Malayalam – Ramadan Thoughts

റമദാന്‍ ചിന്തകള്‍ 14

Posted on

റമദാന്‍ ചിന്തകള്‍ 14

റമദാന്‍ മാസ്സം പതിനാലാം ദിവസ്സത്തിലേക്ക് കടന്നപ്പോള്‍ ഇന്നത്തെ ചിന്തകള്‍ എങ്ങനെ തുടങ്ങാം എന്ന് ആലോചിച്ചപ്പോള്‍ പ്രശസ്തമായ ഒരു പാട്ടാണ് ഓര്മ വന്നത്. പതിന്നാലാം രാവുദിച്ചത് മാനത്തോ കല്ലായി കടവത്തോ എന്ന ഗാനം. ആ പാട്ടിന്റെ ഒരു രംഗങ്ങളും അല്ല ഇവിടെ വിവരിക്കാന്‍ പോകുന്നത്. നമ്മുടെ സംസ്കാരവും രീതികളും എങ്ങിനെ മരിച്ചു പോകാതെ നില നിര്‍ത്താം എന്ന ചിന്ത. കുട്ടികള്‍ തന്നെ അതിലേക്കുള്ള ഏക മാര്‍ഗം.

ഇന്നലെ ഇവിടത്തെ അതി പ്രശസ്തമായ ഒരു സര്‍വകലാശാലയില്‍ പോകാന്‍ ഇടയായി. ഇന്ത്യയില്‍ പേരു കേട്ട ആ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അവസ്സരം കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. അവര്‍ ഇവിടെ തുറന്നപ്പോള്‍ അതിന്റെ എല്ലാ വിധ ഗുണമേന്മകളും നില നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഫീസ് കുറച്ചു കൂടുതലായിട്ടുള്ള ആ സ്ഥാപനത്തില്‍ പഠിക്കുന്നവര്‍ എല്ലാം സാമ്പത്തികമായി ഉയര്ന്ന തരക്കാര്‍. വരുന്നതു വില കൂടിയ കാറുകളില്‍.

ഈ റമദാന്‍ മാസ്സക്കാലത്ത് പുകവലി നോയമ്പ് സമയത്തു നിരോധിച്ചിട്ടുള്ള വസ്തുതയാണ് എന്നറിഞ്ഞിട്ടും പലരും പുറത്തു നിന്നു പുകവലിക്കുന്നത് കാണാമായിരുന്നു. കുട്ടികളില്‍ പുകവലിയും മദ്യപാനവും ഇന്നു സുഹൃത്തുക്കളുടെ ഇടയില്‍ സ്ഥാനമാനത്തിനു വേണ്ട ഒരു ഘടകം ആയോ എന്ന തോന്നല്‍ ആണ് അപ്പോള്‍ എനിക്ക് ഉണ്ടായത്. അതോ ആ സര്‍വകലാശാലയിലെ പഠിത്തവും ജീവിതവും അവരെ അത്രയ്ക്ക് വലക്കുന്നുണ്ടോ?

സസ്നേഹം,

രമേഷ് മേനോന്‍
14092008

റമദാന്‍ ചിന്തകള്‍ 13

Posted on

റമദാന്‍ ചിന്തകള്‍ 13

ഇത്ര പെട്ടെന്ന് വിശുദ്ധ റമദാന്‍ മാസ്സത്തിലെ പതിമൂന്നു ദിവസ്സങ്ങള്‍ കടന്നു പോയി എന്നത് ആരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഒരു നിലക്ക് നോക്കിയാല്‍ കാലം ഇപ്പോള്‍ അതിന്റെ ഗതി വേഗം കൂട്ടിയ മട്ടാണ്. എല്ലാത്തിനും ആര്ക്കും ഒരു ക്ഷമ ഇല്ല. എല്ലാ കാര്യങ്ങളും ഇന്നലെ നടക്കണം എന്ന മട്ടിലാണ് ഇവിടത്തെ പോക്ക്. ഈ പോക്ക് പല സമയങ്ങളിലും പലരെയും പല അപകടത്തിലും ചെന്നു ചാടിക്കുന്നുണ്ട്. ഓര്മ്മ വരുന്നതു എന്റെ ഒരു പഴയ മാനേജര്‍ ഫാക്സ് മഷീനില്‍ പ്രധാന കാര്യങ്ങള്‍ ഒപ്പിട്ടു അയക്കുന്നതിനെ പറ്റിയാണ്. ഒരിക്കല്‍ ഏത് കടലാസ്സും അതിന്റെ ഉള്ളിലൂടെ കയറി ഇറങ്ങിയാല്‍ പിന്നെ അതില്‍ എഴുതിയിട്ടുള്ള തെറ്റുകളെ പറ്റി ഓര്‍ത്തു വിഷമിച്ചിട്ട് ഒരു കാര്യവും ഇല്ല. കാരണം, അത് നിങ്ങളുടെ കൈ വിട്ടു പോയി കഴിഞ്ഞു . മനുഷ്യന്റെ ദൈന്യംദിന ജീവിതത്തിലെ ക്രയവിക്രയങ്ങളും ഇതു തന്നെ.

കുട്ടികളെ പറ്റി ഇന്നലെ എഴുതിയ ചിന്തയില്‍ ഒരു കാര്യം സൂചിപ്പിച്ചിരുന്നു. ഉപവാസ്സം, കണ്ണിനും കാതിനും വായക്കും കൂടി വേണം എന്ന കാര്യം. അത് പലരും സൗകര്യം പോലെ മറക്കും അല്ലെങ്കില്‍ മറന്നു എന്ന് നടിക്കും. എനിക്ക് ദിവസേന കാണുന്ന ഒരു സുഹൃത്ത് ഉണ്ട്. ആരെ കണ്ടാലും അങ്ങേര്‍ക്കു എന്തെങ്കിലും ഒന്നു കളിയാക്കിയില്ലെന്കില്‍ ഒരു സുഖവും ഇല്ല. കേള്ക്കുന്ന ആളുടെ മാനസ്സിക നില, ജോലി സ്ഥലത്തെ അപ്പോഴത്തെ സ്ഥിതി ഒന്നു അദ്ധേഹത്തിനു ഒരു പ്രശ്നമേ അല്ല. ചില സമയങ്ങളില്‍ ഈ കളിയാക്കലുകള്‍ സുഹൃത്തുക്കളെ എത്ര വേദനിപ്പിക്കുന്നു എന്ന് അദ്ദേഹം മനസ്സിലാക്കുന്നില്ല. എല്ലാവരും ഓരോരോ പ്രശ്നങ്ങളാല്‍ ഉഴാലുന്നതാണ് സാധാരണ ജീവിതാവസ്ഥ. ആയതിനാല്‍ എന്തെങ്കിലും കാരണത്താല്‍ ഒരു സുഹൃത്തില്‍ നിന്നു അപ്രതീക്ഷിതമായ രീതിയില്‍ ഒരു പ്രതികരണം ലഭിച്ചാല്‍ നൈമിഷികമായി അതിന് മറുപ്രതികരണത്തിലൂടെ ഒരു യുദ്ധം ആരംഭിക്കാതെ ആ സുഹൃത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ നമ്മുടെ ഇടയില്‍ ഉള്ള വാശിയും വൈരാഗ്യവും ഒരു പരുധി വരെ ഇല്ലാതാക്കാം എന്നാണ് എന്റെ വിശ്വാസം.

