Malayalam – Ramadan Thoughts

റമദാന്‍ ചിന്തകള്‍ 05

Posted on

റമദാന്‍ ചിന്തകള്‍ 05

ഇന്നു പുണ്യമാസമായ റമദാന്‍ മാസത്തിലെ അന്ചാം ദിവസ്സം. കൂടാതെ വെള്ളിയാഴ്ചയും. ഈ വര്ഷത്തെ പുണ്യ മാസ്സം തുടങ്ങിയിട്ട് നമ്മുക്ക് കിട്ടുന്ന ആദ്യത്തെ വെള്ളിയാഴ്ച. ആഴ്ചയില്‍ ആറു ദിവസവും രാവും പകലും ഒഴിവില്ലാതെ പണിയെടുക്കുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ആകെ കിട്ടുന്ന ഒരേ ഒരു ഒഴിവു ദിവസം. തങ്ങളുടെ കഷ്ടപ്പടുകളെല്ലാം മറന്നു ശരീരത്തിന്റെയും മനസ്സിന്റെയും അസ്വസ്ഥതകള്‍ ഒന്നും വക വയ്ക്കാതെ കഠിന അധ്വാനം ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്ക് മുഴുവന്‍ സമയവും ഈശ്വരനില്‍ സമര്‍പ്പിക്കാന്‍ കിട്ടുന്ന ഏക ദിവസം.

അപ്പോള്‍ ഇന്നത്തെ ചിന്തകള്‍ അത്തരം ഒന്നോ രണ്ടോ തൊഴിലാളികളെ കുറിച്ചു ആവട്ടെ. ഇവിടെ അടുത്തുള്ള ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഇടയ്ക്ക് ഞാന്‍ പോകാറുണ്ട്. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു സുഹൃത്ത് അവിടെ ജോലി ചെയ്യുന്നുണ്ട്. എന്നത്തേയും പോലെ ഇന്നലെ അവിടെ ഒന്നു കയറാം എന്ന് കരുതി. ഒരു ചെറിയ പ്രൊജക്റ്റ്‌ ഓഫീസ്. നാലോ അന്ചോ ജോലിക്കാര്‍ മാത്രമേ അവിടെ ഉള്ളൂ. പുതുതായി ഈ നാട്ടില്‍ വന്ന ഒരു സായ്പ്പാണ് അവിടത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. കുറച്ചു നാളെ ആയിട്ടുള്ളൂ ഇവിടെ വന്നിട്ട് എന്ന് അറിയാമായിരുന്നു. ഞാന്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച, അവിടത്തെ ഓഫീസ് ബോയിയെയും സെക്രട്ടറി യെയും പരപരാ എന്ന് ചീത്ത പറയുന്നു അങ്ങേര്‍. കാര്യം തിരക്കിയപ്പോള്‍ എന്തോ നിസ്സാരം, പിന്നെ ഈ സമയത്തു കാപ്പിയോ ചായയോ കിട്ടാന്‍ വൈകിയതില്‍ ഉള്ള ദേഷ്യവും. നോയമ്പ് കാലത്തു ഉള്ള ചുരുങ്ങിയ സമയത്തിനുള്ളില്‍ പല കാര്യങ്ങളും ചെയ്തു തീര്‍ക്കാന്‍ ഉള്ളത് കൊണ്ടു, എന്ത് കൊണ്ടോ എങ്ങനെയോ സമയത്തിന് അങ്ങേര്‍ക്കു ചായ എത്തിക്കാന്‍ വൈകിച്ചു. അതിന് ഉള്ള നിര്ത്തി പോരിക്കലായിരുന്നു, ആ രണ്ടു പാവങ്ങള്‍ക്കും ഞാന്‍ ചെന്ന സമയത്തിന് കിട്ടി കൊണ്ടിരുന്ന ആ ശകാരവര്‍ഷങ്ങള്‍. മുകത്തു ഒരു തരി ചോരയില്ല രണ്ടുപേരുടെയും. അതിഥിയായി വന്ന ഞാനും അവരും ഒരു അക്ഷരം മിണ്ടാതെ സായ്പ്പിന്റെ കസ്സര്‍ത്തു കണ്ടു മിണ്ടാതിരുന്നു.

