Malayalam – Life as I See

മലയാളം സംസാരിച്ചത് കൊണ്ട് ജോലിയില്‍ നിന്ന് പുറത്താക്കും എന്ന നടപടി ശരിയാണോ?

Posted on

മലയാളം സംസാരിച്ചത് കൊണ്ട് ജോലിയില്‍ നിന്ന് പുറത്താക്കും എന്ന നടപടി ശരിയാണോ?

ഇടതു ഭാഗത്തുള്ള പോള്ളില്‍ പങ്കെടുത്തു നിങ്ങളുടെ നയം വ്യക്തമാക്കൂ

നിങ്ങള്‍ പറയൂ

ശരിയാണ്

ശരിയല്ല

ഒരു അഭിപ്രായവും ഇല്ല

അത് ആ ഹോസ്പിറ്റലിന്റെ സ്വന്തം കാര്യം

മൃദംഗ പഠന ക്യാമ്പ്‌ ആരംഭിച്ചു.

Posted on

മൃദംഗ പഠന ക്യാമ്പ്‌ ആരംഭിച്ചു.
Author : – സ്വന്തം ലേഖകന്‍ www.irinjalakuda.com
ഇരിങ്ങാലക്കുട കൊരമ്പ്‌ മൃദംഗ കളരിയില്‍ 14ദിവസം നീണ്ടു നില്‍ക്കുന്ന മൃദംഗപഠന ക്യാമ്പ്‌ ആരംഭിച്ചു. 90 ഓളം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ ഈ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്‌. കൂടാതെ സിംഗപ്പൂര്‍, ദുബായ്‌ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ വഴി ഈ മൃദംഗപഠന ക്ലാസില്‍ സംബന്ധിക്കുന്നുണ്ട്‌. കൂടാതെ മെയ്‌ 23,24 തിയ്യതികളില്‍ പുതിയ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്‌. കൊരമ്പ്‌ മൃദംഗ കളരിയുടെ സ്ഥാപകനും മൃദംഗമേള ആചാര്യനുമായ കൊരുമ്പ്‌ സുബ്രഹ്മണ്യ നമ്പൂതിരിയുടെ സ്‌മരണാര്‍ത്ഥമാണ്‌ ഈ ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌. കളരിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 9349855088 എന്ന നമ്പറില്‍ ബന്ധപ്പെടുക. കൊരമ്പ്‌ മൃദംഗ കളരിയുടെ ഡയറക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ ക്യാമ്പ്‌ 31-5-09 രാവിലെ 10മണിക്ക്‌ നടക്കുന്ന മൃദംഗ മേളയോടുകൂടി സമാപിക്കും.

പ്ലസ്‌ വണ്‍ അപേക്ഷകള്‍ ഈമാസം 27വരെ നല്‍കാം

Posted on

പ്ലസ്‌ വണ്‍ അപേക്ഷകള്‍ ഈമാസം 27വരെ നല്‍കാം
Author : – സ്വന്തം ലേഖകന്‍
www.irinjalakuda.com
പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഈമാസം 27വരെ നീട്ടി. സി.ബി.എസ്‌.ഇ പരീക്ഷാഫലം വൈകിയതും എസ്‌.എസ.്‌എല്‍.സി. പുസ്‌തകം ലഭിക്കാന്‍ വൈകിയതുമാണ്‌ അപേക്ഷസമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഈമാസം 27വരെ നീട്ടാന്‍ കാരണം. ഇതേ തുടര്‍ന്ന്‌ അലോട്ട്‌മെന്റ്‌ ഷെഡ്യൂളിലും മാറ്റംവരും.

