നവരാത്രി കാല ഓർമ്മകൾ……

Posted on

Moon_InPixio

അബുദാബിയിൽ ഉള്ളപ്പോൾ വൈകുന്നേരത്തെ ഒരു പതിവാണ്, രാത്രി കുറച്ചു നേരം സൈക്കിൾ ചവിട്ടുന്നത്. നാട്ടിലെ പോലെയല്ല, നല്ല ഒരു സൈക്കിൾ ട്രാക്ക് ഇവിടെ നഗരത്തിൽ ഒരു വിധം എല്ലാ ഇടത്തും ഒരുക്കിയിട്ടുണ്ട്…. ഈ ശീലം ഉള്ളത് കൊണ്ട് ഒരു കാര്യം ഉണ്ട്. പണ്ട് പഴഞ്ചോല്ലുകളിൽ ഒന്നിൽ പറഞ്ഞത് പോലെ.. അങ്കവും കാണാം താളിയും ഓടിക്കാം…

ഒരു ദിവസ്സം മുഴുവനും ഓഫീസിൽ നടക്കുന്ന ഗുസ്തിയുടെ മാനസികാസ്വാസ്ഥ്യം മാറ്റുകയും, അതോടൊപ്പം, കയ്യിൽ എപ്പോഴും കരുതുന്ന കാമറയിലൂടെ നഗരത്തിന്റെ വിവിധ മുഖങ്ങൾ പകർത്തുകയും ചെയ്യാം.. പലപ്പോഴും പല അരുതാത്ത കാര്യങ്ങൾ ചെയ്യുന്നതു കണ്ടുപിടിക്കാൻ കൂടി ഉപകാരപ്രദമാണ് ഈ സൈക്കിൾ യാത്ര…

പല ദിവസങ്ങളിലും, ഓഫീസിലെ ഓട്ടത്തിനിടയിൽ നക്ഷത്രമെണ്ണുന്നതു പതിവായതു കൊണ്ട്, രാത്രിയാത്രകളിലും, നക്ഷത്രങ്ങളെ വിടാറില്ല… പക്ഷെ ഇന്ന് ഒരാളെയും കിട്ടിയില്ല.. പക്ഷേ, കിട്ടിയ ചന്ദ്രനെ കണ്ടപ്പോൾ ഒരു അതിയായ സന്തോഷം എന്ത് കൊണ്ടോ മനസ്സിൽ തെളിഞ്ഞു വന്നു.. കുട്ടിക്കാലത്തെ മഹാനവമി സമയവും, ഊരകത്തമ്പലത്തിലെ നിറമാലയും വിളക്കും, പിന്നെ മഹാനവമി ദിവസ്സങ്ങളിൽ അവിടത്തെ പഴക്കൊല കൊണ്ട് ഉള്ള അലങ്കാരങ്ങളും..ആ മൂന്ന് ദിവസങ്ങളിൽ ദർശനത്തിനായി പോകുന്ന ദേവി ക്ഷേത്രങ്ങളും എല്ലാം എല്ലാം മനസ്സിൽ ഓടി എത്തി…

അപ്പോൾ ഇന്നത്തെ വൈകീട്ട് സൈക്കിൾ സവാരിയിൽ അങ്കവും കണ്ടു താളിയും ഒടിച്ചു ….എന്താണല്ലേ ഞാൻ ഇങ്ങനെ സൈക്കിളിൽ നിൽക്കുന്ന ഒരു ഫോട്ടോയുമായി ഈ മഹാനവമി വാർത്ത ഇട്ടിരിക്കുന്നത് എന്നതായിരിക്കും നിങ്ങളുടെ അടുത്ത ചിന്തയും ചോദ്യവും.?

വിദ്യാരംഭം… അത് പല തരത്തിൽ ഉള്ള വിദ്യകൾക്കു, നല്ല കാര്യങ്ങൾക്കു, ശുഭകരമായ ഒരു അവസ്സരം ആണ്. ഈ വിദ്യാരംഭത്തോടനുബന്ധിച്ചു .ഞങ്ങൾ വിദ്യാർത്ഥികളിൽ റോഡ് സുരക്ഷാ അവബോധനത്തിന്റെ ഭാഗമായി അവർക്കു അറിവുകൾ പകർന്നു നൽകാനുള്ള പുസ്തങ്ങൾ തയ്യാറാക്കുന്നുണ്ട്.. അതോടൊപ്പം തന്നെ, സൈക്കിളിൽ വരുന്ന കുട്ടികളിൽ സുരക്ഷയുടെ ഭാഗമായി ഒരു ഹെൽമെറ്റ് കൂടി വയ്ക്കുന്ന കാര്യം ഒരു ശീലമാക്കാനും ഉള്ള ശ്രമത്തിലാണ്…

കുട്ടികൾക്ക് സൈക്കിൾ വാങ്ങി കൊടുക്കുമ്പോൾ, ഒരു ഹെൽമെറ്റ് കൂടി വാങ്ങിച്ചു കൊടുക്കാൻ മറക്കരുതേ… അത് വച്ച് ചവിട്ടുന്നത് അവരുടെ ഒരു ജീവിതചര്യ ആയി മാറട്ടെ… അങ്ങനെ വളരുന്ന തലമുറ തീർച്ചയായും, ഹെൽമെറ്റ് വച്ച് ബൈക്ക് ഓടിക്കുകയും, സീറ്റ് ബെൽറ്റ് ഇട്ടു കാറുകളും വലിയ വാഹനങ്ങൾ റോഡ് സുരക്ഷാ മാര്ഗങ്ങള് കൃത്യമായി പാലിച്ചു ഓടിക്കുന്നവരായി തീരും.

എപ്പോഴും ഓർമിക്കുക, നമ്മുടെ സുരക്ഷാ മാത്രമല്ല, എല്ലാവരുടെയും സുരക്ഷ പ്രാധാന്യം അർഹിക്കുന്നതാണ്. അത് കൊണ്ട് വളരെ ശ്രദ്ധയോടെ റോഡിൽ സഞ്ചരിക്കുകയോ, വാഹനം ഓടിക്കുകയോ ചെയ്യുക..

മഹാനവമി ആശംസകൾ
#SafeCycling #OurIrinjalakuda