ഊരകം അമ്മതിരുവടി ക്ഷേത്രത്തിലെ മഹാനവമി മഹോത്സവം

Posted on Updated on

ഊരകം അമ്മതിരുവടി ക്ഷേത്രത്തിലെ മഹാനവമി മഹോത്സവം

ഊരകം അമ്മതിരുവടി ക്ഷേത്രത്തിലെ മഹാനവമി മഹോത്സവം

ഈ കഴിഞ്ഞ വേനലവധിക്ക് നാട്ടില്‍ പോയപ്പോള്‍, എല്ലാ തവണയും മുടക്കാതെ ചെയ്തു വന്നിരുന്ന ഒരു സന്ദര്‍ശനം ഈശ്വര കടാക്ഷം കൊണ്ട് ഇത്തവണയും നടത്തുവാന്‍ സാധിച്ചു. വേറെ എവിടെയും ആയിരുന്നില്ല അത്. ഊരകം അമ്മതിരുവടി ക്ഷേത്രത്തില്‍.
ഗള്‍ഫിലെ മണലാരണ്യത്തില്‍ നിന്ന് നാട്ടില്‍ എത്തി ചാറ്റല്‍ മഴയത്ത് ചുറ്റമ്പലം പ്രദക്ഷിണം വച്ചപ്പോള്‍ ഓര്‍മ്മകള്‍ ഒരുപാട് കാലം പുറകിലേക്ക് പറന്നു ചെന്നു. എന്റെ കുട്ടിക്കാലവും, അന്ന് അവിടെ ഗംബീരമായി ആഘോഷിച്ചിരുന്ന മഹാനവമി മഹോത്സവവും ആയിരുന്നു അതിലൊന്ന്. പ്രത്യേകമായും അതിലേക്കു ശ്രദ്ധ ചെന്നെത്തിക്കാന്‍ ആ വലിയ മതില്ക്കെട്ടിലില്‍ ചിരാതുകള്‍ കൊണ്ട് പിടിപ്പിച്ചു വച്ചിരുന്ന മഹാനവമി മഹോത്സവം എന്നാ ആലേഘനം ആയിരുന്നു കാരണം. അന്നൊക്കെ, മഹാനവമിക്ക് മുന്‍പ്, പറമ്പിലെയും പാടത്തെയും കളിമണ്‍ എടുത്തു കുഴച്ചു പശ ചേര്‍ത്ത് ചിരാതുകള്‍ (കളിമണ്‍ വിളക്കുകള്‍) ഉണ്ടാക്കി വൃത്തി ആയി ആ ചുമരില്‍ മഹാനവമി കാലത്തിനു മുന്‍പ് ഒട്ടിക്കുന്നതു ഒരു കൂട്ടായ ആഘോഷമായി ചെറുപ്പക്കാരും വലിയവരും ഒരുപോലെ കരുതിയിരുന്നു. അതിനു ശേഷം നടപ്പുരയില്‍ ഇരുന്നു തിരി തെറുത്തു വിശാലമായ വിളക്ക് മാടത്തിലേക്ക് നവരാത്രിക്കാലത്ത്‌ തെളിയിക്കാന്‍ ആവശ്യം വേണ്ടതായ തിരികള്‍ എല്ലാവരും കൂടി ചേര്‍ന്ന് ഇരുന്നു ആണ് ഉണ്ടാക്കിയിരുന്നത്. കൂടാതെ പടിഞ്ഞാറേ നടയില്‍ കാഴ്ച വക്കാന്‍ ഉള്ള വാഴക്കുലകള്‍ വന്നു തുടങ്ങിയാല്‍ അവയെല്ലാം തരം തിരിച്ചു – വലിപ്പം, ചെറുപ്പം, ഇനം, അനുസ്സരിച്ച് മുളകൊണ്ടു കെട്ടിയുണ്ടാക്കിയ പന്തലുകളില്‍ ഭംഗിയായി അലങ്കരിച്ചു വക്കും. കൂടാതെ പുസ്തകം പൂജക്ക്‌ വച്ചാല്‍ ഓരോ നേരത്തെ പൂജക്കും വേണ്ടതായ നിവേദ്യ വസ്തുക്കള്‍ (പഴം, അവില്‍, ശര്‍ക്കര, മലര്‍ എന്നിവ ചേര്‍ത്ത് ഉണ്ടാക്കിയത്), അവരവരുടെ വീടുകളില്‍ നിനും കൊണ്ട് വന്നു കൊടുക്കാനും എല്ലാ കുട്ടികളും അന്നൊക്കെ താല്‍പ്പര്യം കാണിച്ചിരുന്നു. പൂജ വയ്പ്പ് ആയതിനാല്‍ പഠിക്കേണ്ട എന്നുള്ളത് കൊണ്ടും ഇതിനൊക്കെ ഇടയില്‍ കിട്ടിയിരുന്ന സമയം, ഓണക്കാലത്തു കുമ്മാട്ടി കളിച്ചു ദക്ഷിണയായി കിട്ടിയിരുന്ന പണം സ്വരൂപിച്ചു വാങ്ങിയിരുന്ന പന്തുകള്‍ പുറത്തെടുക്കാന്‍ ഉള്ള ഒരു സുവര്‍ണ അവസ്സരം ഞങ്ങള്‍ക്ക് തന്നിരുന്നു. ഇതൊക്കെ കഴിഞ്ഞു അടുത്തുള്ള മംപിള്ളി കുളത്തില്‍ ചാടി കുളിച്ചു കളിച്ചു അമ്പലത്തില്‍ തൊഴുതു, തുണി കൊണ്ട് ഉണ്ടാക്കിയ പന്തം എടുത്തു, നിരനിരയായി ദീപങ്ങള്‍ ഓരോന്നും തെളിയിക്കുകകയായി. കൂടെ വിക്രുതിക്കായി, കെട്ടി തൂക്കിയിരിക്കുന്ന പഴകുലകളില്‍ നിന്ന്, തന്റെ വീട്ടില്‍ നിന്ന് കൊണ്ട് വന്നതല്ലത്ത കുലകള്‍ തിരഞ്ഞെടുത്തു ഒന്നോ രണ്ടോ പഴം പൊട്ടിച്ചു എടുത്തു തിന്നു മണ്ഡപത്തില്‍ നടക്കുന്ന കച്ചേരി കാണുവാന്‍ ചെന്നിരുന്നാല്‍ ആ കുട്ടികാലത്തെ ഒരു നവരാത്രി ദിനം പൂര്‍ണമായി.
വര്‍ഷങ്ങള്‍ ഏറെ ചെന്നിട്ടും ഇന്നും ഓര്‍ത്തു നോക്കുമ്പോള്‍ അവിസ്മരണീയം ആ കുട്ടിക്കാലം. എന്താണ് ഈ ക്ഷേത്രത്തിനു ഇത്ര പ്രധാനം, നമുക്ക് ഒന്ന് അവിടേക്ക് ഒന്ന് എത്തി നോക്കാം.