ഓണ നാളില്‍ നാട്ടില്‍ നിന്നു തമാശ രൂപേണ ലഭിച്ച ഇമെയില്‍ പലതിലും കള്ള് കുടിയന്മാരുടെ പടങ്ങളായിരുന്നു. നമ്മുടെ നാട്ടിലെ ചെറുപ്പക്കാരുടെ അവസ്ഥ ഇത്രക്ക് ശോച്ചനീയമായി പോകുന്നതില്‍ വലിയ വിഷമം തോന്നി ആ ചിത്രങ്ങള്‍ കണ്ടിട്ട്. നാട്ടില്‍ മാത്രമായാല്‍ തരക്കേടില്ല. ഓണം ആഘോഷിച്ചു കൊണ്ടു ഇവിടെ കിട്ടിയ ഒന്നു രണ്ടു ഫോണ്‍ വിളികളിലും വിരുതന്മാര്‍ നല്ല ആഘോഷത്തിലായിരുന്നു. ഒന്നും രണ്ടും ലക്ഷം രൂപ കൊടുത്തു ഇവിടെ വന്നു ചില്ലറ ജോലി ചെയ്യുന്ന ചെറുപ്പക്കാരുടെ ആഘോഷത്തിന്റെ മറ്റൊരു രൂപം. ഇന്നലെ ലഭിച്ച ഓണാശംസകള്‍ വായിച്ച പലര്ക്കും അറിയാവുന്ന നഗ്ന സത്യങ്ങളില്‍ ഒന്ന്. ഇവരില്‍ ഇതിന് സൗകര്യം ഒരുക്കി കൊടുക്കുന്ന ഇടനിലക്കാരെ കുറിച്ചു എന്ത് പറയാം?

ഇത്രയ്ക്കു നീതിയും നിയമവും കര്‍ശനമായി ഉള്ള ഇവിടെ ഇങ്ങനെ ഒക്കെ കാണിച്ചു കൂട്ടമെന്നുന്ടെങ്കില്‍ പിന്നെ നാട്ടില്‍ എന്തിന് കുറയ്ക്കണം.

നമ്മളുടെ ചിന്തകളും കാലത്തിനു അനുസരിച്ച് അപ്ഗ്രേഡ് ചെയ്യേണ്ട സമയം ആയെന്നു തോന്നുന്നു.

സസ്നേഹം

രമേഷ് മേനോന്‍
13092008

റമദാന്‍ ചിന്തകള്‍ 12

Posted on

റമദാന്‍ ചിന്തകള്‍ 12

ഇന്നു മലയാളികള്‍ക്ക് തിരുവോണം ആണല്ലോ. മാവേലി മന്നനെ വരവേല്‍ക്കാന്‍ ഏവരും അതിയായ ഉത്സാഹത്തോടെ കാത്തിരുക്കുന്ന ദിവസം. റമദാന്‍ മാസ്സമായതിനാല്‍ മറുനാട്ടിലെ മലയാളികള്‍ പലരും ഇതേ കാരണത്താല്‍ ഓണ സദ്യ വൈകീട്ടത്തേക്ക് മാറ്റി വച്ചിരുന്നു.പല സ്ഥലങ്ങളിലും തകൃതിയായി ഓണക്കച്ചവടം ഇന്നലെ വൈക്കീട്ടു നടന്നിരുന്നു. വാഴയിലക്കും നാളികേരത്തിനും ആയിരുന്നു ഏറ്റവും കൂടുതല്‍ ആവശ്യക്കാരും വിലയും.

ഇന്നത്തെ ചിന്തകളും കുട്ടികളെ തുടരട്ടെ. ഇന്നത്തെ ഇവിടത്തെ പത്രത്തില്‍ കുറച്ചു കുട്ടികള്‍ അവരുടെ റമദാന്‍ അനുഭവങ്ങള്‍ എഴുതിയിരുന്നു. എല്ലാം നല്ല ആവേശം പകരുന്നതായിരുന്നു. അതില്‍ ഒരെണ്ണം എനിക്ക് വളരെ ഇഷ്ടമായി. അതല്‍ ആ കൊച്ചു കുട്ടികള്‍ എഴുതിയിരുന്നത് ഉപവാസം ഭക്ഷണത്തിലും വെള്ളത്തിലും മാത്രം ഒതുക്കരുതെന്നായിരുന്നു. ഉപവാസം കണ്ണുകളിലേക്കും ചുണ്ടുകളിലേക്കും കാതുകളിലേക്കും നീളാന്‍ വിശ്വാസികളെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് ആയിരുന്നു അവരുടെ പ്രാര്‍ത്ഥന.

ഇന്നലെ എഴുതിയത് പോലെ അന്നാന്നു ഉള്ള ചിന്തകള്‍ എഴുതുന്നതിലുള്ള ആനന്ദം ഒന്നു വേറെ തന്നെ. ഇതു എന്നെ മറ്റൊരു കാര്യവും ഓര്‍മിപ്പിക്കുന്നു. എന്റെ പരിചയത്തിലുള്ള ഒരു സായ്പ്പ് എപ്പോഴും ചെയുന്ന കാര്യം. പുള്ളിക്കാരന്‍ അദ്ധേഹത്തിന്റെ ഫോണ്‍ എപ്പോഴും ബാറ്ററി കഴിയുന്നത്‌ വരെ ഉപയോഗിക്കും. ബാറ്ററി മുഴുവനും കഴിഞ്ഞാല്‍ വീണ്ടും ചാര്‍ജ് ചെയ്തു ഉപയോഗിക്കും. അദ്ദേഹം പറയുന്നതു ബാറ്ററി മുഴുവനായിട്ട് ഉപയോഗിച്ചു വീണ്ടും ചാര്‍ജ് ചെയ്യുമ്പോള്‍, പ്രവര്ത്തനം കൂടുതല്‍ നന്നാവും എന്നത്രേ. അതെ പോലെ തന്നെ പോകുന്നു എന്റെ ചിന്തകളും. അന്നത്തെ ചിന്തകള്‍ ഇവിടെ എഴുതി തീര്‍ക്കുമ്പോള്‍, മറ്റൊരു നാളേക്ക് വേണ്ടി മറ്റൊരു നല്ല ചിന്തകളിലേക്ക് വേണ്ടി അന്വേക്ഷണം ആരംഭിക്കാന്‍ എന്റെ മനസ്സിന് ഒരു ഉണര്‍വ് കിട്ടുന്നു. ആ ശക്തി തുടര്‍ന്ന് കൊണ്ടു പോകാന്‍ ഈശ്വരന്‍ എന്നും കരുണ കാണിക്കണേ എന്ന പ്രാര്‍ത്ഥനയോടെ,

സസ്നേഹം

രമേഷ് മേനോന്‍
12092008

റമദാന്‍ ചിന്തകള്‍ ‍ 11

Posted on

റമദാന്‍ ചിന്തകള്‍ ‍ 11

ഇന്നു വിശുദ്ധ റമദാന്‍ മാസ്സത്തിലെ പതിനൊന്നാം ദിവസ്സം. ഓരോ ദിവസ്സം ചെല്ലും തോറും എല്ലാവരിലും ഉത്സാഹവും ഭക്തിയും കൂടി വരുന്നു. ഇതോടൊപ്പം തന്നെ എല്ലാവരിലും ഓണത്തിന്റെ ഒരു ഉത്സവ ലഹരിയും കാണാന്‍ സാധിക്കുന്നുണ്ട്. റമദാന്‍ മാസ്സക്കാലമായത് കൊണ്ടു പല സ്ഥലങ്ങളിലും ഓണ സദ്യ വൈകിട്ട് ആണ് ഇത്തവണ പലരും അവരുടെ മുസ്ലിം സുഹൃത്തുക്കളെ കൂടി ഉള്‍പ്പെടുത്താനായി വച്ചിരിക്കുന്നത്. സൌഹൃദവും സാഹോദര്യവും എന്നെന്നും വളരട്ടെ.

