ആത്മഹത്യ ശാശ്വത പരിഹാരം ആണോ?

Posted on Updated on

ആത്മഹത്യ ശാശ്വത പരിഹാരം ആണോ?
 ഈയിടെ വാര്‍ത്താ മാധ്യമങ്ങള്‍ എടുത്താല്‍ കാണുന്ന പ്രധാന വാര്‍ത്തകളില്‍ ഒന്ന്, ഒരു തൂങ്ങി മരണമോ, കെട്ടിടത്തില്‍ നിന്ന് ചാടിയുള്ള ആത്മഹത്യയെ പറ്റി ഉള്ള വാര്‍ത്തയാണ്.  എന്നെ വല്ലാതെ അലട്ടുന്ന ഒരു സാമൂഹിക പ്രശ്നം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ എന്റെ അടുത്ത് അറിയാവുന്ന മൂന്ന് സുഹൃത്തുക്കള്‍ ജീവിതത്തില്‍ നിന്ന് ഈ വഴി സ്വീകരിച്ചു വിട പറഞ്ഞു. അവരുടെ ഓര്‍മ്മകള്‍, അവരുടെ കുടുംബത്തിന്‍റെ നഷ്ടങ്ങള്‍ എന്റെതിനെക്കാലും വളരെ വലിയതാണ്. എന്ത് കൊണ്ട് ഇങ്ങനെ ഒരു അവസ്ഥയില്‍ മനുഷ്യന്‍ എത്തി ചേരുന്നു.. ആ ഒരു മാര്‍ഗം സ്വീകരിക്കാന്‍ എന്താണ് അവനിലോ അവളിലോ ഒരു പ്രചോദനം ആവുന്നത്.

ഒരു അഞ്ചു കൊല്ലം മുനമ്പ് എന്റെ ഒരു പ്രിയ സുഹൃത്തിന്റെ പത്നി അബുദാബിയിലെ ഒരു പതിനഞ്ചു നില കെട്ടിടത്തില്‍ നിന്ന് ചാടി ജീവിതം അവസാനിപ്പിച്ചു. വളരെ സ്നേഹമയിയായ ഒരു വീട്ടമ്മ. രണ്ടു കുട്ടികള്‍ – മൂത്ത പെണ്‍കുട്ടി അന്ന് ഏഴിലോ മറ്റോ പഠിക്കുന്നു, രണ്ടാമത്തെ ആള്‍ ആണ്‍കുട്ടി നാലാം തരത്തിലും. സന്തുഷ്ട കുടുംബം. സ്നേഹിതര്‍ക്കു എന്നും പ്രിയപ്പെട്ടവര്‍. എന്ത് വിശേഷം ഉണ്ടെങ്കിലും അതിനു അവര്‍ എല്ലാ സ്നേഹിതരെയും വിളിച്ചു വിഭവ സമൃദ്ധമായ കേരളീയ സദ്യ, നല്ല തൃശൂര്‍ സ്റ്റൈലില്‍ തന്നെ ഞങ്ങള്‍ക്ക് എല്ലാവര്ക്കും തരും. അത് അവരുടെ സന്തോഷമായിരുന്നു. ഞങ്ങളുടെ, അന്നത്തെ കാലത്ത് ബാച്ചലര്‍ ജീവിതം നയിച്ചിരുന്ന ആ കുടുംബ സുഹൃത്തുക്കളുടെ ഒരു അനൌപചാരികമായ അവകാശവും ആയിരുന്നു. കാലക്രമേണ അവര്‍ക്ക് വാത രോഗത്തിന്റെ ഏതോ ഒരു ഭീഗരമായ വകബേധം ഭാദിച്ചു അതിന്റെ കടിന്യങ്ങളില്‍ നിന്ന് അവര്‍ക്ക് സഹിക്കാന്‍ പറ്റാതായി. സുഹൃത്തുക്കള്‍ ആയ ഞങ്ങളോടോ അവരുടെ അടുത്ത ബന്ധുക്കളോടോ പറയാതെ അവര്‍ അവരുടെ ജീവിതം പതിനഞ്ചാം നിലയില്‍ നിന്ന് ചാടി അവസാനിപ്പിച്ചു. ഏറ്റവും ക്രൂരമായ ഒരു വിധി എന്തായിരുന്നു എന്ന് വച്ചാല്‍ അവര്‍ ചാടി വീണത്‌, ആ കേട്ടിനടുത്തുള്ള മറ്റൊരു കെട്ടിടം നിര്‍മിക്കുന്ന സ്ഥലത്തെ കമ്പികള്‍ക്ക്‌ ഇടയിലേക്കാണ്. ശരീരത്തില്‍ ആകമാനം കമ്പികള്‍ കുതികയറി ഏകദേശം അവര്‍ മൂന്ന് മണിക്കൂറോളം മരിക്കാതെ മരിച്ചു കൊണ്ടിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അവരെ കാണാതായി അന്വേഷണം ആരംഭിച്ചു കണ്ടെത്തിയപ്പോഴേക്കും അവരുടെ ജീവന്‍ ഒട്ടുമിക്കവാറും പോയിപ്പോയിരുന്നു.