ഊരകം അമ്മതിരുവടി ക്ഷേത്രം

ഊരകം, തൃശൂര്‍ ജില്ലയിലെ ഒരു ചെറിയ ഗ്രാമം. തൃശൂര്‍ നിന്ന് ഏകദേശം 12 km വഴി ഇരിങ്ങാലക്കുട റൂട്ടിലൂടെ വന്നാല്‍ ഈ സ്ഥലത്ത് എത്തി ചേരാം. ഏകദേശം അതെ ദൂരം മാത്രമേ ഇരിങ്ങാലക്കുടയില്‍ നിന്നും തൃശൂര്‍ ഭാഗത്തെ ലക്ഷ്യമാക്കി യാത്ര ചെയ്താല്‍ ഇവിടേയ്ക്ക് ഉള്ളു. ഈ ദേവി ക്ഷേത്രം കേരളത്തിലെ പ്രശസ്തവും പുരാതനവുമായ 108 ദുര്ഗാലയങ്ങളില്‍ ഒന്നാണ്.

ഊരകം അമ്മതിരുവടി ക്ഷേത്രം കേരളത്തിലെ പ്രാചീന പാരമ്പര്യ ശില്പ ചാതുര്യത്തെ എടുത്തു കാണിക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ്. പ്രൌഡ ഗംബീരമായ രാജഗോപുരവും, ഉയര്‍ന്നു കൊത്തുപണികളോട് കൂടിയ മതില്‍ക്കെട്ടും, വിശാലമായ ഊട്ടുപ്പുരയും, നാലമ്പലവും, രണ്ടു നിലകളോട് കൂടിയ ശ്രീകോവിലും, ഇതോടൊക്കെ ചേര്‍ന്ന്, ശാന്തഗംബീരവും ഭക്തി നിര്‍ഭരവും ആയ ഒരു അന്തരീക്ഷം. മറ്റു എവിടെയും കിട്ടാത്ത ഒരു ദേവി ചൈതന്യം ഈ ക്ഷേത്രത്തിനുള്ളില്‍ നിന്ന് ഭക്തര്‍ക്ക്‌ കിട്ടുന്നു.

