റമദാന്‍ ചിന്തകള്‍ 04

Posted on

റമദാന്‍ ചിന്തകള്‍ 04

ഇന്നേക്ക് റമദാന്‍ തുടങ്ങി നാലാം ദിവസം. ഇന്നലെ എന്റെ ഒരു സുഹൃത്തുമായി ഒരു ടെലിഫോണ്‍ സംഭാഷണം നടത്താന്‍ ഇടയായി. എന്റെ റമദാന്‍ ചിന്തകള്‍ വായിക്കാറുള്ള അദ്ദേഹം എന്നോട് ചോദിച്ചു – ആരാണ് ഇതു എഴുതി തരുന്നത്? സത്യം പറഞ്ഞാല്‍ അത് എന്നിലും ഒരു ചോദ്യം ഉയര്ത്തി – ആരാണ് എനിക്ക് ഇതു എഴുതാന്‍ എന്റെ മനസ്സില്‍ ഈ വക കാര്യങ്ങള്‍ ഇത്ര കൃത്യതയോടെ പറഞ്ഞു തരുന്നത്? എന്റെ ഉത്തരം ആ വരികളില്‍ തന്നെ ഉണ്ട്.

ഇരുപതു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ള UAE യിലെ എന്റെ പ്രവാസ ജീവിതത്തിനിടയില്‍ ഒരുപാടു മുസ്ലിം സുഹൃത്തുക്കളെ – നമ്മുടെ നാട്ടില്‍ നിന്നും പിന്നെ മറ്റു പല വിദേശ രാജ്യങ്ങളില്‍ നിന്നും – നേടിയെടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട് . എല്ലാം എങ്ങനെയോ എവിടെനിന്നോ പല സമയങ്ങളിലും സ്ഥലങ്ങളിലുമായി എന്റെ ജീവിതത്തില്‍ കടന്നു വന്നവര്‍. ഒരേ ഒരു കാര്യം മാത്രം അവരെയും എന്നെയും എന്നും ബന്ധിക്കുന്നു. എന്ന് അവരെ ഞാന്‍ പരിച്ചയപ്പെട്ടുവോ അന്നുമുതല്‍ ഇന്നു വരെ അവര്‍ എല്ലാവരും എന്റെ വിട്ടുപിരിയാത്ത സുഹൃത്തുക്കളായി മാറുന്നു, ഞാനും അവരെ അങ്ങനെ കാണുന്നു. ഒരു സുഹൃത്തിനെ ആത്മാര്‍ഥമായി സ്നേഹിക്കണം എന്നുന്ടെന്കില്‍ അവനെയും അവന്റെ സാഹചര്യത്തെയും അവന്റെ വിശ്വാസത്തെയും പറ്റി മനസ്സിലാക്കാന്‍ ശ്രമിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വിശ്വാസം ആയിരിക്കാം എന്റെ ഈ സുഹൃത്തുകളുടെ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും പറ്റി കൂടുതല്‍ വായിക്കാനും കേള്‍ക്കാനും മനസ്സിലാക്കാനും ഉള്ള ആഗ്രഹവും സമയവും എന്നില്‍ ഉണ്ടാക്കിയെടുത്തത്.

ഇന്നു ഒരു പറ്റം കുട്ടികളുടെ കാര്യമാണ് ഇവിടെ എനിക്ക് അവതരിപ്പിക്കാനുള്ളത്. സാധാരണ വെള്ളിയാഴ്ചകളില്‍ ഞാന്‍ എന്റെ മകനെയും അവന്റെ കുറച്ചു കൂട്ടുകാരെയും ഇവിടെ ക്രിക്കറ്റ് കളിയ്ക്കാന്‍ കൊണ്ടു പോകാറുണ്ട്. ഇലക്ട്രോണിക് വിനോദങ്ങളില്‍ നിന്നും ടെലിവിഷന്‍ സെറ്റുകളില്‍ നിന്നു വ്യത്യസ്തമായ ഒരു ലോകത്തേക്ക് അവരെ ആഴ്ചയില്‍ ഒരിക്കല്‍ കൂട്ടി കൊണ്ടു പോകുക എന്നതാണ് അതിന് പിന്നിലെ പ്രധാന ലക്‌ഷ്യം. ഓരോ ആഴ്ചയിലും ഞങ്ങളുടെ ഈ ചെറിയ കൂട്ടം നാലന്ച്ചു സമപ്രായക്കാരായ കുട്ടികളും, ഈ കൊച്ചു ഞാനും, ഓരോ പുതിയ സ്ഥലങ്ങളില്‍ കാലത്തോ വൈകീട്ടോ ഒഴിവു പോലെ ഒരു രണ്ടു മണിക്കൂര്‍ കളിക്കും. ഓരോ പുതിയ സ്ഥലങ്ങള്‍ കാണുക, അവര്ക്കു കാണിച്ചു കൊടുക്കുക, പിന്നെ അവരോടൊപ്പം കൂട്ട് ചേര്ന്നു കളിക്കുക, കളിയുടെ പാഠങ്ങള്‍ അവര്ക്കു പറഞ്ഞു കൊടുക്കുക എന്നത് ഒരു ലക്‌ഷ്യം. ഈ എത്തി പെടുന്ന സ്ഥലങ്ങളിലെ മനോഹാരിത എന്റെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുക്കുക എന്നത് മറ്റൊരു സ്വകാര്യ സ്വാര്‍ത്ഥ താത്പര്യം. അവരെയും ആ സമയങ്ങളില്‍ അതില്‍ പന്കെടുപ്പിക്കാറുണ്ട്. അവിടെ കാണുന്ന ചില ചെടികളും, പുല്ലുകളും, ഈന്തപനകളില്‍ പൂ വിടരുന്നതും, കുലകള്‍ വളര്ന്നു തുദ്ദങ്ങുന്നതും എല്ലാം ഞങ്ങളുടെ കാഴ്ച്ചവട്ടത്തില്‍ പെടും. ഉറുമ്പുകളും ചെറു കിളികളും മുറിവേറ്റു വീണു കിടക്കുന്ന പക്ഷികളും പൂച്ചകളും ഒക്കെ ഈ യാത്രയില്‍ ഞങ്ങള്‍ കാണാറുണ്ട്.