തീര്‍ത്ഥക്കരയിലെ ചെമ്പടമേളം കൂടല്‍മാണിക്യത്തിന്റെ മാത്രം

Posted on Updated on

തീര്‍ത്ഥക്കരയിലെ ചെമ്പടമേളം കൂടല്‍മാണിക്യത്തിന്റെ മാത്രം

Author : – സ്വന്തം ലേഖകന്‍ www.irinjalakuda.com

ഇരിങ്ങാലക്കുട : പഞ്ചാരിമേളത്തിന്റെ പാല്‍ക്കടലില്‍ കുളിച്ചശേഷം തീര്‍ത്ഥക്കരയിലെ ചെമ്പടമേളവും ആളുകളില്‍ ആസ്വാദനത്തിന്റെ വര്‍ഷം ചൊരിയുന്ന കാഴ്‌ചയാണ്‌ കൂടല്‍മാണിക്യത്തില്‍. പതിനൊന്ന്‌ ദിവസത്തെ ഉത്സവത്തോടനുബന്ധിച്ച്‌ ഇരുപത്തിയൊന്ന്‌ ചെമ്പടമേളങ്ങളാണ്‌ ഇവിടെ കൊട്ടുന്നത്‌. ശീവേലിക്കും വിളക്കിനും ശേഷം അഞ്ചാം കാലം പടിഞ്ഞാറെ നടയില്‍ കൊട്ടിക്കലാശിക്കുന്നതോടെ മേളക്കാര്‍ രൂപകം കൊട്ടി നേരെ ചെമ്പടമേളത്തിലേക്ക്‌ കടക്കും. കുലീപനി തീര്‍ത്ഥക്കരയിലൂടെയാണ്‌ ചെമ്പടമേളം കടന്നുപോകുന്നത്‌. എന്നതിനാല്‍ തീര്‍ത്ഥക്കരമേളം എന്നപേരിലാണ്‌ ഇവിടത്തെ ചെമ്പടമേളം അറിയപ്പെടുന്നത്‌. ചുറ്റമ്പലത്തിന്റെ വടക്കേ വാതിലിനടുത്ത്‌ പ്രദക്ഷിണവഴിയില്‍ നടക്കുന്ന ചെമ്പടമേളം തട്ടകത്തിന്റെ വൈകാരിക മേളം കൂടിയാണ്‌. തൃശൂര്‍പൂരത്തിന്റെ ശില്‍പിയായ ശക്തന്‍തമ്പുരാന്‍ കൂടല്‍മാണിക്യം ഉത്സവവും രൂപകല്‍പ്പന ചെയ്‌തുവെന്നാണ്‌ വിശ്വാസം. ചെമ്പടമേളം കേള്‍ക്കാന്‍ അദ്ദേഹവും വടക്കേ തമ്പുരാന്‍ കോവിലകത്തിന്റെ പടിഞ്ഞാറേ ഇറയത്ത്‌ നില്‍ക്കാറുണ്ടായിരുന്നുവെന്ന്‌ പറയപ്പെടുന്നു. വിശാലമായ തീര്‍ത്ഥകുളത്തിന്റെ സമീപത്ത്‌ നടക്കുന്നതിനാല്‍ മേളത്തിന്റെ പ്രതിധ്വനി ദേശത്തെവിടെയും അലയടിച്ചുയരുന്നത്‌ പ്രത്യേക അനുഭവമാണ്‌. തീര്‍ത്ഥക്കര ചെമ്പടമേളകലാകാരന്മാര്‍ക്ക്‌ വൈദഗ്‌ധ്യം പ്രകടിപ്പിക്കാനുള്ള മത്സരവേദികൂടിയാണ്‌. ഇതിനാല്‍ പലപ്പോഴും ഇത്‌ തായമ്പകയുടെ സ്വാഭാവം കൈവരിക്കുന്നുവെന്നും പറയുന്നു. ഉരുട്ടുചെണ്ടയിലും വീക്കനിലും കേമന്‍മാരായ ചെണ്ടക്കാരുടെ പ്രാഗത്‌്‌ഭ്യം ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റുന്നതും തീര്‍ത്ഥക്കര മേളത്തിനിടയിലാണ്‌. പടിഞ്ഞാറേനടയില്‍ പഞ്ചാരി അവസാനിച്ചാല്‍ മേളകലാകാരന്മാരുടെ എണ്ണം കുറയുന്നതുകൊണ്ട്‌ ഒരു വൃത്തത്തിന്റെ ആകൃതിയില്‍ തീര്‍ത്ഥക്കരയില്‍ നിരക്കുന്നതും കാഴ്‌ചയാണ്‌.