പഴയ തലമുറയില്‍ നിന്ന് പകര്‍ന്നു തന്ന വിവരങ്ങള്‍ പ്രകാരം പൂമുള്ളി നമ്പൂതിരി കുടുംബം ഏകദേശം 700 – 1000 വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രതിഷ്ടിച്ചതാണ് ഊരകം അമ്മതിരുവടി ക്ഷേത്രം. തിരുവലയന്നുര്‍ ഭട്ടതിരിമാര്‍ എന്നും ആ കുടുംബക്കാരെ വിളിച്ചു വന്നിരുന്നു. ഇന്ന് അമ്പലം ഇരിക്കുന്ന സ്ഥലം ആ കുടുംബത്തിലെ ഒരു അവകാശി താമസിക്കുന്ന ഇല്ലമായിരുന്നു. ഊരകം ദേശം പുരാതനവും പ്രസിദ്ധവും ആയ പെരുവനം ഗ്രാമത്തിന്റെ ഒരു ഭാഗമായിരുന്നു ഊരകം ആ കാലത്ത്. പെരുവനം അന്ന് കേരളത്തിലെ പേര് കേട്ട 64 ഗ്രാമങ്ങളില്‍ ഒന്നും.
കലിയുഗം കാരണം അധര്‍മവും അക്രമവും വര്‍ധിച്ചപ്പോള്‍, പെരുവനം ദേശത്തിലെ കാരണവന്മാര്‍ കൂടി ചേര്‍ന്ന്, വലയ ഭട്ടതിരി, കടലയില്‍ നമ്പൂതിരി, കൊമാരത്തു മേനോന്‍ എന്നീ പ്രമുഖരെ കണ്ചീപുരത്തു പോയി ഭജനം ഇരിക്കുവാനും, ദേവിയുടെ കടാക്ഷവും അനുഗ്രഹങ്ങളും നാടിന്റെ ക്ഷേമത്തിന് വേണ്ടി കൊണ്ടുവരാനും നിര്‍ദേശിച്ചു അങ്ങോട്ട്‌ പറഞ്ഞയച്ചു.
ഇവരുടെ ഭക്തിയില്‍ സന്തോഷം തോണിയ ദേവി, പൂമുള്ളി (വലയന്നൂര്‍) നമ്പൂതിരിയുടെ കൂടെ നാട്ടിലേക്ക് വരാന്‍ സന്തോഷത്തോടെ സമ്മതിച്ചു. അത് പ്രകാരം, നമ്പൂതിരിയുടെ ഓലക്കുടയിലേക്ക് പ്രവേശിച്ച ദേവി, നമ്പൂതിരിയുടെ കൂടെ അദ്ധേഹത്തിന്റെ ഇല്ലത്ത് എത്തി. നമ്പൂതിരി കുട താഴെ വച്ച് വിശ്രമിക്കാന്‍ ഇരുന്നു. ഒരു മയക്കം കഴിഞ്ഞു കുട അവിടെ നിന്ന് എടുക്കാന്‍ നോക്കുമ്പോള്‍, അത് അവിടെ ഉറച്ചു ഇരിക്കുന്നതായി കണ്ടു. അന്ന് രാത്രി തന്നെ സ്വപ്നത്തില്‍ വന്നു ദേവി നമ്പൂതിരിയോട് ദേവിയുടെ ഒരംശം ഇനി എന്നും അവിടെ തന്നെ വസിക്കാന്‍ താല്പര്യം ഉള്ളതായും, ദേവിക്ക് വേണ്ടി അവിടെ ഒരമ്പലം പണി കഴിക്കുവാനും അരുള്‍ കൊണ്ടു. കൂടാതെ, അവിടെ അടുത്ത് ഒരു കിണറ്റിനുള്ളില്‍ ഒരു വിഗ്രഹം ഉണ്ടെന്നും അത് എടുത്തു കുടയില്‍ നിന്ന് ദേവിയെ ആ വിഗ്രഹത്തിലേക്ക് ആവാഹിച്ചു പ്രതിഷ്ഠ കര്‍മങ്ങള്‍ നടത്തുവാനും