റമദാന്‍ ചിന്തകള്‍ ‍ 11

Posted on

റമദാന്‍ ചിന്തകള്‍ ‍ 11

ഇന്നു വിശുദ്ധ റമദാന്‍ മാസ്സത്തിലെ പതിനൊന്നാം ദിവസ്സം. ഓരോ ദിവസ്സം ചെല്ലും തോറും എല്ലാവരിലും ഉത്സാഹവും ഭക്തിയും കൂടി വരുന്നു. ഇതോടൊപ്പം തന്നെ എല്ലാവരിലും ഓണത്തിന്റെ ഒരു ഉത്സവ ലഹരിയും കാണാന്‍ സാധിക്കുന്നുണ്ട്. റമദാന്‍ മാസ്സക്കാലമായത് കൊണ്ടു പല സ്ഥലങ്ങളിലും ഓണ സദ്യ വൈകിട്ട് ആണ് ഇത്തവണ പലരും അവരുടെ മുസ്ലിം സുഹൃത്തുക്കളെ കൂടി ഉള്‍പ്പെടുത്താനായി വച്ചിരിക്കുന്നത്. സൌഹൃദവും സാഹോദര്യവും എന്നെന്നും വളരട്ടെ.

ഇതിന് മുന്‍പത്തെ ലക്കത്തില്‍ ഞാന്‍ എഴുതിയല്ലോ, ഇതു ഒരു തപസ്സ്യയായിട്ടാണ് ഞാന്‍ എടുത്തിട്ടുള്ളത്. ഓടുന്ന പട്ടിക്കു ഒരു മുഴം മുന്പേ എന്ന രീതിയില്‍ എന്നാല്‍ ശരി നാളത്തെ ചിന്തകള്‍ ഇന്നു തന്നെ എഴുതി വക്കാം എന്ന് ശ്രമിച്ചാല്‍ ഒരിക്കലും അത് എനിക്ക് സാധ്യമാവാറില്ല. അതാത് ദിവസ്സത്തിന്റെ അവസാനത്തിലെ അന്നത്തെ ചിന്തകള്‍ ഏകദേശം ഒരു പൂര്‍ണതയോടെ മനസ്സില്‍ വരികയുള്ളു.

ഇന്നു കുട്ടികള്‍ തന്നെ ആവട്ടെ നമ്മുടെ ചിന്താ വിഷയം.

ഈയിടെ ഒരു സഹൃദയ വേദിയില്‍ വച്ചു ഒരു മാതാപിതാക്കളുടെ അനുഭവം അറിയാന്‍ ഇടയായി. രണ്ടാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകനോടുള്ള സ്കൂള്‍ അധ്യാപകരുടെ സമീപനം ആയിരുന്നു ചര്‍ച്ചാ വിഷയം. പതിവിലും കവിഞ്ഞ വികൃതിയും ഉത്സാഹവും ഒക്കെ കൂടി കലര്ന്ന ഒരു കൊച്ചു വികൃതി ആയിരുന്നു അവന്‍. ഇയിടെയായി സ്കൂളില്‍ നിന്നു വരുമ്പോള്‍ മിക്ക ദിവസ്സവും ശരീരത്തില്‍ നല്ല അടി കിട്ടിയ പാടു ഉണ്ടാവും. ചോദിച്ചപ്പോള്‍ വിവരം കുറച്ചു ഗുരുതരം ആണ്. ക്ലാസ്സില്‍ അടിപിടിയാണ് വിഷയം. എന്ത് കൊണ്ടോ എന്നും നമ്മുടെ കക്ഷിയെ ക്ലാസ്സിലെ ടീച്ചര്‍ കുറ്റക്കാരനായി പ്രഖ്യാപിച്ചു നടത്തുന്ന ഭേദ്യങ്ങളുടെ ഫലം ആയിരുന്നു ആ പാടുകള്‍. സ്കൂള്‍ തുറന്നു കുറച്ചു ആഴ്ചകള്‍ക്കുള്ളില്‍ കുട്ടിയുടെ സംസാരവും കളിയും ചിരിയും ഒക്കെ കുറഞ്ഞു. ഏകദേശം ഒരു രണ്ടാഴ്ച കൂടി കഴിഞ്ഞപ്പോള്‍ കുറേശ്ശെ വിക്കല്‍ സംസാരത്തില്‍ കണ്ടു തുടങ്ങി. കാര്യമായി അന്വേഷിച്ചപ്പോള്‍ ടീച്ചറുടെ പുതിയ രീതി കുട്ടിയെ പേടിപ്പിക്കലാണ്. അത് എന്താണെന്നോ – കുട്ടിയെ തല കേഴാക്കി കെട്ടി തൂക്കും എന്ന് പറഞ്ഞു കൊണ്ടു!!! സ്കൂളില്‍ പോകാം എന്ന് പറഞ്ഞാല്‍ കുട്ടിക്ക് ഇപ്പോള്‍ കൊല്ലുന്നതിനു തുല്ല്യം.

എത്രയോ മാതാപിതാക്കള്‍ കുട്ടികള്‍ ഇല്ലാതെ വിഷമിക്കുന്നു. ഉള്ള കുട്ടികള്‍ തന്നെ എത്രയോ തരത്തില്‍ കഷ്ടപ്പെടുന്നു. അവരെ ഒരു തരത്തിലും മാനസ്സികമായി വിഷമിപ്പിക്കരുതെന്ന ബാല പാഠം അറിയാത്ത ആ അധ്യാപികക്ക് നല്ല ബുദ്ധി തോന്നിക്കണേ എന്ന് മാത്രമേ ഈ പുണ്യ മാസ്സകളത്തിലെ ഉത്രാട രാവില്‍ എനിക്ക് പ്രാര്‍ത്ഥന ഉള്ളൂ.

സസ്നേഹം

രമേഷ് മേനോന്‍
11092008

One thought on “റമദാന്‍ ചിന്തകള്‍ ‍ 11

    Visala Manaskan said:
    September 13, 2008 at 7:02 am

    പ്രിയ രമേഷ്,

    നല്ല കുറിപ്പ്.

    Like

Leave a comment