ഇതിന് മുന്‍പത്തെ ലക്കത്തില്‍ ഞാന്‍ എഴുതിയല്ലോ, ഇതു ഒരു തപസ്സ്യയായിട്ടാണ് ഞാന്‍ എടുത്തിട്ടുള്ളത്. ഓടുന്ന പട്ടിക്കു ഒരു മുഴം മുന്പേ എന്ന രീതിയില്‍ എന്നാല്‍ ശരി നാളത്തെ ചിന്തകള്‍ ഇന്നു തന്നെ എഴുതി വക്കാം എന്ന് ശ്രമിച്ചാല്‍ ഒരിക്കലും അത് എനിക്ക് സാധ്യമാവാറില്ല. അതാത് ദിവസ്സത്തിന്റെ അവസാനത്തിലെ അന്നത്തെ ചിന്തകള്‍ ഏകദേശം ഒരു പൂര്‍ണതയോടെ മനസ്സില്‍ വരികയുള്ളു.

ഇന്നു കുട്ടികള്‍ തന്നെ ആവട്ടെ നമ്മുടെ ചിന്താ വിഷയം.

ഈയിടെ ഒരു സഹൃദയ വേദിയില്‍ വച്ചു ഒരു മാതാപിതാക്കളുടെ അനുഭവം അറിയാന്‍ ഇടയായി. രണ്ടാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകനോടുള്ള സ്കൂള്‍ അധ്യാപകരുടെ സമീപനം ആയിരുന്നു ചര്‍ച്ചാ വിഷയം. പതിവിലും കവിഞ്ഞ വികൃതിയും ഉത്സാഹവും ഒക്കെ കൂടി കലര്ന്ന ഒരു കൊച്ചു വികൃതി ആയിരുന്നു അവന്‍. ഇയിടെയായി സ്കൂളില്‍ നിന്നു വരുമ്പോള്‍ മിക്ക ദിവസ്സവും ശരീരത്തില്‍ നല്ല അടി കിട്ടിയ പാടു ഉണ്ടാവും. ചോദിച്ചപ്പോള്‍ വിവരം കുറച്ചു ഗുരുതരം ആണ്. ക്ലാസ്സില്‍ അടിപിടിയാണ് വിഷയം. എന്ത് കൊണ്ടോ എന്നും നമ്മുടെ കക്ഷിയെ ക്ലാസ്സിലെ ടീച്ചര്‍ കുറ്റക്കാരനായി പ്രഖ്യാപിച്ചു നടത്തുന്ന ഭേദ്യങ്ങളുടെ ഫലം ആയിരുന്നു ആ പാടുകള്‍. സ്കൂള്‍ തുറന്നു കുറച്ചു ആഴ്ചകള്‍ക്കുള്ളില്‍ കുട്ടിയുടെ സംസാരവും കളിയും ചിരിയും ഒക്കെ കുറഞ്ഞു. ഏകദേശം ഒരു രണ്ടാഴ്ച കൂടി കഴിഞ്ഞപ്പോള്‍ കുറേശ്ശെ വിക്കല്‍ സംസാരത്തില്‍ കണ്ടു തുടങ്ങി. കാര്യമായി അന്വേഷിച്ചപ്പോള്‍ ടീച്ചറുടെ പുതിയ രീതി കുട്ടിയെ പേടിപ്പിക്കലാണ്. അത് എന്താണെന്നോ – കുട്ടിയെ തല കേഴാക്കി കെട്ടി തൂക്കും എന്ന് പറഞ്ഞു കൊണ്ടു!!! സ്കൂളില്‍ പോകാം എന്ന് പറഞ്ഞാല്‍ കുട്ടിക്ക് ഇപ്പോള്‍ കൊല്ലുന്നതിനു തുല്ല്യം.

എത്രയോ മാതാപിതാക്കള്‍ കുട്ടികള്‍ ഇല്ലാതെ വിഷമിക്കുന്നു. ഉള്ള കുട്ടികള്‍ തന്നെ എത്രയോ തരത്തില്‍ കഷ്ടപ്പെടുന്നു. അവരെ ഒരു തരത്തിലും മാനസ്സികമായി വിഷമിപ്പിക്കരുതെന്ന ബാല പാഠം അറിയാത്ത ആ അധ്യാപികക്ക് നല്ല ബുദ്ധി തോന്നിക്കണേ എന്ന് മാത്രമേ ഈ പുണ്യ മാസ്സകളത്തിലെ ഉത്രാട രാവില്‍ എനിക്ക് പ്രാര്‍ത്ഥന ഉള്ളൂ.

സസ്നേഹം

രമേഷ് മേനോന്‍
11092008

റമദാന്‍ ചിന്തകള്‍ 10

Posted on

റമദാന്‍ ചിന്തകള്‍ 10

ഇന്നു വിശുദ്ധ റമദാന്‍ മാസ്സത്തിലെ പത്താം ദിവസ്സം. ഓരോ ദിവസ്സം ചെല്ലും തോറും ഒരു പ്രത്യേക അനുഭൂതി തോന്നുന്നു ഇവിടെ വരുന്നതിലും ഈ ചിന്തകള്‍ എഴുതുന്നതിലും. വിവിധങ്ങളായ കാര്യങ്ങള്‍ എവിടെ നിന്നോ എങ്ങനെയോ ഒക്കെ കടന്നു വരുന്നു.

ഇന്നലെ ഈ നാട്ടില്‍ ഒരു മഹാ സംഭവം നടന്നു. ഒരു ചെറിയ ഭൂമി കുലുക്കം. 6.2 സ്കെയില്‍ ഓളം ഏകദേശം വന്ന ആ കുലുക്കം എന്തും സംഭവിപ്പിക്കമായിരുന്നു. വലിയ കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ മൂന്ന് മണിയോടെ ഒരു ചെറിയ തല കറക്കം അനുഭവപ്പെട്ടപ്പോള്‍ റമദാന്‍ മാസ്സത്തില്‍ നോയമ്പ് എടുക്കുന്നത് കൊണ്ടുള്ള ക്ഷീണം ആയിരിക്കാം എന്നെ കരുതിയുള്ളു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഏതാനും സുഹൃത്തുക്കള്‍ ദുബായില്‍ നിന്നു വിളിച്ചു ഇവിടത്തെ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ആണ് സംഗതിയുടെ ഗൌരവം മനസ്സിലായത്. ഈ കെട്ടിട സമുച്ചയങ്ങളുടെ ദുര്ബ്ബലതയും അപ്പോള്‍ മനസ്സിലായി. ഈശ്വരന്‍ എത്ര കരുണ ഉള്ളവനാണ് എന്ന കാര്യവും!

