My Creatives – Oramkalude Bhaalyam
നേരം സന്ധ്യയായി.. മോനെ കയ്യും കാലും കഴുകി വന്നു നാമം ചൊല്ലൂ… നാളെ സ്കൂള്‍ തുറക്കുന്ന ദിവസ്സം ആണ്. നേരത്തെ തന്നെ വിളക്ക് തൊഴുതു നാമം ചൊല്ലി കിടന്നുറങ്ങി കൊള്ളൂ. അമ്മൂമയുടെ അനുശാസ്സനം കേട്ട് കുട്ടി വേഗം പുറകു വശത്തെ അടുക്കള കിണറിനു അരികില്‍ ഉള്ള വരാന്തയിലേക്ക് ഓടി. മുറ്റത്ത് നിന്ന് കുറച്ചു ഉയരത്തില്‍ ആണ് വരാന്ത.. ഒരു മൂലയില്‍ വച്ചിരുന്ന കിണ്ടിയും എടുത്തു കുട്ടി വേഗം അടുക്കള കിണറില്‍ നിന്ന് ചെറിയ ബക്കറ്റില്‍ വെള്ളം കോരാന്‍ വേണ്ടി കയറും ബക്കറ്റും കിണറ്റിലേക്ക് തുടിയിലൂടെ ഇറക്കി…
കടകടകട….കടകടകട….ബ്ലും…വെള്ളത്തില്‍ മുട്ടി ശബ്ദം മുകളിലേക്ക് തിരിച്ചു എത്തിയപ്പോള്‍ കുട്ടിക്ക് ഹരമായി. രണ്ടു മൂന്ന് തവണ കയറു ഇറക്കിയും താഴ്ത്തിയും ശബ്ദ വ്യത്യാസ്സങ്ങള്‍ കേട്ട് രസിച്ചു.. സമയം കുറച്ചു പോയി..
ശബ്ദം കേട്ട് അടുക്കളയില്‍ നിന്ന് ചെറിയമ്മ വിളിച്ചു…കുട്ടാ, നീ ഇനിയും കാല്‍ കഴുകി നാമം ചൊല്ലാന്‍ പോയില്ലേ… അത് കേട്ടതും ബക്കറ്റ് മുകളിലേക്ക് വലിച്ചു കയറ്റി വെള്ളം കിണ്ടിയിലേക്ക് ഒഴിച്ച് കുട്ടി വരാന്തയിലേക്ക് നടന്നു… ആ വരാന്തയില്‍ നിന്ന് കൊണ്ട് താഴേക്ക് കാലും കയ്യും നീട്ടി കഴുകി മുഖത്തും വെള്ളം ഒഴിച്ച് വൃത്തിയാക്കി ആകാശത്തേക്ക് നോക്കിയപ്പോള്‍ ആകെ ഇരുണ്ടു കൂടിയിരിക്കുന്നു. ഇന്നും രാത്രി നല്ല മഴ ഉണ്ടാവും. ഇത്തവണ മഴ നേരത്തെ ആണ്. നല്ല ഇടിമിന്നലും ഇടി വെട്ടും ഉണ്ട്… അത് രണ്ടും കുട്ടിക്ക് പേടിയാണ്.. അത് കൊണ്ട് വേഗം അകത്തേക്ക് പോകാം എന്ന് വച്ച് തിരിഞ്ഞപ്പോള്‍ ഡും എന്നൊരു ശബ്ദം…തിരിഞ്ഞു നോക്കിയപ്പോള്‍ മുറ്റത്തെ മാവില്‍ നിന്ന് പഴുത്ത മൂവാണ്ടന്‍ മാങ്ങാ വീണതാണ്. എങ്ങനെ എടുക്കതിരിക്കും.. വേഗം ഇറങ്ങി ഓടി. തിരിച്ചു കയറിപ്പോള്‍ ആണ് ഓര്‍ത്തത്.. അയ്യട എന്റെ കാലില്‍ ഒക്കെ വീണ്ടും മണ്ണും ചെളിയും ആയല്ലോ? വേഗം കിണ്ടിയില്‍ ബാക്കിയുള്ള വെള്ളം കൊണ്ട് കാല്‍ കഴുകി എന്ന് വരുത്തി ഉള്ളിലേക്ക് ചെന്നു.
അപ്പോഴേക്കും ചെറിയമ്മമാരും ചേച്ചിമാരും ഒപ്പം പ്രായമുള്ള മറ്റു കുട്ടികളും വിളക്കിനു ചുറ്റും നിരന്നു നാമം ജപിക്കാന്‍ തുടങ്ങിയിരുന്നു…
അഞ്ജനാ ശ്രീധരാ ചാരു മൂര്‍ത്തേ കൃഷ്ണാ അഞ്ജലി കൂപ്പി വണങ്ങിടുന്നെന്‍….
