Mind Speaks: കാത്തിരിക്കാം by Padmashree Peruvanam Kuttan Marar

Posted on Updated on

കാത്തിരിക്കാം……….

 

 

12605464_10153333801181088_5627516429527488869_o

File Photo: Padmashree Peruvanam Kuttan Marar

 

കോഴിക്കോട് തളി ക്ഷേത്രത്തിലെ ഒരു ഉത്സവകാലം . മേളം പഞ്ചവാദ്യം തായമ്പക ഒക്കെ കേമാണ് ഒരു ദിവസം ഉച്ചവരെ ഉള്ളത് ഒക്കെ കഴിഞ്ഞ് ഊണ്

കഴിച്ച് കിഴക്കേ ഗോപുരത്തിന്റെ തെക്കേ തിണ്ണയിൽ തോർത്ത് മുണ്ട് വിരിച്ച് കിടക്കാണ്.

” ഇന്ന് നിങ്ങടെ നാട്ടിൽ ഇത്രയും വലിയ തൃശൂർ പൂരം നടക്കുമ്പോൾ ഇവിടെ ആണോ കൊട്ടുന്നത് . അതിൽ കൊട്ടിയാൽ അല്ലേ കേമനാവുള്ളൂ ” അപ്പൊ അടുത്ത് ഇരുന്നിരുന്ന ഒരാൾ എന്നോട് ചോദിച്ചു .

സത്യത്തിൽ കേട്ടപ്പോൾ വിഷമായി .എന്നെ പോലെ ഒരു കുട്ടിക്ക് ചിന്തിക്കാവുന്ന ഒന്നല്ല തൃശൂർ പൂരം എന്നറിയാമെങ്കിലും . തൃശൂർ പൂരവും തളി ഉത്സവവും ചില കൊല്ലം ഒരേ സമയം വരും .

അത് കഴിഞ്ഞ് വന്നപ്പോൾ അച്ഛനോട് വിവരം പറഞ്ഞു . അച്ഛൻ ഒന്നും മിണ്ടിയില്ല . അച്ഛൻ പാറമേക്കാവിലും പിന്നെ തിരുവമ്പാടിയിലും കൊട്ടി വിരമിച്ചിരിക്കുന്ന കാലം ആയിരുന്നു .പരിയാരത്ത് കുഞ്ഞൻമാരാർ ആയിരുന്നു പാറമേക്കാവിൽ പ്രമാണം . കുഞ്ഞൻമാരാർ വയ്യാതെ ആയി ഒഴിഞ്ഞു .

പിന്നത്തെ കൊല്ലത്തെ പൂരം .പാറമേക്കാവിൽ പല്ലശ്ശന പത്മനാഭമാരാർ ആയി പ്രമാണം . തിരുവമ്പാടിയിൽ കാരേക്കാട് ഈച്ചരമാരാരും . ഈച്ചരമാരാർ പൂരത്തിന്റെ തലേദിവസം മാരാത്ത് വന്ന് അച്ഛനെയും എന്നെയും
തിരുവമ്പാടിയിലേക്ക് ക്ഷണിച്ചു .

94392676_619081342013876_297249188998021120_o

Photo by Akshay Shenoy S

 

പിറ്റേന്ന് പൂരത്തിന് അച്ഛനും ഞാനും കൂടി പുറപ്പെട്ടു . ബസ്സിൽ പോയി . തൃശൂരിൽ ചെന്ന് ഇറങ്ങി .കൊക്കാലെ വരെ മറ്റോ ബസ്സ് പോവുള്ളു .അങ്ങിനെ രണ്ടാളും കൂടി നടന്ന് പോവാണ്. വെളിയന്നൂർ അമ്പലത്തിന്റെ അവിടെ എത്തിയപ്പോൾ “നിയ്യ് വേലക്ക് അവിടെ കൊട്ടിയതല്ലെ.. പാറമേക്കാവിലേക്ക്
പൊക്കോ , ചക്കംകുളം അപ്പുവും മഠത്തിൽ ഗോപാലനും പാറമേക്കാവിലുണ്ട്, ഞാൻ തിരുവമ്പാടിയിലേക്ക് പോവാം ” എന്ന് പറഞ്ഞ് എന്നെ പാറമേക്കാവിലേക്ക് പറഞ്ഞയച്ചു .