അതിനു ശേഷം ദേശം വിട്ടു വടക്കോട്ട്‌ പോകണം എന്നും അദ്ദേഹത്തിന് നിര്‍ദേശം ലഭിച്ചു. ദേവിയുടെ നിര്‍ദേശം അനുസരിച്ച് ആ നമ്പൂതിരി എല്ലാ കാര്യങ്ങളും ഭംഗിയായി നടത്തി, പ്രതിഷ്ടാ കര്‍മങ്ങള്‍ ഒക്കെ നടത്തിയ ശേഷം അമ്പലത്തിന്റെ നടത്തിപ്പ് ചുമതലകള്‍ കുറച്ചു കാലങ്ങള്‍ക്ക് ശേഷം ആ നമ്പൂതിരി കുടുംബം കൊച്ചി മഹാരാജാവിനു കൈമാറി.
അന്നുമുതല്‍ അമ്മതിരുവടി ക്ഷേത്രം കൊച്ചി‍ രാജകുടംബം നോക്കി വന്നു, പിന്നീട് കൊച്ചിന്‍ ദേവസ്വവും. 1400 ഇല്‍ പരം വര്ഷം പഴക്കമുള്ള ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായുള്ള ദേവിയുടെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതാണ്. പഴയക്കാല ഉടമ്പടി പ്രകാരം കേരള സര്‍ക്കാരിന്റെ “ഗാര്‍ഡ് ഓഫ് ഓണര്‍” സ്വീകരിച്ചു കൊച്ചിന്‍ ദേവസ്വത്തിന്റെ പൂര്‍ണ ചുമതലയില്‍ ഇവിടെ പൂരാഘോഷങ്ങള്‍ നടക്കുന്നു.
പുരാതന കഥകള്‍ പറയുന്നത്, അന്ന് അവിടെ പ്രതിഷ്ടിച്ച ബിംബം ശ്രീരാമ സ്വാമി രാവണനെ വധിക്കുന്നതിനു മുന്പായി പൂജ ചെയ്തിരുന്ന ദേവി വിഗ്രഹം ആണെന്നും പറയപ്പെടുന്നു. ചരിത്ര രേഖകളും, പുരതനകാലങ്ങളിലെ സംഭവങ്ങള്‍ അനുസ്മരിപ്പിക്കുന്ന പല സംഭവങ്ങളിലേക്കും ഊരകം ദേശവും പരിസ്സര പ്രദേശങ്ങളുടെ ഘടനയും സൂചനകള്‍ നല്‍കുന്നുണ്ട്. ആയതിനാല്‍ തന്നെ ഈ ദേശത്തിനോട് ചേര്‍ന്ന് കിടക്കുന്ന എല്ലാ ഗ്രാമങ്ങള്‍ക്കും ഒരു പ്രത്യേക ദൈവ ചൈതന്യം കാണപ്പെടുന്നു.
അമ്പലത്തിനു അടുത്തുള്ള ഒരു നായര്‍ കുടുംബം അമ്മതിരുവടിയുടെ അതീവ ഭക്തരായിരുന്നു. ആയതിനാല്‍ ആ കുടുംബത്തിലെ ഒരു അന്ഗത്തെ എന്നും അമ്മതിരുവടി സ്വന്തം അംഗ രക്ഷകനായി കരുതി, അമ്പലം വിട്ടു എന്ത് ചടങ്ങുകള്‍ക്ക് പുറത്തു പോവുകയാണെങ്കിലും ആ കുടുംബത്തിലെ ഒരംഗം കൂടെ ഉണ്ടാവും എന്നുള്ള പതിവ് ഇന്നും നില നില്‍ക്കുന്നു. അതെ പോലെ തന്നെ, ഓലക്കുടയില്‍ വന്നു വസിച്ചത് കാരണം, അമ്പലത്തിലെ ചടങ്ങുകള്‍ക്കും എഴുന്നെള്ളത്തിനും ഓലക്കുട ഇന്നും ഒരു പ്രത്യേകതയാണ്.

