ഒരു കണ്ണിമാങ്ങാ കാലം കൂടി!
ഈ ചിത്രം കാണുമ്പോൾ ചിലർക്കെങ്കിലും വായിൽ വെള്ളം വരും!. കൂടെ കുറെ പഴയ ഓർമകളും.
ഈയിടെയായി സമയം കിട്ടുമ്പോഴൊക്കെ നാട്ടിൽ ഓടിയെത്താൻ ശ്രമിക്കാറുണ്ട്. അത് ചിലപ്പോൾ ബാക്കി ഉള്ള സമയങ്ങളിൽ കൂടുതൽ സമയം പണിയെടുത്തും കൂടുതൽ ചുമതലകൾ ഏറ്റെടുത്തും കൂട്ടി കിഴിച്ചു കിട്ടുന്ന ഔദാര്യങ്ങൾ കൊണ്ടും ഒക്കെ ആണെന്ന് വച്ച് കൊള്ളൂ. കൂടെ പ്രധാനമായും വയസ്സായ അച്ഛന്റെയും അമ്മയുടെയും കൂടെ വിലപ്പെട്ട കുറച്ചു ദിവസ്സങ്ങൾ ചിലവഴിക്കാൻ ഉള്ള ആഗ്രഹവും.
നാട്ടിലെ ഓരോ തരി മണ്ണും, ഓരോ മുക്കും മൂലയും ഏതൊരു പ്രവാസിക്കും എന്നും എന്നും വിലപ്പെട്ടതാണ്. പ്രവാസി എന്ന് ഞാൻ ഉദ്ദേശിച്ചത് ഗൾഫിൽ ഉള്ളവരെ മാത്രം അല്ല. നമ്മുടെ സ്വന്തം നാടും വീടും വിട്ടു മാറി ജോലിക്കാര്യത്തിനായി വിട്ടു നിൽക്കേണ്ടി വരുന്ന ഏതൊരുവനും പ്രവാസി ആണ്. എവിടെയായാലും!.
ഇന്നത്തെ ബാല്യം അല്ല ഞാനും എന്റെ അതെ വയസ്സുള്ള അല്ലെങ്കിൽ അതിലും മുതിർന്ന തലമുറയുടെ ബാല്യം. ഒരുപക്ഷെ അവർക്കേ അറിയൂ, ഓര്മയുണ്ടാവൂ, ഈ ഉപ്പിലിട്ട കണ്ണിമാങ്ങയുടെ വില.
ഇന്നത്തെ തലമുറ എല്ലാ വിധത്തിലും സ്വയം പര്യാപ്തത നേടിയെന്നു അവകാശപ്പെടാം, അവകാശപ്പെടുന്നുണ്ടാവാം. അവർക്ക് ഇന്ന് എല്ലാം ഒരു മൊബൈൽ തുമ്പത്തു കിട്ടുന്ന കാലം. അപ്പോൾ അധ്വാനിച്ചു സ്വയം നേടുന്നതിന്റെ വില അറിയുമോ ആവൊ?
സമരങ്ങൾക്കായി സമയം കണ്ടെത്തുമ്പോഴും, സമയം കണ്ടെത്തി പഠിച്ചു മാർക്കു നേടുന്ന പഴയ തലമുറയും ഇപ്പോഴത്തെ പുതിയ തലമുറയും എത്ര കണ്ടു ലക്ഷ്യബോധം ഉള്ളവരാണ് എന്നുള്ളത് ചിന്തിക്കേണ്ട കാര്യം തന്നെ.
ഒരു കണ്ണിമാങ്ങാ കാലം കൂടി അനുഭവിക്കാൻ അവസ്സരം തന്ന സർവേശ്വരനോട് നന്ദി പറഞ്ഞു കൊണ്ട്, മാവിൻ ചുവട്ടിൽ വീട്ടിൽ വീണു കിടക്കുന്ന ആ കണ്ണി മാങ്ങകൾ പെറുക്കി എടുത്തു ഉപ്പിലിട്ടു തിരിച്ചു വരുമ്പോൾ എന്റെ ബാഗിൽ കൂട്ടി. കാലത്തെ പ്രാതലിനു കഞ്ഞി കുടിക്കുമ്പോൾ ഒരവസരം കൂടി തരും അത്, എന്റെ ഗ്രാമത്തെയും, ജനിച്ചു വളർന്ന നാടിനെയും, മാതാപിതാക്കളെയും, കൂട്ടുകാരെയും ഓർക്കാനായി. എന്നെന്നും ഓർക്കാനായി. ഒരിക്കലും മറക്കാതിരിക്കാനായി.
സസ്നേഹം
രമേശ് മേനോൻ
16 March 2017