Malayalam – Ramadan Thoughts

റമദാന്‍ ചിന്തകള്‍ 24

Posted on

റമദാന്‍ ചിന്തകള്‍ 24

കുട്ടികളെ പറ്റി എത്ര പറഞ്ഞാലും എനിക്ക് മതി വരില്ല. കുട്ടികളുടെ ഭാവനയും ചിന്തയും എങ്ങനെ പോകുന്നു എവിടെയൊക്കെ സന്ച്ചരിക്കുന്നു എന്ന് നമ്മള്‍ പലപ്പോഴും അറിയാറില്ല. അറിയാന്‍ ശ്രമിക്കാരും ഇല്ല.

ഇന്നലെ നടന്ന ഒരു കാര്യം ഇവിടെ വിവരിക്കാം. ഇന്നലെ ഒരു സ്ഥാപനത്തിന്റെ ഉയര്ന്ന സ്ഥാനത്ത് ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥനും ആയി ഒരു കൂടി കാഴ്ച ഉണ്ടായിരുന്നു ദുബായില്‍ വച്ചു. വഴിയിലെ തിരക്ക് കാരണം, ഉദ്ദേശിച്ച സമയത്തിലും വൈകി ആണ് അവിടെ എത്തിചേരാന്‍ സാധിച്ചത്. അദ്ധേഹത്തിന്റെ നിര്‍ബന്ധ പ്രകാരം അവരുടെ വീട്ടില്‍ വച്ചായി ഞങ്ങളുടെ കൂടി കാഴ്ച. ഒരു തമിള്‍ ബ്രാമണ കുടുംബം. നല്ല സ്വീകരണം, അങ്ങനെ ഞങ്ങള്‍ കാര്യങ്ങളിലേക്ക് കടന്നു. സംസാരിച്ച കൂട്ടത്തില്‍ എന്റെ സ്വകാര്യ കാര്യങ്ങളും ചര്‍ച്ചയില്‍ വന്നപ്പോള്‍ ഞാന്‍ നടത്തുന്ന ടാലെന്റ്റ് ഷെയര്‍ മല്സരത്തിന്റെയും വിഷയം കടന്നു വന്നു. അതിന്റെ ഒരു പരസ്യം ആയിട്ടുള്ള പേപ്പര്‍ ഞാന്‍ അദ്ധേഹത്തിനു വായിക്കാന്‍ കൊടുത്തു. അത് വായിച്ചു ഞങ്ങള്‍ മറ്റുള്ള കാര്യങ്ങള്‍ ഗൌരവമായി ചര്ച്ച തുടര്‍ന്ന്. അപ്പോള്‍ ആണ് അദ്ധേഹത്തിന്റെ കൊച്ചു മകള്‍ ഡാന്‍സ് ക്ലാസ്സ് കഴിഞ്ഞു അങ്ങോട്ട് കയറി വന്നത്. കുറച്ചു നേരം അച്ഛന്റെ കൂടെ കളിച്ചു ആ കുട്ടി അവിടെ നിന്നു പോയി.

കുറച്ചു കഴിഞ്ഞപ്പോള്‍ ആ വീട്ടിനുള്ളില്‍ നിന്നു ആ കുട്ടി വാശി പിടിക്കുന്നത്‌ കണ്ടു. അമ്മയോട് പ്ലെയിന്‍ പേപ്പര്‍ ആവശ്യപ്പെട്ടിടുള്ള വാശിയാണ്. എങ്ങനെയോ എവിടെ നിന്നു ഒരു പേപ്പറും കണ്ടെത്തി ആ കുട്ടിയുടെ അച്ഛന്റെ അടുത്തേക്ക് കളര്‍ പെന്‍സിലുകളും ആയി അവിടെ ഇരുന്നു വരയ്ക്കാന്‍ തുടങ്ങി. ഒരു കയ്യില്‍ ഞാന്‍ അദ്ധേഹത്തിനു കൊടുത്ത ആ മല്‍സരത്തിന്റെ പേപ്പറും. ഞങ്ങളുടെ സംസാരം കഴിഞ്ഞപ്പോഴേക്കും അതില്‍ ഒരു നല്ല പൂമ്പാറ്റയെ വരച്ചു വച്ചിരുന്നു ആ കുട്ടി. കൊച്ചു കുട്ടികള്‍ എത്ര നിഷ്കളങ്കര്‍. അവരുടെ ലോകം എത്ര വലുതും.

ഈ റമദാന്‍ മാസ്സത്തില്‍ എല്ലാ കുട്ടികളുടെയും ഒരു നല്ല നാളെക്കായി ഈശ്വരന്‍ അവസ്സരം ഉണ്ടാക്കാന്‍ സാധിക്കണേ എന്ന് പ്രാര്‍ത്തിച്ചു കൊണ്ടു,

സസ്നേഹം

രമേഷ് മേനോന്‍
2409008

റമദാന്‍ ചിന്തകള്‍ 23

Posted on

റമദാന്‍ ചിന്തകള്‍ 23

ഈ വര്ഷത്തെ റമദാന്‍ പുണ്യ മാസ്സം ഏകദേശം കാലം കൂടാറായി. അവസ്സാനത്തെ പത്തു ദിവസ്സങ്ങളില്‍ എല്ലാവരും വിശുദ്ധിയുടെയും ഭക്തിയുടെയും പാരമ്യത്തില്‍ ആയിരിക്കും ഇപ്പോള്‍. നരക വസ്സത്തില്‍ നിന്നു മുക്തി ലഭിക്കാന്‍ ഉള്ള മാര്‍ഗങ്ങളും പ്രാര്‍ഥനകളും ആണല്ലോ ഈ സമയത്തു കൂടുതലായും ചെയ്തു വരുന്നതു. റോഡിലൂടെ ഉള്ള യാത്രയില്‍ കണ്ട കാഴ്ചകള്‍ തീര്ത്തും ഭയാനകമാണ്. കാറുകള്‍ അതിവേഗതയില്‍ ഓടിച്ചു പോകുന്നവര്‍, എന്തായാലും നരകത്തിലേക്ക് ഞങ്ങള്ക്ക് പോയെ തീരു എന്ന തീരുമാനത്തില്‍ ആണെന്ന് തോന്നുന്നു. പുറകില്‍ വന്നു ലൈറ്റ് അടിക്കുകയും, തൊട്ടു തൊട്ടില്ല എന്ന നിലയില്‍ ഓടിക്കുകയും ചെയ്യുന്നതും ഉള്ള കാഴ്ച സാധാരണം. ഇനിയുള്ള അവധി ദിനങ്ങളില്‍ ഈ തിടുക്കം എന്തായാലും നമുക്കു സഹിച്ചേ തീരു. അനുഭവം തന്നെ മനുഷ്യന്റെ വിലയേറിയ ഗുരുനാഥന്‍.