ഇന്നലെ തന്നെ യാദൃശ്ചികമായി ഒരു സുഹൃത്തിന്റെ അനുഭവം കേള്‍ക്കാനിടയായി. Baba Atomic Research Centre എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത്. വളരെ കാലത്തെ ആണവ സമ്പര്‍ക്കം കാരണമാണോ എന്ന് അറിയില്ല അദ്ധേഹത്തിന്റെ രണ്ടു വൃക്കകളും തകരാറിലായി. ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം ഒരു വൃക്ക എടുത്തു കളഞ്ഞു. ശേഷിച്ച ഒരെണ്ണം 50% ത്തില്‍ താഴെ മാത്രമേ പ്രവര്ത്തന ശേഷി ഉള്ളു. അദ്ധേഹത്തിനു ഏഴ് വര്ഷം മുന്പ് ഡോക്ടര്‍ കൊടുത്ത കാലാവധി ഒരു വര്ഷം മാത്രം. ഇപ്പോഴും പൂര്‍ണ ആരോഗ്യവാനായിരിക്കുന്ന അദ്ദേഹം ഡോക്ടര്‍മാര്‍ക്ക് ഒരു അതിശയം ആണ്. ചിട്ടയായ ജീവിതവും, എന്ത് തന്നെ വന്നാലും താന്‍ ജീവിച്ചിരിക്കും എന്ന നിശ്ചയവും നിത്യേന മുടങ്ങാതെയുള്ള യോഗ അഭ്യാസവും ഇന്നും അദ്ധേഹത്തെ പൂര്‍ണ ആരോഗ്യവാനായി ഇരുത്തുന്നു. അദ്ധേഹത്തെ പോലുള്ളവരും, കാര്‍ഗില്‍ പോലുള്ള സ്ഥലങ്ങളില്‍ കടുത്ത ത്യാഗങ്ങള്‍ സഹിച്ചു ദേശത്തിന് വേണ്ടി ജീവന്‍ അര്‍പ്പിക്കുന്ന ആയിര കണക്കിന് പട്ടാളക്കാരുടെ ജീവിതവും നോക്കുമ്പോള്‍ നമ്മള്‍ എത്ര ഭാഗ്യവാന്മാര്‍. ഒരു പത്തു മിനിട്ട് ട്രാഫിക് കുരുക്കില്‍ പെട്ട് കുഴങ്ങുമ്പോള്‍ കാറിന്റെ ഹോണ്‍ അടിച്ച് ബഹളം ഉണ്ടാക്കുന്ന വിരുതരെയും ഓര്ത്തു പോകുന്നു.

ജീവിതത്തില്‍ ഒരു ഇരുപതു മിനിട്ട് കൂടുതല്‍ കണ്ടെത്താന്‍ ഉള്ള വ്യഗ്രതയിലാണ് ഞാന്‍ ഇപ്പോള്‍. പത്തു മിനിട്ട് ഇതേ ചിന്തകള്‍ എന്റെ ഇംഗ്ലീഷ് ഭാഷ ബ്ലോഗ് വായിക്കുന്ന സുഹൃത്തുക്കള്‍ക്ക് വേണ്ടി നീക്കി വക്കാനും, മറ്റൊരു പത്തു മിനിട്ട് എന്റെ ഫ്രെന്ച്ച് ബ്ലോഗ് വായിക്കുന്ന സുഹൃത്തുക്കള്‍ക്ക് വേണ്ടിയും. രണ്ടാമത്തെ കൂട്ടരേ ഇപ്പോള്‍ തീരെ മറന്നു എന്നതാണ് അവരുടെ പരാതി.

എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും റമദാന്‍ മാസ്സതിന്റെ ഭക്തി നിര്‍ഭരമായ നോമ്പിന്റെ ആശംസകളും എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍.

രമേഷ് മേനോന്‍
10092008

റമദാന്‍ ചിന്തകള്‍ 09

Posted on

റമദാന്‍ ചിന്തകള്‍ 09

ഇന്നു വിശുദ്ധ റമദാന്‍ മാസ്സത്തിലെ ഒന്‍പതാം ദിവസം. എല്ലാ വിശ്വാസികള്‍ക്കും എന്റെ പ്രണാമങ്ങള്‍. ഇവിടെ ഞാന്‍ കുറച്ചു ദിവസ്സങ്ങളായി എഴുതി വരുന്നതിനെ പറ്റി പല തരത്തിലുള്ള അഭിപ്രായങ്ങളും എനിക്ക് കിട്ടാറുണ്ട്‌. പരമാവധി മത രാഷ്ട്രീയ ചിന്തകള്‍ ഒന്നും തന്നെ പ്രതിപാധിക്കാതെ ഇരിക്കുന്നതും അത് തന്നെ കാരണം. ഇതു ഒരു സൌഹൃദത്തിന്റെ വേധിയാണല്ലോ. അത് വളര്ന്നു വലുതാവുകയാണ്‌ നമ്മുടെ ആവശ്യം. സമുധായത്തിനു സഹായമേകാന്‍ സന്നദ്ധത ഉള്ള ഒരു പറ്റം മനുഷ്യരുടെ കൂട്ടായ്മ. അതാണ് ലക്‌ഷ്യം. അവിടെ വേണ്ടത് അടുക്കും ചിട്ടയും ആണ്. അത് വളരാനും, വളര്‍ത്തി കൊണ്ടു വരാനും ഉതകുന്ന ചില ചെറിയ കാര്യങ്ങള്‍ സ്പര്‍ശിക്കുക മാത്രമെ ഇവിടെ ഞാന്‍ ചെയുന്നുള്ളൂ. അത് നിത്യേന ഞാനും നിങ്ങളും കാണുകയും കേള്‍ക്കയും ചെയ്യുന്ന സാദാരണ കാര്യങ്ങളില്ലൂടെ നിങ്ങള്‍ക്കായി എഴുതുന്നു.

അപ്പോള്‍ വരുന്ന ഒരു പ്രസക്തമായ ചോദ്യം – സാധാരണ എന്നോട് പലരും ചോദിക്കാറുള്ള ചോദ്യം? ഏത് സമയവും കമ്പ്യൂട്ടറിന് മുന്നിലാണ്‌ അല്ലെ ജോലി ? അല്ലേ അല്ല. പക്ഷെ ഏത് സമയവും എന്റെ കയ്യില്‍ ഒരു തുണ്ട് കടലാസ്സും ഒരു പേനയോ പെന്‍സിലോ കാണും. അതാതു സമയത്തു മനസ്സിലൂടെ കടന്നു പോകുന്ന ഓരോ ചെറിയ നുറുങ്ങു ചിന്തകളും ഒന്നോ രണ്ടോ ചെറിയ വാചകങ്ങളായി അതില്‍ കുറിച്ചിടും. അത് ചിലപ്പോള്‍, ഓഫീസില്‍ ഇരിക്കുന്ന സമയത്താവം, അല്ലെങ്കിലും, ഡ്രൈവ് ചെയുന്ന സമയത്താവം, വായിക്കുന്ന സമയത്താവം അല്ലെങ്കില്‍ വൈകീട്ട് നിത്യേന ഉള്ള നടത്താമോ ഒട്ടത്തിന്റെയോ ഒക്കെ സമയത്താവം. ആ ചെറിയ നുറുങ്ങുകളാണ് – spark – വലിയ കാര്യങ്ങളിലേക്കുള്ള മാര്‍ഗ ദര്ശികള്‍. നമ്മുക്ക് ഇവിടെ സ്പാര്‍ക്ക് എന്ന പേരിലുള്ള ഒരു സുഹൃത്ത് ചെയ്തു വരുന്നതും ഇതു പോലെ വിജ്ഞാന പ്രദമായ കാര്യങ്ങള്‍ തന്നെ.

അടുക്കിനെയും ചിട്ടയെയും പറ്റി പറഞ്ഞു വരുമ്പോള്‍ ഓര്മ്മ വരുന്നതു ഒരു പ്രധാന കാര്യം. ഇവിടെ നമ്മുടെ പല സുഹൃത്തുക്കളും ജോലിക്കായി അപേക്ഷകള്‍ അയക്കാറുണ്ട്. പലരില്‍ നിന്നും അപേക്ഷകള്‍ കിട്ടരും ഉണ്ട്. പല സമയത്തും ഒരു ആമുഖമോ, വിവരണമോ ഒന്നും ഇല്ലാത്ത ഒരു ഇമെയില്‍ ആണ് കണ്ടു വരുന്നതു. എന്ത് കൊണ്ടു ഒരു അഞ്ചു മിനിട്ട് സമയം കൂടുതല്‍ എടുത്തു, തന്നെ പറ്റിയും, താന്‍ നേടാന്‍ ഉദ്ദേശിക്കുന്ന പുതിയ ജോലിയെ പറ്റിയും തന്റെ അതിനുതകുന്ന അനുയോജ്യതയെ പറ്റിയും തന്നാലാവുന്ന ഒരു ചെറിയ രീതിയില്‍ എഴുതി സമര്‍പ്പിച്ചു കൂടാ? ഇതു ആ അപേക്ഷ കിട്ടുന്ന അത് വായിക്കുന്ന ആള്‍ക്ക് ആ അപേക്ഷ നല്കിയ ആളെ പറ്റി ഒരു ഏകദേശ രൂപം കിട്ടാനുള്ള അവസ്സരം അനായാസം നല്കുന്നു.