പൂജാ വിധികള്‍

കേരള ക്ഷേത്രാചാര സമ്പ്രദായം അനുഷ്ടിച്ചു കൃത്യമായും ദിവസ്സേന 5 നേരം പൂജയും 3 തവണ ശിവേലിയും നടക്കുന്നു. ലക്ഷ്മി ദേവിയായി കരുതപ്പെടുന്ന ഊരകത്തമ്മതിരുവടിയുടെ അമ്പലത്തിനു നാല് ഭാഗത്തും വിഷ്ണുവിനും ശിവനും ചുറ്റമ്പലങ്ങള്‍ ഉണ്ട്. ലക്ഷ്മി ദേവിയുടെ അംശം ഉള്ള അമ്മതിരുവടിയെ ദുര്‍ഗയായും സരസ്വതിയായും കരുതി ഭക്തര്‍ പ്രാര്‍ത്ഥിക്കുന്നു. ആയതിനാല്‍ തന്നെ, ഇവിടെ, പലവിധ കാര്യങ്ങള്‍ സാധ്യമാക്കുവാന്‍ വേണ്ടി ദേശത്തിന്റെ നന ഭാഗത്ത്‌ നിന്നും ഭക്തര്‍ വന്നു നിത്യവും ഇവിടെ പ്രാര്‍ത്ഥിച്ചു സന്ത്രുപ്തി അടയുന്നു. ശാസ്താവിന്റെയും ഗണപതിയുടെയും പ്രതിഷ്ടയും അമ്പലത്തിനുള്ളില്‍ ഉണ്ട്. ആയതു കൊണ്ട് ശബരിമലകാലത്ത് ധാരാളം ഭക്തജനങ്ങള്‍ ഇവിടെ വന്നു തൊഴുതു മലക്ക് പോകുന്നു. സുബ്രമണ്യ ചൈതന്യവും അമ്പലത്തിനുള്ളില്‍ കാണപ്പെടുന്നു എന്നാണ് വിശ്വാസം. കൂടാതെ, അതി വിശിഷ്ടമായ ഒരു നാഗരാജ പ്രതിഷ്ടയും അമ്പലത്തില്‍ ഉണ്ട്. അമ്പലതിനോട് അടുത്തുള്ള പല വീടുകളിലും സര്‍പ്പക്കാവുകള്‍ പഴയകാലങ്ങളില്‍ ഉണ്ടായിരുന്നു.
കൊടുങ്ങല്ലൂര്‍ ഭവതിയുടെ സാന്നിധ്യം അമ്പലത്തിന്റെ കിഴക്കേ ഗോപുരത്തില്‍ ഉണ്ടെന്നു പറയപ്പെടുന്നു. ആയതിനാല്‍ പണ്ട് മുതലേ, ഭരണി വേല തൊഴാന്‍ നടന്നു പോകുന്ന കൊടുങ്ങല്ലൂര്‍ അമ്മയുടെ ഭക്തര്‍ ഇവിടെ വന്നു തൊഴുതു അനുഗ്രഹം വാങ്ങിച്ചതിന് ശേഷം മാത്രമേ അവരുടെ യാത്ര തുടരാര്‍ ഉള്ളു. ദേവി എന്നും നിത്യ കന്യകയാണ് എന്നാണ് സങ്കല്പം. കന്യകാ ഭാവത്തില്‍ പ്രതിഷ്ടയില്‍ ഇരിക്കുന്നതിനാല്‍ ദേവിക്ക് അര്‍ച്ചനക്കും പൂജക്കുമായി സുഗന്ധ പുഷ്പങ്ങള്‍ ഉപയോഗിക്കാറില്ല. കൂടാതെ വേദമന്ത്രങ്ങള്‍ മാത്രം ഇവിടെ പൂജക്കായി പാരായണം ചെയ്യാറുള്ളു. നിത്യവും കാലത്ത് 3 മണിക്ക് നടതുറക്കുന്ന ഇവിടെ രാത്രി 8 മണി വരെ വിവിധ പൂജാ വിധികള്‍ മുറ പ്രകാരം നടത്തപ്പെടുന്നു. പ്രധാന പൂജാ വിധികള്‍ക്ക് നട അടക്കുന്ന സമയത്ത് ഇവിടെ അഷ്ടപദി പാടുന്ന സമ്പ്രദായം നിലവില്‍ ഉണ്ട്. അത് തീര്‍ത്തും ഭക്തി നിര്‍ഭരമായ ഒരു സാന്നിധ്യം ഈ ക്ഷേത്രാങ്കണത്തിനുള്ളില്‍ ഉളവാക്കുന്നു.
മലയാള മാസ്സത്തിലെ കാര്‍ത്തിക നക്ഷത്രം ആണ് അമ്മതിരുവടിയുടെ ജന്മ നക്ഷത്രമായി കണക്കാക്കപ്പെടുന്നത്. ആയതിനാല്‍ എല്ലാ കാര്‍ത്തിക നാളിനും ക്ഷേത്രത്തില്‍ വിശേഷ പൂജകളും, നാമ ജപവും അന്നദാനവും നടക്കാറുണ്ട്.