കുറച്ചു കഴിഞ്ഞു കക്ഷി എങ്ങോട്ടോ പോകാന്‍ വേണ്ടി പുറത്തേക്ക് ഇറങ്ങി. ഗ്ലാസ്സ് ഡോര്‍ മുന്‍ വശത്ത് ആയതു കൊണ്ടു ഞങ്ങള്ക്ക് അങ്ങേരെ നന്നായി കാണാമായിരുന്നു. താഴേക്ക് ഇറങ്ങാന്‍ ഉള്ള ലിഫ്റ്റില്‍ അമര്‍ത്തി അക്ഷമനായി കാത്തു നിന്നു. കുറച്ചു നേരം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ ലിഫ്റ്റിന്റെ ബട്ടണില്‍ ആഞ്ഞു മൂന്ന് നാല് തവണ അമര്‍ത്തി കുത്തുന്നതും കണ്ടു. പിന്നെയും കുറച്ചു സമയം എടുത്തു ആ ലിഫ്റ്റ് എത്താന്‍. അങ്ങേരു പോവുകയും ചെയ്തു. ഞങ്ങള്‍ ആശ്വസിച്ചു. ഇങ്ങനെയും മനുഷ്യരോ? ആ സാരമില്ല. നമ്മള്‍ ഇങ്ങനെ എത്ര മുതലാളിമാരെയും മാനേജര്‍മാരെയും നിത്യേന കാണുന്നു. കഥ ഇവിടെ തീരുന്നില്ല.

ഞാന്‍ അവിടെ ഒരു ഇരുപതു മിനിട്ട് കൂടി ഇരിക്കനിടയായി.

അപ്പോഴേക്കും അതാ വരുന്നു ഒരു ടെലിഫോണ്‍ കാള്‍. സെക്രട്ടറി ഫൌസിയ ഫോണ്‍ എടുത്തു. അപ്പുറത്ത് നമ്മുടെ സായ്പ്പാണ്. സിറ്റിയില്‍ നിന്നു 30 കിലോമീറ്റര്‍ ദൂരെ മരുഭൂമിയില്‍ ഉള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ പോയതാണ് കക്ഷി. പകുതി വഴിയില്‍ വച്ചു വണ്ടിയുടെ രണ്ടു ചക്രവും മണലില്‍ താഴ്ന്നു വണ്ടി അനക്കാന്‍ പറ്റാതെ ഉള്ള വിളിയാണ്. ഓഫീസില്‍ നിന്നു വേറെ ഒരു വണ്ടിയും ഡ്രൈവറും ഉടന്‍ വേണം. ആ നട്ടുച്ച നേരത്ത് തിരക്കേറിയ ഗതാഗത കുരുക്കുകളിലൂടെ ഏകദേശം ഒരു ഒന്നര മണിക്കൂര്‍ ഓടിയാല്‍ മാത്രമേ ആര്ക്കും അവിടെ എത്തി ചേരാന്‍ പറ്റുകയുള്ളൂ. അതുവരെ നമ്മുടെ സായ്പ്പിനു ആ കൊടും ചൂടിനോട്‌ തന്റെ ശുണ്ടിയും ദേഷ്യവും എത്ര വേണമെങ്കിലും ഒരു ക്ഷാമവും കൂടാതെ എടുക്കാം.