അങ്ങനെ ഉള്ള യാത്രകളിലെ ഒരു പ്രധാന പന്കാളിയാണ് എന്റെ മകന്റെ സുഹൃത്തായ അബ്രാര്‍. പഠിത്തം ഒന്നു മാത്രം ലക്ഷ്യമയിട്ടുള്ള അബ്രാരിനു മറ്റു കുട്ടികളുടെ തങ്ങളുടെ വെള്ളിയാഴ്ചകളിലെ ഈ യാത്രകളെ പറ്റി പറഞ്ഞു കേട്ടപ്പോള്‍ ഞങ്ങളുടെ കൂടെ കൂടാന്‍ താത്പര്യം കൂടി. അച്ഛനോട് അനുവാദം ചോദിച്ചു എന്നും നേരത്തെ തന്നെ തയ്യാറായി നില്ക്കും കക്ഷി. ആദ്യം ആദ്യം ക്രിക്കറ്റ് എന്താണ് എന്ന് അറിയാതിരുന്ന ഈ കുട്ടിയെ മറ്റു കുട്ടികള്‍ കളിയാക്കുകയും ചെയ്യാറുണ്ട്. പക്ഷെ ഓരോ പാഠങ്ങള്‍ പറഞ്ഞു കൊടുത്തു ചെയ്യുമ്പോഴും, ആ ദിവ്സസത്തെ കളി കഴിഞ്ഞു മടങ്ങുമ്പോഴും അബ്രാര്‍ നേരിട്ടു വന്നു എന്നോട് ചോദിക്കും അങ്കിള്‍ ഇന്നു ഞാന്‍ എങ്ങനെ കളിച്ചു എന്ന്. പതുക്കെ പതുക്കെ നല്ല ഒരു കളികാരനായി മാറി അബ്രാര്‍.

റമദാന്‍ കാലത്തും ഞങ്ങള്‍ ഈ ഇടവേളകള്‍ മുടക്കാറില്ല. അത് മറ്റു കുട്ടികള്ക്ക് അബ്രരിന്റെ മത വിശ്വാസത്തെ മനസ്സിലാക്കി കൊടുക്കാന്‍ ഉള്ള ഒരു അവസരമായി ഞങ്ങള്‍ കരുതുന്നു. കാരണം റമദാന്‍ സമയത്തു ഉപവാസം അനുഷ്ടിക്കുന്ന അബ്രാര്‍ ഞങ്ങളോടൊപ്പം കളിയ്ക്കാന്‍ വരുന്ന സമയത്തും കളിക്കുന്ന സമയത്തും ജലപാനം ചെയ്യാറില്ല. ഇതു മറ്റു കുട്ടികള്ക്ക് ആ ഏതാനും മണിക്കൂറുകളിലെ ആ തപസ്യയുടെ വില മനസ്സിലാക്കാന്‍ ഒരു അവസ്സരമായി ഞങ്ങള്‍ വിനിയോഗിക്കുന്നു.

കുട്ടികളില്‍ ചിട്ടയായ ജീവിത രീതികളും അനുഷ്ടാനങ്ങളും വളര്‍ത്തിയെടുക്കുക എന്നുള്ള ഒരു വലിയ പാഠം നമ്മള്‍ റമദാന്‍ മാസത്തിലെ ഈ ഉപവാസ അനുഷ്ടാനങ്ങളില്‍ നിന്നു പഠിക്കുന്നു. കൂടാതെ വൈക്കിട്ടത്തെ ഉപവാസം അവസ്സനിപ്പിക്കല്‍ കുട്ടികള്ക്ക് ഒരു ഉത്സവ പ്രതീതി കൊടുക്കുന്നു. മാതാപിതാക്കളും സുഹൃത്തുക്കളുമായി ഒത്തു ചേര്ന്നു ഉള്ള നോമ്പ് തുറ. ഞങ്ങളും ഞങ്ങളുടെ കൊച്ചു കൂട്ടുക്കാരും ഇതു എക്കാലവും ഉറ്റു നോക്കാറുള്ള ഒന്നാണ്. റമദാന്‍ കാലത്തു അബ്രരിന്റെ കുടുംബത്തോടൊപ്പം ഉള്ള ഇഫ്താര്‍. എല്ലാ കൊച്ചു മനസ്സുകളിലും സത്ഭാവനകള്‍ വളര്‍ത്തിയെടുക്കാന്‍ ഉള്ള ഒരു അവസരമാകട്ടെ ഈ വിശുദ്ധ റമദാന്‍ മാസക്കാലം.

രമേഷ് മേനോന്‍
04092008