അമ്മതിരുവടി ക്ഷേത്രത്തിലെ പ്രധാന വിശേഷ ദിവസ്സങ്ങള്‍:

നവരാത്രി (സെപ്റ്റംബര്‍ / ഒക്ടോബര്‍ മാസം)തുക്കാര്‍ത്തിക (നവംബര്‍ / ഡിസംബര്‍ മാസം )പൂരം (മാര്‍ച്ച്‌ / ഏപ്രില്‍ മാസം )ഇല്ലം നിറ (ഓഗസ്റ്റ്‌ / സെപ്റ്റംബര്‍ മാസം )വാവാരാട്ടു (ഒക്ടോബര്‍ / നവംബര്‍ മാസം)
നവരാത്രി ആഘോഷം 2010

കന്നി മാസ്സത്തിലാണ് (സെപ്റ്റംബര്‍ / ഒക്ടോബര്‍ മാസം) നവരാത്രി ആഘോഷം നടക്കാറുള്ളത്.

കന്നിമാസ്സത്തിലെ പ്രഥമ പക്ഷം തൊട്ടു നവമി വരെയുള്ള ഒന്‍പതു ദിവസ്സങ്ങളും പിന്നെ വിജയ ദശമിയും കേമമായി തന്നെ ഇവിടെ ആഘോഷിക്കപ്പെടുന്നു. ഈ ദിവസ്സങ്ങളില്‍ അമ്പലം കുരുത്തോലകള്‍ കൊണ്ടും ദീപാലങ്കാരം കൊണ്ടും അലങ്കരിച്ചു പ്രത്യേക മണ്ഡപവും സജ്ജമാക്കി കലകാരന്മാരാലും ഭക്ത ജനങ്ങളെ കൊണ്ടും നിറഞ്ഞു കവിഞ്ഞു ഇരിക്കും. ദുര്‍ഗഷ്ടമി നാളില്‍, അമ്പലത്തിന്റെ മുന്‍വശം, അതായതു പടിഞ്ഞാറെ നട, പഴുത്ത വാഴക്കുലകള്‍ കൊണ്ട് അലങ്കരിക്കുന്ന രീതി ഊരകം അമ്മതിരുവടി ക്ഷേത്രത്തിലെ മാത്രം പ്രത്യേകത ആണ്. പല തരത്തില്‍ ഉള്ള വാഴക്കുലകള്‍ ദേശക്കാര്‍ തങ്ങളുടെ കൃഷി സ്ഥലങ്ങളില്‍ നിന്ന് വിളവെടുത്തു ഈ അവസ്സരത്തില്‍ അമ്മതിരുവടിക്ക് കാഴ്ച വക്കും. ഇത് ഒരു വാര്‍ഷിക ചടങ്ങും സമര്‍പ്പണവും ആണ് ഊരകം ദേശത്തിലെ ഭക്തര്‍ക്ക്‌. അതോടു കൂടി തന്നെ ഈ ചടങ്ങിനു ഒരു മത്സര സ്വഭാവവും നല്‍കുന്നു.