ഇനി വേറെ ഒരു ചില കൂട്ടരെയും കാണുവാനിടയായി. ജോലികള്‍ക്കായി അപേക്ഷിക്കുക. അവരെ പരീക്ഷകള്‍ക്കായി വിളിക്കുമ്പോള്‍ വരാതിരിക്കുകയോ ഒഴിവു കഴിവ് പറയുകയോ ചെയ്യുക. തനിക്ക് പറ്റില്ല എന്ന് ഉള്ളപ്പോള്‍ എന്തിന് അപേക്ഷിച്ച് മറ്റുള്ളവരുടെ സമയം വെറുതെ നഷ്ടപ്പെടുത്തുന്നു?

ഇന്നലെ പ്രശസ്തരായ രണ്ടു സംഗീതജ്ഞര്‍ നിര്യാതരായി. കുന്നക്കുടി വൈദ്യനാഥ ഭാഗവതരും, ചക്കംകുളം അപ്പു മാരാരും. വയലിന്‍ വായനയിലൂടെ ഭാഗവതരും ചെണ്ട മേളത്തിലൂടെ മാരാരും നമ്മളെ മാസ്മര ലോകത്തിലേക്ക്‌ നയിച്ചവരായിരുന്നു. ഭാഗവതര്‍ ഒരിക്കല്‍ മദിരാശിയില്‍ വയലിന്‍ വായിച്ചു മഴ പെയിച്ചുവത്രെ. അത്രയ്ക്ക് വിദ്വാന്‍ ആണ് അദ്ദേഹം. എന്നാല്‍ തന്നെ ആദരിക്കാന്‍ വന്നവരോടെ അദ്ദേഹം പറഞ്ഞതു – ഇതു തന്റെ മാത്രം കഴിവല്ല, താന്‍ വയലിന്‍ വായനയിലൂടെ ഈശ്വരനോട് പ്രാര്തിച്ചപ്പോള്‍ തന്നോടൊപ്പം ചേര്ന്നു പ്രാര്‍ത്ഥന നടത്തിയ അനേകായിരം ഭക്തരുടെ പ്രാര്‍ഥനയുടെ സമ്മിശ്ര ഫലമാണ് അതെന്നായിരുന്നു അദ്ധേഹത്തിന്റെ ഭാഷ്യം.

ഏതൊരു കൂട്ടായ്മയും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ നല്ല ലക്‌ഷ്യം താനേ വന്നു ചേരും എന്ന് വേറെ ഒരു രീതിയില്‍ അദ്ദേഹം നമ്മളെ മനസ്സിലാക്കി തരുന്നു.

സസ്നേഹം,

രമേഷ് മേനോന്‍
09092008

റമദാന്‍ ചിന്തകള്‍ 08

Posted on

റമദാന്‍ ചിന്തകള്‍ 08

ഇന്നു വിശുദ്ധ റമദാന്‍ മാസത്തിലെ എട്ടാം ദിവസം. കാലത്തു ഉപവാസ്സത്തിനു മുന്‍പും ഉപവാസ്സം കഴിഞ്ഞും ഉള്ള ഭക്ഷണ രീതികളാകട്ടെ ഇന്നത്തെ വിഷയം.

പ്രശസ്തരായ മത ചിന്തകരുടെ അഭിപ്രായം, കാലത്തു ഉള്ള അത്താഴം അവനവന്റെ ജോലിക്ക് നിരക്കുന്ന രീതിയില്‍ ലഘുവായതോ കനം കൂടിയതോ ആവാം എന്നാണ്. ചായ, കാപ്പി എന്നെ പാനിയങ്ങള്‍ രാത്രി കാലത്തു ഉപേക്ഷിച്ചാല്‍, അല്ലെങ്കില്‍ കുറച്ചാല്‍ മൂത്ര ശങ്ക കുറയ്ക്കാം. വൈകുന്നേരം ഉപവാസം അവസാനിപ്പിക്കുന്ന സമയത്തു വളരെ ലഘുവായ ഭക്ഷണമോ പാനിയമോ കഴിക്കുക. ശരീരത്തിനും മനസ്സിനും ഇതു ആശ്വാസ്സവും കരുതും നല്കും.

എല്ലാ വിശ്വാസികള്‍ക്കും നന്മ നേര്‍ന്നു കൊണ്ടു സസ്നേഹം

രമേഷ് മേനോന്‍
08092008

റമദാന്‍ ചിന്തകള്‍ 07

Posted on

റമദാന്‍ ചിന്തകള്‍ 07

ഇന്നു വിശുദ്ധ റമദാന്‍ മാസ്സത്തിലെ ഏഴാം ദിവസ്സം. ഓരോ ദിവസ്സം കഴിയും തോറും, ഭക്തിയും ശക്തിയും കൂടുതല്‍ ആര്‍ജിച്ചു വരുന്നതായി എല്ലാവരിലും ഒരു തോന്നല്‍ ഉളവായി കൊണ്ടിരിക്കുന്നു. ആദ്യ ദിവസങ്ങളിലെ ക്ഷീണമോ വിഷമതകള്‍ ഒന്നും തന്നെ ഇപ്പോള്‍ ഇല്ല.

ഇന്നലത്തെ ചിന്തകള്‍ വസ്ത്ര ധാരണ രീതികളെ പറ്റിയായിരുന്നു. സമൂഹത്തില്‍ മനുഷ്യരുടെ പെരുമാറ്റ ചട്ടങ്ങളും അവിടെ ചെറുതായി കടന്നു വന്നു.

ഇന്നലെ കാറില്‍ യാത്ര ചെയ്യുന്ന സമയത്തു ഉണ്ടായ രണ്ടു അനുഭവങ്ങള്‍ ഇവിടെ വിവരിക്കാം. കാലത്തു , പ്രത്യേകിച്ചും ഈ റമദാന്‍ മാസ്സക്കാലത്ത് ടാക്സി കിട്ടാന്‍ വളരെ വിഷമമാണ് അബുധാബിയില്‍. മറ്റു സ്ഥലങ്ങളായ ദുബായിലും സ്ഥിതി വ്യതസ്തമല്ല. കാലത്തു ഒരാവശ്യത്തിന് പുറത്തു പോയപ്പോള്‍ വഴിയില്‍ കണ്ട ഒരു കാഴ്ച ഇവിടെ വിവരിക്കാം. എല്ലാ സ്ടോപ്പുകളിലും ധാരാളം യാത്രക്കാര്‍ ടാക്സി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഒരിടത്ത് ഒരു സ്ത്രീ സ്റ്റോപ്പ് ഇല്ലാത്ത ഒരു സ്ഥലത്തു നില്ക്കുന്നത് കാണാന്‍ ഇടയായി. മുന്നില്‍ പോയിരുന്ന ടാക്സി കൈ കാണിച്ചു നിര്‍ത്താതെ വന്നപ്പോള്‍ അവര്‍ ആ ഡ്രൈവര്‍ കേള്ക്കുന്ന വിധത്തില്‍ ഉറക്കെ ശപിക്കുന്നതും കണ്ടു. പാവം അയാള്‍ എന്ത് ചെയ്യും? സ്ടോപ്പുകളില്‍ മാത്രമേ ഇവിടെ നിര്‍ത്താന്‍ പറ്റുകയുള്ളൂ! അവരും എന്ത് ചെയ്യും? നട്ടുച്ച നേരത്ത് വെയിലത്ത്‌ കുറെ നേരമായിട്ടുണ്ടാവം പാവം ടാക്സി കാത്തു നില്ക്കുന്നത്. സ്ടോപ്പുകളില്‍ ആരും ക്യു പാലിക്കുന്നില്ല. ഇതു ഒരു വലിയ പ്രശ്നം തന്നെ.