അവിടെ ചെന്നപ്പോൾ മേളം കൊട്ടാൻ അവസരം കിട്ടി .  പതിനഞ്ചിൽ അറ്റത്തെ ചെണ്ടയായി ആണ് കൊട്ടിയത് . അങ്ങിനെ പല്ലശ്ശന പത്മനാഭമാരാരുടെ പ്രമാണത്തിൽ ആദ്യമായി തൃശൂർ പൂരത്തിലെ പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിൽ കൊട്ടി .അച്ഛൻ തിരുവമ്പാടിയിലും . സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ എന്ന് പറഞ്ഞപോലെ ആയിരുന്നു അവസ്ഥ .

നൂറ് രൂപ ആണ് അന്ന് മേള പണം ആയി കിട്ടിയത് . അതിനേക്കാൾ വിശേഷായി ഒരു കാര്യം കൂടി ഉണ്ടായി .പാറമേക്കാവ് പ്രസിഡൻറ് ആയിരുന്ന
(വലിയ) ബാലകൃഷ്ണമേനോൻ.T.C എനിക്ക് ഒരു ഓണപ്പട തന്നു . അന്ന് എല്ലാവർക്കും ഓണപ്പട ഒന്നും ഇല്ലാത്ത കാലം ആയിരുന്നു . അത്
തന്നിട്ട് ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു “അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിക്കരുത് ഇവിടെ ഉറച്ച് നിന്നോളോ ” എന്നും പറഞ്ഞു .

നൽപ്പത്തിനാലു കൊല്ലം കഴിഞ്ഞു . അന്ന് കൊടുത്ത വാക്ക് പാലിച്ചു.
1977 ലെ പൂരത്തിൽ ആണ് ഉണ്ടായത്. പിന്നീട് പത്മനാഭമാരാർക്ക് ശേഷം ,പരിയാരത്ത് കുഞ്ചുമാരാർ,പല്ലാവൂർ അപ്പുമാരാർ ,ചക്കംകുളം അപ്പുമാരാർ , രാമങ്കണ്ടത്ത് ഉണ്ണിമാരാർ ,എന്നി മഹാരഥന്മാരുടെ ഒപ്പം ഒക്കെ  ഇലഞ്ഞിച്ചോട്ടിൽ കൊട്ടി . പിന്നെ ഇരുപത്തിയൊന്ന് ആണ്ട് ഇലഞ്ഞിച്ചോട്ടിലെ മേളത്തിന്റെ പ്രമാണി ആയി .

ഞാനും ചക്കംകുളം അപ്പുച്ചേട്ടനും കൂടി ആണ് പിന്നെ പൂരത്തിന് പോവാ.
സാധാരണ ഒരു മുണ്ട്, പിന്നെ തോളിൽ ഒരു തോർത്തും .ചെണ്ടയും കൊണ്ട്
ബസ്സിൽ പോവും . അന്നൊന്നും ഷർട്ട് ഇട്ടില്ലെങ്കിലും ആരും ഒന്നും ചോദിക്കില്ല .

ഇലഞ്ഞിച്ചോട്ടിലെ മേളം കഴിഞ്ഞാൽ ചെണ്ട പാറമേക്കാവിൽ കൊണ്ട് വെച്ച്
ഹൈറോഡ് വഴി ഇറങ്ങി ആ മിഷേൻ ക്വാർട്ടേർഴ്സിൽ ചെന്ന് ബസ്സ് കയറി
വീട്ടിൽ പോവും .