സസ്നേഹം

രമേഷ് മേനോന്‍
23092008

റമദാന്‍ ചിന്തകള്‍ 22

Posted on

റമദാന്‍ ചിന്തകള്‍ 22

ഈ വര്ഷത്തെ റമദാന്‍ മാസ്സം അവസാനിക്കാന്‍ ഇനി ഏതാനും ദിവസ്സങ്ങള്‍ കൂടി മാത്രം. ഇവിടത്തെ ഗവര്‍മെന്റ് റമദാന്‍ അവധി ഇന്നലെ പ്രഖ്യാപിച്ചു. ഏകദേശം ഒരാഴ്ചക്കാലം ഗവര്‍മെന്റു ജോലിക്കാര്‍ക്ക് മുടക്കം. പലരും നാട്ടിലേക്ക് വണ്ടി കയറാന്‍ ഉള്ള ഒരുക്കത്തിലാണ്. അല്ലാത്തവര്‍ ഇവിടെ എങ്ങനെ ആഘോഷിക്കണം എന്ന ചിന്തയിലും.

ഇന്നലെ മനസ്സിന്റെ കളികളെ കുറിച്ചു ഞാന്‍ സൂചിപ്പിക്കുകയുണ്ടായി. നേരത്തെയും എന്റെ ഇംഗ്ലീഷ് പോസ്റ്റുകളില്‍ സൂചിപ്പിച്ചിരുന്ന, വീണ്ടും സൂചിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു കാര്യമാണ് “മനസ്സിനുള്ളിലെ കളിയൊരുക്കം” എന്ന കാര്യം. ക്രിക്കറ്റ് എനിക്ക് ഇഷ്ടമുള്ള ഒരു കളിയാണ്. പലപ്പോഴും ജീവിതത്തിന്റെ കുറെ സമയം അത് കാണാനും കളിക്കാനും വേണ്ടി നഷ്ടപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ടു തന്നെ ക്രിക്കറ്റ് കളിക്കാരും എന്റെ ശ്രദ്ധയില്‍ പെടുന്നവരാണ് പല്ലപ്പോഴും. അങ്ങനെ ഉള്ള രണ്ടു കളിക്കാരന് ശ്രീശാന്തും യുവരാജും. രണ്ടു പേരും അസ്സല്‍ കളിക്കാര്‍, പക്ഷെ പലപ്പോഴും ശ്രദ്ധ കളിക്കളത്തില്‍ ഉണ്ടാവാറില്ല. അത് ഉണ്ടായാല്‍ അവരെ വെല്ലാന്‍ ആര്ക്കും കഴിയില്ല. ആര് പന്തുകളില്‍ തുടര്‍ച്ചയായുള്ള സിക്സറുകളും ഹാട്രിക് കിട്ടുന്നതും എല്ലാം അതിന് ഉദാഹരണം. അത് ശ്രദ്ധ ഉണ്ടെങ്കില്‍ നടക്കുന്ന കാര്യം. അല്ലെന്കിലോ പോയ പോലെ യുവരാജന്‍ തിരിച്ചു വരുകയും പല്ലു എല്ലാം പുറത്തു കാട്ടി അടി തരാന്‍ ആരെങ്കിലും ഉണ്ടോ എന്ന് ശ്രീശാന്തനും ചോദിച്ചു നടക്കുന്നത് കാണാം. അത് ക്രിക്കറ്റ് കളിയിലെ കാര്യം. നമുക്കു ഇക്കഴിഞ്ഞ ഒളിമ്പിക്സ് മല്‍സരത്തിലെ കാര്യം എടുക്കാം. 100 മീറ്റര്‍ ദൂരം വെറും ഒന്‍പതു സെക്കന്റ് കൊണ്ടു ഓടിയെത്തിയ ആ ഓട്ടക്കാരന്റെ മനസ്സിലെ കളികളും എന്തായിരിക്കാം. അതോ ആറടിയോളം ഉയരം ചാടിക്കടന്ന പോള്‍ വാള്‍ട്ട് താരത്തിന്റെ മനസ്സിലും എന്തായിരുന്നിരിക്കാം കളികള്‍.

ഇതെല്ലം കാണുമ്പോള്‍ ആ ഏതാനും സെക്കന്റ് നേരങ്ങളിലെ പോരാട്ടത്തിന് വേണ്ടി അവരുടെ മനസ്സില്‍ എത്ര കളികള്‍ മുമ്പെ നടന്നിരിക്കാം എന്ന് ഒന്നാലോചിച്ചു നോക്കി – അല്ലെങ്കില്‍ എപ്പോഴും ആലോചിക്കാറുള്ള ഒരു കാര്യം. നമ്മുടെ ജീവിതത്തിലും പല കാര്യങ്ങളും ഇതേ പോലെയാണ്. ഓരോ നിമിഷവും അതിന്റെതായ പ്രാധാന്യത്തോടെ ഉപയോഗിക്കാന്‍, വരന്‍ പോകുന്ന അവസ്സരത്തിന് വേണ്ടി തയ്യാറാവാന്‍ എന്നെന്നും മനസ്സാ ഒരുങ്ങി കൊണ്ടു മനസ്സും ശരീരവും ചിന്തകളും എല്ലാം സ്വരൂപിച്ചു കൊണ്ടു പെരുമാറാന്‍ ഈശ്വരന്‍ നമ്മള്‍ക്ക് സല്‍ബുദ്ധി തോന്നിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ,

സസ്നേഹം.