വേറെ ഒരു ചിന്ത കടന്നു വന്നത് വസ്ത്ര ധാരണ രീതിയെയും പെരുമാറ്റ ചട്ടങ്ങളെയും പറ്റിയാണ്. ഇന്നലത്തെ ചിന്തകളില്‍ അത് സൂചിപ്പിച്ചിരുന്നു. യാത്ര ചെയ്യുമ്പോള്‍ മലയാളം റേഡിയോ വച്ചപ്പോള്‍ ഒരു പ്രശസ്ത മത ചിന്തകന്റെ പ്രഭാഷണം കേള്‍ക്കാന്‍ ഇടയായി. സംയമനം ആയിരുന്നു വിഷയം. വളരെ നല്ല രീതിയില്‍ അദ്ദേഹം മനുഷ്യനും മൃഗങ്ങളും തമിലുള്ള വ്യത്യാസ്സങ്ങള്‍ മനസ്സിലാക്കി തരുന്നുണ്ടായിരുന്നു. ഇന്നലെ തന്നെ, ഇവിടത്തെ ഒരു പത്രത്തില്‍ വന്ന കത്തുകളില്‍ ഒരെണ്ണവും എന്റെ ശ്രദ്ധ പിടിച്ചു പറ്റി. റമദാന്‍ കാലത്തു മറ്റു മത വിശ്വാസികള്‍ക്കുള്ള വിലക്ക് പാടില്ല എല്ലാം സാധാരണ പോലെ തന്നെ നടക്കണം എന്നാല്‍ മാത്രമേ, സംയമനം – ഭക്ഷണതിനോടും മറ്റു ലൌകീകമായ ആസക്തികളോടും പൊരുതി യഥാര്‍ത്ഥ രീതിയില്‍ ഉപവാസം അനുഷ്ടിക്കാന്‍ ഇട നല്‍കുകയുള്ളൂ എന്ന് അദ്ദേഹം എഴുതികണ്ടു. ഒരു വേറിട്ട ചിന്ത.

കാര്‍ ഓടിക്കൊണ്ടിരുന്നപ്പോള്‍ യേശുദാസിന്റെ ഒരു നല്ല ഗാനവും അപ്പോള്‍ കേള്‍ക്കാനിടയായി…

അള്ളാവിന്‍ കാരുണ്യം ഇല്ലെങ്കില്‍ ഭൂമിയില്‍ എല്ലാരും എല്ലാരും യത്തീമുകള്‍ ….

മറ്റൊരു ഗാനവും അപ്പോള്‍ ഓര്‍മയില്‍ വന്നു…

ഈശ്വര ചിന്തയിതോന്നെ മനുഷ്യന് ശാശ്വതമേ ഉലകില്‍…

സസ്നേഹം,

രമേഷ് മേനോന്‍
07092008

റമദാന്‍ ചിന്തകള്‍ 06

Posted on Updated on

റമദാന്‍ ചിന്തകള്‍ 06

ഇന്നു പുണ്യ മാസമായ റമദാന്‍ മാസ്സത്തിലെ ആറാം ദിവസം. വെള്ളിയാഴ്ച ഒഴിവു കഴിഞ്ഞു വീണ്ടും വേനല്‍ക്കാലത്തെ ഒരു ആഴ്ചയുടെ ആരംഭം. ഭക്തിയിലും വിശുദ്ധിയിലും സര്‍വവും ഈശ്വരനില്‍ സമര്‍പ്പിച്ചു കിട്ടിയ ഉണര്‍വും ഉത്സാഹവും ഈ ആഴ്ചയും തങ്ങളെ എപ്പോഴും നേര്‍വഴിയിലൂടെ നടക്കാന്‍ ഈശ്വരാനുഗ്രഹം ഉണ്ടാവാന്‍ വേണ്ടിയുള്ള യജ്ഞങ്ങളുടെ സാക്ഷത്കാരത്തിന്റെ ഒരു ചെറിയ ഫലം നേടിയതിന്റെ സന്തോഷം മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു.

ഇന്നത്തെ ചിന്ത വിഷയം റമദാന്‍ മാസ്സക്കാലത്തെ ആചാരങ്ങളും വിശ്വാസങ്ങളും എങ്ങനെ മറ്റുള്ളവര്‍ നോക്കി കാണുന്നു എന്നതാകട്ടെ. കുറച്ചു കടന്ന വിഷയമാണ്. എന്നാലും അത് ഇവിടെ പ്രതിപാതിക്കാതെ വയ്യ എന്ന നില വന്നിരിക്കുന്നു. കാരണം സാധാരണ വൈക്കീട്ടു ഒരു ചെറിയ നടത്തം അബുദാബി കോര്‍ണിഷില്‍ ഞാന്‍ നടക്കാറുണ്ട്. ഏകദേശം ഇരുട്ട് വീണ സമയത്തുള്ള ആ നടത്തത്തില്‍ ഇന്നലെ കണ്ട കാഴ്ചകള്‍ വലിയ സുഖം പകരുന്നതായിരുന്നില്ല. എങ്ങിനെ മനുഷ്യര്‍ ഇത്ര വിവേകം ഇല്ലാതെ പെരുമാറുന്നു. അതും വിദ്യാഭ്യാസവും വിവരവും ഉള്ളവര്‍ കാണിച്ചു കൂട്ടുന്ന തോന്നിവാസ്സങ്ങള്‍.

ഓരോ രാജ്യത്തില്‍ വരുന്നവര്‍ അതാതു രാജ്യത്തിന്റെ അതിഥികളായി കാണുന്നത് സ്വാഭാവികം മാത്രം. അതിഥി ദേവോ ഭവഃ എന്നതു അളവില്‍ കവിഞ്ഞ രീതിയില്‍ എടുത്തു പെരുമാറിയാല്‍ പറ്റുന്ന അബദ്ധങ്ങള്‍ പറഞ്ഞു അറിയിക്കെണ്ടല്ലോ. ഇവിടെ ഒരു ഷോപ്പിങ്ങ് മാള്‍ കാവടത്തില്‍ വച്ചിരിക്കുന്ന നോട്ടീസ് അതിനെ ഏകദേശം വിവരിക്കുന്നു.

എല്ലാവര്ക്കും നല്ലത് മാത്രം വരുത്താന്‍ ഈശ്വരന്‍ എന്നും ഇടവരുത്തട്ടെ എന്ന് പ്രാര്‍ത്തിച്ചു കൊള്ളുന്നു.

അധ്യാപക ദിനം – ഗുരു സ്മരണകള്‍

Posted on

അധ്യാപക ദിനം – ഗുരു സ്മരണകള്‍

ഇന്നു സെപ്റ്റംബര്‍ അന്ചാം തിയതി. അധ്യാപക ദിനം. കാമുകീ കാമുകന്മാരുടെ ദിനങ്ങളും വിഡ്ഢി ദിനങ്ങളും വളരെ ആഘോഷം ആയി ആചരിച്ചു വരുന്ന നമ്മള്‍ ഈ പ്രധാന ദിനത്തെ എന്ത് കൊണ്ടോ മറന്നു പോകുന്നു. ഇവിടെ സമയം പന്ത്രണ്ടു മണി കഴിഞ്ഞു മുപ്പതു മിനിട്ട്. ഇതേ വരെ ഇമെയില്‍ ഒന്നും ഇതിനെ കുറിച്ചു ആരും എഴുതി കണ്ടില്ല. എന്നാല്‍ ശരി ഞാന്‍ തന്നെ ആരംഭിക്കാം എന്ന് വിചാരിച്ചു.