ഡ്രൈവറും ഓഫീസ് ബോയിയും കൂടി അവിടേക്ക് പുറപ്പെട്ടപ്പോള്‍ ഞാന്‍ പെട്ടെന്ന് ഓര്ത്തു പോയി – ഇപ്പോള്‍ എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ ആണ്. നമ്മുടെ കേരള സര്‍ക്കാര്‍ മന്ത്രാലയങ്ങളും മന്ത്രിമാരും വരെ ഓണ്‍ലൈന്‍ ആയി. ആപ്പോള്‍ നമ്മുടെ സര്‍വ ശക്തനായ ഈശ്വരന്‍ മാത്രം എന്തിന് ഓണ്‍ലൈന്‍ ആവാതിരിക്കുന്നു. അദ്ധേഹവും സായ്പ്പിനോടുള്ള, അദ്ധേഹത്തിന്റെ തൊഴിലാളികളോടുള്ള സമീപനത്തിനുള്ള സമ്മാനം ഓണ്‍ലൈന്‍ ആയി, പെട്ടെന്ന് തന്നെ കൊടുത്തു. അതിന്റെ പാഠം അങ്ങേര്‍ പഠിക്കുമോ ആവോ?

റമദാന്‍ ചിന്തകള്‍ 04

Posted on

റമദാന്‍ ചിന്തകള്‍ 04

ഇന്നേക്ക് റമദാന്‍ തുടങ്ങി നാലാം ദിവസം. ഇന്നലെ എന്റെ ഒരു സുഹൃത്തുമായി ഒരു ടെലിഫോണ്‍ സംഭാഷണം നടത്താന്‍ ഇടയായി. എന്റെ റമദാന്‍ ചിന്തകള്‍ വായിക്കാറുള്ള അദ്ദേഹം എന്നോട് ചോദിച്ചു – ആരാണ് ഇതു എഴുതി തരുന്നത്? സത്യം പറഞ്ഞാല്‍ അത് എന്നിലും ഒരു ചോദ്യം ഉയര്ത്തി – ആരാണ് എനിക്ക് ഇതു എഴുതാന്‍ എന്റെ മനസ്സില്‍ ഈ വക കാര്യങ്ങള്‍ ഇത്ര കൃത്യതയോടെ പറഞ്ഞു തരുന്നത്? എന്റെ ഉത്തരം ആ വരികളില്‍ തന്നെ ഉണ്ട്.

ഇരുപതു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ള UAE യിലെ എന്റെ പ്രവാസ ജീവിതത്തിനിടയില്‍ ഒരുപാടു മുസ്ലിം സുഹൃത്തുക്കളെ – നമ്മുടെ നാട്ടില്‍ നിന്നും പിന്നെ മറ്റു പല വിദേശ രാജ്യങ്ങളില്‍ നിന്നും – നേടിയെടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട് . എല്ലാം എങ്ങനെയോ എവിടെനിന്നോ പല സമയങ്ങളിലും സ്ഥലങ്ങളിലുമായി എന്റെ ജീവിതത്തില്‍ കടന്നു വന്നവര്‍. ഒരേ ഒരു കാര്യം മാത്രം അവരെയും എന്നെയും എന്നും ബന്ധിക്കുന്നു. എന്ന് അവരെ ഞാന്‍ പരിച്ചയപ്പെട്ടുവോ അന്നുമുതല്‍ ഇന്നു വരെ അവര്‍ എല്ലാവരും എന്റെ വിട്ടുപിരിയാത്ത സുഹൃത്തുക്കളായി മാറുന്നു, ഞാനും അവരെ അങ്ങനെ കാണുന്നു. ഒരു സുഹൃത്തിനെ ആത്മാര്‍ഥമായി സ്നേഹിക്കണം എന്നുന്ടെന്കില്‍ അവനെയും അവന്റെ സാഹചര്യത്തെയും അവന്റെ വിശ്വാസത്തെയും പറ്റി മനസ്സിലാക്കാന്‍ ശ്രമിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വിശ്വാസം ആയിരിക്കാം എന്റെ ഈ സുഹൃത്തുകളുടെ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും പറ്റി കൂടുതല്‍ വായിക്കാനും കേള്‍ക്കാനും മനസ്സിലാക്കാനും ഉള്ള ആഗ്രഹവും സമയവും എന്നില്‍ ഉണ്ടാക്കിയെടുത്തത്.