രമേഷ് മേനോന്‍
22092008

റമദാന്‍ ചിന്തകള്‍ 21

Posted on

റമദാന്‍ ചിന്തകള്‍ 21

ഓരോ ദിവസ്സവും എഴുതാന്‍ ഇരിക്കുമ്പോള്‍ ഒരു തരം സന്കര്‍ഷം തോന്നാറുണ്ട് മാനസ്സിനു ചില കാര്യങ്ങളെ കൊണ്ടു. ചിലപ്പോള്‍ ചിന്തകള്‍ കൊച്ചിയിലേക്ക് തിരിച്ചിട്ട് കോഴിക്കോട്ടേക്ക് പോകുന്നതും നിങ്ങള്ക്ക് കാണാം. മനസ്സു ഒരു മാന്ത്രിക കുതിരയാണ്. അത് എങ്ങനെ എവിടെ സന്ച്ചരിക്കും എന്ന് ആര്ക്കും പറയാന്‍ പറ്റില്ല. ഈ മനസ്സിനെ മനസ്സിന്റെ വിചാരത്തെ കടിഞ്ഞാന്‍ ഇടുക ആണല്ലോ ഒരു പരുധി വരെ ഉപവാസ്സത്തിലൂടെ നമ്മള്‍ സാധിക്കുന്നത്. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ഈ വര്ഷത്തെ റമദാന്‍ മാസ്സം കഴിയും. എല്ലാവരും ഏകദേശം ഒരു ഉല്‍സവ ചിന്തകളിലേക്ക് നീങ്ങി തുടങ്ങി. വരാന്‍ പോകുന്ന ഒരാഴ്ചക്കാലത്തെ അവധി എങ്ങനെ ആഘോഷിക്കാം എന്നായിരിക്കും ഇപ്പോള്‍ ചിലരില്‍ ചിന്തകള്‍.

നമ്മള്‍ ഓരോ കാര്യങ്ങളും എടുത്തു ചാടി ചെയ്യുന്ന അവിവേകങ്ങള്‍ എത്ര ആപത്തുക്കള്‍ ആണ് വരുത്തി വയ്ക്കുന്നത് എന്ന് നിത്യേന നേരില്‍ കാണുന്ന വസ്തുത ആണല്ലോ. ഇന്നലത്തെ മാതൃഭൂമി പത്രം എടുത്തു നോക്കിയപ്പോള്‍ കഷ്ടം തോന്നി. പാകിസ്താനില്‍ ആക്രമണം, അബുധാബിയില്‍ അഗ്നി ബാധ, ഷാര്‍ജയിലും അഗ്നി ബാധ എന്ന് വേണ്ട ആകെ ആശാന്തിയും സമാധാനക്കെടും മാത്രമേ വായിക്കാന്‍ ഉള്ളു. ടീവി വച്ചപ്പോള്‍ ആകട്ടെ അതില്‍ കണ്ടതും വ്യത്യസ്തമല്ല വാര്‍ത്തകള്‍. എങ്ങനെ നമ്മള്‍ ഒരു കൂട്ടായ്മയിലൂടെ നമ്മളുടെ പരിസ്സരത്തു എങ്കിലും ഇതിന് ഒരു വ്യത്യാസ്സം വരുത്താം എന്ന് ചിന്തിച്ചു കൊണ്ടു,

സസ്നേഹം

രമേഷ് മേനോന്‍
21092008

റമദാന്‍ ചിന്തകള്‍ 20

Posted on

റമദാന്‍ ചിന്തകള്‍ 20

ഇന്നലത്തെ ചിന്തകള്‍ എഴുതിയപ്പോള്‍ ഭാഷ എങ്ങനെ മനുഷ്യന്റെ സംസ്കാര രീതിയെ പാട്ടിലാക്കുന്നു എന്ന് മനസ്സിലാക്കാന്‍ സാഹചര്യം ഉണ്ടായി. ഭാഷയും സംസ്കാരവും പഠിക്കാന്‍ ഉള്ള വ്യഗ്രത ചിലരില്‍ ജന്മ സിദ്ധമാണ്. ചിലര്‍ വളരെ ലാഘവത്തോടെ ഭാഷകള്‍ പഠിച്ചു സംസാരിക്കുന്നത് കണ്ടാല്‍ അതിശയം തോന്നും. ഇവിടെ ഞാന്‍ താമസ്സിക്കുന്ന കെട്ടിടത്തിനടുത്ത്‌ ഒരു പാകിസ്താനി ബാര്‍ബര്‍ ഉണ്ട്. ഇക്ബാല്‍ എന്നാണ് കക്ഷിയുടെ പേരു. പതിനെട്ടു കൊല്ലത്തോളം ആയി ഇവിടെ കട നടത്തുന്നു. രണ്ടു ആഴ്ചയില്‍ ഒരിക്കല്‍ ഉള്ള എന്റെ അവിടത്തെ സന്ദര്‍ശനം ഒരു സുഹൃദ് സമ്മേളനം കൂടി ആണ്. കാരണം, ആ രണ്ടു ആഴ്ചയില്‍ ചുട്ടു വട്ടത് നടന്ന കഥകള്‍ ഒക്കെ കക്ഷിക്ക് പറയാന്‍ ഉണ്ടാവും. മാറി മാറി കൊണ്ടിരിക്കുന്ന TV ചാനലുകളും വന്നു പോയി കൊണ്ടിരിക്കുന്ന ഇടപാടുകാരിലൂടെയും ആണ് കക്ഷി ലോക വിവരങ്ങള്‍ അറിയുന്നത്. ഈ കാലഘട്ടത്തിനുള്ളില്‍ നാല് ഭാഷകള്‍ അസ്സലായി കൈകാര്യം ചെയ്യും. ഉര്‍ദു, ഇംഗ്ലീഷ്, മലയാളം, അറബി എന്നിവയാണവ. നമ്മുടെ ഹിന്ദി ചാനലിലൂടെ ഭാരത സംസ്കാരത്തെ പറ്റി നല്ല വിവരവും വിജ്ഞാനവും ഉണ്ട് കക്ഷിക്ക്. അതെ പോലെ തന്നെ അസ്സല്‍ മലയാളവും. എന്ത് രാഷ്ട്രീയ സംഭവം നടന്നാലും അതിന്റെ ഗതി എങ്ങനെയാവും എന്ന് ഒരു ഏകദേശ രൂപം ആള്‍ വിവരിക്കും.