ഈ അടുത്ത് കഴിഞ്ഞ ഗുരു പൌര്‍ണമി ദിവസം അവതരിപ്പിക്കാന്‍ ഉദ്ദേശിച്ച വസ്തുതകള്‍ ഇന്നു ആണ് സമയവും സന്ദര്‍ഭവും സാഹചര്യവും ഒത്തു വന്നു എഴുതാന്‍ ഇടയായത്.

കുട്ടികാലം തൊട്ടു തന്നെ തുടങ്ങാം. ഡോണ്‍ ബോസ്കോയിലെ കൊച്ചു ക്ലാസ്സ് മുറികളില്‍ ആദ്യ പാഠങ്ങള്‍ ചൊല്ലി തന്ന സിസിലി ടീച്ചര്‍ക്ക് തന്നെയാവട്ടെ ആദ്യ പ്രണാമം. അന്ന് രണ്ടു ആധ്യപികമാര്‍ ഉണ്ടായിരുന്നത് രണ്ടു പേര്‍ക്കും സിസിലി എന്ന പേരു യാദ്രിശ്ചികം മാത്രം. ഇന്നത്തെ പോലെ നന്നായി പഠിക്കുന്ന കുട്ടികള്ക്ക് പുസ്തകങ്ങളില്‍ നിറയെ നക്ഷത്രങ്ങള്‍ ഒന്നും കിട്ടാത്ത കാലം. കൊല്ലം അവസ്സാനിക്കുമ്പോള്‍ നല്ല മാര്‍ക്ക് തുടര്‍ച്ചയായി കിട്ടുന്ന കുട്ടികള്ക്ക് അസംബ്ലി കൂടുമ്പോള്‍ കിട്ടുന്ന ഏതാനും പുസ്തകങ്ങള്‍ മാത്രം സ്മരണകള്‍. അങ്ങനെ സിസിലി ടീച്ചര്‍ തന്ന “നല്ല അമ്മ” എന്ന പുസ്തകം ഒരു നിധി പോലെ ഇന്നും സുരക്ഷിതം.

അവിടെ നിന്നു കുറച്ചു ഉയര്ന്ന ക്ലാസ്സുകളില്‍ എത്തിയപ്പോള്‍ ഇംഗ്ലീഷ് ഭാഷ തെറ്റ് കൂടാതെ എഴുതാനും ആ ഭാഷയിലെ പ്രയോഗങ്ങളുടെ സൌന്ദര്യങ്ങള്‍ മനസ്സിലാക്കാനും തരമാക്കിയ ചാക്കോ സാറിന് ഒരു പ്രണാമം. ഒരു പീരീഡ്‌ ഇംഗ്ലീഷ് ഭാഷയും മറ്റു പീരീഡ്‌ സാമുഹ്യ ശാസ്ത്രവും ആയി മാറി മാറി വരുന്ന ആ എപ്പോഴും പുന്ചിരിച്ച മുഖമുള്ള, ദുര്‍ബല ശരീരം ഉള്ള വ്യക്തിയുടെ കയ്യിലെ – ക്ലാസുമുറിയില്‍ ചോക്കും ക്ലാസ്സ് കഴിഞ്ഞാല്‍ സിഗരറ്റും – ഇന്നും വ്യക്തമായി മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു.

സാമൂഹ്യ സേവനവും അതിന്റെ പ്രാധന്യങ്ങളെയും കുറിച്ചു കുട്ടികളുടെ മനസ്സില്‍ കൊച്ചു നാള്‍ മുതലേ തന്നെ പറഞ്ഞു തരികയും, ചെയ്യിക്കയും ചെയ്തു അതിനോട് അവര്‍ അറിയാതെ ഒരു പ്രതിപത്തി വരുത്തിയ ഫാദര്‍ വര്‍ഗീസ്സിനു ആവട്ടെ ഇനിയത്തെ പ്രണാമങ്ങള്‍.

കലയും കായിക രങ്കവും പഠനത്തിനൊപ്പം പ്രാധാന്യം ഉള്ള രണ്ടു കാര്യങ്ങളാണെന്ന് പഠിപ്പിച്ചു തന്ന ഫാദര്‍ സൈമണ്‍ ഇന്നും ഓര്‍മയില്‍ നിറഞ്ഞു നില്ക്കുന്നു. സ്കൂള്‍ കായിക മത്സരങ്ങളില്‍ ടേബിള്‍ ടെന്നിസിലും ബാസ്കെറ്റ് ബോള്‍ കളിയിലും സ്കൂള്‍ ടീം ഓരോ വര്ഷവും ട്രോഫികള്‍ വാരിക്കൂട്ടുമ്പോള്‍ അച്ഛന്‍ കുട്ടികള്ക്ക് നല്കിയ വിലപ്പെട്ട പാഠങ്ങള്‍ വില മതിക്കാത്തതാവുന്നു.

മേരാ ഭാരത്‌ മാഹാന്‍ എന്ന് ചൊല്ലി പഠിപ്പിച്ചു രാഷ്ട്ര ഭാഷയിലെ കുരുക്കുകള്‍ വളരെ ലാളിത്യത്തോടെ കുട്ടികളില്‍ ആഴത്തില്‍ വേരുറപ്പിച്ചു ഹൃധിസ്തമാക്കിയ വര്‍ഗീസ് സാറിന് ആവട്ടെ ഇനിയത്തെ പ്രണാമം. ഒരു ഭാഷ കൂടി പഠിക്കുന്നതിന്റെ പ്രാധാന്യം മറ്റൊരു ഭാഷയിലേക്കുള്ള, മറ്റൊരു സംസ്കാരത്തെ കുറിച്ചു അറിയാനുള്ള ഒരു ചവിട്ടു പടിയാണെന്ന് അദ്ദേഹം പറഞ്ഞു തന്ന വാക്കുകള്‍ ഇന്ന്നും ഓര്‍മയില്‍ നിറഞ്ഞു നില്ക്കുന്നു.

മിലിട്ടറി ജീവിതത്തിന്റെ സ്മരണകളുമായി ഒരു ചിട്ടയായ ജീവിതം പഠന സമയത്തും അതിന് ശേഷവും അത്യാവശ്യമാണെന്ന് മലയാള ഭാഷയുടെ മധുര വശങ്ങളില്‍ ചൊല്ലി തന്ന കുര്യന്‍ സാറിനും പ്രണാമം. മലയാളത്തില്‍ ധാരാളം കവിതകളും കഥാ പുസ്തകങ്ങളും എഴുതിയാ ചന്ദ്രശേഖരന്‍ സാറിനും മലയാള ഭാഷയിലെ ഭാഷ വ്യത്യാസങ്ങള്‍ പാഷയും, ഫാഷയും ഭാഷയും കൃത്യതയോടെ മനസ്സിലാക്കി തന്ന ശിവശന്കാരന്‍ സാറിനും പ്രണാമം.

ഇലക്ട്രിസിറ്റി എങ്ങനെ ഉണ്ടാക്കുന്നു എന്നത് തൊട്ടു രാമനും ന്യൂട്ടണ്‍ ഉം ചെയ്തു തന്ന ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ ബാല പാഠങ്ങള്‍ ചൊല്ലി തന്ന ലോനപ്പന്‍ സാറിനും പ്രണാമം.

തന്റെ മക്കള്‍ കൂടെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന കുട്ടികളില്‍ നിന്നു വ്യത്യസ്തരല്ല എന്ന് കരുതി എല്ലാ കുട്ടികളെയും ഒരേ പോലെ രസതന്ത്രം പഠിപ്പിച്ചു തന്ന ജോര്‍ജ് സാറിനും പ്രണാമം.

