റമദാന്‍ ചിന്തകള്‍ 25

Posted on

റമദാന്‍ ചിന്തകള്‍ 25

എപ്പോഴും എഴുതാന്‍ ഇരിക്കുമ്പോള്‍ ഓര്‍ക്കുന്ന ഒരു കാര്യം ഉണ്ട്. എഴുതാന്‍ തുടങ്ങുന്നതിനു മുന്പ് ഗുരുക്കന്മാരെ ഒന്നു സ്മരിക്കുക എന്ന കാര്യം. അത് കഴിഞ്ഞാല്‍ പിന്നെ മുംബൈ നഗരത്തിലെ തിരക്ക് പിടിച്ച ഏതെങ്കിലും ഒരു റെയില്‍വേ സ്റെശഷനില്‍ ട്രെയിന്‍ ഇറങ്ങി ഓടുന്ന യാത്രക്കാരന്റെ അവസ്ഥയാണ്. ഒഴുക്കിന് അനുകൂലമായി ആണ് അന്നത്തെ ചിന്തകള്‍ എങ്കില്‍ കാര്യങ്ങള്‍ പെട്ടെന്ന് എഴുതി തീരും. അല്ലെന്കിലോ ആ തിരക്കിനു എതിരെ നടന്നു നീങ്ങാന്‍ ശ്രമിക്കുന്ന ഒരു വയസ്സന്റെ അവസ്ഥ ആയിരിക്കും ആ എഴുത്തിന്റെ ഗതി വേഗത്തിനും ലക്ഷ്യത്തിനും.

കുട്ടികളുടെ കാര്യം ആണല്ലോ ഇവിടെ ഈയിടെ ആയി കടന്നു വന്നിരുന്നത്. ഇന്നും അവരില്‍ നിന്നു തന്നെ തുടങ്ങാം. ഈ വരുന്ന മുപ്പതാം തിയതി നടത്താന്‍ പോകുന്ന കുട്ടികളുടെ മല്‍സരത്തെ പറ്റി ഇടയ്ക്ക് ഇവിടെ എഴുതാറുണ്ടല്ലോ. അതിന്റെ പണിപുരയില്‍ മുഴുകി നടക്കുന്ന ഈ സമയത്തു പല ആളുകളുമായും കാണുകയും സംസാരിക്കുകയും ചെയ്യുമ്പോള്‍ ആ വിഷയം കടന്നു വരാറുണ്ട്‌. പല മാതാപിതാക്കളില്‍ നിന്നും വ്യത്യസ്തമായ പ്രതികരണങ്ങള്‍ ആണ് കിട്ടുന്നത്. ചിലത് കേള്‍ക്കുമ്പോള്‍ എനിക്ക് തീര്ത്തും ആശ്ചര്യം തോന്നുന്നു. കാരണം, അവര്‍ക്കൊക്കെ തങ്ങളുടെ കുട്ടികള്ക്ക് എന്താണ് കഴിവുകള്‍ ഉള്ളതെന്നോ എന്തിലാണ് വാസന ഉള്ളതെന്നോ ഒരു നിശ്ചയവും ഇല്ല. വേറെ ചിലര്ക്ക് – ഇതിനൊക്കെ സമയം എവിടെ എന്ന ചോദ്യവും. ബഹുജനം പല വിധം. എന്റെ ആത്മ ദൈര്യം കൈ വിടാതെ ഞാന്‍ മുന്നോട്ടു പോകുന്നു.

വേറെ ഒരു കാര്യം കണ്ടു വന്നത്, അടുത്ത് വരുന്ന അവധി ദിവസ്സം ആഘോഷിക്കാന്‍ വേണ്ടി ഒരുക്കം കൂട്ടുന്ന ആവശ്യത്തിലും അധികം സാധനങ്ങള്‍ വാങ്ങി കൂട്ടുന്ന ഒരു കൂട്ടം ആളുകളെ കുറിച്ചാണ്. ഏത് കമ്പോളങ്ങളില്‍ ആയാലും മാന്ദ്യം മാത്രമേ ഇപ്പോള്‍ കാണാന്‍ ഉള്ളു. ബാങ്ക് ആയ ബാങ്ക് എല്ലാം പലിശ നിരക്ക് കൂട്ടാന്‍ വേണ്ടി സന്ദര്‍ഭം കാത്തിരിക്കുന്നു. ചിലര്‍ ഒക്കെ കൂട്ടുകയും ചെയ്തിട്ടുണ്ട്. ഒരു നിലയിലും വില സൂചിക കുറയാന്‍ ഉള്ള സാദ്ധ്യതകള്‍ ഒന്നും തന്നെ ഇല്ല. വെളിയില്‍ കിടക്കുന്ന പാമ്പിനെ എടുത്തു തോളില്‍ വയ്ക്കാതെ അതിനെ അതിന്റെ പാട്ടിനു വിട്ടു കൊണ്ടു സ്വസ്ഥതയും സമാധാനവും ശാന്തിയും ഉള്ള നാളുകള്‍ക്കു വേണ്ടി കാരുണ്യവാനായ ഈശ്വരനോട് പ്രാര്‍ത്ഥിച്ചു കൊണ്ടു,

സസ്നേഹം,

രമേഷ് മേനോന്‍
25092008