ഓരോ അവ്സ്സരവും അവനവനു ഉതകുന്ന രീതിയില്‍ പ്രാവര്‍ത്തികമാക്കുക എന്നതാണ് ഞാന്‍ കക്ഷിയിലൂടെ മനസ്സിലാക്കുന്നത്. മാത്രമല്ല, ഒരു ഭാഷ ഒരു സുഹൃത്തിനെയും അവന്റെ സംസ്കാരത്തെയും കൂടുതല്‍ അറിയാന്‍ ഒരു അവസ്സരം കൊടുക്കുന്നു എന്നത്. ഈ ഉദഹരണം തന്നെ നമ്മുടെ ഇടയില്‍ ഇപ്പോള്‍ വളര്ന്നു വരുന്ന പല ഇമെയില്‍ ഗ്രൂപ്പുകളെയും എടുത്തു നോക്കിയാല്‍ കാണാം. പലതിലും പല സമയത്തും നടക്കുന്ന സംവാദങ്ങള്‍ ലക്ഷ്യമില്ലാത്തവ. വെറുതെ ഒരു നേരം പോക്ക് എന്ന് പറയാം. അതെ സമയം ചിലതിലെല്ലാം വളരെ കൃത്യതയോടെ മനുഷ്യന്റെ നന്മയെ നേരില്‍ കണ്ടു കൊണ്ടു മാത്രം ലക്ഷ്യത്തോടെ ഉള്ളവ. അങ്ങനെ ഉള്ള ഒരു ഗ്രൂപ്പ് ആയ GCCMalayalees@yahoogoup.com ഇന്നു നാലാം പിറന്നാള്‍ ആഘോഷിക്കയാണ്. എന്റെ കഥയിലെ ബാര്‍ബറും ഇടപാടുകാരും പോലെ അവിടെ വന്നും പോയിയും കൊണ്ടിരിക്കുന്ന ഒത്തിരി വിജ്ഞാന പ്രധമായ ഈമെയിലുകള്‍ അതിലെ എല്ലാ വായനക്കാരെയും അറിവിന്റെ പുതിയ മേഘലയിലേക്ക് സര്‍വേശ്വരന്‍ നിത്യവും കൊണ്ടെതിക്കട്ടെ എന്ന് പ്രാര്‍ത്തിച്ചു കൊണ്ടു

സസ്നേഹം

രമേഷ് മേനോന്‍
20092008

റമദാന്‍ ചിന്തകള്‍ 19

Posted on

റമദാന്‍ ചിന്തകള്‍ 19

പുണ്യ മാസ്സമായ റമദാന്‍ അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ വിശ്വാസിക്കള്‍ എല്ലാവരും കഴിഞ്ഞ ദിവസ്സങ്ങളിലെ ഉപവാസ്സത്തില്‍ നിന്നു നേടിയ ഊര്‍ജം ഉള്‍ക്കൊണ്ടു കൊണ്ടു തങ്ങള്ലാല്‍ ആവുന്ന വിധത്തില്‍ സാധുക്കളെ സഹായിക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.

എന്റെ ഈ ചിന്തകള്‍ മലയാളത്തിലെ വായനക്കാര്‍ വായിക്കുന്നതും അഭിപ്രയാം രേഖപ്പെടുത്തുന്നതും കണ്ട ചില മറ്റു ഭാഷ സുഹൃത്തുക്കള്‍ ഇതിന്റെ ഒരു പരിഭാഷ ഇംഗ്ലീഷ് ഭാഷയില്‍ എഴുതുന്ന ബ്ലോഗില്‍ ഇടാമോ എന്ന് എന്നോട് ഈയിടെ അന്വേഷിക്കുക ഉണ്ടായി. അപ്പോള്‍ സമയ പരിമിധികള്‍ക്കുള്ളില്‍ നിന്നു കൊണ്ടു തയ്യാറാക്കാം എന്നതായിരുന്നു എന്റെ അവരോടുള്ള മറുപടി. ഈയടുത്ത divassam കുറച്ചു ഒഴിവു കിട്ടിയപ്പോള്‍ ശ്രമിച്ചു നോക്കാം എന്ന് കരുതി. അപ്പോള്‍ ആണ് ഒരു പ്രധാന കാര്യം എനിക്ക് മനസ്സിലായത്, മലയാളത്തില്‍ എഴുതുന്ന ഒരു മലയാളിയുടെ കണ്ണുകളിലൂടെ നോക്കുന്ന പല ചിന്തകളും കാഴ്ചകളും ഇംഗ്ലീഷ് ഭാഷയില്‍ ഒരു വ്യത്യസ്ഥമായ കാഴ്ചപ്പാടാണ് മുന്നില്‍ വന്നത്. ഭാഷയും സംസ്കാരവും എത്ര മാത്രം ബന്ധപ്പെട്ട് കിടക്കുന്നു എന്നുള്ള കാര്യം അവിടെ ഉയര്ന്നു വന്നു. അത് പല വ്യത്യസ്ത ചിന്തകളും മുന്നില്‍ ഇട്ടു തന്നു. അടുത്ത ലക്കങ്ങളില്‍ അതിലേക്കു കടക്കാം.

സസ്നേഹം,

രമേഷ് മേനോന്‍
19092008

റമദാന്‍ ചിന്തകള്‍ 18

Posted on

റമദാന്‍ ചിന്തകള്‍ 18

എത്ര വേഗം ദിവസ്സങ്ങള്‍ കടന്നു പോകുന്നു എന്നത് ആരും സാധാരണ ആലോചിക്കാറില്ല. ചിലപ്പോള്‍ കൈയിലെ പേര്‍സില്‍ വച്ചിരിക്കുന്ന നോട്ടുകളുടെ എണ്ണം കുറഞ്ഞു വരുന്നതു കാണുമ്പോള്‍ ആവും ഓ ഇന്നു റമദാന്‍ മാസ്സത്തില്‍ പതിനെട്ടാം തിയതി ആയല്ലോ എന്ന് ഓര്‍മ വരുന്നതു.

