്‌ക്കല്‍ കാളിദാസന്‍, പാറന്നൂര്‍ നന്ദന്‍, പിതൃക്കോവില്‍ പാര്‍ത്ഥസാരഥി, പാറമേക്കാവ്‌ നാരായണന്‍, ശങ്കരംകുളങ്ങര മണികണ്‌ഠന്‍, ഗുരുവായൂര്‍ നന്ദന്‍, ഗുരുവായൂര്‍ കേശവന്‍കുട്ടി, ചെര്‍പ്പുളശ്ശേരി ശേഖരന്‍, പാമ്പാടി സുന്ദരന്‍, നായരമ്പലം രാമന്‍കുട്ടി, പളളത്താംകുളങ്ങര ഗിരീശന്‍, കൂറ്റനാട്‌ രാജശേഖരന്‍, പുതുപ്പളളി കേശവന്‍, പുതുപ്പളളി സാധു, മുളളത്ത്‌ ഗണപതി, ചിറയ്‌ക്കല്‍ ശിവന്‍, കുറ്റുമുക്ക്‌ അമ്പാടി എന്നീ ആനകളാണ്‌ കൂടല്‍മാണിക്യസ്വാമിയുടെ തിരുവുത്സവത്തിന്‌ ക്ഷേത്രത്തിലെത്തിയിരിക്കുന്നത്‌.

പത്തു ദിവസത്തെ തിരുവുത്സവത്തിന്റെ പ്രൗഢി ചമയങ്ങളില്‍ തെളിഞ്ഞു

Posted on Updated on

പത്തു ദിവസത്തെ തിരുവുത്സവത്തിന്റെ പ്രൗഢി ചമയങ്ങളില്‍ തെളിഞ്ഞു
Author : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com/


ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിനുള്ള ആനയലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിച്ചു. മിനുക്കിയെടുത്ത നെറ്റിപട്ടങ്ങളും , കോലവും ആലവട്ട-വെഞ്ചാമരങ്ങളും നിരത്തിയപ്പോള്‍ ഉത്സവത്തിന്റെ പ്രൗഢി ചമയങ്ങളില്‍ തെളിഞ്ഞു. തുടര്‍ച്ചയായി ശീവേലിദിനങ്ങളില്‍ ഒരുങ്ങുന്ന ഗജവീരന്മാര്‍ക്കായുള്ള അലങ്കാരങ്ങളാണ്‌ പ്രദര്‍ശിപ്പിച്ചത്‌. ഇതില്‍ മൂന്നാനകള്‍ക്ക്‌ മാത്രമേ സ്വര്‍ണ്ണവര്‍ണ്ണത്തില്‍ തിളങ്ങുന്ന നെറ്റിപ്പട്ടമുള്ളത്‌ മറ്റുള്ളവര്‍ക്ക്‌ വെള്ളിപൂശിയ നെറ്റിപ്പട്ടങ്ങളാണ്‌ അണിയുക. ഗുരുവായൂര്‍, തൃശൂര്‍ പാറമേക്കാവ്‌ തുടങ്ങി നിരവധി ക്ഷേത്രോത്സവങ്ങള്‍ക്ക്‌ ചമയങ്ങളൊരുക്കിയിരുന്ന പുഷ്‌ക്കരനാണാണ്‌ ഒരു ദശകത്തിലേറെയായി കൂടല്‍മാണിക്യം തിരുവുത്സവത്തിനും ചമയങ്ങളൊരുക്കുന്നത്‌.