ഇന്നു ഒരു പറ്റം കുട്ടികളുടെ കാര്യമാണ് ഇവിടെ എനിക്ക് അവതരിപ്പിക്കാനുള്ളത്. സാധാരണ വെള്ളിയാഴ്ചകളില്‍ ഞാന്‍ എന്റെ മകനെയും അവന്റെ കുറച്ചു കൂട്ടുകാരെയും ഇവിടെ ക്രിക്കറ്റ് കളിയ്ക്കാന്‍ കൊണ്ടു പോകാറുണ്ട്. ഇലക്ട്രോണിക് വിനോദങ്ങളില്‍ നിന്നും ടെലിവിഷന്‍ സെറ്റുകളില്‍ നിന്നു വ്യത്യസ്തമായ ഒരു ലോകത്തേക്ക് അവരെ ആഴ്ചയില്‍ ഒരിക്കല്‍ കൂട്ടി കൊണ്ടു പോകുക എന്നതാണ് അതിന് പിന്നിലെ പ്രധാന ലക്‌ഷ്യം. ഓരോ ആഴ്ചയിലും ഞങ്ങളുടെ ഈ ചെറിയ കൂട്ടം നാലന്ച്ചു സമപ്രായക്കാരായ കുട്ടികളും, ഈ കൊച്ചു ഞാനും, ഓരോ പുതിയ സ്ഥലങ്ങളില്‍ കാലത്തോ വൈകീട്ടോ ഒഴിവു പോലെ ഒരു രണ്ടു മണിക്കൂര്‍ കളിക്കും. ഓരോ പുതിയ സ്ഥലങ്ങള്‍ കാണുക, അവര്ക്കു കാണിച്ചു കൊടുക്കുക, പിന്നെ അവരോടൊപ്പം കൂട്ട് ചേര്ന്നു കളിക്കുക, കളിയുടെ പാഠങ്ങള്‍ അവര്ക്കു പറഞ്ഞു കൊടുക്കുക എന്നത് ഒരു ലക്‌ഷ്യം. ഈ എത്തി പെടുന്ന സ്ഥലങ്ങളിലെ മനോഹാരിത എന്റെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുക്കുക എന്നത് മറ്റൊരു സ്വകാര്യ സ്വാര്‍ത്ഥ താത്പര്യം. അവരെയും ആ സമയങ്ങളില്‍ അതില്‍ പന്കെടുപ്പിക്കാറുണ്ട്. അവിടെ കാണുന്ന ചില ചെടികളും, പുല്ലുകളും, ഈന്തപനകളില്‍ പൂ വിടരുന്നതും, കുലകള്‍ വളര്ന്നു തുദ്ദങ്ങുന്നതും എല്ലാം ഞങ്ങളുടെ കാഴ്ച്ചവട്ടത്തില്‍ പെടും. ഉറുമ്പുകളും ചെറു കിളികളും മുറിവേറ്റു വീണു കിടക്കുന്ന പക്ഷികളും പൂച്ചകളും ഒക്കെ ഈ യാത്രയില്‍ ഞങ്ങള്‍ കാണാറുണ്ട്.

അങ്ങനെ ഉള്ള യാത്രകളിലെ ഒരു പ്രധാന പന്കാളിയാണ് എന്റെ മകന്റെ സുഹൃത്തായ അബ്രാര്‍. പഠിത്തം ഒന്നു മാത്രം ലക്ഷ്യമയിട്ടുള്ള അബ്രാരിനു മറ്റു കുട്ടികളുടെ തങ്ങളുടെ വെള്ളിയാഴ്ചകളിലെ ഈ യാത്രകളെ പറ്റി പറഞ്ഞു കേട്ടപ്പോള്‍ ഞങ്ങളുടെ കൂടെ കൂടാന്‍ താത്പര്യം കൂടി. അച്ഛനോട് അനുവാദം ചോദിച്ചു എന്നും നേരത്തെ തന്നെ തയ്യാറായി നില്ക്കും കക്ഷി. ആദ്യം ആദ്യം ക്രിക്കറ്റ് എന്താണ് എന്ന് അറിയാതിരുന്ന ഈ കുട്ടിയെ മറ്റു കുട്ടികള്‍ കളിയാക്കുകയും ചെയ്യാറുണ്ട്. പക്ഷെ ഓരോ പാഠങ്ങള്‍ പറഞ്ഞു കൊടുത്തു ചെയ്യുമ്പോഴും, ആ ദിവ്സസത്തെ കളി കഴിഞ്ഞു മടങ്ങുമ്പോഴും അബ്രാര്‍ നേരിട്ടു വന്നു എന്നോട് ചോദിക്കും അങ്കിള്‍ ഇന്നു ഞാന്‍ എങ്ങനെ കളിച്ചു എന്ന്. പതുക്കെ പതുക്കെ നല്ല ഒരു കളികാരനായി മാറി അബ്രാര്‍.