ഉപവാസ്സം ഭക്ഷണത്തില്‍ മാത്രമല്ല കണ്ണിലും കാതിലും സംസാരത്തിലും വേണമെന്നുള്ള കാര്യം മുന്പ് ഇവിടെ കടന്നു വന്നിരുന്നു. അവിടെ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല ഉപവസ്സം എന്ന് പഠിക്കാന്‍ ഉള്ള അവസ്സരം ഈ അടുത്ത് ദിവസ്സങ്ങളില്‍ എനിക്ക് കിട്ടി. തൊഴില്‍ ആവശ്യത്തിനായി ഇവിടെ നിന്നു വളരെ ദൂരെ ഉള്ള മരുഭുമിയില്‍ ഉള്ള ഒന്നു രണ്ടു സ്ഥലങ്ങളിലായിരുന്നു ഈയടുത്ത ദിവസ്സങ്ങളില്‍ യാത്ര ചെയ്യേണ്ടിയിരുന്നത്. പ്രധാന റോഡില്‍ നിന്നു വളരെ ഉള്ളില്‍ നീങ്ങി കുറച്ചു സുരക്ഷിത മേഖലയായ അവിടേക്ക് പോകുമ്പോള്‍ ആദ്യത്തെ നിര്‍ദേശം തന്നെ ക്യാമറ ഉള്ള മൊബൈല് പാടില്ല എന്നതാണ്. എന്നാല്‍ ശരി എന്ന് വിചാരിച്ചു പഴയ ഒരു മൊബൈല് എടുത്തു കയില്‍ ഉള്ള സിം കാര്ഡ് അതില്‍ ഇട്ടു ഇവിടെ നിന്നു പുറപ്പെട്ടു. റോഡില്‍ നിന്നു ദിശ മാറി വണ്ടി ഓടാന്‍ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഉള്ള സിഗ്നലും കിട്ടാതായി. പിന്നെ ഒരു ദിവസ്സം മുഴുവനും ആ മൊബൈല് അനങ്ങി ഇല്ല. . എത്ര ആശ്വാസ്സം ആയിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ എന്റെ മൊബൈലിനു അന്ന് പൂര്‍ണ വിശ്രമം. എനിക്കും ഒരു മൊബൈല് ഉപവാസ്സം. എത്ര സമാധാനം. ആലോചിച്ചു പോയി, നമ്മള്‍ ടെക്നോളജി കൂടുതല്‍ വികസിപ്പിച്ചു കൊണ്ടുവരും തോറും അസ്വസ്ഥതകളും പ്രശ്നങ്ങളും കൂടുതലാക്കി കൊണ്ടുവരികയാണോ എന്ന്?

ഇന്നു മൊബൈല് ഫോണോ കമ്പ്യൂട്ടറോ ഇല്ലാത്ത ഒരു ജീവിതം ആര്ക്കും ആലോചിക്കാന്‍ പോലും വയ്യ!. അത് പറഞ്ഞപ്പോള്‍ ആണ് മൊബൈല് ഫോണും എസ് എം എസും നമ്മടെ കുട്ടികളുടെ ഇടയില്‍ സംഭാഷണം എത്രത്തോളം ചുരുക്കി വരുന്നു എന്ന കാര്യം. ഈ ഓണത്തിന് നാട്ടില്‍ വന്ന മാവേലിയുടെ ഫോണിലും കിട്ടി ഒരു എസ് എം എസ്. HOT എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്. ആകെ പകച്ചു പോയ മാവേലി അടുത്ത് നിന്ന കോളേജ് കുമാരനോട്‌ ഇതു എന്താ മോനേ എന്ന് ചോദിച്ചു ? കേരളത്തില്‍ നല്ല മഴയാണല്ലോ എന്നിട്ടും ഇങ്ങനെ ഒരു മെസ്സേജ്! അപ്പോഴല്ലേ പയ്യന്‍ പറഞ്ഞു കൊടുത്തത് – മാവേലി മാഷേ ഇതു വെറും നിസ്സാരം – HOT എന്ന് പറഞ്ഞാല്‍ – ഹാപ്പി ഓണം തമ്പുരാനേ എന്നാണ് എന്ന്.

ഇനി എന്താ മൊബൈല് ഫോണില്‍ വരുക എന്ന് കാത്തിരിക്കാതെ തമ്പുരാന്‍ തന്റെ മൊബൈല് ഓഫ് ചെയ്തു ആ കുട്ടിക്ക് കൊടുത്തു പതുക്കെ നടന്നു നീങ്ങി.

ചുരുങ്ങി പോകുന്ന നമ്മുടെ വാര്ത്താ വിനിമയ ശൈലി ഇനിയും ചുരുങ്ങാതെ ഇരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടു

സസ്നേഹം

രമേഷ് മേനോന്‍
18092008

റമദാന്‍ ചിന്തകള്‍ 17

Posted on

റമദാന്‍ ചിന്തകള്‍ 17

പുണ്യ മാസ്സമായ റമദാനിലെ പതിനേഴാം ദിവസ്സത്തെ ചിന്തകള്‍ എഴുതാന്‍ ഇരുന്നപ്പോള്‍ ചിട്ടകളെയും രീതികളെയും അവ നമ്മള്‍ എങ്ങനെ കാണുന്നു എങ്ങനെ അറിഞ്ഞോ അറിയാതെയോ പ്രാവര്‍ത്തികമാക്കുന്നു എന്ന വിഷയമാണ് മുന്നില്‍ വന്നത്.

ഈ വിശുദ്ധമായ സമയത്തു കുട്ടികള്ക്ക് കൈ വരുന്ന വലിയ ഒരു ഭാഗ്യം അവര്ക്കു തങ്ങളുടെ കാരണവന്മാരുടെ കൂടെ ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ത്ഥന ചെയ്യാന്‍ അവസ്സരം കിട്ടുന്നു എന്ന വസ്തുതയാണ്. എത്ര ചിട്ടയായ രീതിയിലാണ് ആ പ്രാര്‍ത്ഥനകള്‍ നടക്കുന്നത്. അവിടെ പണക്കാരനും പാവപ്പെട്ടവനും ഒരു വ്യത്യാസ്സവുമില്ല. ഇതു കുട്ടികളില്‍ ചെറുപ്പത്തിലെ തന്നെ ഒരു അടുക്കും ചിട്ടയും ഉണ്ടാക്കാന്‍ വേണ്ടി വളരെ വലിയ പങ്കു വഹിക്കുന്ന ഒരു ഘടകം ആണ്. ജീവിതത്തില്‍ അറിഞ്ഞോ അറിയാതെയോ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വസ്തുതകള്‍ ജീവ ചരാച്ചരങ്ങളില്‍ എത്രക്ക് സ്വാധീനം വരുത്തുന്നു എന്നത് ഒരു ഉദാഹരണം ഇവിടെ പറയാം.