വിളക്ക് തൊഴുതു ഭസ്മം തൊട്ടു കുട്ടിയും അവരുടെ കൂടെ കൂടി വൈകുന്നേരത്തെ നാമജപം പൂര്‍ത്തിയാക്കി.
ഇനി എന്താ എന്ന് ആലോചിക്കുമ്പോള്‍ ആണ് അമ്മയുടെ വിളി..
കുട്ടാ. സ്ലയ്ട്ടും പെന്‍സിലും ഒക്കെ ബാഗില്‍ എടുത്തു വച്ചുവോ?
വേഗം വരാന്തയില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ടി നിശ്ചയിച്ചു വച്ചിട്ടുള്ള ആ വലിയ വീടിന്റെ ഒരു മുലയിലേക്ക് കുട്ടി ഓടി. ബാഗും സ്ലയ്ട്ടും പെന്‍സിലും ഒക്കെ തയാര്‍…
അപ്പോള്‍ മനസ്സിനുള്ളില്‍ ഒരു ഇടയിളക്കം. തന്റെ പുതിയ ഷര്‍ട്ടും ട്രൌസ്സരും ഒന്ന് കാണാന്‍…
അമ്മെ നാളെ എനിക്ക് സ്കൂളിലേക്ക് ഇടാന്‍ ഉള്ള കുപ്പായം എവിടെ… അതൊക്കെ അവിടെ ഉണ്ട്.. നീ ഇനി വേഗം ഊണ് കഴിച്ചു കിടക്കാന്‍ നോക്ക്.. കാലത്ത് നേരത്തെ കുളിച്ചു അമ്പലത്തില്‍ പോയി തൊഴുതു വന്നിട്ട് വേണം സ്കൂളില്‍ പോകാന്‍… അമ്മ പറഞ്ഞു.
കുട്ടിക്ക് സങ്കടം തോന്നി.. ഈ അമ്മക്കെന്താ ആ കുപ്പായം ഇപ്പോള്‍ കാണിച്ചു തന്നാല്‍… കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന ഒരു അസുലഭ അവസ്സരം ആണ് അത്. പുതിയ കുപ്പായം സ്കൂളില്‍ പോകാന്‍. അമ്മേ, ഒന്ന് കാണിച്ചു തരൂ.. ഞാന്‍ ഇപ്പോള്‍ ഇട്ടു നോക്കില്ല… വെറുതെ കാണാന്‍ വേണ്ടിയാ … നീ ഇനി ചിണുങ്ങി കൊണ്ട് നിന്നാല്‍ നല്ല അടി കിട്ടും എന്റെ കയ്യില്‍ നിന്ന്.. അമ്മ, അടുക്കളയില്‍ രാത്രിയില്‍ എല്ലാവര്ക്കും കഴിക്കേണ്ട ഭക്ഷണം തയ്യാറാക്കി പാത്രങ്ങളിലേക്ക് മാറ്റുന്നതിനിടയില്‍ പറഞ്ഞു..
അത് ഒരു വലിയ കൂട്ട് കുടുംബം ആയിരുന്നു. മുത്ത് മുത്തച്ചനും മുത്തശിയും അവരുടെ മക്കളും മക്കളുടെ മക്കളും ഒക്കെ അടക്കം ഒരു മുപത്തഞ്ചു പേരോളം അന്ന് ആ വലിയ വീട്ടില്‍ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ മൂന്നു നേരത്തെ ഭക്ഷണ രീതികള്‍ക്ക് ഒരു ചിട്ടയും അടുക്കും നിര്‍ബന്ധമായിരുന്നു.
ഇനി ചിണുങ്ങി നിന്നിട്ട് കാര്യം ഇല്ല എന്ന് കണ്ട കുട്ടി വേഗം അടുക്കളയോട് ചേര്‍ന്നുള്ള ആ വലിയ തലത്തില്‍ പോയിരുന്നു.. അപ്പോഴേക്കും അതെ പ്രായത്തില്‍ ആ വീട്ടില്‍ ഉള്ള മാറ്റ് കുട്ടികളും സ്ഥാനം പിടിച്ചിരുന്നു..