റമദാന്‍ കാലത്തും ഞങ്ങള്‍ ഈ ഇടവേളകള്‍ മുടക്കാറില്ല. അത് മറ്റു കുട്ടികള്ക്ക് അബ്രരിന്റെ മത വിശ്വാസത്തെ മനസ്സിലാക്കി കൊടുക്കാന്‍ ഉള്ള ഒരു അവസരമായി ഞങ്ങള്‍ കരുതുന്നു. കാരണം റമദാന്‍ സമയത്തു ഉപവാസം അനുഷ്ടിക്കുന്ന അബ്രാര്‍ ഞങ്ങളോടൊപ്പം കളിയ്ക്കാന്‍ വരുന്ന സമയത്തും കളിക്കുന്ന സമയത്തും ജലപാനം ചെയ്യാറില്ല. ഇതു മറ്റു കുട്ടികള്ക്ക് ആ ഏതാനും മണിക്കൂറുകളിലെ ആ തപസ്യയുടെ വില മനസ്സിലാക്കാന്‍ ഒരു അവസ്സരമായി ഞങ്ങള്‍ വിനിയോഗിക്കുന്നു.

കുട്ടികളില്‍ ചിട്ടയായ ജീവിത രീതികളും അനുഷ്ടാനങ്ങളും വളര്‍ത്തിയെടുക്കുക എന്നുള്ള ഒരു വലിയ പാഠം നമ്മള്‍ റമദാന്‍ മാസത്തിലെ ഈ ഉപവാസ അനുഷ്ടാനങ്ങളില്‍ നിന്നു പഠിക്കുന്നു. കൂടാതെ വൈക്കിട്ടത്തെ ഉപവാസം അവസ്സനിപ്പിക്കല്‍ കുട്ടികള്ക്ക് ഒരു ഉത്സവ പ്രതീതി കൊടുക്കുന്നു. മാതാപിതാക്കളും സുഹൃത്തുക്കളുമായി ഒത്തു ചേര്ന്നു ഉള്ള നോമ്പ് തുറ. ഞങ്ങളും ഞങ്ങളുടെ കൊച്ചു കൂട്ടുക്കാരും ഇതു എക്കാലവും ഉറ്റു നോക്കാറുള്ള ഒന്നാണ്. റമദാന്‍ കാലത്തു അബ്രരിന്റെ കുടുംബത്തോടൊപ്പം ഉള്ള ഇഫ്താര്‍. എല്ലാ കൊച്ചു മനസ്സുകളിലും സത്ഭാവനകള്‍ വളര്‍ത്തിയെടുക്കാന്‍ ഉള്ള ഒരു അവസരമാകട്ടെ ഈ വിശുദ്ധ റമദാന്‍ മാസക്കാലം.