മനുഷ്യ ശരീരത്തിന്റെ പ്രാധന്യങ്ങളെയും ഓരോ അവയങ്ങളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും അല്‍പ സ്വല്പം കര്‍ശന മനോഭാവത്തോടെ പഠിപ്പിച്ചു തന്ന ജോസഫ് ഫ്രെന്ചി സാറിനും പ്രണാമം. ഉരുക്ക് പോലുള്ള ആ ശരീരവും പളുങ്ക് പോലുള്ള ആ മനസ്സും ചിട്ടയായ ജീവിതത്തിന്റെ പ്രാധാന്യങ്ങള്‍ ഉള്ള അദ്ദേഹം കുട്ടികള്ക്ക് ഒരു മാര്‍ഗ ദര്‍ശി ആയിരുന്നു എന്നും.

കണക്കിലെ കളികള്‍ വളരെ അനായാസം ചൊല്ലി തന്ന വിക്ടോറിയ ടീച്ചറും ബാബു സാറും ഈ വേളയില്‍ മറക്കാന്‍ പറ്റില്ല.

കാലാവസ്ഥക്ക് അനുയോജ്യമായി ക്ലാസ്സിന്റെ മുന്നിലെ മദിരാശി മരത്തില്‍ ഇലകള്‍ പൊഴിയുമ്പോള്‍ കഴിഞ്ഞു പോയ കാലത്തിന്റെയും വരാന്‍ പോകുന്ന വര്ഷം അവസാന പരീക്ഷയെയും കുറിച്ചു തന്മയത്തത്തോടെ പറഞ്ഞു ജോഗ്രഫി പഠിപ്പിച്ചു കുട്ടികളെ കാലത്തിനു അനുസ്സരിച്ച് ഉള്ള മാറ്റങ്ങളിലേക്ക് ശ്രദ്ധ തിരിച്ചിരുന്ന ആന്റണി സാറിനും പ്രണാമം. ക്ലാസ്സ് കഴിഞ്ഞാല്‍ കുട്ടികളെക്കാള്‍ മുന്പേ ബസ്സ് പിടിക്കാന്‍ ഓടുന്ന സാറിന്റെ വ്യഗ്രത മൂന്ന് ബസ്സ് മാറി കയറി സ്കൂള്‍ പോയി കുട്ടികളെ പഠിപ്പിച്ചു തിരിച്ചു വന്നിരുന്ന എന്റെ സ്വന്തം അമ്മയുടെ സ്ഥിതിയെയും ഓര്‍മിപ്പിച്ചു. അത് അന്ത കാലം ഇന്ത് ഇന്ത കാലം. ഇന്നു സൌകര്യങ്ങളും സുകലോലുപതയും ക്ഷാമാമില്ലാതെ.

അവിടെ നിന്നു കോളേജ് കടന്നു എത്തിയതോ സുന്ദരമായ ക്രൈസ്റ്റ് കോളേജ് കാമ്പസ്സിലും. റോമിയോ ജൂലിയറ്റ്മാരുടെ പ്രേമകാവ്യങ്ങളും കുട്ടികളുടെ മനശാസ്ത്രവും ഒരേ പോലെ അമ്മാനമാടിയ കുരിശ്ശേരി അച്ഛനും, കണക്കിലെ വലിയ കളികളിലേക്ക് കൈ പിടിച്ചു ഉയര്‍ത്തിയ ചന്ദ്രന്‍ സാറും എല്ലാം പ്രണാമം അര്‍ഹിക്കുന്നവര്‍ തന്നെ. ഇവരെല്ലാം ഓരോ ഘട്ടങ്ങളിലും തങ്ങളുടെ കുട്ടികളില്‍ കോരി ചൊരിഞ്ഞ വിദ്യാ ധനം പിന്നെ സമ്പാദിച്ചു കൂട്ടാന്‍ ഉള്ള ഒരു ചെറിയ അഗ്നി പര്‍വ്വതത്തിന്റെ ലക്ഷണങ്ങള്‍ ആണെന്ന് അന്ന് അറിയാന്‍ ഉള്ള വിവേകമോ ബുദ്ധിയോ ഉണ്ടായിരുന്നില്ല.


പിന്നിടുള്ള യാത്രകള്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തേക്ക്‌. മദ്രാസ് സര്‍വകലാശാലയിലെ ഫര്‍മകൊഗ്നോസി പ്രൊഫസര്‍ അരുണ നിര്‍ബന്ധിച്ചു കേരളത്തിലെ ഗ്രാമ്മങ്ങളിലേക്ക് ഇറങ്ങി ചെന്നു കീഴാര്‍നെല്ലിയും, ചെമ്പരത്തിയും, നായ്ക്കര്നവും, എല്ലാം തേടി പിടിച്ചു, സര്‍വകലാശാലയിലെ ലബോറട്ടറിയെ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ മാര്‍ഗ നിര്‍ദേശം നല്കി സഹായിച്ച അരുണ ടീച്ചര്‍ക്കും പ്രണാമം.

ഇതിനിടയിലും പല ഗുരുക്കന്മാരും കടന്നു വന്നിരുന്നു. മൃതംഗം പഠിപ്പിച്ച കൊരമ്പ് സുബ്രമണ്യന്‍ നമ്പൂതിരിയും, ഡ്രൈവിങ്ങ് പഠിപ്പിച്ച വേണു, ഡാന്‍സ് പഠിപ്പിച്ച സീത ടീച്ചര്‍, മേക് അപ് ഇടാന്‍ പഠിപ്പിച്ചു തന്ന രാമകൃഷ്നെട്ടന്‍ എന്നിങ്ങനെ പോകുന്നു അവരില്‍ ചിലര്‍. ഇവര്‍ക്കെല്ലാവര്‍ക്കും എന്റെ പ്രണാമം.

ജോലി അന്വേഷിച്ചു ഗള്‍ഫില്‍ വന്നപ്പോള്‍ ആദ്യമായി കര്മാനിരതയുടെ ബാലാ പാഠങ്ങള്‍ പഠിപ്പിച്ചു തന്ന പീറ്റര്‍ മേക്ഫരന്‍ എന്ന സായ്പ്പിനും എന്റെ പ്രണാമം. അവിടന്നങ്ങോട്ട് ഉള്ള യാത്രകളില്‍ പിന്നെയും മൂല്യം ഉള്ള ഗുരുക്കന്മാരെ കണ്ടെത്തി.

ബാങ്കിംഗ് രംഗത്തെ ദ്രോനാചാര്യനായ ജയറാം മടപ്പുള്ളിയും, പെട്രോളിയം രംഗത്തെ പ്രമുഖനായ ഫ്രെന്ച്ച്കാരന്‍ വിന്‍സ്സന്റ്റ് സൌബെസ്ട്രെയും അവരില്‍ ചിലര്‍. അവര്ക്കും ഈ അധ്യാപക ദിനത്തില്‍ എന്റെ പ്രണാമങ്ങള്‍.

തങ്ങള്‍ പഠിപ്പിച്ചു വിടുന്ന യുവതലമുറക്ക്‌ തങ്ങളേക്കാള്‍ വളരെ അധികം ശമ്പളവും സൌകര്യം കിട്ടും വരും കാലത്തു എന്നറിഞ്ഞു കൊണ്ടു തന്നെ അധ്യാപക വൃത്തി തെരഞ്ഞെടുത്തു കുട്ടികളില്‍ നല്ല ഒരു ഭാവി വളര്‍ത്തിയെടുക്കാന്‍ അഹോരാത്രം പണിയെടുക്കുന്ന എല്ലാ അധ്യാപകര്‍ക്കും എന്റെ പ്രണാമം.

രമേഷ് മേനോന്‍
05092008