ഈ വര്‍ഷത്തെ മഹാനവമി മഹോത്സവം ഈ വരുന്ന ഒക്ടോബര്‍ 8 ആം തിയതി മുതല്‍ ആരംഭിച്ചു 17 ആം തിയതി വിധ്യാരംബതോടെ അവസാനിക്കുന്നു. ഒക്ടോബര്‍ 8 ആം തിയതി രാവിലെ 4 മുതല്‍ സാരസ്വത യജ്ഞാതോടെ ആരംഭിക്കുന്ന ചടങ്ങുകള്‍, തുടര്‍ന്നുള്ള ഒന്‍പതു ദിവസ്സങ്ങളിലും നിറമാല, സംഗീതോത്സവം, പഞ്ഞരത്ന കീര്തനാലാപനം, വയലിന്‍ കച്ചേരി, നൃത്ത നൃത്യങ്ങള്‍, ഓട്ടന്തുള്ളല്‍, കുറത്തിയാട്ടം , ചാക്ക്യാര്കൂത്തു, ഭക്തിഗാനമേള എന്നീ ക്ഷേത്ര കലകള്‍ കാണാനും ആസ്വദിക്കാനും ഭക്ത ജനങ്ങള്‍ക്ക്‌ ഒരു സുവര്‍ണ അവസ്സരം നല്‍കുന്നു. മഹാനവമി മഹോല്സവത്തോടനുബന്ദിച്ചു ഉള്ള പഴുത്ത വാഴക്കുലകള്‍ കൊണ്ട് ഉള്ള അലങ്കാരം ഇവിടിത്തെ മാത്രം പ്രത്യേകത ആണ്. ദേവിയുടെ അനുഗ്രഹത്തിനായി ദേശക്കാരും ഭക്ത ജനങ്ങളും പിണ്ടിയോടെ സമര്‍പ്പിക്കുന്ന വാഴക്കുലകള്‍ ക്ഷേത്ര ഗോപുരതിനുള്ളിലെ പ്രത്യേകം അറകളില്‍ വച്ച് പാകപ്പെടുത്തി പഴുപ്പിച്ചു ക്ഷേത്ര നടപ്പുരയില്‍ ഇരുഭാഗത്തും അലങ്കരിച്ചു വക്കും. ചുരുങ്ങിയത് ആയിരത്തില്‍ പരം വിവിധ ഇനം കുലകള്‍ കുറയാതെ ഉണ്ടാവും അവ. ഈ കാഴ്ച അത്യപൂര്‍വവും ഊരകം അമ്പലത്തിന്റെ മാത്രം പ്രത്യേകതയും ആണ്. പൂജാ വയ്പ്പ് ദിവസ്സം മുതല്‍ ഉള്ള ഈ ഒരു കുല വിതാനം കാണാന്‍ മാത്രമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്ത ജനങ്ങള്‍ എത്തി ചേരുന്നു.

പ്രധാന വഴിപാടുകളും ഫലങ്ങളും

സരസ്വതി, ലക്ഷ്മി, ദുര്ഗ, മഹേശ്വരി ചൈതന്യം എല്ലാം ഒന്നിച്ചു ഉള്‍ക്കൊള്ളുന്ന അമ്മതിരുവടി സന്നിധിയില്‍ പുസ്തകവും ആയുധവും പൂജക്ക്‌ വക്കുന്നത് വളരെ വിശേഷം ആണ്. പൂജക്ക് വയ്ക്കുന്ന ദിവസ്സങ്ങളില്‍ ഭക്തര്‍ അവില്‍, മലര്‍, ശര്‍ക്കര, പഴം എന്നിവ നൈവേദ്യമായി പൂജിക്കാന്‍ സമര്‍പ്പിക്കുന്നു. ഇവിടത്തെ സാരസ്വത പുഷ്പാഞ്ജലി കുട്ടികളുടെ പേരില്‍ കഴിക്കുന്നത്‌ വളരെ വിശേഷമാണ്.സ്പെഷ്യല്‍ നെയ്പ്പായസ്സം, വെള്ള നിവേദ്യം എന്നിവയും, നാഗരാജാവിന് പാല്പ്പായസ്സവും, മഞ്ഞള്‍ പൊടി നിവേദ്യവും ഭക്തര്‍ക്ക്‌ ശാന്തിയും സമാധാനവും ഐശ്വര്യവും നല്‍കാന്‍ ഇടവരുത്തുന്നു. വിവാഹ പ്രായമായ യുവതീ യുവാക്കളുടെ നാളുകളില്‍ ഇവിടെ വന്നു ഭഗവതിക്ക് പട്ടും താലിയും നല്‍കി ചന്ദനവും ചാര്‍ത്തി, ആയിലല്യപൂജയും കഴിച്ചു തൊഴുന്നത് വളരെ വിശേഷം ആണ്. ലക്ഷ്മീ കടാക്ഷം നിറഞ്ഞു തുളുമ്പുന്ന ഊരകം അമ്മതിരുവടിയുടെ സമക്ഷം വിവിധ തരം പറകള്‍, പ്രത്യേകിച്ചും നാണയ പറ വക്കുകയും, ഉദയാസ്തമന പൂജാ ചെയ്യുകയും ചെയ്യുന്ന വ്യാപാരികള്‍ക്കും വ്യവസ്സയികള്‍ക്കും അനുഗ്രഹം പ്രത്യക്ഷത്തിലാണ്. ജന്മ നാളില്‍ ഇവിടെ വന്നു ഒരു ദിവസ്സം ഭജനം നടത്തുകയും അന്നേ ദിവസ്സത്തെ പൂജ നടത്തുകയും ചെയ്യുന്നതും ഭക്തര്‍ക്ക്‌ ആയുര്‍ ആരോഗ്യ സൌഖ്യം നേരാന്‍ ഭഗവതി ഇടവരുത്തുന്നു. സരസതീ ചൈതന്യം വിളയാടുന്ന ഈ ക്ഷേത്രത്തില്‍ കലാകാരന്മാര്‍ അവരുടെ വിദ്യകള്‍ ഈ അവസ്സരത്തില്‍ ദേവിയുടെ മുന്‍പില്‍ അവതരിപ്പിച്ചു ദേവിയുടെ അനുഗ്രഹം നേടുന്നു. ആയതിനാല്‍ തന്നെ, മഹാനവമി കാലത്ത് ഇവിടെ പ്രശസ്തരും ഉയര്‍ന്നു വരുന്നവരുമായ കലാകാരന്മാര്‍ വഴിപാടായി അവരുടെ പരിപാടികള്‍ അവതരിക്കാന്‍ എത്താറുണ്ട്.