എന്തായിരുന്നിരിക്കാം ആ മൂന്ന് മനിക്കൊരുകള്‍ക്കിടയില്‍, ഒര്മയുണ്ടായിരുന്നെങ്കില്‍ അവരുടെ മനസ്സിലൂടെ ഓടി നടന്നിരുന്ന ചിന്തകള്‍. തീര്‍ത്തും നല്ല ഒരു ഭക്തയായിരുന്ന അവര്‍ എന്തായാലും ഈശ്വരനോട് പറഞ്ഞിരിക്കാം ഭഗവാനെ എനിക്ക് ഒരു അവസ്സരം കൂടി ജീവിക്കാന്‍ നല്‍കൂ എന്ന്.

രണ്ടാമത്തെ സുഹൃത്തും എനിക്ക് വളരെ പ്രിയനായിരുന്നു. ഞാന്‍ ഇവിടെ അബുദാബിയില്‍ വന്ന നാള്‍ മുതല്‍ പരിചയം ഉള്ള ഒരു വ്യക്തി. അന്ന് ചെറിയ ഒരു സ്ഥാപനത്തില്‍ ചെറിയ ഒരു ജോലിയില്‍ ഇരുന്ന അദ്ദേഹം ക്രമേണ സ്വ പ്രയത്നം കൊണ്ട് വളര്‍ന്നു ആ സ്ഥാപനത്തിന്റെ മാനേജര്‍ പദവിയില്‍ എത്തി. അതിനിടയില്‍ അദേഹത്തിന്, ഡ്രൈവിംഗ് ലൈസന്‍സ് കിട്ടി, അന്നത്തെ കാലത്ത് ഒരു മഹാ സംഭവം. ഉടനെ തന്നെ എന്നോട് വിളിച്ചു ആ സന്തോഷം പങ്കിട്ടു. പിന്നെ വിവാഹിതനായി, കുട്ടികള്‍ ആയി. കലാ സാംസ്കാരിക മേഖലകളില്‍ താല്പര്യം ഉള്ള അദ്ദേഹത്തിന് അതെ താല്പര്യങ്ങള്‍ ഉള്ള പത്നിയെ കൂടി കിട്ടിയപ്പോള്‍, രണ്ടു പേരും കുട്ടികളും അബുദാബിയിലെ കലാ സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്നു.

ആഴ്ചയില്‍ ഒരിക്കലെങ്കിലും ഞങ്ങള്‍ തമ്മില്‍ കാണുകയോ സംസാരിക്കുകയോ ചെയ്യുമായിരുന്നു. എത്ര തിരക്കായാലും മുടങ്ങാതെ തുടര്‍ന്ന് കൊണ്ടിരുന്ന ഒരു സൌഹൃദം. എന്ത് കൊണ്ട് മൂന്ന് നാല് കൊല്ലം മുന്‍പുള്ള ആ  ഒരു  മാസ്സ കാലം എന്റെ തിരക്ക് കൊണ്ട് അദ്ധേഹത്തെ ഫോണില്‍ വിളിക്കാനോ സംസാരിക്കാനോ പറ്റിയില്ല . അങ്ങനെ ഒരു ദിവസ്സം തിരക്കിനിടയില്‍ ഇവിടത്തെ ഒരു പ്രമുഖ സംഘടനയില്‍ നിന്നു കാലത്ത് ഒരു അറിയിപ്പ് വന്നു. തങ്ങളുടെ ഒരു പ്രധാന മെമ്പര്‍ ഇന്നലെ രാത്രി മരണപ്പെട്ടു എന്ന്. ആ ഫോട്ടോ കണ്ടപ്പോള്‍ തീര്‍ത്തും തരിച്ചിരുന്നു പോയി. തന്റെ പ്രിയ സുഹൃത്ത് ആത്മഹത്യ ചെയ്തിരിക്കുന്നു. അതെ അദ്ധേഹത്തിന്റെ ഏതോ ഒരു കസ്റ്റമര്‍ നടത്തിയ സാമ്പത്തിക ചതിയില്‍ പെട്ട് അദ്ദേഹം വലഞ്ഞു, ഇനി ഒരു രക്ഷയും ഇല്ല പണം തിരിച്ചു കിട്ടാന്‍ എന്നും ആത്മഹത്ത്യ അല്ലാതെ വേറൊന്നു സ്വാഭിമാനം രക്ഷിക്കാന്‍ മാര്‍ഗം ഇല്ലാ എന്ന് സ്വയം തീരുമാനിച്ച അദ്ദേഹം ആ കടും കൈ ചെയ്തു. 

