ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പരിസരം ഒരു വലിയ ആരോഗ്യ വിപത്തിൽ!
ദേശാടന പക്ഷികളുടെ സാന്നിധ്യകൂടുതൽ കാരണം ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനും പരിസരവും ആരോഗ്യത്തിനു ഹാനികരമായ അവസ്ഥ സൃഷ്ടിക്കുന്നു. അനേകം പക്ഷികൾ തമ്പടിച്ചിരിക്കുന്നതു സ്റ്റേഷനോട് ചേർന്ന് ഉള്ള വന്മരങ്ങളിലാണ്. അവയുടെ വിസർജ്യം വന്നു വീഴുന്നത് റെയിൽ യാത്രക്കായി വരുന്നവരുടെ വാഹനങ്ങളിലോ അവരുടെ ശരീരത്തിലോ ഒക്കെ. കൂടാതെ ഈ വിസർജ്യം അവിടെ കിടന്നു, മഴവെള്ളത്തിലൂടെ ഒലിച്ചു സമീപ പ്രദേശങ്ങളിലേക്കും എത്തി പെടുന്നു. സഹിക്കാൻ പറ്റാത്ത മണത്തോടെ യാത്രക്കാർ മൂക്ക് പൊത്തി പിടിച്ചു നിൽക്കുന്നത് സ്ഥിരം കാഴ്ച. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ ഈയിടെയായി ഈ സ്റ്റേഷനിൽ നിന്ന് യാത്ര ഒഴിവാക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
സ്റ്റേഷൻ അധികൃതരുമായി കുറച്ചു നേരം സംസാരിച്ചതിൽ നിന്ന് മനസ്സിലാക്കിയത്, ഇതിനകം തന്നെ പല ഓട്ടോ ടാക്സി തൊഴിലാളികളും, സ്റ്റേഷൻ ജീവനക്കാർക്കും ശ്വാസകോശ രോഗങ്ങൾ വന്നു കഴിഞ്ഞു എന്നാണ്.
രാത്രിയിലെ വെളിച്ചവും, എല്ലാ സമയത്തും ഉള്ള യാത്രക്കാരുടെ സാമീപ്യവും ഈ പക്ഷികളെ ഇവിടേക്ക് ആകർഷിക്കുന്നു. ഓരോ പക്ഷിയും ദിവസ്സേന ഏകദേശം 3.5 കിലോയോളം മൽസ്യത്തെയോ മറ്റു ചെറു ജന്തുക്കളെയോ ഭക്ഷിക്കുന്നു എന്നാണു കണക്കാക്കപ്പെടുന്നത്. ഇത് വൻ രീതിയിൽ ഈ പ്രദേശത്തെ ജന്തു ജല ജീവി സന്തുലിതക്കു ദോഷം വരുത്തുന്നു എന്ന വസ്തുതയും നമ്മൾ മുന്നിൽ കാണേണ്ടതുണ്ട്.
വല്ല വിധേനയും ഇവയെ ഇവിടെ നിന്ന് തുരത്തിയില്ലെങ്കിൽ ഇനിയും നിരവധി യാത്രക്കാരും അവരുടെ വാഹനങ്ങളും സ്റ്റേഷൻ തൊഴിലാളികളും ഈ ദുരവസ്ഥ അനുഭവിക്കേണ്ടി വരും.
സമീപ പ്രദേശത്തെ എഞ്ചിനീയറിംഗ് കോളേജ് / ടെക്നിക്കൽ കോളേജ് വിദ്യാർത്ഥികൾ ഇത് ഒരു പ്രൊജക്റ്റ് ആയി എടുത്തു, റെയിൽവേ അധികൃതരുമായി ഒത്തു ചേർന്ന് ഏതെങ്കിലും തരത്തിലുള്ള ഹൈ ഫ്രീക്യുൻസി തരംഗങ്ങൾ ഉപയോഗിച്ച് ഇവയെ ഓടിക്കാൻ ഒരു ശ്രമം നടത്തിയാൽ, ആ മരങ്ങൾ മുറിക്കാതെ ഈ ആരോഗ്യ പ്രശ്നത്തിന് ഒരു പരിഹാരം ആവും.