ഉത്സവം- ക്ഷേത്രകലകള്‍ക്ക്‌ ആസ്വാദകരേറെ

Posted on Updated on

ഉത്സവം- ക്ഷേത്രകലകള്‍ക്ക്‌ ആസ്വാദകരേറെ

Author : – സ്വന്തം ലേഖകന്‍ www.irinjalakuda.com

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ അരങ്ങേറുന്ന ക്ഷേത്രകലകള്‍ക്ക്‌ ആസ്വാദകരേറെയാണ്‌. രാവിലത്തെ ശീവേലി കഴിഞ്ഞാല്‍ ഉടന്‍ കിഴക്കേ നടപ്പുരയില്‍ ഓട്ടന്‍തുള്ളലും ശീതങ്കന്‍ തുള്ളലും അരങ്ങേറും.ഇതില്‍ കല്ല്യാണ സൗഗന്ധികവും, സഭാപ്രവേശവും, ഗരുഡ ഗര്‍വഭംഗവും തന്മയത്വത്തോടെ അവതരിപ്പിക്കുന്നത്‌ നന്തിപുലം പി.കെ.നീലകണ്‌ഠനും സംഘവുമാണ്‌. കല്യാണ സൗഗന്ധികത്തിലെ ഹാസ്യപ്രധാനങ്ങളായ സന്ദര്‍ഭങ്ങളെ അവതരിപ്പിക്കുമ്പോള്‍ കൂടി നില്‍ക്കുന്നവരില്‍ ചിരിപടരും. കൂത്തമ്പലത്തോട്‌ ചേര്‍ന്ന സന്ധ്യാവേല പന്തലില്‍ മദ്ദളപറ്റ്‌, കൊമ്പുപറ്റ്‌, നാദസ്വരം എന്നിവയും ആസ്വദിക്കേണ്ട കാഴ്‌ചയാണ്‌. കിഴക്കേ ഗോപുരനടയില്‍ ചെണ്ടയുടെ താളലയമായ തായമ്പകയും മികച്ചതുതന്നെ. സന്ധ്യാസമയത്ത്‌ കൂത്തമ്പലത്തില്‍ അമ്മന്നൂര്‍ കൂടിയാട്ട പാരമ്പര്യത്തിന്റെ പൈതൃകം വിളിച്ചോതുന്ന ചാക്യാര്‍കൂത്തു കാണാന്‍ ആളുകള്‍ അഴികള്‍ക്കുള്ളിലൂടെ ആകാംക്ഷയോടെ എത്തിനോക്കും.പടിഞ്ഞാറേ പ്രദക്ഷിണ വഴിയില്‍ അരങ്ങേറുന്ന പാഠകവും ആളുകളെ ചുറ്റും കൂടി നിര്‍ത്തും. തലയില്‍ ചുവപ്പു പട്ടുമായി കൊടുങ്ങല്ലൂര്‍ കോവിലകത്തെ നന്ദകുമാര്‍ രാജയാണ്‌ പാഠകം അവതരിപ്പിക്കുന്നത്‌. ഇതേസമയം നടക്കുന്ന പടിഞ്ഞാറെ നടപ്പുരയിലെ കുറത്തിയാട്ടവും ക്ഷേത്രത്തിലെത്തുന്നവര്‍ക്ക്‌ പ്രിയമാണ്‌.

മേളപ്രമാണത്തില്‍ നാലാം തവണയും ചെറുശ്ശേരി കുട്ടന്‍മാരാര്‍

Posted on Updated on

മേളപ്രമാണത്തില്‍ നാലാം തവണയും ചെറുശ്ശേരി കുട്ടന്‍മാരാര്‍
Author : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com/

ചെറുശ്ശേരി കുട്ടന്‍മാരാരിന്റെ മേളപ്രമാണിത്വത്തില്‍ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ശീവേലിക്ക്‌ കൊഴുപ്പേറി. നാലാം തവണയാണ്‌ സംഗമേശന്റെ മുന്നില്‍ പഞ്ചാരിമേളത്തിന്റെ അമരത്തില്‍ ചെറുശ്ശേരി കുട്ടന്‍മാര്‍ എത്തുന്നത്‌. ആദ്യശീവേലിക്ക്‌ തൃപ്രയകുളം അച്ചുതമാരാരായിരുന്നു നേതൃത്വം.