ആ കടുത്ത തീരുമാനം എടുക്കാന്‍ തീരുമാനിച്ച അദ്ധേഹത്തെ ആ സാഹചര്യത്തിലേക്ക് എത്തിച്ച അദ്ധേഹത്തിന്റെ പ്രവര്‍ത്തിയെ തടയാനോ, അദേഹത്തിന് ഒരു ശാശ്വത പരിഹാരം അല്ലെങ്കില്‍ താല്‍ക്കാലികമായ ഒരു പോംവഴി എങ്കിലും പറഞ്ഞു കൊടുത്ത് അദ്ദേഹത്തെയും അദ്ധേഹത്തിന്റെ കുടുംബത്തെയോ ആശ്വസിപ്പിക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി.  ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ രണ്ടു വിയോഗങ്ങളും ഇന്നും മനസ്സില്‍ മാറാതെ കറുത്ത പാടുകലായി കിടക്കുന്നു എന്നത് നിങ്ങള്‍ മനസ്സിലാകിയാല്‍ അതിന്റെ പ്രാധാന്യം എത്രയുണ്ട് എന്ന് മനസ്സിലാവും.

ഈ അടുത്ത് സ്വയം തൂങ്ങി മരണപ്പെട്ട അബുദാബിയിലെ ഒരു സാമൂഹിക പ്രവര്‍ത്തകന്റെ വിയോഗവും ഈ ലേഖനം ഇപ്പോള്‍ തന്നെ എഴുതാന്‍ എന്നെ പ്രചോതിതനാക്കി. എന്ത് കൊണ്ട് മനുഷ്യന്‍ സ്വയം ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനം എടുക്കുന്നു. എവിടെ നമ്മുടെ സാംസ്കാരിക സംഘടനകള്‍? സാമൂഹ്യ പ്രവര്‍ത്തകര്‍? സുഹൃത്തുക്കള്‍? കുടുംബാംഗങ്ങള്‍?

ഇന്ന് പലിശ സംഘങ്ങളും അതി ക്ര്രൂരമായി ഒരു പരിജ്ഞാനവും ഇല്ലാതെ തങ്ങളുടെ ഉപഭോക്താക്കളോട് ഫോണിലൂടെയും നേരിട്ടും കര്‍ശന വാക്കുകളും പ്രവര്‍ത്തികളും പ്രയോഗിക്കുന്നവര്‍ ഗണ്യമായി വര്‍ധിച്ചു വരുന്നതായി കാണാന്‍ കഴിയുന്നു. ഒരു നിമിഷത്തെ മനസ്സിന്റെ ചാഞ്ചല്യം മതി ഒരു ജീവന്‍ അവസാനിപ്പിക്കാന്‍. അങ്ങനെ നീച്ച മാര്‍ഗങ്ങള്‍ വാക്കുകളാലും പ്രവര്‍ത്തി കൊണ്ടും ഉപയോഗിച്ച് തങ്ങളുടെ നൈമിഷികങ്ങളായ ലക്ഷ്യങ്ങള്‍ സ്വീകരിച്ചു മനുഷ്യ ജീവന് ഒട്ടും വില കല്‍പ്പിക്കാതെ പെരുമാറി പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി സമൂഹത്തിനു മുന്‍പില്‍ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

ഗള്‍ഫ്‌ രാജ്യങ്ങളില്‍ വളര്‍ന്നു വരുന്ന ആത്മഹത്യാ പ്രവണത നിയന്ത്രിക്കാന്‍ സമൂഹത്തിനും സാമൂഹിക സംഘടനങ്ങള്‍ക്കും എന്ത് ചെയ്യാന്‍ കഴിയും എന്നാ ചോദ്യത്തോടെ ഞാന്‍ ഇനി ഒരു ജീവനും, ആത്മഹത്യയിലൂടെ ഇവിടെ നഷ്ടപ്പെടാതിരിക്കട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് നിങ്ങളുടെ അഭിപ്രായങ്ങള്‍ ആരായുന്നു.  

 
രമേശ്‌ മേനോന്‍
Saturday, 18 Feb 2012

One thought on “ആത്മഹത്യ ശാശ്വത പരിഹാരം ആണോ?

    Anilkumar K J said:
    February 18, 2012 at 10:10 am

    Very touching. I wish and pray that people get a chance to think about their loved one's the moment before they decide to take this drastic step. May God Bless You.