രമേഷ് മേനോന്‍
04092008

റമദാന്‍ ചിന്തകള്‍ 03

Posted on

റമദാന്‍ ചിന്തകള്‍ 03

ഇന്നു റമദാന്‍ മാസ്സത്തിലെ മൂനാം ദിവസം. സാധാരണ ജീവിത രീതിയില്‍ നിന്നു ഭക്തിയുടെയും വിശുദ്ധിയുടെയും നാളുകളിക്ക് പെട്ടുന്നുള്ള മാറ്റവുമായി ശരീരവും മനസ്സും പൊരുത്തപ്പെട്ടു വരുന്ന സമയം. ഇതേ ചിന്തകള്‍ തന്നെ എന്റെ മുന്നില്‍ ചോദ്യ ചിന്നങ്ങളായി തെന്നി കളിക്കുന്നു. നമ്മളില്‍ എത്ര പേര്‍ ഈ ഒരു വിശുദ്ധ മാസത്തിന്റെ വരവിനായി തയ്യാറെടുപ്പ് നടത്തിയിരുന്നു? മാനസികമായും ശാരിരികമായും ഉള്ള തയ്യാറെടുപ്പുകള്‍ ജീവിതത്തില്‍ ഏത് വിഷയത്തിലായാലും മനുഷ്യനെ വിജയത്തിന്റെ പാതയിലേക്ക് ഉള്ള യാത്രയെ ലഘൂകരിക്കും എന്നുള്ള സത്യം നമ്മളെ ഓര്‍മിപ്പിക്കുന്നു. പല സുഹൃത്തുക്കളും ഈ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ ക്ഷീണിതരായി കാണുന്നതിന്റെ ലക്ഷണവും കാരണവും ഇതു തന്നെ. പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള വ്യത്യാസവും ഇതു തന്നെ എന്ന് നമ്മുക്ക് മനസിലാക്കാം. ധീര്ഗ വീക്ഷണം എന്ന ഒരു പ്രധാന കഴിവിനെ വളര്‍ത്താന്‍ നമ്മള്‍ പലപ്പോഴും മറക്കുന്നു എന്നതും ഇവിടുത്തെ ചിന്ത വിഷയം.

ഇന്നലത്തെ ചിന്തകള്‍ എഴുതിയപ്പോള്‍ വൈക്കീട്ടു നോമ്പ് തുറക്കുന്ന സമയത്തുള്ള പ്രാര്‍ത്ഥന വാഹനങ്ങളില്‍ വചായാലും കുഴപ്പമില്ല എന്ന് ഒരു മത പുരോഹിതന്‍ പറഞ്ഞതു ഇവിടെ എടുത്തു പറഞ്ഞിരുന്നു. ഈശ്വരന്‍ നമ്മളെ ഓരോ കാര്യങ്ങള്‍ മുന്‍ വിധിയോടെ കാണിച്ചു തരുന്നു എന്നതിന് ഉദാഹരണം ആണോ അത് എന്ന് തോന്നിക്കുന്ന ഒരു സംഭവം ഇന്നലെ എനിക്ക് ഉണ്ടായി. വൈകീട്ട് അഞ്ചു മണിയോടെ ദുബായില്‍ നിന്നു അബു ദാബിയിലേക്ക് വാഹനം ഓടിച്ചു വരികയായിരുന്നു. ഏകദേശം പകുതി ദൂരം എത്തിയപ്പോള്‍ പുറകില്‍ നിന്നു അസ്ത്രം പോലെ പാഞ്ഞു വരുന്ന ഒരു പതിനഞ്ച് സീറ്റുള്ള മിനി ബസ്സ് കണ്ടു. ഏതോ ബുദ്ധി ഇല്ലാത്ത പട്ടാണി ആയിരിക്കും എന്ന് കരുതി ഞാന്‍ ഒന്നു ശ്രദ്ധിച്ചു നോക്കി. ആളുടെ മുഖം ഒന്നു വ്യക്തമായതും ആ വാഹനം എന്നെ കടന്നു അതി ദൂരം പോയിരുന്നു. നോക്കിയപ്പോള്‍ കണ്ടത് മൂന്ന് ഇന്ത്യന്‍ ചെറുപ്പക്കാര്‍ ആണ് അതിലെ സാരധിയും യാത്രക്കാരും.