കൂടല്‍മാണിക്യം ക്ഷേത്രോത്സവം – ആദ്യശീവേലി ഇന്ന്‌

Posted on Updated on

കൂടല്‍മാണിക്യം ക്ഷേത്രോത്സവം – ആദ്യശീവേലി ഇന്ന്‌
Author : – സ്വന്തം ലേഖകന്‍
www.irinjalakuda.com

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആദ്യശീവേലിക്ക്‌ തുടക്കമായി. രാവിലെ തിടമ്പ്‌ എഴുന്നള്ളിച്ച്‌ ആറ്‌ പ്രദക്ഷിണം പൂര്‍ത്തിയാക്കിയശേഷം 17 ഗജവീരന്‍മാര്‍ അണിനിരന്ന കാഴ്‌ചശീവേലി ആരംഭിച്ചു. കിഴക്കേ നടയില്‍ ആരംഭിച്ച പഞ്ചാരിമളത്തിന്‌ തൃപ്പേക്കുളം അച്യുതമാരാര്‍ പ്രാമാണിത്വം വഹിച്ചു. 130 ഓളം കലാകാരന്‍മാരാണ്‌ പഞ്ചാരിമേളത്തിന്‌ അണിനിരന്നത്‌. കുട്ടന്‍കുളങ്ങര അര്‍ജ്ജുനന്‍ ഭഗാന്റെ തിടമ്പേറ്റി. രാവിലെ എട്ടരയോടെ ആരംഭിച്ച ശീവേലി പതിനൊന്നരയോടെ അവസാനിച്ചു.

കൊടിപ്പുറത്ത്‌ വിളക്കിന്‌ സംഗമേശനെഴുന്നളളി

Posted on Updated on

കൊടിപ്പുറത്ത്‌ വിളക്കിന്‌ സംഗമേശനെഴുന്നളളി
Author : – സ്വന്തം ലേഖകന്‍ http://www.irinjalakuda.com

ഭക്തിയുടെ നിറവില്‍ ആഘോഷങ്ങളുടെ ദിനങ്ങളിലേക്ക്‌ സംഗമേശന്‍ പുറത്തെഴുന്നളളിയതോടെ പ്രസിദ്ധമായ കൂടല്‍മാണിക്യക്ഷേത്രോത്സവത്തിലെ ആദ്യവിളക്ക്‌ നടന്നു. കൊടിപ്പുറത്ത്‌ വിളക്കിന്‌ ദേവന്‍ ആദ്യപ്രദക്ഷിണത്തിന്‌ സ്വന്തം കുട്ടിക്കൊമ്പനായ മേഘാര്‍ജ്ജുനന്റെ പുറത്തുകയറിയതോടെ പ്രസിദ്ധമായ പഞ്ചാരിയുടെ അകമ്പടിയില്‍ ഉത്സവമാരംഭിച്ചു. രാവിലെ മുതല്‍ വിവിധ ക്ഷേത്രചടങ്ങുകള്‍ക്കുശേഷം ശ്രീകോവിലില്‍ നിന്ന്‌ ദേവചൈതന്യത്തെ തിടമ്പിലേക്കാവാഹിച്ച്‌ ഈ വര്‍ഷത്തെ ഉത്സവത്തിന്‌ പുറത്തെഴുന്നളളിയപ്പോള്‍ തിരുനടയില്‍ ഭക്ത സഹസ്രങ്ങള്‍ തൊഴുത്‌ നിര്‍വൃതിയടഞ്ഞു. ഉത്സവത്തോടനുബന്ധിച്ചുളള കലാപരിപാടികള്‍ വൈകീട്ട്‌ സ്‌പെഷല്‍ പന്തലില്‍ ആരംഭിച്ചു. കാവാലം വിനോദിന്റെ സോപാനസംഗീതം, ഇരിങ്ങാലക്കുട നടനകൈശികിയുടെ നേതൃത്വത്തില്‍ മോഹിനിയാട്ടം, ചലചിത്രതാരം ബേബി മാളവികയും സുനില്‍ നെല്ലായിയും ചേര്‍ന്നവതരിപ്പിച്ച നൃത്തനൃത്ത്യങ്ങള്‍.