പിറ്റേ ദിവസം രാവിലെ ഇതുപോലെ ബസ്സിൽ വരും പകൽ പൂരം
മേളം കഴിഞ്ഞാൽ പാറമേക്കാവിൽ പോയി കഞ്ഞികുടിച്ച് കാശും
വാങ്ങി വീട്ടിൽ പോവും . അപ്പുച്ചേട്ടൻ തൃശൂർ പൂരത്തിൽ നിന്നും വിരമിക്കുന്നത് വരെ അത് തുടർന്നു. ഇപ്പൊ കാറായി. അന്ന് നടന്നു
പോയിരുന്ന വഴികൾ ഒക്കെ ഉണ്ടെങ്കിലും നഗരം ആകെ മാറി

ഇന്ന് ലോകമഹാത്ഭുതങ്ങളിൽ ഒന്നായി മാറി . മുപ്പത്തിയാറു മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശൂർ പൂരം . മേളങ്ങളും പഞ്ചവാദ്യങ്ങളും,
തലയെടുപ്പുള്ള ആനകളും ,വെട്ടിത്തിളങ്ങുന്ന നെറ്റിപട്ടങ്ങളും , പുതിയ കുടകളും വെഞ്ചാമരങ്ങളും ,ആലവട്ടങ്ങളും മനുഷ്യ മനസ്സ് നിറയുന്നു .ഘടക പൂരങ്ങളും , മഠത്തിൽ വരവും ,ഇലഞ്ഞിച്ചോട്ടിലും , തെക്കോട്ട് ഇറക്കവും ,കുടമാറ്റവും .  വെടിക്കെട്ടും ,പകൽപ്പൂരവും ,ഉപചാരവും ഒക്കെ
ആയി തൃശൂർ നഗരം സ്വർഗ്ഗതുല്യം ആവുന്നു .

ഒരു കാലാത്ത് തൃശൂർ പൂരം കാണണമെങ്കിൽ തൃശൂരിൽ തന്നെ വരണം . പത്രത്താളുകളിലൂടെ ലോകം അറിഞ്ഞിരുന്ന പൂരം പിന്നെ അത്
മഠത്തിൽ വരവ് പഞ്ചവാദ്യവും , ഇലഞ്ഞിച്ചോട്ടിലെ മേളവും
ആയി തൃശൂർ പൂരം റേഡിയോ ലോകത്തിന്റെ മുമ്പിലേക്ക് നടത്തി തുടങ്ങി .പിന്നെ വന്ന ദൃശ്യമാധ്യമങ്ങൾ, 220 ആണ്ട് മുമ്പ് ശക്തൻ തമ്പുരാൻ തുടങ്ങിയ പൂരം ലോകത്തിന്റെ പൂരമായി മാറ്റി .

ഈ മഹാത്ഭുതം ഇത്തവണ ചടങ്ങുകൾ മാത്രമായി ആഘോഷങ്ങൾ ഇല്ലാതെ നടത്തേണ്ടി വന്നു ..* ദുഃഖം ഏറെയുണ്ട് എന്ത് ചെയ്യാം സഹിക്കുക തന്നെ ****
ലോകം മുഴുവനും കോവിഡ് എന്ന മഹാരിയെ ഭയന്ന് വിറച്ച് സാമൂഹിക നന്മക്കായി അകലം പാലിക്കാൻ ഈശ്വരാരാധന പോലും വീടുകളിലാക്കി ,ആഘോഷങ്ങൾ എല്ലാം ത്യജിച്ച് ,ആത്മനിയന്ത്രണത്തോടെ നമ്മൾ അകത്തിരിക്കുന്നു .

ഇനി അടുത്ത പൂരം 2021 ഏപ്രിൽ 23 ന് ആണ്. കഴിഞ്ഞ ആണ്ടിലെ പൂരം
വീണ്ടും ഒന്ന് മനസ്സിൽ കണ്ട് നമുക്ക് കാത്തിരിക്കാം അടുത്ത ആണ്ടിലെ
പൂരത്തിനായി.

(From his Facebook post) 

 

335539_10150317093866088_1079739942_o
File photo: Padmashree Kuttan Marar at ISC Abu Dhabi

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s