അമ്മയും ചെറിയമ്മമാരും വേഗം ഓരോരുത്തര്‍ക്കും കഞ്ഞിയും പയറും ഉള്ളി ചെറുതായി മൂപ്പിച്ചു കട്ടിയായി ഉണ്ടാക്കിയ ഉപ്പേരിയും വിളമ്പി… കൂടെ അന്ന് വീണ മാമ്പഴം തൊലി കളഞ്ഞു അതിന്റെ കഴമ്പും ഉണക്ക മുളക് അടുപ്പിന്റെ തീയില്‍ വാട്ടി അതില്‍ കുറച്ചു വെളിച്ചെണ്ണയും കുറച്ചു ഉപ്പും ചേര്‍ത്തു ചാലിച്ച് ഉണ്ടാക്കിയാ ആ ഒരു തനി നാടന്‍ മാമ്പഴ ചമ്മന്തിയും. കുട്ടികള്‍ക്കൊക്കെ കുശാല്‍… നല്ല കുത്തരി കൊണ്ടുള്ള കഞ്ഞിയും പയറും കൂടെ മാമ്പഴ ചമ്മന്തിയും.. ഉപ്പും വെളിച്ചെണ്ണയും മാമ്പഴത്തിന്റെ കൂടെ ചേര്‍ന്ന് ഉണക്ക മുളക് വാട്ടിയതിന്റെ പയറിന്റെയും കഞ്ഞിയുടെയും നിറങ്ങളും കുത്തരി വെന്തുലഞ്ഞ കഞ്ഞി വെള്ളത്തിന്റെ സ്വാദും കൂടി ചേര്‍ന്നപ്പോള്‍.. എല്ലാവരുടെയും… കയ്യും വായും പ്ലാവില കൊണ്ട് കുത്തിയ ചെറു കുംബിളുകള്‍ നിറഞ്ഞു അതിവേഗം അവരുടെ പാത്രങ്ങള്‍ കാലിയാക്കാന്‍ ഉള്ള തിടുക്കത്തിലായി..
വെറുതെയല്ല.. വൈകുന്നേരം വരെ പറമ്പിലും പാടത്തും ഉള്ള പന്ത് കളിയും കുട്ടിയും കോലും കളിയും സൈക്കിള്‍ ചവിട്ടലും ഒക്കെ കഴിഞ്ഞു ആകെ ക്ഷീണിച്ചു അവശരാണ് എല്ലാവരും… ഊണ് കഴിഞ്ഞു പാത്രം കഴുകി അടുക്കള വാതുക്കല്‍ വച്ച് ഓരോരുത്തര്‍ ആയി ഉമ്മറത്തെ വരാന്തയിലേക്ക് പോയി…
അവിടെ അമ്മാവന്മാരും കാരണവന്മാരും തമാശ പറഞ്ഞു ഇരിക്കുന്നു. റേഡിയോയിലൂടെ ഏതോ ഭാഗവതര്‍ പാടിയ ഒരു സംഗീത കച്ചേരി കേള്‍ക്കാന്‍ കൂടി ഉള്ള ഇരുപ്പാണ് അത്..
അപ്പോഴേക്കും… മുത്ത് മുത്തശ്ശി വിളിച്ചു.. കുട്ടാ… വാ, ഉറങ്ങാന്‍ സമയം ആയി… ആ അമ്മൂമ്മ, അതായതു അമ്മയുടെ അമ്മയുടെ അമ്മ.. അവര്‍ക്ക് അന്ന് വല്ലാതെ പ്രായം ചെന്നിരിക്കുന്നു. എന്നാലും നല്ല ആരോഗ്യം തന്റെ കാലും നീട്ടി തളത്തില്‍ പായും വിരിച്ചു മുറുക്കാന്‍ ചെല്ലവും അടുത്ത് വച്ച് കുട്ടികളെ കാത്തിരിക്കുകയാണ്…
കുട്ടി ഓടി ചെന്നു മുത്തശ്ശിയുടെ മടിയില്‍ തല വച്ച് കൊണ്ട് അവരുടെ കാതില്‍ തൂങ്ങി കിടക്കുന്ന കടുക്കാനില്‍ തിരിപ്പ് പിടിച്ചു കൊണ്ട് കിടന്നു… അത് എന്നും ഉള്ള ശീലം ആണ്… ആ തൂങ്ങി കിടക്കുന്ന കാതും ആ സ്വര്‍ണം കൊണ്ട് ഉണ്ടാക്കിയ കടുക്കനും കുട്ടിയുടെ ഉറങ്ങാന്‍ തയ്യാറെടുക്കാന്‍ ഉള്ള കളിപ്പാട്ടം ആണ്..