ഹെഡ് ലൈറ്റ് അടിച്ചും ഹോണ്‍ അടിച്ചും അവരെ അപകട സൂചന നല്കി വേഗത കുറക്കാന്‍ എന്റെ ശ്രമം വെറുതെയായി. എന്നാല്‍ ആരെന്നു നോക്കിയിട്ട് തന്നെ കാര്യം എന്ന് കരുതി ഞാനും വേഗത കൂട്ടി. സത്യം പറയാമല്ലോ, ഇവിടെ അനുവധിചിട്ടുള്ളത്തില്‍ വളരെ അധികം വേഗതയില്‍ ഓടിച്ചിട്ടാണ് എനിക്ക് അവരുടെ ഒപ്പം എത്താന്‍ സാധിച്ചത് . ചില്ല് താഴ്ത്തി അവരോട് ഹിന്ദിയില്‍ വേഗത കുറച്ചു ഡ്രൈവ് ചെയ്യാന്‍ ഉപദേശിച്ചു നോക്കിയപ്പോള്‍ കിട്ടിയത് ഹിന്ദിയിലും മലയാളത്തിലും ഉള്ള കുറെ കളിയാക്കലുകളും. ഞാന്‍ വിടാതെ പുറകില്‍ തന്നെ തുടരുന്നു എന്ന് മനസ്സിലാകിയ ആ സുഹൃത്തുക്കള്‍ എന്നെ ശപിച്ചു കൊണ്ടോ എന്നറിയില്ല വേഗത സാധാരണ ഗതിയിലാക്കി യാത്ര തുടര്‍ന്നു. എന്തിന് ഈ നെട്ടോട്ടം? ആ വേഗതയില്‍ ഒളിഞ്ഞിരിക്കുന്ന അപകടവും നാട്ടിലും വീട്ടിലും കാത്തിരിക്കുന്ന സുഹൃത്തുക്കളെയും ബന്ദുകളെയും ആ സുഹൃത്തുക്കള്‍ അപ്പോള്‍ തീര്ച്ചയായും ഒര്മിചിരുന്നില്ല എന്നത് വ്യക്തം. മറ്റു വാഹനങ്ങളിലെയും മറ്റു യാത്രക്കാരെയും അവരുടെ സുരക്ഷയെയും അവര്‍ ഓര്‍ത്തില്ല.

കാരുണ്യവാനായ ഈശ്വരന്‍ എല്ലാ ഭക്തര്‍ക്കും അത്യധികം സംയമനത്തോടെ അതാതു ദിവസത്തെ ഉപവാസം അവസാനിപ്പിക്കാന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്തിച്ചു കൊള്ളുന്നു.

റമദാന്‍ ചിന്തകള്‍ 02

Posted on

റമദാന്‍ ചിന്തകള്‍ 02

ഇന്നു വിശുദ്ധ റമദാന്‍ മാസത്തിലെ രണ്ടാം ദിവസം. നീണ്ട ഇടവേളയ്ക്കു ശേഷം ഉപവസ്സിച്ചതിന്റെ ക്ഷീണം പലരിലും ഉണ്ടായിരിക്കാം. എന്നാലും ഭക്തിയും ശ്രദ്ധയും ഒന്നു ചേരുമ്പോള്‍ നിശ്ചയധാര്‍ദ്യം താനേ വന്നു ചേരും. എല്ലാ വര്‍ഷത്തിനെക്കളും നീണ്ട ഈ റമദാന്‍ ഉപവാസ കാലത്തേ നോയമ്പ് തുറക്കല്‍ ഭക്ഷണ രീതി വളരെ കണിശമായി ശ്രദ്ധിക്കേണ്ട ഒന്നാണ്. വളരെ ലഘുവായ ഭക്ഷണം കഴിച്ചു കൊണ്ടു നോയമ്പ് തുറക്കാന്‍ ശ്രമിക്കുക. ഫലവര്‍ഗങ്ങളും ലഘു പാനീയങ്ങളും കഴിച്ചു കൊണ്ടു ഉപവാസം അവസാനിപ്പിക്കുക. ഇന്നലത്തെ പത്രത്തില്‍ ഒരു പ്രധാന വാര്‍ത്തയുണ്ടായിരുന്നു. നോയമ്പ് അവസാനിക്കുന്ന സമയത്തു, പള്ളികളില്‍ എത്തി ചേരാന്‍ വിഷമമുള്ള ഭക്തര്‍ വാഹനങ്ങളില്‍ ഇരുന്നു പ്രാര്തിച്ചാലും തെറ്റല്ല എന്നുള്ളതാണ് ഈ വാര്ത്ത.വിശ്വാസികളായ എല്ലാ സഹോദരന്മാര്‍ക്കും എന്റെ റമദാന്‍ ആശംസകള്‍.