പക്ഷികളെയും മൃഗങ്ങളെയും മരങ്ങളെയും ഒക്കെ ഒരു പാടു സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. നേരത്തെ ഒരു ലേഖനത്തില്‍ ഇവിടെ എഴുതിയ പ്രകാരം വെള്ളിയാഴ്ചകളില്‍ എന്റെ യാത്രകള്‍ എനിക്ക് പല പുതിയ സുഹൃത്തുക്കളെയും തരാറുണ്ട്. പലപ്പോഴും അവരില്‍ ചിലര്‍, ഇവിടത്തെ മുനിസിപ്പാലിറ്റി ജീവനക്കാര്‍ ആണ്. പാകിസ്ഥാനില്‍ നിന്നും നേപാളില്‍ നിന്നും ഒക്കെ ഇവിടേയ്ക്ക് ജോലിക്ക് വന്നു ചെറിയ ശമ്പളത്തില്‍ പണി എടുക്കുന്ന ഒരു കൂട്ടം നല്ല മനുഷ്യര്‍. പലപ്പോഴും അവരോട് ഉള്ള സൌഹൃദ സംഭാഷണം അവരുടെ ജീവിത രീതിയെ പറ്റി പഠിക്കാനും മനസ്സിലാക്കാനും എന്നെ സഹായിക്കാറുണ്ട്. അവര്ക്കും അങ്ങനെ തന്നെ എന്നെ പറ്റിയും മനസ്സിലാക്കാന്‍ ഇട കിട്ടാറുണ്ട്‌. അങ്ങനെ ചില കൂട്ടര്‍ എനിക്ക് ചിലപ്പോള്‍ ചില പക്ഷികളെ തരാറുണ്ട് വളര്‍ത്താന്‍. ഒരു തവണ അങ്ങനെ കിട്ടിയ ഒരു തത്ത എന്റെ വീടിലെ പ്രധാന അംഗം ആണ് ഇപ്പോള്‍. ഏകദേശം ഒരു മൂന്ന് കൊല്ലത്തോളം ആയി കക്ഷി എന്റെ കൂടെ ആയിട്ട്. ഒരു വിധം നന്നായി സംസാരിക്കും – ഞാന്‍ വിളിക്കുന്നത് പോലെ എല്ലാം തിരിച്ചു ചൂളം വിളിക്കുകയും ചെയ്യും. അങ്ങേര്‍ക്കു ഒരു കൂട്ടുകാരിയെ കണ്ടു പിടിക്കണം എന്ന് വിചാരിച്ചു ഇരിക്കുമ്പോള്‍ ആണ് ഈയിടെ ആ കൂട്ടുകാര്‍ എനിക്ക് മറ്റൊരു തത്തയെ കൂടി തന്നു. അതിലും ഒരു കാര്യം പ്രത്യേകതയുണ്ട്. അവരുടെ നിത്യേന ഉള്ള ജോലിയുടെ ഇടയില്‍ പല തരം തത്തകള്‍ അവരുടെ കൈ വശം വന്നു പെടാറുണ്ട്. എന്നാലും ഇണങ്ങും എന്നും എന്തെകിലും പഠിക്കാന്‍ ഉള്ള ബുദ്ധി ഉണ്ട് എന്ന് അവര്ക്കു തോന്നുന്നതിനെ മാത്രമേ അവര്‍ എനിക്ക് തരുകയുള്ളൂ. അങ്ങനെ ഈ കക്ഷിയെ വീട്ടില്‍ കൊണ്ടു വന്നു. സാധാരണ എല്ലാ ദിവസ്സവും രാവിലെയും വൈകീട്ടും ഞാന്‍ അവരെ വീട്ടില്‍ അഴിച്ചു വിടും. ഒരു രണ്ടു മൂന്നു ദിവസ്സം എന്ത് കൊണ്ടോ എനിക്ക് രാവിലെയും വൈകീട്ടും ഇവരെ അഴിച്ചു വിടാന്‍ പറ്റിയില്ല. പതിവു പോലെ പഴയ തത്ത അതിന്റെ രീതിയില്‍ വിളിച്ചു എന്നെ ആകര്‍ഷിക്കാന്‍ ശ്രമിച്ചു നോക്കി. ഇതിനിടയിലാണ് ഞാന്‍ ഒരു പുധിയ ശബ്ദം കേള്‍ക്കാന്‍ ഇടയായത്. കാക്കയും പൂച്ചയും കരയുന്ന അത് പോലെ ഉള്ള ശബ്ദം. നോക്കിയപ്പോള്‍, നമ്മുടെ പുതിയ കക്ഷിയുടെ വേലയാണ്. ഇതു എങ്ങനെ ഒപ്പിച്ചു എന്ന് അറിയാന്‍ എനിക്ക് ഇതു തന്നവരെ പിന്നീട് കണ്ടപ്പോള്‍ അന്വേഷിച്ചപ്പോള്‍ ആണ്, അവരുടെ താമസ്സ സ്ഥലത്തു, കുറച്ചു കാക്കകളെയും കുറച്ചു പൂച്ചകളെയും അവര്‍ കൂട്ടില്‍ ഇട്ടു വളര്തുന്നുണ്ടാത്രേ. അങ്ങനെ കേടു പഠിച്ചതാണ് ഈ ശബ്ദങ്ങള്‍. ഈ മിണ്ടാ പ്രാണികളുടെ രീതികളും കുട്ടികളുടെ രീതികളും ഏകദേശം ഒരേ പോലെ കണക്കാക്കാം. നമ്മള്‍ അറിയാതെ അവര്‍ നമ്മളില്‍ നിന്നു പലതും ഉള്‍ക്കൊള്ളുന്നുണ്ട്. അത് നല്ലത് മാത്രമാവട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ത്തിച്ചു കൊണ്ടു,