പ്രധാന പൂജകള്‍ക്കായി നട അടക്കുന്ന സമയത്ത് അഷ്ടപദി പാടുന്നത് ഇവിടെ പ്രധാനം ആണ്. ഊരകം
പടിഞ്ഞാറേ മാരാത്ത് കൃഷ്ണമാരരുടെ അഷ്ടപദി ഈ വീഡിയോയിലൂടെ നിങ്ങള്ക്ക് കാണാം.
മേല്‍ പറഞ്ഞ പ്രകാരം ഉള്ള എല്ലാ വിധത്തിലും തികഞ്ഞ ദേവി ചൈതന്യം, ഈ ദേശത്തിലും, അതിനോടടുത്തുള്ള ദേശങ്ങളിലും ഉള്ള കുടുംബങ്ങളെ ദേവിയുടെ അനുഗ്രഹം കൊണ്ട് പഠിത്തത്തിലും, പ്രവൃത്തിയിലും സമ്പത്തിലും ഐശ്വര്യത്തിലും എന്നും മുന്നില്‍ നിര്ത്തുന്നു. അത് കൊണ്ട് തന്നെ ഇവിടെ ഉള്ള യുവതീ യുവാക്കള്‍ അതീവ സൌന്ദര്യവും ആരോഗ്യവും ഉള്ളവരായി കാണപ്പെടുന്നു. കലാസാംസ്കാരിക മേഖലയിലും വിധ്യാഭ്യാസ്സ രംഗത്തും ഇവിടെ നിന്ന് പല പ്രമുഖരും ലോകത്തിന്റെ നാനഭാഗത്ത്‌ ഇന്ന് നല്ല നിലയില്‍ എത്തി ചേര്‍ന്നിട്ടുണ്ട്. ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഒത്തൊരുമയോടെ വസിക്കുന്ന ഈ കൊച്ചുഗ്രാമത്തില്‍ എന്നും സകല ഐശ്വര്യവും സന്തോഷവും നില നില്‍ക്കട്ടെ. ഈ മഹാനവമിക്കാലം നിങ്ങള്‍ നാട്ടില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഊരകം അമ്പലത്തില്‍ ദര്‍ശനം നടത്തി അമ്മതിരുവടിയുടെ അനുഗ്രഹാശിസ്സുകള്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ലഭിക്കുവാനും ഇട നല്‍കട്ടെ.

ഊരകം അമ്മതിരുവടി ക്ഷേത്രത്തിന്റെ വെബ്സൈറ്റ് അഡ്രസ്‌:

http://www.urakathammathiruvadi.com/

ഈ ഉത്സവക്കാലത്ത് ഈ ക്ഷേത്രം ദര്‍ശിച്ചു അവിടെ നിന്ന് ലഭിച്ച അനുഭവവും അവിടത്തെ അലങ്കാര രീതിയുടെ ഭംഗിയും പറ്റുമെങ്കില്‍ ഫോട്ടോയും നിങ്ങള്‍ താഴെ കാണുന്ന മേല്‍ വിലാസ്സത്തില്‍ എനിക്ക് അയച്ചു തരിക:

rameshmenon, abu dhabi (email: team1dubai@gmail.com)

Advertisements

One thought on “ഊരകം അമ്മതിരുവടി ക്ഷേത്രത്തിലെ മഹാനവമി മഹോത്സവം

    Binoj (somettan) said:
    October 11, 2010 at 5:05 am

    Thanks for the info.