റമദാന്‍ ചിന്തകള്‍ 01

Posted on

റമദാന്‍ ചിന്തകള്‍ 01

അങ്ങനെ പുണ്യ മാസമായ റമദാന്‍ ഇന്നു ആരംഭിച്ചു. ഗള്‍ഫില്‍ വന്ന കാലം തൊട്ടേ റമദാന്‍ മാസം വളരെ വിലപ്പെട്ടതായി ഞാന്‍ കണക്കാക്കാറുണ്ട്. പണ്ടു തൊട്ടേ ആചാരങ്ങള്‍ എല്ലാം മത വിത്ത്യാസമില്ലാതെ കാണണം എന്ന് കാരണവന്മാര്‍ പഠിപ്പിച്ചത് കൊണ്ടായിരിക്കാം ഇതു. മാനുഷ്യരെല്ലാം ഒന്നു പോലെ എന്ന മാവേലി സിദ്ധാന്തം എപ്പോഴും ഓര്‍ക്കുന്നതായിരിക്കാം മറ്റൊരു വശം. ഈ ആവേശം ആണ് ഇന്നലെ ഒരു ചെറിയ ലേഖനം റമദാന്‍ മാസത്തിന്റെ പ്രാധന്യങ്ങളെ ഉള്‍കൊള്ളിച്ചു കൊണ്ടു എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

ഇന്നു നമ്മുക്ക് റമദാന്‍ മാസത്തിലെ ഉപവാസത്തിന്റെ പ്രാധാന്യത്തെ പറ്റി ഒന്നു ചിന്തിച്ചു നോക്കാം.

സെപ്റ്റംബര്‍ മാസത്തില്‍ വന്നു ചേര്‍ന്നിരിക്കുന്ന ഈ വര്ഷത്തെ റമദാന്‍ ദിവസങ്ങള്‍ സാധാരണയില്‍ കവിഞ്ഞ സമയ പരിതി ഉള്ളതാണല്ലോ. അപ്പോള്‍ ഉപവാസം ഒരു തപസ്യ എന്നതിലുപരിയെക്കാള്‍ നിശ്ചയമായും നമ്മുടെ സംയമനം പരിശോദിക്കാന്‍ ഉള്ള ഒരു അവസരം കൂടി ആയി തീരുന്നു. നീണ്ട ഉപവാസത്തിന് ശേഷം ഉള്ള ഇഫ്താര്‍ അത് കൊണ്ടു തന്നെ വളരെ ലഘുവായും, പഴവര്‍ഘങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയും ഉള്ളതാവാന്‍ ശ്രമിക്കണം.

റമദാന്‍ സമയത്തെ സക്കാത്ത് ദാനവും ഒരു പ്രത്യേകതയാണല്ലോ. ഒരു അറിവുമില്ലാത്ത സന്ഘടനകളിലേക്ക് കയ്യഴിച്ചു സഹായിക്കാന്‍ പുറപ്പെടുമ്പോള്‍, തന്റെ പരിസരത്ത് കഷ്ടപ്പാട് കൊണ്ടു അലയുന്ന തന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും അവരെ തന്നാലാവുന്ന വിധം സഹായിക്കാനും ശ്രമിച്ചാല്‍ കാരുണ്യവാനായ ഈശ്വരന്‍ എപ്പോഴും നിങ്ങളുടെ ജീവിതത്തിലെ വിവിധങ്ങളായ ശ്രമങ്ങളില്‍ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും.

രമേഷ് മേനോന്‍