സസ്നേഹം,

രമേഷ് മേനോന്‍
17092008

റമദാന്‍ ചിന്തകള്‍ 16

Posted on

റമദാന്‍ ചിന്തകള്‍ 16

റമദാന്‍ മാസ്സ്സത്തിലെ ചിന്തകളുടെ പതിനാറാം അദ്ധ്യായം എഴുതാന്‍ ഇരുന്നപ്പോള്‍ ഒരു ദുഃഖ വാര്‍ത്തയാണ് ആദ്യം അറിഞ്ഞത്. ഷാര്‍ജയില്‍ ഉണ്ടായ ഒരു അപകടത്തില്‍ ഒരു കൊച്ചു ബാലന്‍ ഇന്നലെ കൊല്ലപ്പെട്ടു. ആരുടെയൊക്കെയോ അശ്രദ്ധ കൊണ്ടു ഒരു കുരുന്നു ജീവന്‍ ഈ ലോകത്തില്‍ നിന്നു അകാലത്തില്‍ പൊലിഞ്ഞു പോയി. ആ ആത്മാവിന് നിത്യ ശാന്തി നേര്‍ന്നു കൊണ്ടു ഇന്നത്തെ വിഷയത്തിലേക്ക് കടക്കട്ടെ.

ഇന്നും ചിന്തകള്‍ കുട്ടികളില്‍ തന്നെ ഒതുങ്ങി നില്ക്കുന്നു. ഈ പുണ്യ മാസ്സത്തില്‍ കുട്ടികള്‍ എങ്ങനെ റമദാന്‍ മാസ്സത്തിന്റെ ചിട്ടകളെ കാണുന്നു എന്ന വിഷയം ഈയിടെ ഇവിടത്തെ പല പത്രങ്ങളിലും എഴുതി കണ്ടു. പലര്ക്കും അത് ഒരു പുതിയ അനുഭവമായിരുന്നു. ഒരു പാടു കുട്ടികള്ക്ക് തങ്ങളുടെ പിതാക്കന്മോരോടൊപ്പം നിത്യവും പള്ളിയില്‍ നിസ്കരിക്കാന്‍ പോകാന്‍ കിട്ടുന്ന ഒരു അസുലഭ അവസ്സരം. ചിലര്ക്ക് കൂടുക്കാരുമായി നോമ്പ് തുറക്കാന്‍ ഉള്ള അവസ്സരം. ചിലര്ക്ക് ഉപവാസ്സം എങ്ങിനെ എന്നതിന്റെ ആദ്യ പാഠങ്ങള്‍. എല്ലാം വിലയേറിയ അനുഭവങ്ങള്‍. കുട്ടികളെ നല്ല പൌരന്മാരാക്കി വളര്‍ത്താന്‍ ഉതകുന്ന ചെറിയ കാല്‍ വെയ്പ്പുകള്‍. എല്ലാം ഒരു നല്ല നാളേക്ക് ഉള്ള കാല്‍ വെയ്പ്പുകള്‍ ആവട്ടെ.

ഈ റമദാന്‍ മാസ്സത്തില്‍ കണ്ടു വരുന്ന ഒരു അപകടകരമായ കാര്യമാവട്ടെ രണ്ടാമത്തെ വിഷയം. എല്ലായിടത്തും പ്രത്യേക വില കിഴിവ്. കൂടാതെ തവണകളായി അടക്കാന്‍ ഉള്ള അവസ്സരവും. കുറച്ചു കൂടുതല്‍ ചിന്തിച്ചാല്‍, ഈ ഒരു മാസ്സത്തിനിടയില്‍ കുറച്ചു പേരെന്കിലും കൂടുതല്‍ കടക്കാരായി തീരും ഈ വില്പന തന്ത്രങ്ങളിലൂടെ.

മറ്റൊരു ആപത്തു – വളരെ കൂടിയ ഇനം – ഈ റമദാന്‍ മാസ്സത്തില്‍ ആളുകള്‍ റോഡുകളില്‍ കാണിച്ചു കൂട്ടുന്ന മത്സര പ്രവണതയാണ്. ഈയിടെ അബുധാബിയില്‍ നിന്നു എമിരേറ്റ്സ് റോഡ് വഴി ദുബൈയിലേക്ക് യാത്ര ചെയ്യാന്‍ ഇടയായപ്പോള്‍ അഞ്ചു വലിയ അപകടങ്ങളാണ് നേരിട്ടു കാണാന്‍ ഇടയായത്. ഈ അപകടങ്ങള്‍ നേരിട്ടു കണ്ടിട്ടും ചില ഡ്രൈവര്‍മാര്‍ കൂടുതല്‍ അപകടകരമായി വാഹനങ്ങള്‍ ഓടിക്കുന്നു എന്നത് അത്യതികം വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. എങ്ങനെ ഈ പ്രവണതയെ ഇല്ലാതാക്കാം എന്ന് എല്ലാവരും ചിന്തിച്ചാല്‍ അപകടങ്ങള്‍ക്ക് ഒരു പരുതി വരെ കുറവ് വന്നേനെ.

ഈശ്വരന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്തിച്ചു കൊണ്ടു

സസ്നേഹം

രമേഷ് മേനോന്‍

16092008

റമദാന്‍ ചിന്തകള്‍ 15

Posted on

റമദാന്‍ ചിന്തകള്‍ 15

എത്ര പെട്ടെന്ന് ഒരു മാസ്സതിന്റെ പകുതിയോളം എത്തി എന്ന കാര്യം ഒന്നു കൂടി ആലോചിച്ചുപോയി ഇതു എഴുതാന്‍ തുടങ്ങിയപ്പോള്‍.

ഇന്നലെ പറഞ്ഞു വന്നത് കുട്ടികളും അവരെപറ്റിയുള്ള കാര്യങ്ങളും ആയിരുന്നല്ലോ. ഇന്നും ആ വിഷയത്തില്‍ തന്നെ തുടരാം. പുകവലിയും മദ്യപാനവും കൂടി വരുന്നതായി നിത്യവും വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നു. മാതാപിതാക്കളുടെയും അധ്യാപകരുടെയും ശരിയായ ദൃഷ്ടിയും ചൊല്ലുകളും അവയുടെ പ്രാധാന്യവും കുട്ടികളുടെ നേരായ വളര്‍ച്ചയില്‍ ഒരു പ്രധാന ഘടകം ആണ്.