കുട്ടന് നാളെ സ്കൂള്‍ തുടങ്ങുകയല്ലേ… മുത്തശ്ശി ചോദിച്ചു.. അപ്പോഴേക്കും മഴ പെയ്യാന്‍ തുടങ്ങിയിരുന്നു. നല്ല ഇടിയും മിന്നലും ഉണ്ട്… ജനല്‍ ഒരെണ്ണം മാത്രമേ ആ തളത്തില്‍ ഉണ്ടായിരുന്നുള്ളൂ അത് കൊട്ടി അടച്ചിരുന്നു. എന്നാലും ശബ്ദം അകത്തേക്ക് കേള്‍ക്കാം… ഓടിനിടയില്‍ അങ്ങിങ്ങായി വച്ചിരിക്കുന്ന ഗ്ലാസ്സ് പാളികള്‍ക്ക് ഇടയിലൂടെ മിന്നലും ശബ്ദവും അകത്തേക്ക് വന്നു കൊണ്ടിരിന്നു.. ഭയം കൊണ്ട് കാതിലും കടുക്കനിലും മുറുകെ പിടിച്ചു കൊണ്ട് കുട്ടി കണ്ണടച്ച് കിടന്നു.
കുട്ടന്‍ വേഗം ഉറങ്ങിക്കൊള്ളൂ … നാളെ സ്കൂള്‍ തുടങ്ങുകയല്ലേ.. പഠിച്ചു വലിയ ആളാവണം.. മോന്‍ വലിയ ആളാവുമ്പോള്‍… ഈ മുത്തശി ഉണ്ടാവുമോ എന്നറിയില്ല… എന്നാലും.. .. മുത്തശ്ശിയുടെ തൊണ്ട ഇടറി.. വയസ്സ് തൊണ്ണൂറു കഴിഞ്ഞിരിക്കുന്നു.. ഇനി എത്ര കാലം ഉണ്ടാവും എന്നറിയില്ല അവര്‍ സ്വയം നിശ്വസിച്ചു… വെറ്റിലയും അടക്കയും ചുണ്ണാമ്പും കൂടി വായില്‍ ഇട്ടു…
എന്നിട്ട് ആ കൊച്ചു കുടിയുടെ പുറത്തു തലോടി കൊണ്ട് അവര്‍ പാടി..
ചെഞ്ചീര ചെറു ചീര
എങ്ങിനെ നടെണം ചെഞ്ചീര…
വട്ടത്തില്‍ കുഴി കുത്തി…
നീളത്തില്‍ തടമിട്ടു…
ഇങ്ങനെ നടെണം ചെഞ്ചീര…
ആ നാലു വരി പാടി കഴിയുന്നതിനു മുന്‍പേ തന്നെ ആ കുട്ടന്‍ ഉറങ്ങിയിരുന്നു… നാളെ തനിക്കു വേണ്ടി കാത്തിരിക്കുന്ന പുത്തന്‍ ഉടുപ്പും, സ്ലയിട്ടും പെന്‍സിലും അടങ്ങിയ അവന്റെ ആ കൊച്ചു ലോകത്തെ ഒരു നല്ല വിദ്യായന വര്‍ഷത്തിന്റെ കാലഘട്ടത്തിന്റെ മധുര സ്വപ്‌നങ്ങള്‍ ആയിരിന്നിരുക്കാം ഒരു പക്ഷെ അവന്റെ ആ പിഞ്ചു മനസ്സില്‍….
ആ ഒരു കുട്ടിക്കാലം ഓര്‍ത്തു കൊണ്ട് ഈ അധ്യായന വര്‍ഷത്തില്‍ സ്കൂള്‍ വിദ്യാഭ്യാസം തുടങ്ങുന്ന എല്ലാ കൊച്ചു കുട്ടികള്‍ക്കും ഒരു നല്ല പൌരനായി പഠിച്ചു വളരാന്‍ ഭാവുകങ്ങള്‍ നേര്‍ന്നു കൊള്ളുന്നു..
Share this:
- Click to share on X (Opens in new window) X
- Click to share on Facebook (Opens in new window) Facebook
- More
- Click to email a link to a friend (Opens in new window) Email
- Click to share on LinkedIn (Opens in new window) LinkedIn
- Click to share on Reddit (Opens in new window) Reddit
- Click to share on Tumblr (Opens in new window) Tumblr
- Click to share on Pinterest (Opens in new window) Pinterest
- Click to share on WhatsApp (Opens in new window) WhatsApp
This entry was posted in Letters to the editor, Malayala Manorama, Malayalam - Short Stories, Opinion 2012, Short Stories.
