ഗുരു പൂർണിമ പ്രണാമം – Late Korambu Subramanian Nampoothiri
ഗുരു പൂർണിമ പ്രണാമം
എന്ത് കാര്യം ചെയ്യാൻ തുടങ്ങുമ്പോഴും ഗുരു എന്നും മനസ്സിൽ മുൻപിൽ ഉണ്ടാവും ഉണ്ടാവണം എന്നാണു എന്റെ വിശ്വാസ്സം. കാലം കഴിയും തോറും, വിദ്യ അവിദ്യകളും ഗുരുക്കന്മാരും കൂടെ കൂടി കൊണ്ടേ ഇരിക്കുന്നു. ആരെയും മറക്കുവാനോ ഒഴിവാക്കുവാനോ പറ്റുകയില്ല. എന്നാൽ എന്നും ഒരു പടി മുന്നിൽ നിറുത്തി മനസ്സ് കൊണ്ട് കാലു തൊട്ടു വന്ദിക്കുന്ന ഒരു വ്യക്തിയുണ്ട്. പരേതനായ കൊരമ്പ് സുബ്രമണ്യൻ നമ്പൂതിരി. എന്റെ മൃദംഗം മാസ്റ്റർ.
70 കളിൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ കൂടെ ഒഴിച്ച് കൂടാനാവാത്ത ഒരു സംഗതിയായിരുന്നു മൃദംഗം അഭ്യാസം. ആ കാലത്തു ഇന്നത്തെ പോലെ കല അഭ്യാസം വാണിജ്യാടിസ്ഥാനത്തിൽ എത്തിയിരുന്നില്ല.എന്നെ പഠിപ്പിക്കുവാൻ വീട്ടിൽ ആഴ്ചയിൽ വന്നു കൊണ്ടിരിക്കുന്ന നമ്പൂതിരിക്ക് ഫീസ് ചെറിയ ഒരു തുക മാത്രം. അത് പോലെ തന്നെ ആയിരുന്നു എന്റെ സഹോദരിയെ ഡാൻസ് പഠിപ്പിക്കാൻ വന്നിരുന്ന സീത ടീച്ചർക്കും. മാസം 5 രൂപയോ 10 രൂപയോ മാത്രം ഫീസ്. ആഴ്ചയിൽ രണ്ടു ദിവസ്സം വീട്ടിൽ താമസിച്ചു പഠിപ്പിക്കും.
മാഷാണെങ്കിൽ പെരുവനം അമ്പലത്തിലെ ശാന്തി പണി ഒക്കെ കഴിഞ്ഞു കുറെ വഴി നടന്നും കുറച്ചു വഴി ബസിലും ആയിരുന്നു അന്ന് വീട്ടിലേക്കു വന്നു കൊണ്ടിരുന്നത്. കൂടെ ഒരു സഞ്ചിയും കാണും. ഷർട്ട് ഇടാറില്ല.
കാലം കടന്നു പോയി ശിഷ്യർ കൂടിയപ്പോൾ ക്ലാസ് നടയിലുള്ള പ്രൊഫസർ മീനാക്ഷി തമ്പാന്റെ വീട്ടിലായി. എനിക്കും സൗകര്യം. സൈക്കിൾ എടുത്തു കറങ്ങാൻ ഒരു ചാൻസ് കൂടി. അന്ന് മാസ്റ്ററുടെ ശിഷ്യന്മാരിൽ ഉള്ളതിൽ നല്ല വിദ്യാർത്ഥിയും മൃദംഗവും ഉണ്ണിയുടേതായിരുന്നു. വേറെയും മിടുക്കരായ ശിഷ്യന്മാർ മാസ്റ്റർക്ക് ഉണ്ടായിരുന്നു.ഒരു കൂടൽമാണിക്യം ഉത്സവ കാലത്തു അരങ്ങേറ്റവും നടത്തി.
തന്റെ എല്ലാ വിദ്യാർത്ഥികളെയും കൂട്ടി മാസ്റ്റർ തുടങ്ങിയ മൃദംഗ മേള പിൽക്കാലത്തു വളരെയധികം പ്രസിദ്ധി നേടി ഒരു പാട് ഉത്സവങ്ങളിലും അമ്പലങ്ങളിലും കൊട്ടിക്കയറി.
ഇന്നും ഏതു വാദ്യമോ വിദ്യയോ കൈ വെക്കുമ്പോൾ അറിയാതെ ശിരസ്സാ നമിച്ചു പോകുന്നു അദ്ദേഹത്തിന്റെ ആ എളിമയെയും കർത്തവ്യ നിരതയെയും.
എന്നത്തേയും പോലെ ഇന്നും മനസ്സാ പ്രണമിക്കുന്നു എല്ലാ ഗുരുക്കന്മാരെയും. ഒരു പടി മുന്നിൽ നമ്പൂതിരിയും ഉണ്ട്.