ഒരു ചെറിയ ഉദാഹരണം ഇവിടെ എടുക്കാം. ഞാന്‍ താമസ്സിക്കുന്നതിനടുത്തായി ഒരു യുറോപ്യന്‍ രാജ്യക്കാരുടെ സ്കൂള്‍ ഉണ്ട്. കൊച്ചു കുട്ടികള്‍ മുതല്‍ വലിയ ക്ലാസ്സ് വരെ ഉള്ള ഒരു നല്ല സ്കൂള്‍. കാലത്തു വലിയ വലിയ കാറുകളില്‍ കുട്ടികള്‍ വരുമ്പോള്‍ തന്നെ അറിയാം അവരുടെ മാതാപിതാക്കളുടെ സമ്പത്ത് സമൃദ്ധിയുടെ വലുപ്പം. ഈ ഭാഗത്തേക്ക്‌ സ്കൂള്‍ മാറ്റിയപ്പോള്‍ മുതല്‍ ഞാന്‍ ഒരു കാര്യം ശ്രദ്ധിക്കാന്‍ തുടങ്ങി. കാലത്തു എട്ടു മണിക്ക് സ്കൂള്‍ തുടങ്ങിയാല്‍ കുറച്ചു കൂട്ടം കുട്ടികള്‍ സ്കൂളിന് വെളിയില്‍ ചുറ്റിപറ്റി നടക്കുന്നത്. മുന്നിലുള്ള വലിയ കെട്ടിടങ്ങളുടെ ഇടയിലും ഇവരെ കാണാന്‍ തുടങ്ങി. കുറച്ചു ദിവസ്സം കൂടി ശ്രദ്ധിച്ചപ്പോള്‍ ഇവരുടെ ഒക്കെ കൈവശം സിഗരറ്റും കാണാമായിരുന്നു. ആണും പെണ്ണും വ്യതസ്സമില്ലാതെ വലിച്ചു തള്ളുന്നു. അവരുടെ സംസ്കാരം അങ്ങനെയാവാം എന്ന് കരുതി കുറച്ചു ദിവസ്സം ക്ഷമിച്ചു. പിന്നെ നോക്കിയപ്പോള്‍ ഇവര്‍ ബില്ടിങ്ങുകളുടെ ഉള്ളിലായി സഹവാസം. ഏണി പടികളും ഇവര്ക്ക് വാസ സ്ഥലമാവാന്‍ തുടങ്ങി എന്ന് കണ്ടപ്പോള്‍ ഞാന്‍ പതുക്കെ ഒരു ദിവസ്സം സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചു. പുറമെ നിന്നുള്ള കുട്ടികളും ഇവരുടെ കൂടെ കണ്ടു തുടങ്ങിയപ്പോള്‍ എന്തോ ഒരു ഭയം തോന്ന്നിയിരുന്നു. ആ സ്കൂള്‍ അധികൃതരില്‍ നിന്നു മറുപടി കിട്ടിയത് – സ്കൂളിന്റെ ഗേറ്റിനു പുറത്തു അവര്‍ എന്ത് ചെയ്താലും അതില്‍ അവര്ക്കു ഉത്തരവാദം ഇല്ല എന്ന വാദം ആയിരുന്നു.

അപ്പോള്‍ പിന്നെ നേരിട്ടു തന്നെയാവാം നമ്മുടെ പരിപാടികള്‍ എന്ന് നിശ്ചയിച്ചു. ഓരോ ബില്ടിങ്ങിന്റെയും കാവല്‍ക്കാരെ കണ്ടു ഇങ്ങനെ കുട്ടികള്‍ അവിടെ വന്നിരിക്കാന്‍ തുടങ്ങിയാല്‍ വരാന്‍ സാധ്യതയുള്ള ആപത്തുകളെ പറ്റി പറഞ്ഞു മനസ്സിലാക്കി. കാലത്തു പതിവുപോലെ ഏണി ചുവട്ടിലേക്ക്‌ വിശ്രമിക്കാനും പുകവലിക്കാനും ആയി വരുന്ന കുട്ടികളെ പറഞ്ഞു മനസ്സിലാക്കാന്‍ തുടങ്ങി. ആ സ്കൂളിലെ അല്ലാത്ത കുട്ടികളോട് പ്രത്യേകം പറഞ്ഞു മനസ്സിലാകുകയും ചെയ്തു. കുറച്ചു അധികം ഭുദ്ധിമുട്ടിയെന്കിലും ഇപ്പോള്‍ ആ വരവും മുഴുവനായും നിര്‍ത്താന്‍ സാധിച്ചു എന്ന് തന്നെ പറയാം.

ആശ്വസ്സത്തോടെ റമദാന്‍ മാസ്സത്തില്‍ അങ്ങനെ ഇരിക്കുമ്പോള്‍ അതാ കാണുന്നു. അവിടത്തെ അധ്യാപകര്‍, കുട്ടികളെ വെട്ടിച്ച് കെട്ടിടത്തിന്റെ മുകളില്‍ നിന്നു പുകവലിക്കുന്നു. അവരുടെ ധാരണ അത് ആരും കാണുന്നില്ല എന്നാണെന്ന് തോന്നുന്നു. അവരറിയുന്നുണ്ടോ ചുറ്റും ഉള്ള പടുകൂറ്റന്‍ കെട്ടിടങ്ങളില്‍ ഉള്ളവരെല്ലാം അവരെ ശ്രദ്ധിക്കുന്ന കാര്യം. എന്താണ് മനുഷ്യനില്‍ ആചാരങ്ങളും അനുഷ്ടാനങ്ങളും വ്യക്തമായി അറിയാമായിട്ടും അത് തെറ്റിക്കാന്‍ ഉള്ള വ്യഗ്രത ഉണ്ടാവുന്നത്?. ചങ്ങലക്ക്‌ ഭ്രാന്ത് പിടിച്ചാല്‍ എന്താ ചെയ്യാ അല്ലെ? അതിനുള്ള വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞാന്‍ ഇപ്പോള്‍.

സസ്നേഹം,
രമേഷ് മേനോന്‍
150920008